> റിപ്പബ്ലിക്‌ ദിന ചിന്തകൾ | :

റിപ്പബ്ലിക്‌ ദിന ചിന്തകൾ

അറുപത്താറുതികഞ്ഞ നമ്മുടെ റിപ്പബ്ലിക്‌ നാം ആഘോഷിക്കുന്ന ഈ അവസരത്തിൽ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന ഘടകങ്ങൾക്കും റിപ്പബ്ലിക്കിനുളളിൽ വലിയതോതിൽ അപചയം സംഭവിച്ചിരിക്കുന്നു. പ്രത്യേകിച്ചും അഴിമതി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തീരാശാപമായിത്തീർന്നിരിക്കുന്നു. അഴിമതികൾ പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ മുഖത്തെ എത്രത്തോളം വികൃതമാക്കാമോ അത്രത്തോളം വികൃതമാക്കിക്കൊണ്ടിരിക്കുന്നു. ആഗോള മൂലധനശക്തികൾ നമ്മുടെ രാഷ്ട്രീയത്തിന്റെ പരമാധികാരം തന്നെ കവർന്നെടുത്തുകൊണ്ടിരിക്കുന്നു. ആഗോളീകരണ സാമ്രാജ്യത്വ വ്യാപനം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നയങ്ങളെത്തന്നെ രൂപപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഐഎംഎഫ്‌, എഡിബി തുടങ്ങിയ സാമ്രാജ്യത്വ മൂലധന ഏജൻസികളാണ്‌ ഇന്ത്യൻ റിപ്പബ്ലിക്കിനെ നിയന്ത്രിക്കുന്നത്‌. ഈ നിയന്ത്രണം ഇന്ത്യൻ പരമാധികാരത്തെതന്നെ പൊളളയാക്കിത്തീർത്തുകൊണ്ടിരിക്കുന്നു. ഈ ഏജൻസികളും സാമ്രാജ്യത്വശക്തികളും ചേർന്ന്‌ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പൊതുമുതലും പൊതുവിഭവങ്ങളും വൻതോതിൽ കൊളളയടിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അപചയത്തിന്റെ കാരണവും പരിഹാരമാർഗങ്ങളും കണ്ടെത്താൻ ഉത്തരവാദിത്വപ്പെട്ടവർ ഇന്ത്യയിലെ അമ്പതുശതമാനത്തിലധികം വരുന്ന ദരിദ്രവാസികളെ മറന്നുകൊണ്ട്‌ വൻശക്തിപഥത്തിലേയ്ക്ക്‌ കുതിക്കുന്ന വികസ്വരസമ്പത്ത്‌ വ്യവസ്ഥയെയും ആഗോളകോടീശ്വര പട്ടികയിലെ ഇന്ത്യയുടെ സാന്നിധ്യത്തെയും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനത നിത്യനിതാന ചെലവുൾക്കുപോലും ധനം കണ്ടെത്തുവാൻ നിവൃത്തിയില്ലാതെ നട്ടംതിരിയുന്ന ഒരു റിപ്പബ്ലിക്‌ എന്തുനേടിയാലും അതിനെന്താണ്‌ വില? വെറും പത്ത്‌ ശതമാനംപേർ ഇന്ത്യയിലെ സിംഹഭാഗം ഭൂമിയും സമ്പത്തും പ്രകൃതിവിഭവങ്ങളും കൈയടക്കിവയ്ക്കുന്നൊരു സംവിധാനവും ആ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നൊരു ഭരണകൂടവുമുള്ളൊരു റിപ്പബ്ലിക്‌ എന്ത്‌ പരമാധികാര റിപ്പബ്ലിക്കാണ്‌? ഇത്തരമൊരു റിപ്പബ്ലിക്കിനെ പുറംപൂച്ചുകൾകൊണ്ട്‌ താങ്ങിനിർത്താനാണ്‌ ഭരണകൂടങ്ങൾ വ്യഗ്രത കാട്ടുന്നത്‌. ശാസ്ത്ര-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിൽ നാം നേടിയ നേട്ടങ്ങൾ പേർത്തും-പേർത്തും എടുത്തുകാട്ടി തിളങ്ങുന്ന ഇന്ത്യയെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ; ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ തിളങ്ങാത്ത ഇന്ത്യയുടെ അവസ്ഥയെ ഭരണകൂടവും മാധ്യമങ്ങളും കലാ-സാംസ്കാരിക രംഗങ്ങളും ഒത്തുചേർന്ന്‌ മറച്ചുപിടിക്കുന്നു. അങ്ങനെ നമ്മുടെ യഥാർഥ സ്വത്വബോധം മറയ്ക്കപ്പെട്ടിരിക്കുന്ന ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയിരിക്കുന്നു. സമൂഹത്തിന്‌ മൊത്തം ഉപയോഗിക്കേണ്ട സമ്പത്ത്‌ ചിലർ കയ്യടക്കിവയ്ക്കുന്ന നിഷ്ഠൂര പ്രവൃത്തിയെ വാഴ്ത്തുന്ന ഒരു ഭരണാധികാര സംസ്കാരവും മാധ്യമസംസ്കാരവും ഇന്ത്യൻ റിപ്പബ്ലിക്കിന്‌ ഇന്ന്‌ സ്വന്തമാണ്‌.
ഒരു വശത്ത്‌ ലാഭം വാരിക്കൂട്ടി ധനകേന്ദ്രീകൃതമാക്കിയശേഷം നികുതിവെട്ടിച്ച കളളപ്പണം വിദേശബാങ്കുകളിൽ രഹസ്യമായി നിക്ഷേപിക്കുന്നു. ആ കളളപ്പണം തിരികെ കൊണ്ടുവന്ന്‌ ഫലപ്രദമായി ഉപയോഗിക്കുമെന്ന്‌ നമ്മോട്‌ പറഞ്ഞു-പറഞ്ഞ്‌ ഇന്ത്യൻ ജനതയെ മുഴുവൻ ഭരണകൂടം കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.
കർഷകാത്മഹത്യകൾ, പട്ടിണിമരണങ്ങൾ, പോഷകാഹാരക്കുറവുകൊണ്ടുളള കുഞ്ഞുകുട്ടികളുടെ മരണങ്ങൾ, പാർപ്പിടമില്ലാത്തവരും, ശൗചാലയങ്ങളില്ലാത്തവരും, വെളളവും വെളിച്ചവും നിഷേധിച്ചിരിക്കുന്നവരും, ഒരു തുണ്ട്‌ ഭൂമിയില്ലാത്തവരുമായ മനുഷ്യർ പെരുകുന്ന ഒരു റിപ്പബ്ലിക്കായി നമ്മുടെ റിപ്പബ്ലിക്ക്‌ പരിണമിച്ചിരിക്കുന്നു. ഇന്ത്യയെന്ന പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിലെ ജനങ്ങൾ വിലക്കയറ്റംകൊണ്ട്‌ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു. വായുപോലെ, പ്രകാശംപോലെ ഈ ഭൂമിയുടെ സമ്പത്ത്‌ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്‌. ഈ ഭൂമിയുടെ സമ്പത്തിൽ നിന്നും പ്രതിപ്രവർത്തിച്ചുകൊണ്ടുണ്ടാക്കുന്ന വസ്തുവകകൾ ഭൂരിപക്ഷം ജനതയ്ക്കും നിഷേധിക്കപ്പെടുന്ന ക്രൂരത നിലനിൽക്കുന്ന ഒരു റിപ്പബ്ലിക്കിനെ എങ്ങനെയാണ്‌ പൂർണ അർഥത്തിൽ ഒരു റിപ്പബ്ലിക്കെന്ന്‌ വിളിക്കാനാകുക. നമ്മുടെ റിപ്പബ്ലിക്കിൽ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന അവരുടെ മൗലികാവകാശങ്ങൾപോലും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ റിപ്പബ്ലിക്‌ മുഖം ഒരു വലിയ പരിഹാസ്യമായിത്തീർന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങൾക്കും വലിയതോതിൽ ക്ഷതം സംഭവിച്ചിരിക്കുന്നു. ജനാധിപത്യത്തെ ഭരണാധികാരികളുടെ സങ്കുചിത താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ഭരണാധികാരത്തിലെ മർമസ്ഥാനങ്ങളിലുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളും അവരുമായി അവിഹിതബന്ധങ്ങൾ ഊട്ടിയുറപ്പിച്ചിട്ടുളള വ്യവസായ-വാണിജ്യ അധോലോക വിഭാഗങ്ങളും ചേർന്ന്‌ നടത്തുന്ന കൊളള ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുഖമുദ്രയായി മാറ്റിയെടുത്തിരിക്കുന്നു. ഈ ജനാധിപത്യ റിപ്പബ്ലിക്കിൽ പൊതുമുതൽ വെട്ടിക്കുന്നവരെയും കൃത്രിമമാർഗം കാണിക്കുന്നവരെയും ന്യായീകരിക്കാനും താങ്ങിനിർത്താനും ഭരണകൂടം ശ്രമിക്കുന്നു. ഭരണകൂടം കോർപ്പറേറ്റുകളുടെ സംരക്ഷണത്തിനായി നിലനിൽക്കുകയും ജനാധിപത്യമൂല്യങ്ങളെ ഹനിക്കുകയും അസഹിഷ്ണുത വളർത്തുകയും ചെയ്യുന്നു.
ജീവിക്കാൻ തൊഴിൽ വിരളമാണ്‌, ഉളള തൊഴിലിന്‌ സുരക്ഷിതത്വം പോലും ഇല്ലാതാക്കുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നു. കോർപ്പറേറ്റുകൾക്ക്‌ ശതകോടികളുടെ ആനുകൂല്യങ്ങൾ വാരിക്കോരികൊടുക്കുന്നു. പാവപ്പെട്ടവർക്ക്‌ നൽകി വരുന്ന സബ്സിഡികൾ തകിടംമറിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതികൾക്ക്‌ നിലനിന്നിരുന്ന ബജറ്റ്‌ തുക പോലും വെട്ടിക്കുറയ്ക്കുന്നു. പൊതു വിതരണ സമ്പ്രദായം തകർത്ത്‌ വിലക്കയറ്റത്തിന്‌ ആക്കം കൂട്ടുന്നു. കരിഞ്ചന്തക്കാർ ഇത്രത്തോളം തഴച്ചുവളരുന്നതും നിർഭയം പ്രവർത്തിക്കുന്നതുമായൊരു റിപ്പബ്ലിക്‌ ലോകത്ത്‌ മറ്റൊന്ന്‌ കാണില്ല. ഭൂമിയുടെ തെറ്റായ വിനിയോഗങ്ങളും ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകളും ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
വ്യവസ്ഥാപിത ആശയങ്ങൾ താങ്ങിനിർത്താനായി മിത്തുകളെയും ശാസ്ത്രത്തെയും ഒരേ നുകത്തിൽ കെട്ടാൻ ശ്രമിക്കുന്നു. രാഷ്ട്രീയപാർട്ടികൾ അധികാരം നേടാനും നിലനിർത്താനുമായി മാറി-മാറി ആവശ്യാനുസരണം കൈക്കൊണ്ട ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനനയങ്ങൾ, വർഗീയ ചേരിതിരിവുകൾക്കും സംഘർഷങ്ങൾക്കും രാഷ്ട്രീയധ്രുവീകരണത്തിനും കാരണമായതോടെ നമ്മുടെ റിപ്പബ്ലിക്കിലെ മതനിരപേക്ഷത ഏതാണ്ട്‌ മരണാവസ്ഥയിലാണ്‌. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത, ബീഭത്സരൂപം പ്രാപിച്ച്‌ ദേശീയ കാഴ്ചപ്പാടിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു റിപ്പബ്ലിക്കിലാണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്‌.
തിരഞ്ഞെടുപ്പുകളാണ്‌ ജനങ്ങൾക്ക്‌ ജനാധിപത്യ ഭരണകൂടങ്ങളിൽ ഇടപെടാനുളള സാധ്യത നൽകുന്നത്‌. നിസ്വരും നിരാലംബരുമായ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിക്കേണ്ടത്‌ തിരഞ്ഞെടുപ്പുകളിലൂടെയാണ്‌. എന്നാൽ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയുടെ ജാതി, മതം, കുടുംബം, പാണാധിപത്യം, ആക്രമണങ്ങൾ, പ്രചരണതന്ത്രങ്ങൾ തുടങ്ങിയവയാണ്‌ നമ്മുടെ റിപ്പബ്ലിക്കിൽ ആധിപത്യം പുലർത്തുന്നത്‌. തിരഞ്ഞെടുപ്പുകളിൽ ജാതി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ഒരു പൊതുവികാരമാക്കി മാറ്റിയെടുത്തിരിക്കുന്നു. ചുരുക്കത്തിൽ തിരഞ്ഞെടുപ്പുകൾ ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും ഒരു ബിസിനസായി ഇന്ത്യൻ റിപ്പബ്ലിക്കിൽ ആധിപത്യം പുലർത്തുന്നു. തെരഞ്ഞെടുപ്പുകളിൽ കോർപ്പറേറ്റ്‌ സ്വാധീനം വളരെ നിർണായകമാകുന്നു. കോർപ്പറേറ്റുകൾ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ പണംമുടക്കുകയും അവർ മുടക്കുന്ന പണത്തിന്റെ സ്വാധീനമുപയോഗിച്ച്‌ അധികാരശക്തികളെ നിയന്ത്രിച്ച്‌ പ്രകൃതിവിഭവങ്ങളെയും മനുഷ്യവിഭവങ്ങളെയും യഥേഷ്ടം കൊളളയടിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുഷിപ്പിക്കുന്നതിൽ നിന്നും നീതിന്യായ വ്യവസ്ഥയെപോലും മാറ്റിനിർത്താനാകില്ല. മുൻചീഫ്‌ ജസ്റ്റിസുമാരടക്കം സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ പേരിൽപോലും ഗുരുതരമായ അഴിമതിയാരോപണങ്ങളും ലൈംഗികാരോപണവും ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്‌ കോടതിയുടെ വിശ്വാസത്തിലും സംവിധാനത്തിലും പൊതുജനങ്ങളുടെ മനസിൽ മങ്ങലേൽപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ന്യായാധിപന്മാരിൽ ഇരുപത്‌ ശതമാനമെങ്കിലും അഴിമതിക്കാരാണെന്ന്‌ പറഞ്ഞത്‌ ഒരു മുൻ സുപ്രിംകോടതി ജഡ്ജിയാണ്‌.
നിയമനിർമാണവും ഭരണനിർവഹണവും നീതിന്യായവ്യവസ്ഥയും മാധ്യമങ്ങളും കൂടിചേർന്ന്‌ സാധാരണജനങ്ങളെ അന്യവൽക്കരിച്ചു നിർത്തിയിരിക്കുകയാണ്‌. ഇന്ത്യൻ പരമാധികാര മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ വൻകിട ബിസിനസുകാരുടെയും രാജ്യാന്തരമൂലധന താൽപര്യത്തിനും ഏതാണ്ട്‌ പൂർണമായി വിധേയമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു റിപ്പബ്ലിക്കിന്റെ അവസ്ഥയ്ക്ക്‌ മാറ്റംവരുത്തി, ജനങ്ങളുടെ ഇച്ഛാനുസൃതമായുളള അധികാരശക്തിയെ അധികാരമേൽപിക്കാൻ ജനങ്ങൾ തന്നെ ഉണരേണ്ടിയിരിക്കുന്നു. ഈ ഉണർവിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയശക്തിക്ക്‌ സാമ്പത്തിക അസന്തുലിതാവസ്ഥ കുറയ്ക്കാനും ദുർബലൻ വീണ്ടും ദുർബലനായിക്കൊണ്ടിരിക്കുന്നത്‌ തടയാനും അവസരസമത്വം സൃഷ്ടിക്കാനും, മതനിരപേക്ഷത നിലനിർത്താനും കഴിയും. അങ്ങനെ കഴിയുന്നൊരു അവസ്ഥയിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ ആഘോഷങ്ങൾക്ക്‌ പൂർണാർഥം കൈവരികയുളളു .


Tag : Janayugom 

OLD POSTS


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder