> Shortage of Higher Teachers Kerala | :

Shortage of Higher Teachers Kerala

ഹയര്‍ സെക്കന്‍ഡറിയില്‍ പുതുതായി വന്നത് 636 ബാച്ചുകള്‍. ഇത്രയധികം ബാച്ചുകളില്‍ പഠിക്കാന്‍ കുട്ടികളുണ്ടോ എന്ന ചോദ്യം അന്നേ വ്യാപകമായിരുന്നു. പുതിയ ബാച്ചുകളില്‍ 80 ശതമാനവും എയ്ഡഡ് മേഖലയിലാണ്. 142 എണ്ണം മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനനിലവാരം പോരെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. കുട്ടികളില്ലെന്ന് അധ്യാപകരും അധ്യാപകരില്ലാത്ത സ്‌കൂളില്‍ കുട്ടികളെ വിടുന്നതെന്തിനെന്ന് രക്ഷിതാക്കളും ചിന്തിച്ചാല്‍ ആരെയാണ് കുറ്റംപറയുക. ഈ സംവാദങ്ങള്‍ക്കിടയില്‍ പല സ്‌കൂളുകളും പൂട്ടലിന്റെ വക്കിലുമാണ്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ജെ.എം.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ 28 ഉം കൊമേഴ്‌സില്‍ 39 ഉം കുട്ടികളുണ്ടായിരുന്നു.
വിവിധ പട്ടികകളിലുള്ളവര്‍ - 25,498
ആകെ ഒഴിവുകള്‍ - 1779
ഇതുവരെ നിയമനംനടന്നത് - 3136
ഈ വര്‍ഷമിത് യഥാക്രമം രണ്ടും ഏഴുമായി കുറഞ്ഞു. ആദ്യബാച്ചിലെ പരീക്ഷാഫലം വളരെ മോശം. രക്ഷിതാക്കളും കുട്ടികളും വേറെ സ്‌കൂളുതേടിപ്പോകുന്നത് സ്വാഭാവികം. പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ ഈ സ്‌കൂളിന് ഉടന്‍ പൂട്ടുവീണേക്കുമെന്നതാണ് സ്ഥിതി.
ഇവിടെ സ്ഥിരമായി ഒരു അധ്യാപകന്‍പോലുമില്ല; എല്ലാം താത്കാലികക്കാര്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനാളില്ല. ഇത് ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെമാത്രം കഥയല്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് 42 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. പ്രിന്‍സിപ്പലുമില്ല, പേരിനുപോലും സ്ഥിരമായി ഒരധ്യാപകനുമില്ല. ഇനി പ്രിന്‍സിപ്പലില്ലാത്ത സ്‌കൂളുകളുടെ കണക്കുനോക്കിയാല്‍ 365 എണ്ണം വരും. ശരിക്കും നാഥനില്ലാ കളരികള്‍.
ബാച്ചുകളെത്തി, അധ്യാപകരില്ലാതെ പുതിയ 636 പ്ലസ്ടു ബാച്ചുകള്‍ 82 സര്‍ക്കാര്‍ സ്‌കൂളുകളിലും 319 എയ്ഡഡ് സ്‌കൂളുകളിലുമാണ് തുടങ്ങിയത്. 67 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയതായി പ്ലസ്ടു അനുവദിച്ചു. ഇതില്‍ എട്ടെണ്ണത്തില്‍ വിദ്യാര്‍ഥികള്‍ കുറവാണെന്നതിനാല്‍ അധ്യാപകനിയമനത്തിനുള്ള ശുപാര്‍ശ പരിഗണിച്ചിട്ടുപോലുമില്ല.
57 സ്‌കൂളുകളിലേക്ക് 642 അധ്യാപകരെ നിയമിക്കാന്‍ എച്ച്.എസ്.എസ്. വിദ്യാഭ്യാസഡയറക്ടര്‍ ശുപാര്‍ശചെയ്തു. ഇതില്‍ 559 അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ അംഗീകാരംനല്‍കി. പക്ഷേ, നിയമനം നടന്നില്ല. സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് നിയമനത്തിന് തടയിട്ടു.

ഗസ്റ്റ് അധ്യാപകരെ നിയമിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ സാമ്പത്തികബാധ്യതയെ നേരിടുന്നത്. ആ ന്യായത്തിന്റെ കണക്കുകള്‍ ഇങ്ങനെ: ഗസ്റ്റ് അധ്യാപകരുടെ ശമ്പളം പ്രതിദിനം 1300 രൂപ. 24 ദിവസം ജോലിചെയ്യുന്ന അധ്യാപകന് 32,000 രൂപ. സ്ഥിരം അധ്യാപകന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ചെറിയ വ്യത്യാസംമാത്രം.
സ്ഥിരം അധ്യാപകനെ നിയമിക്കുമ്പോള്‍ ചെറിയ തുക അധികമായിവന്നേക്കാം. പക്ഷേ, അപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള അധ്യാപകര്‍ വരും. പഠനനിലവാരം ഉയരും. പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് സാമ്പത്തികബാധ്യതയെക്കുറിച്ചും കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ചിന്തിച്ചില്ല എന്ന ചോദ്യം ബാക്കി.
ഒഴിവുകള്‍
വിഷയങ്ങളിലായി പി.എസ്.സി. കോടികള്‍ ചെലവിട്ട് 2011 മുതല്‍ തയ്യാറാക്കിയ റാങ്ക്പട്ടികകള്‍ നിലവിലുണ്ട്. പലതിനും കാലാവധി ഇനി മൂന്നോ നാലോ മാസംമാത്രം. ഈ പട്ടികകളില്‍ പലതിലും പത്തുമുതല്‍ 20 ശതമാനംവരെ മാത്രമാണ് നിയമനം നടന്നത്. ഇനിയും കാത്തിരിക്കുന്നത് 25,498 പേര്‍.
നിയമനനടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കൂട്ടായ്മ വിവിധ സമരങ്ങള്‍ നടത്തിവരികയാണ്. ഇവര്‍ 757 സ്‌കൂളുകളില്‍ വിവരാവകാശ നിയമപ്രകാരവും നേരിട്ടും നടത്തിയ അന്വേഷണത്തില്‍ 1779 ഒഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
1302 ഒഴിവുണ്ടെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റിലും പറയുന്നു. ഇനി കാലാവധി പൂര്‍ത്തിയായ പട്ടികയില്‍ വീണ്ടും അപേക്ഷക്ഷണിച്ച് പുതിയ പട്ടിക വരണമെങ്കില്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെ വേണ്ടിവരും. അപ്പോഴേക്കും നിലവില്‍ പട്ടികയിലുള്ള പലരും പ്രായപരിധിക്ക് വെളിയിലാകും. ഇവരുടെ അവസരം നിഷേധിക്കപ്പെടും  സമരക്കാര്‍ പറയുന്നു.
എയ്ഡഡ് സ്‌കൂളുകള്‍
എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്ടു അധ്യാപകനിയമനം മാനേജ്‌മെന്റുകള്‍ നേരിട്ടുനടത്തുന്നു. ഒരധ്യാപകന് നിയമനം ലഭിക്കാന്‍ 30 മുതല്‍ 80 ലക്ഷം രൂപവരെയാണ് വാങ്ങുന്നത്. നിലവില്‍ അധിക ബാച്ചുകളനുവദിച്ച എല്ലാ സ്‌കൂളുകളിലും അധ്യാപക നിയമനം പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ കൂടുതല്‍ സ്വകാര്യസ്‌കൂളുകളെ ആശ്രയിക്കുന്നു.
കുറച്ചുകഴിയുമ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. പിന്നെ ഇവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ബാധ്യതയാണ്. മാനേജ്‌മെന്റുകള്‍ പണംവാങ്ങി നിയമനം നല്‍കുകയും സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കേണ്ട ഗതികേടും. വലിയ അഴിമതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഇതൊഴിവാക്കാന്‍ സ്വകാര്യ സ്‌കൂളുകളിലെ നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് പലതലങ്ങളില്‍ ആവശ്യം നിലനില്‍ക്കുന്നുണ്ട് .
കടപ്പാട് : മാതൃഭൂമി

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder