> January 12 Strike: 'Dies Non' Declared | :

January 12 Strike: 'Dies Non' Declared

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഫെബ്രുവരി മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Dies-Non on Threatened Strike by a section of Government  Employees &  Teachers on 12th January 2016- Orders issued

OLD POSTS   

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder