ആദിയുഷ സന്ധ്യ മാഞ്ഞു...

ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒഎൻവി കുറുപ്പ് (ഒറ്റപ്ലാക്കൽ നമ്പ്യാടിക്കൽ വേലുക്കുറുപ്പ്, 84) അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.35നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
വയലാറിനും സാംബശിവൻ കല്ലട ശശി എന്നിവർക്കൊപ്പം ഒഎൻവി 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികളും ഒഎൻവിയെ തേടിയെത്തി. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 13 തവണ സ്വന്തമാക്കിയിട്ടുണ്ട്.
പാട്ടിന്റെ ‘പൊന്നരിവാളമ്പിളി’
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎൻവി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒഎൻവി കൊല്ലം എസ്.എൻ.കോളജിൽ ബിരുദപഠനം പൂർത്തിയാക്കി. 1952-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി.1957 മുതൽ എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

1989ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ എ.ചാൾസിനോട് പരാജയപ്പെടുകയായിരുന്നു.1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ

∙ ആരെയും ഭാവ ഗായകനാക്കും...

∙ ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...

∙ ഒരു ദലം മാത്രം വിടർന്നൊരു....

∙ സാഗരങ്ങളേ....

∙ നീരാടുവാൻ നിളയിൽ....

∙ മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....

∙ ഓർമകളേ കൈവള ചാർത്തി.........

∙ അരികിൽ നീയുണ്ടായിരുന്നെങ്കിൽ.....

∙ വാതില്പഴുതിലൂടെൻ മുന്നിൽ.....

∙ ആദിയുഷസന്ധ്യപൂത്തതിവിടെ...

കവിതാ സമാഹാരങ്ങൾ

പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍, ഗാനമാല‍, നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി, അരിവാളും രാക്കുയിലും‍, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ

സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 (അഗ്നിശലഭങ്ങൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1975 അക്ഷരം), എഴുത്തച്ഛൻ പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്‌ലാൻഡ് നെഹ്‌റു പുരസ്കാരം (1981 ഉപ്പ്), വയലാർ രാമവർമ പുരസ്കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂർ പുരസ്കാരം, ആശാൻ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം.

ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ

മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1989 വൈശാലി)

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

2008 (ഗുൽമോഹർ), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), 1986 (നഖക്ഷതങ്ങൾ), 1984 (അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉൾക്കടൽ), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം)

മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം 2009 (പഴശ്ശിരാജ) .

 

:

e-mail subscribition

Enter your email address:

GPF PIN Finder