> ഇന്റര്‍നെറ്റ് അധികാരം ജനങ്ങള്‍ക്ക് | :

ഇന്റര്‍നെറ്റ് അധികാരം ജനങ്ങള്‍ക്ക്

ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള കുത്തകകളുടെ ആവശ്യത്തിന് വഴങ്ങാതെ ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് അനുകൂലമായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിലപാട് സ്വീകരിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ 13 കോടിയിലധികം ജനങ്ങളെ മാത്രമല്ല ഭാവിയില്‍ ഇതുപയോഗിക്കുമെന്ന് കരുതുന്നവര്‍ക്കും ഗുണകരമായ തീരുമാനമാണ് ട്രായ് സ്വീകരിച്ചത്. ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന സേവനദാതാക്കളുടെ ആവശ്യമാണ് ട്രായ് തള്ളിക്കളഞ്ഞത്. നിയമം ലംഘിച്ചാല്‍ സേവനദാതാക്കള്‍ പ്രതിദിനം അരലക്ഷം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന് ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സൈറ്റുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു സേവനദാതാക്കളുടെ ആവശ്യം.
ട്രായിയുടെ തീരുമാനത്തിന്റെ സ്വാധീനം ഇന്ത്യയില്‍ ഒതുങ്ങിനില്‍ക്കില്ല. ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെയും സേവനദാതാക്കളെയും ടെലികോം കമ്പനികളെയും സ്വാധീനിക്കുന്നതാണ് ഈ തീരുമാനം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ സാങ്കേതികരംഗത്ത് ജനങ്ങള്‍ നേടുന്ന ഏറ്റവും വലിയ വിജയമായും ട്രായിയുടെ തീരുമാനം ശ്ളാഘിക്കപ്പെടുന്നു. ലോകത്തെ 144 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തോളം (ജിഡിപി) മൂലധനാസ്തിയുള്ള ഫെയ്സ്ബുക്ക് എന്ന ബഹുരാഷ്ട്ര ഭീമന്റെ സമ്മര്‍ദത്തെ അതിജീവിച്ചാണ് ട്രായിയുടെ തീരുമാനം എന്നതിനാലാണിത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനായി സര്‍ക്കാരുകളുടെമേല്‍ സമ്മര്‍ദം ചെലുത്താന്‍ 400 കോടി രൂപയാണത്രെ ഫെയ്സ്ബുക്ക് ചെലവാക്കിയത്. നെറ്റ് നിഷ്പക്ഷതയ്ക്ക് വാദിക്കുന്നവരെ മതമൌലികവാദികളോടുപോലും ഫെയ്സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗ് താരതമ്യം ചെയ്യുകയുണ്ടായി.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൌകര്യം' എന്ന അവകാശവാദത്തോടെ റിലയന്‍സുമായി ചേര്‍ന്ന് ഫെയ്സ്ബുക്ക് ഫ്രീബെയ്സിക്സ് പദ്ധതി ആവിഷ്കരിച്ചിരുന്നു. ഒരുവേള ഫെയ്സ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ സൌജന്യമായി നിലനിര്‍ത്തി മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് അധിക നിരക്ക് ഈടാക്കാനായിരുന്നു പദ്ധതി. തങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ടുന്ന സൈറ്റുകള്‍ ഇതോടെ ലഭ്യമല്ലാതാകുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. ആവശ്യമുള്ള വസ്തുതകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം മാത്രമല്ല, ഇ–മെയില്‍, വീഡിയോ, ചിത്രങ്ങള്‍ എന്നിവ കണ്ടെത്താനും കഴിയാതെ വരും. വൈവിധ്യങ്ങളിലേക്കുള്ള അറിവിന്റെ യാത്ര തടയപ്പെടുമെന്ന് സാരം.

ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നപക്ഷം വിവിധ ഇന്റര്‍നെറ്റ് സര്‍വീസുകളിലേക്കും വെബ്സൈറ്റ് സര്‍വീസുകളിലേക്കും പോകുന്നതിന് ചാര്‍ജ് ഈടാക്കാന്‍ ടെലികോം കമ്പനികളും മുന്നോട്ടുവരും. മാത്രമല്ല, ഒരു വ്യക്തിയുടെ ബ്ളോഗും ഒരു ബഹുരാഷ്ട്ര കുത്തകയുടെ ഡാറ്റാ സേവനങ്ങളും ഒരേപോലെ കണ്ട് നിരക്ക് ഈടാക്കുന്നപക്ഷം ആരാണ് നിലനില്‍ക്കുകയെന്ന് പറയേണ്ടതില്ലല്ലോ? ഇവിടെയാണ് നെറ്റ് നിഷ്പക്ഷതയ്ക്കുള്ള പ്രക്ഷോഭത്തിന്റെ പ്രസക്തി. ലോകം ഭരിക്കാന്‍ സാമ്പത്തികശേഷിയുള്ള ഫെയ്സ്ബുക്കിനെയും ഗൂഗിളിനെയും മറ്റും അത്ഭുതപ്പെടുത്തുംവിധമാണ് രാജ്യത്ത് നെറ്റ് നിഷ്പക്ഷത നിലനിര്‍ത്താനുള്ള ആവശ്യമുയര്‍ന്നത്. ഇന്റര്‍നെറ്റിന്റെയും ഫെയ്സ്ബുക്കിന്റെയും ഇ–മെയിലിന്റെയും എല്ലാ സാധ്യതകളും ഈ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങളും ജനങ്ങള്‍ക്കൊപ്പം അണിനിരന്നു. ജനാധിപത്യത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ അവഗണിച്ച്, ഇന്റര്‍നെറ്റ് മേഖലയിലെ കുത്തകവല്‍ക്കരണത്തിന് ഫെയ്സ്ബുക്കും മറ്റും തുനിഞ്ഞിറങ്ങിയപ്പോള്‍ നെറ്റ് നിഷ്പക്ഷതയ്ക്കുള്ള ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുകയാണുണ്ടായത്. അത് കേട്ടില്ലെന്ന് നടിക്കാന്‍ ട്രായ്ക്ക് കഴിഞ്ഞില്ല. ഇന്റര്‍നെറ്റ് സേവനങ്ങളെ വാണിജ്യവല്‍ക്കരിക്കാനും സൌജന്യവിവരവിനിമയം തടയാനുമുള്ള ശ്രമങ്ങളാണ് ട്രായ് തീരുമാനത്തോടെ പരാജയപ്പെട്ടത്. ഇവിടെ ജയം ജനങ്ങളുടേതാണ് .










 
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder