പരീക്ഷാപ്പേടി ഇല്ലാതാക്കാന്‍

വരുന്നത് പരീക്ഷക്കാലം. തമാശകള്‍ക്കും കളികള്‍ക്കും അവധികൊടുത്ത് അല്‍പ്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഗൗരവമായ പരിഗണനയില്‍നിന്ന് മാറി പരീക്ഷാപ്പേടി എന്ന തലത്തില്‍ കാര്യമെത്തിയാല്‍ ഫലം വിപരീതമാകും. അമിതമായ ആശങ്കയും മനസ്സംഘര്‍ഷവും പരീക്ഷയെഴുത്തിനെ ബാധിക്കുകയും ചെയ്യും.പരീക്ഷാപ്പേടി എന്നത് ഒരു മാനസികാവസ്ഥയാണ്. കൂടിയ ആശങ്ക,മനസ്സംഘര്‍ഷം, അസ്വസ്ഥത, അകാരണമായ ഭീതി എന്നിങ്ങനെ പലവിധ മാനസികാവസ്ഥകള്‍ ഇതിന്റെ ഭാഗമാണ്.
 കാരണങ്ങള്‍
 * യാഥാര്‍ത്ഥ്യബോധത്തിന് നിരക്കാതെ രക്ഷിതാക്കള്‍  കുട്ടികളെക്കുറിച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍
*രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കുട്ടികള്‍ക്ക് തോല്‍വി,മോശം പ്രകടനം ഇവയെക്കുറിച്ചുണ്ടാകുന്ന ഭീതി.
* വേണ്ടത്ര പഠിക്കാത്ത അവസ്ഥ
*ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍(ചിന്തകളും ഭയവും ചില പെരുമാറ്റരീതികളും  നിയന്ത്രിക്കാനാകാതെ ആവര്‍ത്തിച്ചുവരുന്ന മാനസികാവസ്ഥ)
*ലക്ഷ്യം നേടുന്നതിനുുള്ള പ്രചോദനമില്ലാതിരിക്കുകയും ആത്മവിശ്വാസക്കുറവും
*പോഷകാഹാരക്കുറവും ഉറക്കമില്ലായ്മയും
 ലക്ഷണങ്ങള്‍
പരീക്ഷാപ്പേടിയുടെ ലക്ഷണങ്ങളെ ശാരീരികം,പെരുമാറ്റ സംബന്ധിയായത്, വൈകാരികമായത് എന്നിങ്ങനെ മൂന്നായി തിരിക്കാം.
തലവേദന, വയറുവേദന, മനംപിരട്ടല്‍,വയറിളക്കം, അമിത വിയര്‍പ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയമിടിപ്പ് കൂടുക, വായ വരളുക, കൈകൈലുകള്‍ തണുക്കുകയോ വിറക്കുകയോ ചെയ്യുക, ഛര്‍ദ്ദി, വിറ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക  എന്നിവയാണ് ശാരീരിമായി അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍.
തോല്‍ക്കുമെന്ന ഭയം, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍, തനിക്ക് എന്തൊക്കെയോ കുറവുകള്‍(പഠനത്തിന്റെ കാര്യത്തില്‍)ഉണ്ടെന്ന തോന്നല്‍, ശുഭപ്രതീക്ഷയില്ലാ്ത്ത സംസാരം, കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടെന്ന തോന്നല്‍,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍, ഉറക്കമില്ലായ്മയോ അമിത ഉറക്കമോ തുടങ്ങിയവയാണ് പഠനപരം അല്ലെങ്കില്‍ പെരുമാറ്റസംബന്ധിയായ  ലക്ഷണങ്ങള്‍.
തീരെ ആത്മവിശ്വാസമില്ലാതിരിക്കുക,നിരാശ,വിഷാദം,ദേഷ്യം, പ്രതീക്ഷയില്ലാതിരിക്കുകയും നിസ്സഹായത അനുഭവപ്പെടുകയും ചെയ്യുക, നിരാശ.
പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഭയം നല്ലതാണ്. കൂടുതല്‍ നന്നായി പഠിക്കാനും സമയം നന്നായി ഉപയോഗപ്പെടുത്താനും അതുവഴി കഴിയും. എന്നാല്‍ മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളിലേക്ക് അവ എത്തുമ്പോള്‍ കുട്ടികളുടെ പരീക്ഷയെഴുത്തിനെ അത് ബാധിക്കും. ചിലപ്പോള്‍ ശാരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യും.
പേടി കളയാന്‍
പഠനത്തിന് സ്വന്തമായി ഒരു മാതൃകയുണ്ടാക്കുക: നേരത്തേ പഠിച്ചുതുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഓരോ വിഷയത്തിന്റെയും ഗൗരവവും അത് പഠിക്കാനുള്ള വിഷമവും പരിഗണിച്ച് സമയക്രമം ഉണ്ടാക്കിവെയ്ക്കുക. അതില്‍ ആദ്യവായന, രണ്ടാം വായന, കുറിപ്പെടുക്കല്‍, റിവിഷന്‍ എന്നിവയക്കെല്ലാം സമയം ഉള്‍പ്പെടുത്തുക. 
ശുഭാപ്തി വിശ്വാസം വളര്‍ത്തുക: നന്നായി പഠിക്കാന്‍ തനിക്കാവുമെന്നും നന്നായി പരീക്ഷ എഴുതാന്‍ കഴിയുമെന്നും സ്വയം ധരിപ്പിക്കുക. വീണ്ടും വീണ്ടും അതിനായി ശ്രമിക്കുക. ഇതേ സാന്ത്വന വാക്കുകള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കുട്ടികളിലേക്ക് പകരണം.
ശ്രദ്ധ പഠനത്തില്‍ മാത്രം: പരീക്ഷയെക്കുറിച്ച് ആശങ്കമാത്രം പങ്കുവെയ്ക്കുന്ന കൂട്ടുകാരുമായുള്ള ആശയവിനിമയം കുറയ്ക്കുക. മറ്റുള്ളവര്‍ എത്ര പഠിച്ചു, എന്ത് പഠിച്ചു എന്ന് കൂടുതല്‍ അന്വേഷിക്കാതിരിക്കുക. പരീക്ഷാഹാളിന് പുറത്തും ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുക. മറ്റൊരാള്‍ പഠിച്ചത് താന്‍ വായിച്ചുപോലുമില്ലെന്ന് ചിലപ്പോള്‍ അവിടെവെച്ച് അറിയും. അത് പരീക്ഷയ്ക്ക് വരണമെന്നില്ല. എന്നാല്‍ അതുണ്ടാക്കുന്ന മനസ്സംഘര്‍ഷം പരീക്ഷയാകെ നാശമാക്കുകയും ചെയ്യും.
ഓര്‍മിയ്ക്കാനുള്ള തന്ത്രങ്ങള്‍: പദ്യരൂപത്തിലും ചാര്‍ട്ട്‌ രൂപത്തിലുമെല്ലാം പഠനവിവരങ്ങള്‍ ക്രമപ്പെടുത്തി രസകരമാക്കുക. എളുപ്പം ഓര്‍ക്കാന്‍ അത് ഉപകരിക്കും. താന്‍ പഠിച്ച കാര്യം മറ്റൊരാളോട് വിശദീകരിക്കുക.
ധ്യാനം
ഒരിടത്ത് ഏകാഗ്രമായി 10 മിനിട്ടു ഇരിക്കാന്‍ ശീലിക്കുക. ഇത് ദിവസവും ചെയ്യുന്നത് പഠനത്തെ സഹായിക്കും. സാവധാനത്തിലുള്ള ശ്വാസോച്ഛാസം, പേശികള്‍ അയച്ചുള്ള വ്യായാമങ്ങള്‍ ഇവയെല്ലാം നല്ലതാണ്.
ഉറക്കം
പരീക്ഷയുടെ തലേനാള്‍ നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ഓര്‍മയെ ബാധിക്കും. പഠിച്ച കാര്യങ്ങള്‍ അടുക്കും ചിട്ടയോടെ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരും. ഉറക്കമൊഴിഞ്ഞ് നന്നായി പഠിച്ചിട്ടും അതുണ്ടാക്കുന്ന  ശാരീരിക പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ പരീക്ഷാഹാളില്‍ കുഴഞ്ഞ് വീഴുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്.
 കൗണ്‍സിലിങ്
പരീക്ഷാപ്പേടി സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മടികൂടൂതെ ഒരു കൗണ്‍സിലറുടെ സഹായം തേടുക. 
രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍
ഓരോ കുട്ടിയ്ക്കും അവരുടേതായ കഴിവുകളുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പഠനത്തില്‍ സഹായിക്കുക. അമിതമായ ആശങ്ക പ്രകടിപ്പിക്കാതിരിക്കുക. പഠനത്തിന് പ്രേരിപ്പിക്കുമ്പോള്‍ തന്നെ പ്രസാദാത്മകമായി പെരുമാറുക. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ലോകാവസാനം എന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഇത്ര മാര്‍ക്കുമേടിച്ചാല്‍ സമ്മാനം നല്‍കുമെന്ന വാഗ്ദാനം നല്‍കാതിരിക്കുക. മറ്റുകുട്ടികളുമായുള്ള താരതമ്യം ഒട്ടും വേണ്ട.

OLD POSTS

 

:

e-mail subscribition

Enter your email address:

GPF PIN Finder