സ്വഭാവമാണ് വിധി

സ്‌ഥിരപ്രയത്നംകൊണ്ടോ കുടുംബബലം കൊണ്ടോ ഉന്നതസ്‌ഥാനങ്ങളിലെത്തിയവരുടെ ജീവിതം, സ്വഭാവദൂഷ്യം കാരണം തകർന്ന ധാരാളം സംഭവങ്ങളുണ്ട്. ഇതുകൊണ്ടാവണം, സ്വഭാവം നിങ്ങളുടെ വിധി നിർണയിക്കുന്നു (Character is destiny) എന്ന മൊഴി രൂപംകൊണ്ടത്. യവന ദാർശനികനായിരുന്ന ഹെറാക്ലിറ്റസ് (ബിസി 535 – 475) ആണ് ആദ്യമായി ഇതു പറഞ്ഞതത്രേ.ബൈബിളിലെ ‘വിതയ്‌ക്കുന്നതു തന്നെ മനുഷ്യൻ കൊയ്യും’ (ഗലാത്തിയക്കാർ 6:7) എന്ന വചനവും ഇതു സൂചിപ്പിക്കുന്നു. പ്രയത്നശീലത്തോടൊപ്പം മനുഷ്യനു സ്വഭാവശുദ്ധിയും വേണം. പാപപങ്കിലമായ ജീവിതംവഴി കുടുംബത്തെ രക്ഷിച്ചു പോന്ന കൊള്ളക്കാരനായ രത്നാകരൻ, സപ്‌തർഷികളുടെ നിർദ്ദേശപ്രകാരം, വീട്ടുകാരെക്കണ്ട് അവർ ഈ പാപത്തിന്റെ പങ്കു വഹിക്കുമോയെന്ന് ചോദിക്കുന്നു. അവർ നൽകുന്ന മറുപടി:
‘‘താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ’’
ഈ മറുപടി രത്നാകരന്റെ ജീവിതത്തിലെ വഴിത്തിരിവായി, അയാൾ വാല്മീകിയായ കഥ എഴുത്തച്ഛൻ അധ്യാത്മരാമായണത്തിലെ അയോധ്യാകാണ്ഡത്തിൽ വിവരിക്കുന്നുണ്ട്.
രാവണൻ, ദുര്യോധനൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെയും, ഹിറ്റ്‌ലർ (ജർമ്മനി), കേണൽ ഗഡാഫി (ലിബിയ), ഇഡി അമീൻ (ഉഗാണ്ട), പോൾ പോട്ട് (കംബോഡിയ), നിക്കൊളായ് ചാഷസ്‌ക്കു (റൊമാനിയ) തുടങ്ങിയ ആധുനിക ഏകാധിപതികളുടെയും പതനം ശ്രദ്ധിക്കുക. നമ്മുടെ നാട്ടിൽത്തന്നെ ഉന്നതാധികാരത്തിൽ വിലസിയ പലരും അഴിമതിയും സ്വഭാവദൂഷ്യവും കൊണ്ട് നാണം കെട്ട സംഭവങ്ങളുണ്ട്.
എന്താണ് സ്വഭാവമഹിമയുടെ ഘടകങ്ങൾ? കുരുടർ ആനയെക്കണ്ടതുപോലെ പലർക്കും പല കാര്യങ്ങളും തോന്നാം. എങ്കിലും സ്വഭാവശുദ്ധിക്കു ചില മൗലിക ഘടകങ്ങളുണ്ട്. നന്മയെന്തെന്ന് അറിയുക, നന്മ ആഗ്രഹിക്കുക, നന്മ ചെയ്യുക എന്നിവ അടിസ്‌ഥാനം.
വിവേകവും വീണ്ടുവിചാരവും ഉണ്ടെങ്കിലേ നല്ല ശീലങ്ങൾ സാധ്യമാവൂ. എന്റെ നന്മ അന്യരുടെ നന്മയ്‌ക്കും വഴിവയ്‌ക്കും. നീതിപൂർവമുള്ള തീരുമാനങ്ങൾ, നിഷ്‌പക്ഷത എന്നിവ കൂടിയേ തീരു. അന്യന്റെ മുതൽ കൈക്കലാക്കണമെന്ന മോഹമരുത്. മിതത്വവും ആത്മനിയന്ത്രണവും ഇല്ലെങ്കിൽ പ്രലോഭനങ്ങളിൽ വീണുപോകാം. ഭീഷണികൾക്കു വഴങ്ങാതിരിക്കണമെങ്കിൽ ധീരത വേണം. ധർമ്മബോധത്തിന്റെ അടിത്തറയിൽ നിന്നുള്ള സ്വഭാവവിശേഷങ്ങളാണ് മേൽപ്പറഞ്ഞവയെല്ലാം.
അധികാരത്തിലെത്തുമ്പോൾ പെരുമാറുന്നതെങ്ങനെ, വിജയിക്കുമ്പോൾ പെരുമാറുന്നതെങ്ങനെ, തന്നോട് എതിർക്കാൻ കഴിവില്ലാത്ത ദുർബലരോട് പെരുമാറുന്നതെങ്ങനെ എന്നിവയിൽ നിന്ന് യഥാർഥ സ്വഭാവം മനസ്സിലാക്കാം.
ഞാൻ നല്ലവനാണ് എന്നു യുക്‌തരഹിതമായി കണ്ണടച്ച് വിശ്വസിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. ആ ധാരണ തെറ്റെന്നു സമ്മതിച്ചാൽ യുദ്ധം പാതി ജയിച്ചു. നന്മയിലേക്കു പോകണമെന്ന ചിന്ത മതി, ശുദ്ധനു സിദ്ധാന്തം വേണ്ട.
‘‘വ്യക്‌തിയുടേതായാലും രാഷ്‌ട്രത്തിന്റെയായാലും ജീവിതത്തിലെ നിർണായകഘടകം അന്തിമമായി സ്വഭാവം തന്നെ’’ എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്‌വെൽറ്റ്.
അരിസ്‌റ്റോട്ടിൽ പറഞ്ഞു, സൽഗുണങ്ങൾ കേവലം ചിന്തയല്ല, ശീലങ്ങളാണ്. ബില്ലി ഗ്രഹാം: ‘‘ധനം പോയാൽ ഒന്നും പോകുന്നില്ല, ആരോഗ്യം പോയാൽ ചിലതു പോയി, സ്വഭാവം പോയാൽ എല്ലാം പോയി.’’ സ്വഭാവം തന്നെ വിധി.

 

:

e-mail subscribition

Enter your email address:

GPF PIN Finder