> വാടിത്തളരുന്ന അങ്കണവാടികള്‍ | :

വാടിത്തളരുന്ന അങ്കണവാടികള്‍

നമ്മുടെ അങ്കണവാടികള്‍ക്ക് ഇപ്പോഴും ഒരു മാറ്റം ഇല്ല. നാടാകെ പരിഷ്കാരത്തിന്റെ അതിവേഗത്തിലാണ്. ജില്ല തോറും മെട്രോ റയില്‍, വിമാനത്താവളം, ഷോപ്പിങ് മാള്‍ എല്ലാം വേണം, കുതിച്ചു പറക്കണം വികസനം. എന്നാല്‍ സാധാരണക്കാരുടെ മക്കള്‍ എത്തുന്ന അങ്കണവാടികള്‍ മിക്കവയും കടവരാന്തകളിലും പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചതുമായ ഇടങ്ങളിലാണ്. കുടിവെള്ളവും, വൈദ്യുതിയും നാലയലത്തില്ല. ചൂടുകാലത്തു പോലും പാചകപ്പുരയിലെ പുകയും ചൂടും കൊണ്ട് കഴിയേണ്ടിവരുന്നു നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍.
ചൂടല്ലേ?? കുഞ്ഞുങ്ങളല്ലേ??
ഈ കടുത്ത വേനലില്‍ ഒരു അടിസ്ഥാന സൌകര്യവും ഇല്ലാതെ എത്രയെത്ര കുഞ്ഞുങ്ങള്‍ അങ്കണവാടിയില്‍ വാടിത്തളരുന്നു. മധ്യവേനലവധി ഇല്ലാത്ത ഇവര്‍ക്ക് അവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആരാണ്? കളിക്കാന്‍ ഇടമില്ലാതെ കുടുസ്സുമുറിയില്‍ അരിച്ചാക്കിനും മറ്റു സാമഗ്രികള്‍ക്കും ഇടയില്‍ ഇരിക്കണം ഇവര്‍. ചിലപ്പോള്‍ പാചകവും ആരോ കനിഞ്ഞു നല്‍കിയ ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും.
കുട്ടികള്‍ക്കുമുണ്ട് അവകാശങ്ങള്‍
പൊടി നിറഞ്ഞ തറയില്‍ കിടന്നുറങ്ങണം കുട്ടികള്‍. ശുചിയായി ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാന്‍ പോലും സൌകര്യമില്ലാത്ത ഒട്ടേറെ അങ്കണവാടികള്‍ നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ബാലാവകാശങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്കു പോലും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.
പോഷകാഹാരക്കുറവും ശുചിത്വമില്ലായ്മയും കാരണം അഞ്ചുവയസ്സില്‍
താഴെയുള്ള കുട്ടികള്‍ മരിക്കുന്ന അഞ്ചു രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന യൂണിസെഫ് റിപ്പോര്‍ട്ടിലൂടെ ഒന്നു കണ്ണോടിക്കണം നമ്മുടെ ജനപ്രതിനിധികള്‍. ഒരുപിടി അരിയും, ഗോതമ്പും വേവിച്ചു നല്‍കിയാല്‍ ഉത്തരവാദിത്തം കഴിഞ്ഞെന്നാണ് ഇപ്പോഴും ചിലരുടെയെങ്കിലും ധാരണ
സംസ്ഥാനത്ത് ഓരോ തദ്ദേശ ഭരണ വാര്‍ഡിലും ഒന്നോ രണ്ടോ അങ്കണവാടിയെങ്കിലും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളില്‍, മിക്കവയിലും  അടിസ്ഥാന സൌകര്യം ഇല്ലെന്നുതന്നെ രേഖപ്പെടുത്താം. പഠനമുറിയും പാചകമുറിയും ഒന്നാവുന്ന വാസ്തുവിദ്യയാണ് മിക്കവയിലും. വേനല്‍ച്ചൂടില്‍ വിയര്‍ത്തു കുളിക്കുന്ന കുഞ്ഞുങ്ങള്‍ പിന്നെയുള്ള കനത്ത മഴയില്‍ നനഞ്ഞു കുളിക്കും. നല്ല കെട്ടിടം ഇല്ലാത്ത അങ്കണവാടികളില്‍ കഴിയുന്ന പതിനായിരക്കണക്കിനു കുട്ടികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
കുട്ടികളോടല്ലേ?? എന്തും ആകാമല്ലൊ !! 
കൃത്യമായ ഒരു പാഠ്യപദ്ധതി പോലും ഇല്ലാതെ തികച്ചും അനാകര്‍ഷകമാക്കുകയാണ് ഇവിടം. അധ്യാപികമാര്‍ മിക്കവാറും സമയങ്ങളില്‍ അങ്കണവാടികളില്‍ ഉണ്ടാവാറില്ല. നാട്ടില്‍ ഒരിക്കലും തീരാത്ത സര്‍വേയും ഗ്രാമപഞ്ചായത്ത് ഏല്‍പ്പിക്കുന്ന ചില പണികളുമായി എപ്പോഴും തിരക്കിലായിരിക്കും. ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും ലഭിക്കേണ്ട ബാല്യങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ഇത് ഇടയാക്കുന്നു.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലാല്‍ ചുരുക്കം ചില അങ്കണവാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ഹൈടെക് നഴ്സറി സ്കൂളും  പ്ളേ സ്കൂളും ഗ്രാമങ്ങളില്‍ പോലും തുറക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ കുറഞ്ഞുവരികയാണ്. 1985 ല്‍ ഗാന്ധിജയന്തി ദിനത്തില്‍ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ആദ്യത്തെ അങ്കണവാടിയില്‍ നിന്നും ഏറെയൊന്നും മുന്നോട്ടുപോകാന്‍ നമുക്കായിട്ടില്ല.
ശബ്ദമുയര്‍ത്താന്‍ ആരുണ്ട്?? 
സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ഓരോ ബ്ളോക്ക് പഞ്ചായത്തിലും ഒരു ഐസിഡിഎസ് ഓഫിസറും പഞ്ചായത്ത് അടിസ്ഥാനത്തില്‍ സൂപ്പര്‍വൈസറുമാണ് അങ്കണവാടികളുടെ മേല്‍നോട്ടം വഹിക്കുന്നത്. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതെ അറുപത്താറായിരത്തില്‍ അധികം  അങ്കണവാടി പ്രവര്‍ത്തകരുണ്ട് സംസ്ഥാനത്ത്. തൊഴില്‍വകുപ്പ് നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ഒരു ജോലി ചെയ്യുന്നവര്‍..
എന്തിനും ഏതിനും സമരം നടത്തുന്ന മലയാളി എപ്പോഴെങ്കിലും അങ്കണവാടികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഒരു മൌനജാഥയെങ്കിലും നടത്തിയിട്ടുണ്ടോ??


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder