> ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലം | :

ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലം

രാജ്യത്ത് ആറുവയസ്സുമുതല്‍ 14വയസ്സുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള സര്‍വശിക്ഷാ അഭിയാന്‍ ഏറെ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം
പൊതുവിദ്യാലയങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യത ഏറിവരികയാണ്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനംനേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. ഇത് ഏറെ ശുഭസൂചകമാണ്. പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ അഭിയാനും നടപ്പാക്കിവരുന്ന നൂതനവും ഗുണപരവുമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാലയാന്തരീക്ഷം മെച്ചപ്പെടാനിടയാക്കുന്നത്. എന്തെങ്കിലും പ്രധാന വിഷയത്തിന്റെ പേരില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ സമരംനടത്തി വിദ്യാലയങ്ങള്‍ സ്തംഭിപ്പിക്കാത്ത നാലുവര്‍ഷമാണു കടന്നുപോയതെന്നതും എടുത്തുപറയേണ്ടതാണ്.
നമ്മുടെ വിദ്യാഭ്യാസമേഖല വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണസാക്ഷരത എന്നേ കൈവരിച്ചുകഴിഞ്ഞ നമ്മള്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ്. വിദ്യാഭ്യാസവകുപ്പിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രൈമറിതലംമുതല്‍ സാങ്കേതികവിദ്യാഭ്യാസം, സര്‍വകലാശാലാഗവേഷണം തുടങ്ങിയ ഉന്നതവിദ്യാഭ്യാസമേഖലകളില്‍വരെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കു വഴിയൊരുക്കി.
പഴയരീതികളില്‍നിന്ന് നമ്മുടെ സ്‌കൂളുകളും പഠനരീതികളും മാറുകയാണ്. ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലമാണിനി വരാന്‍പോകുന്നത്. ഒമ്പത്, പത്ത് ക്ലാസ്സുകളിലും പ്ലസ്ടു തലത്തിലും ഈവര്‍ഷംതന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയനസമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പാഠപുസ്തകങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ ലാബും ലാപ്‌ടോപ്പുമെല്ലാം ഇനി പഠനോപാധികളായിമാറും. ഈരീതിയിലേക്കു മാറുന്നതോടെ അറിവിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ സാധ്യതകള്‍ ഏറെ വിപുലമാകും. ഏതൊരു വിഷയത്തിന്റെയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്റെ പ്രാധാന്യം കുറയും. അധ്യാപകന്റെ റോള്‍ മാറും. അധ്യാപകന്‍ വഴികാട്ടിയായിനിന്നാല്‍മതിയാകും.
ലോകം വളരെയേറെ മാറിക്കഴിഞ്ഞു. വിജ്ഞാനത്തിന്റെ കാര്യത്തില്‍ വിസ്‌ഫോടനമാണു നടക്കുന്നത്. പണ്ട് നൂറ്റാണ്ടുകള്‍ വേണ്ടിവന്നിരുന്ന മാറ്റത്തിന് ഇന്ന് ഒരുദശകം തികച്ചുവേണ്ടെന്നായി. ഈ മാറ്റത്തിനനുസരിച്ച് നമ്മുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം 1, 3, 5, 7, പ്ലസ് വണ്‍ ക്ലാസ്സുകളിലെ പാഠ്യവിഷയങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. 2, 4, 6, 8, പ്ലസ് ടു ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഇക്കൊല്ലം പരിഷ്‌കരിക്കും. അടുത്തവര്‍ഷം 9, 10 ക്ലാസ്സുകളില്‍ പുതിയ പാഠപുസ്തകങ്ങളേര്‍പ്പെടുത്തും. എസ്.എസ്.എല്‍.സി. എഴുത്തുപരീക്ഷയ്ക്കും തുടര്‍മൂല്യനിര്‍ണയത്തിനും ജയിക്കുന്നതിന് മിനിമം മാര്‍ക്കുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ നടപ്പാക്കും.
രാജ്യത്ത് ആറു വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള സര്‍വശിക്ഷാ അഭിയാന്‍ ഏറെ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളം. ഈ പദ്ധതി സമ്പൂര്‍ണ സ്‌കൂള്‍പ്രവേശനം, കൊഴിഞ്ഞുപോക്കുതടയല്‍, വിദ്യാഭ്യാസത്തിനു തടസ്സമാകുന്ന സാമൂഹികവും ലിംഗപരവുമായ വ്യത്യാസങ്ങളില്ലാതാക്കല്‍, പഠനഗുണനിലവാരം മെച്ചപ്പെടുത്തല്‍, മേന്മയേറിയ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ ശാക്തീകരണം, മെച്ചപ്പെട്ട വിദ്യാലയാന്തരീക്ഷം, സാമൂഹികപങ്കാളിത്തത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക ശ്രദ്ധ തുടങ്ങി വിദ്യാലയങ്ങളുടെ സമഗ്രപുരോഗതി സാധ്യമാക്കുന്നു.
അറുപതില്‍ത്താഴെമാത്രം കുട്ടികളുള്ള വിദ്യാലയങ്ങളുടെ സമഗ്രപുരോഗതിക്കുള്ള ഫോക്കസ് 15 പദ്ധതി, പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴില്‍പരിശീലനം, വ്യക്തിത്വവികസന ക്യാമ്പുകള്‍, സാഹിത്യ ക്യാമ്പുകള്‍, ആയോധനകലാപരിശീലനം, കായികപരിശീലനം എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരാന്‍ സഹായിക്കും. ന്യൂനപക്ഷവിദ്യാഭ്യാസം, കമ്പ്യൂട്ടറധിഷ്ഠിതവിദ്യാഭ്യാസം, പട്ടികജാതിവര്‍ഗ വിദ്യാഭ്യാസം, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുറപ്പാക്കുന്ന പരിശീലനപദ്ധതികള്‍, ബോധവത്കരണപരിപാടികള്‍, സാംസ്‌കാരികോത്സവങ്ങള്‍ എന്നിവയെല്ലാം കുട്ടികളില്‍ മികവുപകരാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഇക്കഴിഞ്ഞ ശിശുദിനത്തില്‍ തുടക്കമിട്ട ക്ലീന്‍ സ്‌കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതി എന്നിവ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകള്‍ മാതൃകാവിദ്യാലയങ്ങളാക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പാക്കാനും സഹായിക്കും

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder