മലയാളം പറയുന്നതിൽ ആരാണു വീഴ്ചവരുത്തുന്നത് ?

ഭരണകൂടങ്ങള്‍ ജനങ്ങളോടു സംസാരിക്കേണ്ടതും ഭരണനിര്‍വഹണവും നിയമവ്യവഹാരവും നടത്തേണ്ടതും മാതൃഭാഷയിലായിരിക്കണമെന്നതാണ് ആധുനികലോകത്തിന്റെ രീതി. ഭാഷാവൈവിധ്യമുള്ള രാജ്യങ്ങളില്‍ മാതൃഭാഷകൊണ്ടു കഴിയാത്ത ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റൊരു പൊതുഭാഷ ഉപയോഗിക്കാറുമുണ്ട്. ഇന്ത്യയില്‍ ദേശീയമായ ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷ് സ്വീകരിക്കപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. തദ്ദേശീയമായ ആവശ്യങ്ങള്‍ക്ക് മാതൃഭാഷയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം പതിവ്. പക്ഷേ, കേരളത്തില്‍ മാത്രം, കുറച്ചുകൂടി സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപവത്കരിച്ചിട്ട് ആറു പതിറ്റാണ്ടാവുമ്പോഴും സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തിലായിരിക്കണമെന്ന് മന്ത്രിസഭയ്ക്ക് ആവര്‍ത്തിച്ചു നിര്‍ദേശിക്കേണ്ടിവരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതലയോഗം എല്ലാ ഉത്തരവുകളും അറിയിപ്പുകളും കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ പറയുന്നത്.

സര്‍ക്കാര്‍വകുപ്പുകള്‍, അര്‍ധസര്‍ക്കാര്‍പൊതുമേഖലാസഹകരണസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ പുറപ്പെടുവിക്കുന്ന ഉത്തരവുകളും വിജ്ഞാപനങ്ങളും മലയാളത്തിലായിരിക്കണമെന്നും വീഴ്ചവരുത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ പുറപ്പെടുവിച്ചുവെന്നാണ് മലയാളനിര്‍ബന്ധമുള്ള സര്‍ക്കാര്‍വകുപ്പിന്റെ പ്രഖ്യാപനം. അറിയിപ്പെന്നോമറ്റോ പറഞ്ഞാല്‍ത്തീരുന്നതേയുള്ളൂവെങ്കിലും സര്‍ക്കുലര്‍ എന്ന ആംഗലേയവൃത്തത്തില്‍ത്തന്നെയാണ് ഭരണപരിഷ്‌കാരവകുപ്പും കറങ്ങുന്നത്. ലളിതമായി മലയാളത്തില്‍ പറയാവുന്ന വാക്കുകള്‍ക്കുപോലും ആംഗലേയമുപയോഗിക്കുന്ന ഈ ദുശ്ശീലംകൊണ്ടാണ് 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലും മലയാളത്തിലെഴുതൂ എന്ന് ഉദ്യോഗസ്ഥരോടു പറയേണ്ടിവരുന്നത്. സര്‍ക്കാറിന്റെ വിനിമയങ്ങള്‍ മലയാളത്തിലാവണമെന്നു നിര്‍ബന്ധമുണ്ടെങ്കിലും ഇനിയുമത് പൂര്‍ണമായി നടപ്പാവാത്തതിന്റെ കാരണവും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ അറിയിപ്പില്‍ കാണാം. മലയാളത്തിലെഴുതണമെന്ന കാര്യത്തില്‍ വകുപ്പുതലവന്മാരും സ്ഥാപനമേധാവികളും അതിശ്രദ്ധ പുലര്‍ത്തണമെന്നും വീഴ്ചവരുത്തിയാല്‍ നടപടിയുണ്ടാകുമെന്നുമാണ് ഉന്നതതലയോഗം തീര്‍ത്തുപറയുന്നത്. വീഴ്ചവരുത്തുന്നുണ്ടെന്നു സാരം.

ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ആരാണു വീഴ്ചവരുത്തുന്നത്? ഉത്തരം ലളിതമാണ്. മലയാളികള്‍തന്നെയായ ഉദ്യോഗസ്ഥരാണ് അതിന്റെ ഉത്തരവാദികള്‍. മാതൃഭാഷാഭിമാനവും സ്വാഭിമാനവുമില്ലാതെ മലയാളത്തെ പുറന്തള്ളാന്‍ മലയാളികള്‍തന്നെ ശ്രമിക്കുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. സര്‍ക്കാറിന്റെ കായിതങ്ങളും വാറോലകളും മലയാളത്തിലാവണമെന്ന നിര്‍ദേശം പുതിയതൊന്നുമല്ല. ഔദ്യോഗികഭാഷാവകുപ്പും പണ്ടേയുണ്ട്. എന്നിട്ടും മലയാളികള്‍തന്നെ മലയാളത്തിലെഴുതുന്നില്ല. സാമാന്യജനങ്ങളില്‍നിന്നും തന്മയില്‍നിന്നും അകന്നുപോകുന്ന ഈ പ്രവണത ആപത്കരമാണ്. ജനങ്ങള്‍ക്കും മലയാളത്തിനുമാവശ്യം പതിവുയോഗങ്ങളും ചടങ്ങുപോലുള്ള നിര്‍ദേശങ്ങളും നടപടിഭീഷണികളുമല്ല, നടപ്പാക്കലാണ്. സര്‍ക്കാറിന്റെ കല്പനകളും വിജ്ഞാപനങ്ങളും അറിയിപ്പുകളും കത്തുകളും മലയാളത്തിലാവണമെന്നു നിര്‍ദേശിക്കുന്ന വാര്‍ഷികപരിപാടിയോടെ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നുവെന്നു കൈകഴുകുന്ന ഭരണകര്‍ത്താക്കള്‍ അത് നടപ്പാക്കുന്നുണ്ടോയെന്ന് ഒരിക്കലും ഉറപ്പുവരുത്താറില്ല. വീഴ്ചയുടെപേരില്‍ നടപടിസ്വീകരിച്ചതായും ചരിത്രമില്ല. ജനങ്ങളോടു മലയാളത്തില്‍ സംസാരിക്കണമെങ്കില്‍ രണ്ടുതരം പ്രതിജ്ഞാബദ്ധതകള്‍ വേണ്ടതുണ്ട്; ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും. ഇരുവിഭാഗവും മാതൃഭാഷയോടുള്ള കൂറുപുലര്‍ത്താത്തിടത്തോളം കാലം ഇത്തരം യോഗങ്ങളും തീരുമാനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരു പ്രശ്‌നംകൂടി ബാക്കിനില്‍ക്കുന്നു, ജനങ്ങള്‍ക്കുവേണ്ടിയെഴുതുന്ന മലയാളം ജനങ്ങള്‍ ഇന്നുപയോഗിക്കുന്ന മലയാളമാവേണ്ടതിന്റെ അനിവാര്യത. നിര്‍ഭാഗ്യവശാല്‍ മിക്കപ്പോഴും സര്‍ക്കാര്‍മലയാളത്തില്‍ ആധുനികമലയാളഗദ്യം രൂപപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിന്റെയും നാടുവാഴിത്തവൈദേശികാധിനിവേശ കാലത്തിന്റെയും മണവും രുചിയും ശീലവുമുണ്ട്. അതു നവീകരിച്ചെടുക്കാന്‍കൂടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് ശ്രദ്ധിച്ചാല്‍ ശ്രേഷ്ഠമലയാളം കാലാനുസൃതമാവും .
 

:

e-mail subscribition

Enter your email address:

GPF PIN Finder