> പൊതുവിദ്യാഭ്യാസം -മാറ്റങ്ങൾ | :

പൊതുവിദ്യാഭ്യാസം -മാറ്റങ്ങൾ

കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറപാകിയത് പൊതുവിദ്യാലയങ്ങളാണ്. പലതും ഇന്ന് ക്ഷീണാവസ്ഥയിലാണ്. പൊതുവിദ്യാലയങ്ങൾക്ക് സംഭവിക്കുന്ന ക്ഷീണം സാമൂഹികജീവിതത്തിൽ പൊതുഇടങ്ങളെ ദുർബലപ്പെടുത്തും. വിദ്യാഭ്യാസത്തെ സ്വകാര്യമൂലധനമായും വ്യക്തികൾക്ക് പേരും പ്രതാപവും  പ്രകടിപ്പിക്കാനുള്ള ഉപാധിയായും സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് അരങ്ങേറുന്നു. ഈ ഘട്ടത്തിൽ നിർണായകമായ ചുമതലകളാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിക്ക് (എസ്.സി.ഇ.ആർ.ടി.) ഏറ്റെടുക്കാനുള്ളത്. ​പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അതിലേക്കുള്ള ചുവടുവെപ്പാണ്‌.
പുതിയ ഇടപെടലുകൾ
വരുന്ന അഞ്ചുവർഷക്കാലംകൊണ്ട് ഏഴായിരം കോടി രൂപ പൊതുവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രീപ്രൈമറി തലംമുതൽ ഹയർ സെക്കൻഡറി തലംവരെ സമഗ്രപരിഷ്കാരങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. മതിയായ ഭൗതികസൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.എം.എസ്.എ.യുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന143ഹൈസ്കൂളുകൾഏറ്റെടുത്തുകഴിഞ്ഞു.ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെമാതൃകയിൽപൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനായി ഒരു സമർപ്പിതപദ്ധതിക്ക്‌ രൂപംനൽകിക്കഴിഞ്ഞു. 
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരും പാർശ്വവത്‌കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരുമായ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സങ്കലിതവിദ്യാഭ്യാസം സംസ്ഥാനത്ത് വ്യാപിപ്പിക്കാൻപോവുകയാണ്. ഇതിന്റെ തുടക്കം എന്നനിലയിൽ ഈ വർഷം ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ സർക്കാർ സ്കൂളിനെ അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തും. അഞ്ചു വർഷംകൊണ്ട് ആയിരം സ്കൂളുകൾ അന്തർദേശീയനിലവാരം കൈവരിക്കും. എട്ടു മുതൽ 12 വരെയുള്ള നാല്പതിനായിരത്തോളം ക്ലാസ് മുറികൾ ഹൈടെക് ആക്കിമാറ്റും. അതിന്റെ തുടക്കം എന്നനിലയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് എൽ.പി.-യു.പി. സ്കൂളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. കുട്ടികളുടെ പഠനനേട്ടങ്ങളെ മുൻനിർത്തി സ്കൂൾ ലബോറട്ടറികളും ലൈബ്രറികളും നവീകരിക്കും. ഓരോ നിയോജകമണ്ഡലത്തിലും സ്ഥലസൗകര്യമുള്ള ഒരു വിദ്യാലയത്തിന് അനുബന്ധമായി കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നൈപുണ്യകേന്ദ്രം സ്ഥാപിക്കും. പരിസ്ഥിതിസൗഹൃദ മനോഭാവം വിദ്യാർഥികളിൽ ഊട്ടിയുറപ്പിക്കുന്നതിനായി ജൈവവൈവിധ്യപാർക്കുകൾ എല്ലാ പ്രൈമറി സ്കൂളുകളിലും സ്ഥാപിക്കും.
പാഠ്യപദ്ധതി രൂപവത്‌കരണം
പഠനവുമായി ബന്ധപ്പെട്ട വിവിധഘടകങ്ങളെ സംബന്ധിച്ച നയസമീപനം വ്യക്തമാക്കുന്ന രേഖയാണ് പാഠ്യപദ്ധതി. ഇതിൽ ഉൾപ്പെടാത്തതായി ഒന്നുമില്ല. വിദ്യാഭ്യാസപ്രക്രിയയിൽ നേരിട്ടും അല്ലാതെയും ഇടപെടുന്ന എല്ലാവിഭാഗം ആളുകളോടും ആശയവിനിമയം നടത്തിയാണ് പാഠ്യപദ്ധതിരേഖ രൂപപ്പെടുത്തുന്നത്. എസ്.സി.ഇ.ആർ.ടി. വികസിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്. 2007) ഇത്തരത്തിൽ രൂപപ്പെടുത്തിയ ഒന്നാണ്. പതിന്നാലു ഫോക്കസ് ഗ്രൂപ്പുകൾ രൂപവത്‌കരിച്ച് സംസ്ഥാനവ്യാപകമായി നടത്തിയ പഠനത്തിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് കെ.സി.എഫ്. വികസിപ്പിച്ചത്. ഈ രേഖ പത്തുവർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ച് മെച്ചപ്പെടുത്താൻ ആലോചിച്ചുവരുന്നു.
അധ്യാപകവിദ്യാഭ്യാസം
അധ്യാപക പരിശീലനത്തിനായി ഒരു സ്ഥിരം റിസോഴ്‌സ് പൂൾ എന്ന ലക്ഷ്യമാണ് എസ്.സി.ഇ.ആർ.ടി. പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ഗുണനിലവാരമുള്ള പരിശീലനം നൽകേണ്ടതുണ്ട്. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അടിസ്ഥാനസമീപനവും മനോഭാവവും ഉറപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെയും മറ്റും സഹായത്താൽ സ്വയം ശക്തിപ്പെടുത്തുന്നതിനും അധ്യാപകരെ സഹായിക്കുന്നവിധത്തിലുള്ള പരിശീലനങ്ങളാണ് നടപ്പാക്കുക.
തിരഞ്ഞെടുത്ത അധ്യാപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിശീലനം നൽകിക്കൊണ്ടായിരിക്കും റിസോഴ്‌സ് പൂൾ വികസിപ്പിക്കുന്നത്. കോളേജുകൾ, സർവകലാശാലകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. ഇങ്ങനെ കേന്ദ്രീകൃതമായി പരിശീലിപ്പിക്കുന്ന അധ്യാപകർക്ക് റിഫ്രഷർ കോഴ്‌സുകൾ നൽകി ധാരണകളും ശേഷികളും കാലോചിതമായി മെച്ചപ്പെടുത്തും. ഓൺലൈൻ-ഓഫ്‌ലൈൻ സമ്പ്രദായങ്ങൾ ഇതിന് ഉപയോഗപ്പെടുത്തും. ഇങ്ങനെ സുസജ്ജരാക്കപ്പെട്ട റിസോഴ്‌സ് അധ്യാപകരായിരിക്കും മറ്റ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്.
ട്രെയിനിങ്‌ കോളേജ്, ഐ.എ.എസ്.ഇ., ഡയറ്റ് തുടങ്ങിയവയുടെ അക്കാദമികചുമതല എസ്.സി.ഇ.ആർ.ടി. ഏറ്റെടുക്കണമെന്നും അവയുടെ നവീകരണത്തിനുള്ള പദ്ധതിനിർദേശം നൽകണമെന്നും കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം നിഷ്കർഷിക്കുന്നു. കേരളത്തിലെ ട്രെയിനിങ്‌ കോളേജുകളും ഐ.എ.എസ്.ഇ.യും സർവകലാശാലകളുടെ കീഴിലും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുമായാണ് തുടരുന്നത്. അതുമൂലം ഓരോ വർഷവും കോടിക്കണക്കിനു രൂപയുടെ കേന്ദ്രവിഹിതം നഷ്ടപ്പെടുന്നുണ്ട്. നമ്മുടെ അധ്യാപകവിദ്യാഭ്യാസത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഡയറ്റുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽനിന്ന് എസ്.സി.ഇ.ആർ.ടി.യുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.
ഡിജിറ്റൽ കണ്ടന്റ്
ക്ലാസ്‌മുറികൾ ഹൈടെക് ആക്കിമാറ്റുന്നതിന്റെ ഭാഗമായി വലിയതോതിലുള്ള ഡിജിറ്റൽ കണ്ടന്റ് സംസ്ഥാനത്തെ സ്കൂളുകൾക്ക് ആവശ്യമായിവരും. ഈ ലക്ഷ്യം മുൻനിർത്തി ഐ.ടി. @ സ്കൂൾ പ്രോജക്ടുമായി സഹകരിച്ച് ഡിജിറ്റൽ കണ്ടന്റ് വികസിപ്പിക്കുന്ന പദ്ധതിക്ക്‌ എസ്.സി.ഇ.ആർ.ടി.  രൂപംനൽകിക്കഴിഞ്ഞു. പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതവുമായ പാഠ്യപദ്ധതിക്ക്‌ ഇണങ്ങുന്ന ഡിജിറ്റൽ കണ്ടന്റാണ് വികസിപ്പിക്കുന്നത്. അറിവുനിർമാണപ്രക്രിയയെ പോഷിപ്പിക്കുന്നവിധത്തിൽ അത് ചിട്ടപ്പെടുത്തുന്നു.
പ്രീസ്കൂൾ വിദ്യാഭ്യാസം
സംസ്ഥാനത്തെ പ്രീസ്കൂൾ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് എസ്.സി.ഇ.ആർ.ടി. പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. ഇതിനായി പ്രീസ്കൂൾ പാഠ്യപദ്ധതിയും പ്രവർത്തനപുസ്തകവും രൂപപ്പെടുത്തിക്കഴിഞ്ഞു. പ്രീസ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകാനും ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻകൈയെടുത്തിട്ടുണ്ട്. സാമൂഹ്യനീതിവകുപ്പ് തുടങ്ങി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞു. പ്രീ-പ്രൈമറി ടീച്ചർ എജ്യുേക്കഷന്റെ കാര്യത്തിൽ നയരൂപവത്‌കരണത്തിനുവേണ്ട നിർദേശങ്ങൾ രൂപപ്പെടുത്താനുള്ള പദ്ധതിക്ക്‌ തുടക്കംകുറിച്ചുകഴിഞ്ഞു.
സങ്കലിതവിദ്യാഭ്യാസം
ശാരീരികമായും ബുദ്ധിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്കും പരിപാടികൾക്കും എസ്.സി.ഇ.ആർ.ടി. നേതൃത്വം നൽകിവരികയാണ്. രണ്ടു പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ഒരു ഗവേഷണപദ്ധതിക്ക് രൂപംനൽകിക്കഴിഞ്ഞു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു പാഠ്യപദ്ധതിയും അതിന്റെ അടിസ്ഥാനത്തിൽ പ്രൈമറിതലത്തിൽ ഏഴു പ്രവർത്തനപുസ്തകങ്ങളും തയ്യാറാക്കി. ഇത്തരം ഒരു സംരംഭം ഇന്ത്യയിൽത്തന്നെ ആദ്യമായിട്ടാണ്.
മോണിറ്ററിങ്‌
സ്കൂൾ മോണിറ്ററിങ്‌ ഫലപ്രദമായി നടപ്പാക്കാനുള്ള പരിപാടികൾ എസ്.സി.ഇ.ആർ.ടി. ആവിഷ്കരിച്ചുവരുന്നു. തത്‌സ്ഥലവിലയിരുത്തൽ ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറിവരെ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാമൂഹികപങ്കാളിത്തത്തോടെ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനുള്ള വിപുലമായ പദ്ധതിക്കും രൂപംനൽകിയിട്ടുണ്ട്.
മികവുകൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ
വിവിധമേഖലകളിൽ പ്രതിഭപ്രകടിപ്പിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ എസ്.സി.ഇ.ആർ.ടി. പ്രതിജ്ഞാബദ്ധമാണ്. 2010-ൽ ഇടതുപക്ഷസർക്കാരിന്റെ കാലത്താരംഭിച്ച ‘ന്യൂമാറ്റ്‌സ്’ പദ്ധതി ഈ വർഷം പത്താംക്ലാസിൽ എത്തിനിൽക്കുകയാണ്. ഗണിതത്തിൽ അഭിരുചിയുള്ള കുട്ടികളെ ശാസ്ത്രീയമായ ടെസ്റ്റുകളിലൂടെ കണ്ടെത്തുകയും അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിച്ച് അറിവും കാഴ്ചപ്പാടും വികസിപ്പിക്കുന്ന പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി പരിശീലനംനേടിയ കുട്ടികൾ ദേശീയതലത്തിൽ നടത്തിയ ‘മാത്‌സ്‌ ഒളിമ്പ്യാഡി’ൽ പ്രശസ്ത വിജയികളായി എന്നത് അഭിമാനകരമായ നേട്ടമാണ്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതോടൊപ്പം സാമൂഹ്യശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കുവേണ്ടി സമാനമായ പദ്ധതികൾ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങൾക്കും ന്യൂമാറ്റ്‌സ് മാതൃകയിൽ പദ്ധതികൾക്ക് രൂപംനൽകിയിട്ടുണ്ട്. കേവലം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യുന്ന പരമ്പരാഗത രീതികളിൽനിന്നു വ്യത്യസ്തമായി അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന ശാസ്ത്രീയരീതിയാണ് എസ്.സി.ഇ.ആർ.ടി. അവലംബിക്കുന്നത്. രാജ്യത്തിനുതന്നെ മാതൃകയായിട്ടുള്ള പദ്ധതിയായി ഇത് പൊതുവിൽ അംഗീകരിക്കപ്പെട്ടു. ഭാവിയുടെ വാഗ്ദാനങ്ങളായ ഒരു തലമുറയെ വളർത്തിയെടുക്കുന്ന പ്രക്രിയയിൽ അങ്ങനെ എസ്.സി.ഇ.ആർ.ടി. കൈകോർക്കുന്നു.
Prepared by .Dr.J Prasad ,SCERT Director .
Tag:Mathrubhumi
                                                             



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder