> Unified Payment Interface (UPI) - UPI App | :

Unified Payment Interface (UPI) - UPI App

കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചുകൊണ്ടിരിക്കുന്നത്. എ.ടി.എമ്മുകളിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും പിൻവലിക്കാവുന്ന പണത്തിന് പരിധി ഏർപ്പെടുത്തിയതോടെ നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറയ്ക്കാൻ ജനം നിർബന്ധിതമായി.
പണ വിനിമയത്തിൽ ഡിജിറ്റൽ രീതികളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ കുറയ്ക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഡിജിറ്റൽ പണമിടപാട് രീതികൾ എല്ലാവർക്കും വശമില്ലെങ്കിലും സ്മാർട്ട് ഫോണുകൾ കൈവശമുള്ള, ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ.) പോലുള്ള സംവിധാനങ്ങളിലൂടെ ഡിജിറ്റൽ ഇടപാടുകൾ വലിയ കടമ്പകളൊന്നുമില്ലാതെ നടത്താവുന്നതാണ്. 
നിലവിൽ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ഡിജിറ്റലായി പണമിടപാട് നടത്തുന്നതിനുള്ള മാർഗമാണ് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്. നെറ്റ് ബാങ്കിംഗും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ഇ-വാലറ്റുകളൊന്നുമില്ലാത്തവർക്കും ഉപയോഗിക്കാവുന്നതാണ് യു.പി.ഐ. ഒരു ബാങ്ക് അക്കൗണ്ടും കൈയിൽ സ്മാർട്ട് ഫോണുമുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടുള്ള ആരുമായും ആർക്കും ഇടപാട് നടത്താവുന്ന ലളിതമായ സംവിധാനമാണ് യു.പി.ഐ. ഇതുവഴി പണം അയയ്ക്കുമ്പോൾ അത് ലഭിക്കേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. 
ആൻഡ്രോയ്‌ഡ് സ്മാർട്ട് ഫോണുകളുടെ പ്ലേ സ്റ്റോറിൽ നിന്ന്‌ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ യു.പി.ഐ. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഐ.ഡി.യും പിൻ നമ്പരും ഉണ്ടാക്കിയാൽ ആർക്കും ഇടപാട് നടത്തിത്തുടങ്ങാം. ആധാർ നമ്പരുമായി കൂടി ലിങ്ക് ചെയ്യേണ്ടതുണ്ട്. യു.പി.ഐ. ആപ്ലിക്കേഷൻ ഉപയോഗിക്കണമെങ്കിൽ അക്കൗണ്ടുള്ള ബാങ്കിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണം. 
ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാത്ത വ്യാപാരികളുമായി ഇടപാടുകൾ നടത്തുമ്പോൾ കൈവശം പണമില്ലെങ്കിൽ ഈ യു.പി.ഐ. ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ആർക്കാണോ പണം നൽകേണ്ടത് അവരും തങ്ങളുടെ ഫോണിൽ യു.പി.ഐ. ആപ്പ് പ്രവർത്തിപ്പിക്കണമെന്ന് മാത്രം. ആർക്കാണോ പണമയയ്ക്കേണ്ടത് അയാളുടെ യു.പി.ഐ. യൂണിക് ഐ.ഡി. മാത്രം അറിഞ്ഞാൽ മതി.
യു.പി.ഐ. ആപ്പിൽ പണം ലഭിക്കേണ്ടയാളുടെ യൂണിക് ഐ.ഡി.യും തുകയും രേഖപ്പെടുത്തിയതിനു ശേഷം അയയ്ക്കുക എന്ന ബട്ടൺ സെലക്ട് ചെയ്യുന്നതോടെ ഇടപാട് പൂർത്തിയാകുന്നു. ഇടപാട് ആധികാരികമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ പിൻ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. പണം അയച്ചു കഴിഞ്ഞാൽ അത് ലഭിക്കേണ്ടയാൾക്ക് അപ്പോൾത്തന്നെ യു.പി.ഐ. ആപ്ലിക്കേഷൻ തുറന്ന് പണമെത്തിയോ എന്ന് പരിശോധിക്കാവുന്നതാണ്. ഇതുവരെ പ്രവർത്തിപ്പിക്കാത്തവർക്ക് ആപ്ലിക്കേഷൻ ഉപയോഗിച്ചു തുടങ്ങാൻ ഏതാനും മിനിട്ടുകൾ മാത്രം മതി. 
ഇത്തരത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താവുന്നതാണ്. താഴ്ന്ന തുകയ്ക്ക് പരിധിയില്ല. 50 രൂപയിൽ താഴെയാണെങ്കിൽ പോലും ഈ ആപ്പ് ഉപയോഗിച്ച് നൽകാവുന്നതാണ്. 
യു.പി.ഐ. ഡൗലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടെ ചെറുകിട സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ചെലവും സമയവും ലാഭിക്കാം. നിലവിൽ മൊബൈൽ ബാങ്കിങ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ മറ്റൊരാൾക്ക് പണം അയയ്ക്കുന്നതിന് അയാളെ 'ബെനിഫിഷ്യറി' ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ശാഖയുടെ പേര്, ഐ.എഫ്‌.എസ്. കോഡ് തുടങ്ങിയ വിവരങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ യു.പി.ഐ. ആപ്ലിക്കേഷനിൽ പണം അയയ്ക്കുന്നതിന് ഇതൊന്നും ആവശ്യമില്ല. 
നിലവിൽ യു.പി.ഐ. ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുന്നത് ആൻഡ്രോയ്‌ഡ് ഫോണിൽ മാത്രമാണ്. ആപ്പിൾ ഫോണുകളിലും വിൻഡോസ് ഫോണുകളിലും ഈ ആപ്പ് ലഭ്യമല്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളിൽ അവ ആക്ടിവേറ്റ് ചെയ്തതിനു ശേഷം മാത്രമേ യു.പി.ഐ. ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. യു.പി.ഐ. ഉപയോഗിക്കണമെങ്കിൽ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാത്ത നമ്പർ വഴി യു.പി.ഐ. പ്രവർത്തിപ്പിക്കാനാകില്ല. 
ചില ബാങ്കുകളുടെ നെറ്റ് ബാങ്കിങ് ആപ്പിലാണ് യു.പി.ഐ. ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബാങ്കുകൾ പ്രത്യേക യു.പി.ഐ. ആപ് പുറത്തിറക്കിയിട്ടില്ല .
google play store


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder