> അബുല്‍കലാം ആസാദ്: മങ്ങുന്ന ഓര്‍മ്മ | :

അബുല്‍കലാം ആസാദ്: മങ്ങുന്ന ഓര്‍മ്മ

മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ആണ് ദേശീയവിദ്യാഭ്യാസ ദിനമായി രാജ്യം ആചരിക്കുന്നത്. ആസാദിനെപ്പോലുള്ള മഹാന്‍മാര്‍ മറവിയുടെ തിരശ്ശീലയ്ക്കുള്ളിലേക്ക് മറയുകയാണ് പുതിയ കാലത്ത്. ദിനാചാരണങ്ങള്‍ വെറും ചടങ്ങുകളായി തരംതാഴുന്നു
നവംബര്‍ 11 മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മദിനം. ദേശീയവിദ്യാഭ്യാസ ദിനമായി ഇത് ആചരിക്കപ്പെടുന്നു. ചില വിദ്യാലയങ്ങള്‍ മറവിയുടെ ആവര്‍ത്തനംപോലെ, ഒരു വഴിപാടായി ഈ ദിവസവും ആചരിക്കും.

ആരെയാണ് നമ്മുടെ തലവര ഈ മട്ടില്‍ അനുസ്മരിക്കാന്‍ ശ്രമിക്കുന്നത്? പാരതന്ത്ര്യത്തിന്റെ പീഡാനുഭവകാലത്ത് ചോരകൊണ്ടും കഠിനമായ ജയില്‍ജീവിതംകൊണ്ടും ജന്മത്തിന്റെ അര്‍ത്ഥം വിശദീകരിച്ച മഹാത്യാഗികളുടെ തലമുറയെതന്നെ! അവരോടുള്ള കടപ്പാട് അതോടെ തീര്‍ന്നു! അവരില്‍ പലരും ഇന്ന് കവലകളില്‍ മൂകസാക്ഷികളായി ആദരിക്കപ്പെട്ടിരിക്കുന്നു. ജനഹൃദയങ്ങളില്‍നിന്ന് പലരും കുടിയൊഴിക്കപ്പെട്ടുകഴിഞ്ഞു. അവരോടു പുലര്‍ത്തേണ്ട ചരിത്രധര്‍മ്മത്തെക്കുറിച്ച് വിലപിക്കാന്‍പോലും ആളുകളില്ലാതായിരിക്കുന്നു.

വിസ്മൃതരായവരുടെ കൂട്ടത്തില്‍ പ്രധാനിയാണ് ആസാദ്. 1905 ല്‍ ബംഗാളില്‍നിന്ന് മുഴങ്ങിത്തുടങ്ങിയ ആ സിംഹഗര്‍ജ്ജനം സ്വാതന്ത്ര്യസമരത്തിന്റെ സഞ്ചാരപഥങ്ങളിലുടനീളം മുഴങ്ങിക്കൊണ്ടിരുന്നു. ഈ ദീര്‍ഘയാത്രയില്‍ തന്റെ പരമമായ ചരിത്രദൗത്യമായി അദ്ദേഹം കണ്ടത് ഹിന്ദു-മുസ്‌ലിം ഐക്യവും ഇന്ത്യയുടെ അഖണ്ഡതയുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ ആസൂത്രണക്കുരുക്കില്‍പെടാതെ ഇരുസമുദായങ്ങളെയും ദേശീയവിമോചനത്തില്‍ ഏകോപിപ്പിച്ചുനിര്‍ത്തേണ്ടത് സര്‍വ്വപ്രധാനമാണെന്ന് ആസാദ് ചിന്തിച്ചു. ഹിന്ദു-മുസ്‌ലിം മൈത്രി ഇന്ത്യയുടെ ശാശ്വതമായ മൗലികപ്രശ്‌നമാണെന്നും അത് സ്വാതന്ത്ര്യസമരത്തെ ത്വരപ്പെടുത്തുന്ന ഒരു ഉപാധി മാത്രമല്ല, ലക്ഷ്യം തന്നെയാണെന്നും അദ്ദേഹം വിശ്വസിച്ചു.

അതുകൊണ്ടുതന്നെ അദ്ദേഹം പ്രഖ്യാപിച്ചു: 'മേഘങ്ങളില്‍നിന്ന് ഒരു മാലാഖ ഇറങ്ങി ദല്‍ഹിയിലെ ഖുതുബ് മിനാറിന്റെ മുകളില്‍നിന്നുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് സങ്കല്‍പിക്കുക: 'സ്വരാജ്യം എന്ന ആവശ്യം െൈയാഴിയുക, 24 മണിക്കൂറിനകം ഞാന്‍ സ്വാതന്ത്ര്യം തന്നുകൊള്ളാം'. എന്നാല്‍പോലും ഹിന്ദു-മുസ്‌ലിം ഐക്യത്തിന് ഞാന്‍ പ്രാമുഖ്യം നല്‍കുന്നതിനായിരിക്കും. കാരണം, സ്വരാജ്യലബ്ധിക്ക് വരുന്ന കാലതാമസം ഇന്ത്യയുടെ മാത്രം പ്രശ്‌നമാണ്. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ തകര്‍ച്ചയാവട്ടെ, മനുഷ്യവര്‍ഗത്തിനൊട്ടാകെയുള്ള നഷ്ടവും' (അബുല്‍കലാം ആസാദ്. പേ.193,194; ഇയാന്‍ ഹെന്‍ഡേഴ്‌സന്‍)

വിഭജനം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. വ്യത്യസ്ത മതങ്ങള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ ഒന്നിച്ചുജീവിക്കാന്‍ മതം എതിരല്ലെന്ന് തന്റെ ജനതയെ അദ്ദേഹം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഗാന്ധിജിയുടെ കീഴില്‍ ഹിന്ദുക്കളോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടി അണിചേരുമ്പോള്‍ വിശ്വാസപരമായ ധര്‍മ്മം നിറവേറ്റുകയാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു:

'ഞാനൊരു മുസല്‍മാനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. 1300 കൊല്ലത്തെ ഇസ്‌ലാമിക പാരമ്പര്യം എനിക്ക് പൂര്‍വ്വാര്‍ജ്ജിതമായി കിട്ടിയതാണ്. അതോടൊപ്പം എന്റെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളും എന്നില്‍ അടിച്ചേല്‍പ്പിച്ച മറ്റു വികാരങ്ങളുമുണ്ട്. ഈ വികാരങ്ങള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യം വിരുദ്ധമായി നില്‍ക്കുന്നില്ല. അത് എന്നെ മാര്‍ഗ്ഗദര്‍ശനം ചെയ്തു മുമ്പോട്ടു നയിക്കുകയാണ് ചെയ്യുന്നത്. ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ദേശീയത എന്ന അവിഭാജ്യ ഏകത്വത്തിന്റെ ഭാഗമാണ് ഞാന്‍'. (അബുല്‍കലാം ആസാദ്)

ഇന്ത്യയുടെ ചരിത്രത്തിലും ഭാഗധേയത്തിലും ആസാദിന്റെ പ്രസക്തി എന്താണെന്ന് കുറിക്കാന്‍ ഈ വാക്കുകള്‍ മതി. ഇങ്ങനെ ഒരാള്‍ക്ക് പാക്കിസ്താനില്‍ ഇടമുണ്ടോ? ആ ഇടം അരുതെന്ന് മുമ്പേ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലോ? എന്തിനായി സ്വന്തം ജീവിതം ഹോമിച്ചുവോ, ആ ലക്ഷ്യം കൈവിട്ടുപോവുന്ന മഹാദുരന്തത്തിന് സാക്ഷിയായി നില്‍ക്കാന്‍ ആസാദിനെപോലെ ചരിത്രത്തില്‍ എത്രപേര്‍ വിധിക്കപ്പെട്ടിട്ടുണ്ട്?

സ്വതന്ത്ര ഇന്ത്യയില്‍ വരുംതലമുറകളുടെ വൈജ്ഞാനികാടിത്തറ ഭദ്രമാക്കാനുള്ള ചുമതല അദ്ദേഹത്തിന്റെ കൈകളിലാണ് ഏല്‍പിക്കപ്പെട്ടതെന്ന വസ്തുതയും ആസാദിന്റെ വ്യക്തിത്വ മികവിനെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിന്റെ താല്‍പര്യനിവൃത്തിക്ക് ആവശ്യമായ എല്ലാ വ്യക്തിത്വ മികവും മേളിച്ചിരുന്നിട്ടും ആ കഴിവുകളത്രയും തന്റെ നാട്ടിനുവേണ്ടി ആത്മാര്‍ത്ഥമായി വിനിയോഗിച്ചിട്ടും കാലം അദ്ദേഹത്തെ വേണ്ടപോലെ മനസ്സിലക്കാതെപോയി.

പക്ഷേ, വൈകിയെങ്കിലും വരുംതലമുറ മതേതരഇന്ത്യയുടെ ജീവനശക്തി ആസാദിലൂടെ തിരിച്ചറിയുകതന്നെ ചെയ്യും.
Tag-Mathrubhumi 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder