റേഡിയോ, ടിവി റിപ്പയറിങ് തുടങ്ങിയ പഴഞ്ചൻ കോഴ്സുകളിൽ നിന്നു ഗ്രാഫിക് ഡിസൈൻ മുതൽ മറൈൻ ടെക്നോളജി വരെയുള്ള ആധുനിക കോഴ്സുകളിലേക്കു ചുവടുമാറിയ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കു റെക്കോർഡ് അപേക്ഷകർ. എല്ലാ വർഷവും മൂവായിരത്തിനു മുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കാറുള്ള വിഎച്ച്എസ്ഇയിൽ ചേരാൻ ഇത്തവണ ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷ നൽകിയത്.
20% സീറ്റുകൾ വർധിപ്പിച്ചെങ്കിലും മൂന്ന് അലോട്മെന്റ് കഴിഞ്ഞപ്പോൾ തന്നെ സീറ്റുകൾ നിറഞ്ഞു. അപേക്ഷ നൽകിയ എഴുപതിനായിരത്തോളം പേർ പുറത്ത്. പ്ലസ് ടുവിനു സീറ്റ് കിട്ടിയില്ലെങ്കിൽ മാത്രം കുട്ടികൾ അന്വേഷിച്ചെത്തിയിരുന്ന കാലത്തിൽ നിന്നാണു വിഎച്ച്എസ്ഇയുടെ ഉയിർത്തെഴുന്നേൽപ്.
ഇടക്കാലത്തു വിഎച്ച്എസ്ഇ സ്കൂളുകൾ അടച്ചുപൂട്ടാൻ വരെ സർക്കാർ ആലോചിച്ചിരുന്നു. കോഴ്സുകൾ പരിഷ്കരിച്ചതാണ് ഇപ്പോൾ വിദ്യാർഥികളെ ആകർഷിക്കുന്നത്. 28 വർഷം മുൻപു തുടങ്ങിയ വിഎച്ച്എസ്ഇയിൽ കഴിഞ്ഞ വർഷമാണു കോഴ്സുകൾ പരിഷ്കരിച്ചത്. ആർക്കും വേണ്ടാതിരുന്ന കോഴ്സുകൾ ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം 67000 അപേക്ഷ ലഭിച്ചു. ഈ വർഷം കോഴ്സുകൾ പരിചയപ്പെടുത്താനും മറ്റും ഐവിആർഎസ് ഉൾപ്പെടെ സൗകര്യങ്ങളൊരുക്കിയതോടെ അപേക്ഷകരുടെ എണ്ണം ലക്ഷത്തിനു മുകളിലെത്തി. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ്ഇ സ്കൂളുകളുണ്ട്. 261 എണ്ണം സർക്കാർ മേഖലയിലും 128 എണ്ണം എയ്ഡഡ് മേഖലയിലും. 20% സീറ്റ് വർധിപ്പിച്ചപ്പോൾ ആകെ സീറ്റുകൾ 33,000 ആയി.
എൻജിനീയറിങ് പഠനത്തിന് അടിസ്ഥാനമൊരുക്കുന്ന ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഐടി, ഓട്ടമൊബീൽ കോഴ്സുകളും മെഡിക്കൽ പഠനത്തിനു സഹായിക്കുന്ന ബയോമെഡിക്കൽ, ഡെന്റൽ, ബേസിക് നഴ്സിങ്, പാലിയേറ്റീവ് കെയർ, ഇസിജി, ഓഡിയോമെട്രി ഉൾപ്പെടെ കോഴ്സുകളും ഇപ്പോൾ വിഎച്ച്എസ്ഇയിലുണ്ട്.
പൂർത്തിയാക്കുമ്പോൾ ട്രേഡ് സർട്ടിഫിക്കറ്റും ലഭിക്കും. വൊക്കേഷനൽ വിഷയങ്ങൾക്ക് ഈ വർഷം മുതൽ റഫറൻസ് ബുക്കുകൾ ഏർപ്പെടുത്തും.
0 comments:
Post a Comment