GOOGLE CHROME EXTENSIONS

വെബ്ബ് ബ്രൗസിങിന്റെ കാര്യത്തിലിന്ന് ഗൂഗിളിന്റെ ക്രോമാണ് മുന്നില്‍. സാധാരണഗതിയില്‍ അതില്‍ ഡിഫോള്‍ട്ടായി ഗൂഗിള്‍ ഹോംപേജോ മറ്റേതെങ്കിലും ഇഷ്ട വെബ്‌സൈറ്റോ സെറ്റ് ചെയ്തിട്ടുണ്ടാകും. എന്നും കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഈ പതിവ് സൈറ്റുകള്‍ കണ്ട് ബോറടിച്ചു തുടങ്ങിയോ?
എങ്കിലിതാ വെബ് ബ്രൗസിങില്‍ വ്യത്യസ്തത സമ്മാനിക്കുന്ന പത്ത് ക്രോം എക്‌സ്റ്റന്‍ഷനുകള്‍. ഗൂഗിള്‍ ക്രോം പേജിന്റെ ഇടത്തേ മൂലയില്‍ കാണുന്ന 'ആപ്‌സ്' എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന സ്‌റ്റോറില്‍ പോയി ഈ എക്‌സ്റ്റന്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.
1. മൊമന്റം ( Momentum ): ഈ എക്‌സ്റ്റന്‍ഷന്‍ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ തവണ ബ്രൗസര്‍ തുറക്കുമ്പോഴും നിങ്ങളുടെ പേരാകും പേജില്‍ തെളിഞ്ഞുവരുക. അന്നന്ന് ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഹോംപേജില്‍ എഴുതിച്ചേര്‍ക്കാം. മനോഹരമായ ഒരു ഫോട്ടോ, ആത്മവിശ്വാസം പകരുന്ന ഒരു വാചകം, പ്രാദേശിക കാലാവസ്ഥ എന്നിവയും ഇതിനൊപ്പം തെളിഞ്ഞുവരും.
2. മോട്ടിവേഷന്‍ ( Motivation ): ഈ എക്‌സ്റ്റന്‍ഷനില്‍ നമ്മുടെ പിറന്നാള്‍ തീയതി നല്‍കിയാല്‍ ഇതുവരെ നമ്മള്‍ ജീവിച്ച ദിവസങ്ങളുടെ കണക്ക് അതില്‍ തെളിഞ്ഞുവരും. ഓരോ സെക്കന്‍ഡും പിന്നിട്ടുപോകുന്നത് കൂടി മനസിലാകുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ മടി കൂടാതെ ചെയ്തു തീര്‍ക്കാനുളള ഊര്‍ജം മനസില്‍ നിറയും.
3. മോര്‍ട്ടാലിറ്റി ( Mortality ): മോട്ടിവേഷന്റെ മറ്റൊരു രൂപമാണ് മോര്‍ട്ടാലിറ്റി. ഇതിലും നമ്മുടെ ജനനതീയതി നല്‍കേണ്ടതുണ്ട്. നമ്മള്‍ എത്രമാസം ജീവിച്ചുതീര്‍ത്തുവെന്നും ഇനി എത്ര മാസം കൂടി ആയുസ്സ് ബാക്കിയുണ്ടെന്നും ഹോം പേജില്‍ തെളിയും. മനുഷ്യന്റെ ശരാശരി ആയുസ്സ് 80 എന്ന് കണക്കാക്കിക്കൊണ്ടാണ് ശിഷ്ടജീവിതം കാട്ടുന്നത്. ഓരോ മാസം കഴിയുന്തോറും സ്‌ക്രീനില്‍ ഒരു വൃത്തം കൂടി തെളിഞ്ഞുവരും. അങ്ങനെയൊരു നാള്‍ സ്‌ക്രീനില്‍ മുഴുവന്‍ വൃത്തങ്ങള്‍ നിറയുന്ന ദിവസം ലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കാം!
4. ഡേബോര്‍ഡ് ( Dayboard ): ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് നമ്മളൊക്കെ. തിരക്കും ധൃതിയും കൂടുന്നതോടെ ചെയ്യാനുളള പല കാര്യങ്ങളും മറന്നുപോകുക സ്വാഭാവികം. അത്തരം മറവി കൊണ്ടുള്ള പൊല്ലാപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന എക്‌സ്റ്റന്‍ഷനാണ് ഡേബോര്‍ഡ്. ഒരു ദിവസം ചെയ്തുതീര്‍ക്കാനുള്ള അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഡേബോര്‍ഡ് ടാബില്‍ കുറിച്ചിടാം. പിന്നീട് ഓരോ ടാബ് പുതുതായി തുറക്കുമ്പോഴും ഈ അഞ്ച് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടൊരു സന്ദേശം പ്രത്യക്ഷപ്പെടും.
5. ലിമിറ്റ്‌ലെസ് ( Limitless ): ഡേബോര്‍ഡ് ചെയ്യുന്ന കാര്യം തന്നെയാണ് ലിമിറ്റ്‌ലെസും ചെയ്യുക. ഒരുവര്‍ഷത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കാമെന്ന് മാത്രം.
6. റാന്‍ഡം ക്വോട്ട് ( Random Quote ): മഹാന്‍മാരുടെ ഉദ്ധരണികള്‍ വായിച്ച് പ്രചോദിതരാകുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ എക്‌സ്റ്റന്‍ഷന്‍. ഓരോ ടാബ് തുറക്കുമ്പോഴും ആത്മവിശ്വാസം പകരുന്ന ഓരോ 'ക്വോട്ട്' സ്‌ക്രീനില്‍ തെളിയും.
7. ഡിലൈറ്റ് ( Delight ): ടാബുകളില്‍ നിന്ന് ടാബുകളിലേക്കുള്ള യാത്രയ്ക്കിടയില്‍ അല്പം വിശ്രമം വേണമെന്നുള്ളവര്‍ക്ക് ഈ എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. അതിമനോഹരമായ ഹൈഡഫനിഷന്‍ പ്രകൃതിദൃശ്യങ്ങള്‍ ഡിലൈറ്റ് സമ്മാനിക്കും.
8. ഗൂഗിള്‍ ആര്‍ട്ട് പ്രോജക്ട് ( Google Art Project ): വാന്‍ഗോഗിന്റെയും പിക്കാസോയുടെയും മാസ്റ്റര്‍ പീസുകള്‍ തൊട്ട് ലോകത്തെ ഏറ്റവും പുതിയ തെരുവ് ചിത്രകാരന്‍മാരുടെ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ രചനകളും വരെ കാണാന്‍ അവസരമൊരുക്കും ഈ എക്‌സ്റ്റന്‍ഷന്‍. കലയില്‍ തന്നെ നമുക്കിഷ്ടപ്പെട്ട വിഭാഗം പ്രിഫറന്‍സായി നല്‍കിയാല്‍ അതനുസരിച്ചുള്ള രചനകളാണ് ടാബില്‍ നിറയുക.
9. ഡ്രീം അഫാര്‍ ( Dream Afar ): ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംഭവിച്ച മനോഹരമായ ഒരു ദൃശ്യം സ്‌ക്രീനിലെത്തിക്കുകയാണ് ഡ്രീം അഫാര്‍ ചെയ്യുക. ദിവസങ്ങള്‍ മാറുന്നതനുസരിച്ച് ചിത്രങ്ങളും മാറിമറയും.
10. ടാബ് ഫോര്‍ എ കോസ് ( Tab for a Cause ): ബ്രൗസിങിനിടെ അല്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണമെന്നുള്ളവര്‍ക്ക് ടാബ് ഫോര്‍ എ കോസ് എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സ്‌ക്രീനില്‍ തെളിയുന്ന പരസ്യങ്ങളില്‍ ക്ലിക്കിയാല്‍ ലഭിക്കുന്ന പരസ്യവരുമാനം ജീവകാരുണ്യപ്രവൃത്തികള്‍ക്കായി നല്‍കുന്ന പദ്ധതിയാണിത്. ഒഴിവുസമയങ്ങളില്‍ വെറുതെ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഇങ്ങനെ കിട്ടുന്ന പണം ഏതൊക്കെ സംഘടനകള്‍ക്ക് കൈമാറി എന്നത് സംബന്ധിച്ച വിശദമായ കണക്കുകളും സ്‌ക്രീനില്‍ തെളിയും. 
OLD POSTS
Tag : Mathrubhumi 

:

e-mail subscribition

Enter your email address:

GPF PIN Finder