> ചെറിയ കുട്ടികളുടെ വലിയ സഹായങ്ങള്‍ | :

ചെറിയ കുട്ടികളുടെ വലിയ സഹായങ്ങള്‍

അവശതയനുഭവിക്കുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമേകാന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുക. അതില്‍ അദ്ധ്യാപകരും പിന്നെ നാട്ടുകാരും പങ്കാളികളാവുക. ഒടുവില്‍ ഒരു നാടൊന്നാകെ വിദ്യാര്‍ത്ഥികളുടെ സംരംഭത്തിന് പിന്നിലണിനിരക്കുക. ഇത്തരം സംഭവങ്ങള്‍ക്ക് വേദിയാവുകയാണ് ഇളമ്പ ഗവ. എച്ച്.എസ്.എസ്. പുസ്തകത്തിലുള്ളതിലും അപ്പുറമാണ് ജീവിത പാഠങ്ങളെന്ന തിരിച്ചറിവാണ് കുട്ടികളെ സഹജീവികളുടെ ദുരിതങ്ങളിലേക്ക് നയിച്ചത്. രോഗബാധിതരായവരെ സഹായിക്കുന്നതിനായി ഈ കുട്ടികള്‍ നടത്തുന്ന ഇടപെടലുകള്‍ സമൂഹത്തിനാകെ മാതൃകയാവുകയാണ്.
ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന വ്യാപകമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സാന്ത്വനത്തില്‍ എന്റെ പങ്ക്' എന്ന പദ്ധതി സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്നു. പദ്ധതിയെക്കുറിച്ചറിഞ്ഞപ്പോള്‍ സ്‌കൂളിലെ എല്ലാ കുട്ടികളും ഇതില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ പദ്ധതിയുടെ ഭാഗമായി. ഇതായിരുന്നു തുടക്കം. തങ്ങളെക്കൊണ്ടാവുന്നത് ശേഖരിച്ച് പാവങ്ങള്‍ക്കെത്തിക്കുമെന്ന് കുരുന്നുകള്‍ വ്യക്തമാക്കിയപ്പോള്‍ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപക ജീവനക്കാര്‍ക്കും ഇതില്‍നിന്ന് മാറിനില്ക്കാനായില്ല. അവരും കുട്ടികള്‍ക്കൊപ്പം കൂടി.
തുടര്‍ന്ന് കുട്ടികള്‍ നോട്ടീസ് തയ്യാറാക്കി നാട്ടുകാരെ സമീപിച്ചു. പദ്ധതിയുടെ വിവരണം കേട്ടതോടെ നാടൊന്നാകെ ഇതിന്റെ ഭാഗമായി. തുടര്‍ന്ന് മൂന്നാഴ്ച കൊണ്ട് 2,45,359 രൂപ ശേഖരിച്ചു. ഈ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഒരു സ്‌കൂള്‍ സ്വരൂപിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു ഇത്.
പണം സ്വരൂപിക്കാനായി കുട്ടികള്‍ പോയപ്പോള്‍ ചില വീടുകളില്‍ രോഗബാധിതരായി കിടക്കുന്നവരെ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം അവര്‍ക്കും സഹായം നല്‍കി. കാന്‍സര്‍ ബാധിച്ചവര്‍, കരള്‍ മാറ്റിവച്ചവര്‍, തളര്‍ന്ന് കിടപ്പിലായവര്‍, തലയിലും നട്ടെല്ലിനും ശസ്ത്രക്രിയ നടത്തിയവര്‍, വൃക്കരോഗികള്‍ എന്നിവരുള്‍പ്പെടെ ഈ തുക ഉപയോഗിച്ച്  21 പേര്‍ക്ക് സാമ്പത്തിക സഹായവും ഉപകരണങ്ങളും നല്‍കി. സ്‌കൂളിലെ 64 കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. 18 പേര്‍ക്ക് പതിനായിരം രൂപ വീതവും രണ്ട് പേര്‍ക്ക് എണ്ണായിരം രൂപയും ഒരാള്‍ക്ക് വീല്‍ചെയറും അയ്യായിരം രൂപയുമാണ് നല്‍കിയത്.
അവശര്‍ക്കുള്ള സഹായം പൊതുചടങ്ങില്‍ വിതരണം ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് പഠനോപകരണം നല്‍കിയതാകട്ടെ സഹായം കിട്ടുന്നതാര്‍ക്കെന്ന് മറ്റ് കുട്ടികള്‍ അറിയാത്തവിധത്തില്‍ രഹസ്യമായിട്ടായിരുന്നു. ഇതിന് വേണ്ടി കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍ സംഘാടകരെപ്പോലും ഞെട്ടിച്ചു. പുറത്തുള്ളവരേക്കാള്‍ സഹായം വേണ്ടവര്‍ കൂട്ടത്തിലുണ്ടെന്ന തിരിച്ചറിവിലേക്കാണ് ഈ അന്വേഷണമെത്തിച്ചത്.
മൂന്ന് കുട്ടികള്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെടുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്തവരായിരുന്നു. 49 കുട്ടികളുടെ അച്ഛന്‍ നഷ്ടപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്തവരാണ്. അമ്മയില്ലാത്തവരായി 12 കുട്ടികളെയും കണ്ടെത്തി. സഹായം രഹസ്യമായിട്ടായിരിക്കും എന്ന് ക്ലാസുകളില്‍ പലപ്രാവശ്യം അറിയിച്ചപ്പോഴാണ് ഈ കുട്ടികള്‍ നേരിട്ട് അദ്ധ്യാപകരെ സമീപിച്ചത്. അവരുടെ ആവശ്യമെന്താണെന്നന്വേഷിച്ച് അത് വാങ്ങിക്കൊടുക്കുകയായിരുന്നുവെന്ന പ്രത്യേകതയും ഈ സഹായത്തിനുണ്ടായിരുന്നു.
സഹായം ഇവിടംകൊണ്ടവസാനിപ്പിക്കാന്‍ കുട്ടികള്‍ തയ്യാറല്ല. ബാക്കിവന്ന 6,245 രൂപ ഇവര്‍ ബാങ്കില്‍ നിക്ഷേപിച്ചു. അടുത്തവര്‍ഷം സഹായം നല്‍കുന്നതിനുള്ള കരുതലാണ് ഈ തുക. കുട്ടികള്‍ തുടങ്ങിയ സംരംഭം സ്‌കൂളിനും നാടിനും അഭിമാനമായി മാറിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും ഇപ്പോള്‍ രംഗത്തുണ്ട്. വരുംവര്‍ഷങ്ങളില്‍ ഇതൊരു വലിയ സംരംഭമായി വളര്‍ത്തിയെടുക്കാനാണ് ശ്രമം.


Tag : Mathrubhumi
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder