> ഇന്ത്യയെ കെട്ടിപ്പടുത്ത നെഹ്റു | :

ഇന്ത്യയെ കെട്ടിപ്പടുത്ത നെഹ്റു

ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഏറ്റവും വലിയ സംഭാവന ഏതെന്നു ചോദിച്ചാല്‍ 'ഇന്ത്യ എന്ന ആശയം എന്നു മൂന്നേമൂന്നു വാക്കുകളില്‍ പറയാം. ഇന്ത്യ എന്ന ആശയം യാഥാര്‍ഥ്യമായതിനും അത് ഇപ്പോഴും നിലനില്‍ക്കുന്നതിലും നെഹ്റുവിനോളം പങ്കുവഹിച്ച നേതാക്കള്‍ ഉണ്ടാവില്ല. മഹാത്മാ ഗാന്ധിയാണ് ഇന്ത്യയ്ക്കു സ്വാതന്ത്യ്രം നേടിത്തന്നതെങ്കില്‍ ഇന്ത്യയെ ഇന്നു കാണുന്ന ഇന്ത്യയാക്കിയതു നെഹ്റുവാണെന്നു നിസ്സംശയം പറയാം.

അധികാരം ദുഷിപ്പിക്കും, അളവില്ലാത്ത അധികാരം അളവില്ലാതെ ദുഷിപ്പിക്കും എന്നു പറയാറുണ്ട്. എന്നാല്‍, അധികാരം ദുഷിപ്പിക്കാത്ത ഒരു ഭരണാധികാരിയുടെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ അരനിമിഷം പോലും ആലോചിക്കാതെ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരു പറയാം.
ജനാധിപത്യവും മതേതരത്വവുമായിരുന്നു അദ്ദേഹത്തിന്റെ ജീവവായു. ഈ രണ്ടു കൂട്ടുകള്‍ കൊണ്ടു കെട്ടിയുറപ്പിച്ചതുകൊണ്ടാണ് ഇന്ത്യയെന്ന ആശയം ഇന്നും നിലനില്‍ക്കുന്നത്. പാര്‍ലമെന്റിനെ അദ്ദേഹം സ്നേഹിച്ചു, ബഹുമാനിച്ചു. പാര്‍ലമെന്റിന് അപചയം സംഭവിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലശേഷമാണ്. ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ ഒരുദിവസം പോലും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നിട്ടില്ല. പ്രത്യേകിച്ചു ചോദ്യോത്തര വേളയില്‍. മന്ത്രിസഭാംഗങ്ങള്‍ എല്ലാംതന്നെ അവരുടെ വകുപ്പു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരത്തേ തന്നെ തയാറാക്കി സഭയില്‍ എത്തണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു.

ഉയര്‍ന്ന ജനാധിപത്യ ബോധമാണു പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എതിരഭിപ്രായങ്ങളെ മാത്രമല്ല, എതിരാളികളെയും അംഗീകരിക്കാന്‍ അദ്ദേഹം മടിച്ചില്ല. 1960ല്‍ ഒരു ബ്രിട്ടിഷ് പാര്‍ലമെന്റ് സംഘം ഡല്‍ഹി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയായ നെഹ്റു അവര്‍ക്കു ചായസല്‍ക്കാരം നല്‍കി. കോണ്‍ഗ്രസിലെയും പ്രതിപക്ഷത്തെയും പ്രമുഖര്‍ അതില്‍ പങ്കെടുത്തിരുന്നു. അതിലുണ്ടായിരുന്ന ഒരു മുപ്പത്തിമൂന്നുകാരനെ പരിചയപ്പെടുത്തി നെഹ്റു ബ്രിട്ടിഷ് സംഘത്തോടു പറഞ്ഞു: ഇദ്ദേഹമായിരിക്കും ഇന്ത്യയുടെ ഭാവി വിദേശകാര്യ മന്ത്രി. രണ്ടു പതിറ്റാണ്ടാകും മുന്‍പ് ഈ പ്രവചനം യാഥാര്‍ഥ്യമായി.

അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു ആ ചെറുപ്പക്കാരന്‍. ജനസംഘവുമായുള്ള രാഷ്ട്രീയ ഭിന്നതയൊന്നും വാജ്പേയിയുടെ കഴിവു തിരിച്ചറിയാനും അത് അംഗീകരിക്കാനും നെഹ്റുവിനു തടസ്സമായില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഔന്നത്യം. ജനതാ സര്‍ക്കാരിന്റെ പതനത്തിനുശേഷം വാജ്പേയി പറഞ്ഞത് നെഹ്റു കൈകാര്യം ചെയ്ത വകുപ്പ് രണ്ടുവര്‍ഷം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതാണു തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ്.

കോഫി ഹൌസുകള്‍ നിര്‍ത്തലാക്കാന്‍ 1953ല്‍ കോഫി ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ആയിരങ്ങള്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടത്. തൊഴിലാളികള്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ സംഘടിച്ചു. എകെജി  നെഹ്റുവിനെ സന്ദര്‍ശിച്ചപ്പോള്‍ തൊഴിലാളികള്‍ സംഘം രൂപീകരിച്ചു കോഫി ഹൌസുകള്‍ നടത്തുകയാണെങ്കില്‍ സബ്സിഡി നിരക്കില്‍ കാപ്പിപ്പൊടി നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യന്‍ കോഫി ഹൌസുകളുടെ ഉത്ഭവകഥ അവിടെ നിന്നാണു തുടങ്ങുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭരണാധികാരിക്കേ ഇതു സാധ്യമാകൂ.

രാഷ്ട്രീയക്കാര്‍ക്കു പൊതുവേ ഉദ്യോഗസ്ഥരെ ഇഷ്ടമല്ല. പ്രത്യേകിച്ചും സ്വാതന്ത്യ്രം ലഭിച്ചശേഷം ഐസിഎസുകാര്‍ ബ്രിട്ടിഷുകാരുടെ ആള്‍ക്കാരാണ് എന്നൊരു തോന്നല്‍ മിക്കവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ നെഹ്റു അതില്‍നിന്നു വ്യത്യസ്തനായിരുന്നു. ഒരുദിവസം ലോക്സഭയിലെ ശൂന്യവേള തുടങ്ങുംമുന്‍പു നെഹ്റു ഒരു പ്രസ്താവന നടത്തി: രാജ്യത്തിനു മഹത്തായ സേവനം നല്‍കിയ ഐസിഎസുകാരായ വിഷ്ണു സഹായ് (ക്യാബിനറ്റ് സെക്രട്ടറി), സര്‍ എന്‍.ആര്‍. പിള്ള (വിദേശകാര്യ സെക്രട്ടറി) എന്നിവര്‍ ഇന്നു വിരമിക്കുകയാണ്. അവരുടെ സേവനം പാര്‍ലമെന്റ് രേഖപ്പെടുത്തണം.

എത്ര രാഷ്ട്രീയക്കാര്‍ക്ക് ഇത്രയും സമഭാവനയോടെ ചിന്തിക്കാന്‍ കഴിയും? സര്‍ എന്‍.ആര്‍. മേനോന്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കേ ഒരുദിവസം രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു സന്ദേശം ലഭിച്ചു. ഓഫിസില്‍ പോകുംമുന്‍പു പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തണമെന്ന നിര്‍ദേശമായിരുന്നു അത്. മേനോന്‍ അവിടെ എത്തിയപ്പോള്‍ നെഹ്റു മുറിയില്‍ ഉലാത്തുന്നുണ്ടായിരുന്നു. മേശമേല്‍ വച്ചിരിക്കുന്ന കടലാസുകള്‍ വായിച്ച് ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി മേനോനോടു നിര്‍ദേശിച്ചു. നെഹ്റുവിന്റെ വില്‍പത്രത്തിലെ ഒന്നാം സാക്ഷിയായിട്ട് ആയിരുന്നു ആ ഒപ്പ്!

ഭരണഘടനാ നിര്‍മാണ സഭയില്‍ ഹിന്ദിയുടെ മേല്‍ക്കോയ്മയ്ക്കു വേണ്ടി പുരുഷോത്തംദാസ് ഠണ്ഡനെപ്പോലുള്ളവര്‍ വാദിച്ചപ്പോള്‍ ഇംഗിഷ് ബന്ധഭാഷയായി തുടര്‍ന്നതു നെഹ്റുവിന്റെ ഇടപെടല്‍ മൂലമാണ്. ഇന്ത്യയെന്നാല്‍ ഹിന്ദി ഹൃദയഭൂമി മാത്രമല്ല എന്ന ചിന്ത അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നു.

നെഹ്റു എന്ന എഴുത്തുകാരനെ പരാമര്‍ശിക്കാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കുറിപ്പും പൂര്‍ണമാകില്ല. അതിമനോഹരമായ, എന്നാല്‍ ലളിതമായ ഇംഗിഷില്‍ എഴുതാനുള്ള അദ്ദേഹത്തിന്റെ സിദ്ധി പ്രസിദ്ധമാണ്. ഇന്ത്യയെന്ന ആശയത്തിന് ഊടുംപാവും പകരാന്‍ അദ്ദേഹം ഈ സിദ്ധി ഉപയോഗിച്ചു. ജനാധിപത്യ, മതേതര ഇന്ത്യയില്‍ ഇന്നു നമ്മള്‍ക്കു ജീവിക്കാന്‍ കഴിയുന്നത് അതിന്റെ ഫലശ്രുതിയാണ്.

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder