> എന്തിനിത്ര അവധികൾ? | :

എന്തിനിത്ര അവധികൾ?

വധികളെ ജീവവായുവായി കാണുന്ന സമൂഹത്തിന്റെ മനസ്സ് ആലസ്യത്തിന്റ ചെകുത്താന് പണയപ്പെട്ടിരിക്കുന്നു. വർത്തമാന കേരളം ഇത്തരമൊരു മാനസികാവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.  സാമൂഹ്യപരിഷ്കർത്താക്കളുടെയും  ലോകത്തെമാറ്റാൻ പ്രവർത്തന നിരതരായിരുന്ന മഹാന്മാരുടെയും പേരിൽ അവധിയെടുത്ത് വീട്ടിലിരിക്കുന്ന അപരാധം ആസ്വദിക്കുന്നവരാണ് നമ്മൾ. നീണ്ട അവധികൾ സർക്കാർ സംവിധാനത്തെയും പൊതു ജീവിതത്തെയും സ്തംഭിപ്പിക്കുന്ന സാഹചര്യം വർഷത്തിൽ പലവട്ടം കേരളം  അനുഭവിക്കുന്നു. ഇതിനുപുറമേ ജാതി, മത, സമുദായ സംഘടനകളുടെ താത്പര്യങ്ങൾക്കായി പ്രവൃത്തിദിനങ്ങളെ സർക്കാർ തീറെഴുതുന്നു. അവധികൾ തീർക്കുന്ന ഈ തടവറയിലെ ആലസ്യം അവകാശമായി കരുതുന്നതാണ് സർക്കാർ സംവിധാനം. ഇതിനെതിരെ എവിടെനിന്ന് ചോദ്യങ്ങൾ ഉയർന്നാലും ഉത്തരവാദിത്വമുള്ള പൗരസമൂഹം പിന്തുണച്ചേതീരൂ. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ സർക്കാർ ജീവനക്കാർ വീട്ടിലിരിക്കുന്നതിനെ ചോദ്യംചെയ്ത ഹൈക്കോടതിയോടും അവധികൾ കുറച്ച് പ്രവൃത്തിദിനങ്ങൾ കൂട്ടണമെന്ന നിലപാടെടുത്ത  ശമ്പളക്കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കുമൊപ്പം നമുക്കും ചോദിക്കാം; എന്തിനിത്ര അവധികൾ!

 ആർക്കാണ് ഈ അവധികളുടെ പ്രയോജനമെന്ന് ആലോചിച്ചിട്ടുണ്ടോ? ജനസംഖ്യയിൽ ചെറിയ ശതമാനം വരുന്ന സർക്കാർ-അർധ സർക്കാർ ജീവനക്കാർക്ക് മാത്രം. പിന്നെ, അധ്യാപകർക്ക് പ്രയോജനപ്പെടാൻ കുട്ടികളുടെ മേൽ സർക്കാർ ഈ അവധികൾ അടിച്ചേൽപ്പിക്കുന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്തും  സ്വന്തമായി പണിയെടുത്തും നികുതി നൽകി ഈ സംവിധാനത്തെ നിലനിർത്തുന്ന മഹാഭൂരിപക്ഷത്തിന് ഈ അവധികളിലും അധ്വാനിച്ചാലേ ജീവിക്കാനാവൂ. അങ്ങനെ പൊതു അവധി എന്നത് സർക്കാർ ചെലവിൽ ഒരു ന്യൂനപക്ഷത്തിന് മാത്രം കിട്ടുന്ന ആനുകൂല്യമായി മാറുന്നു. സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട അവധികൾക്കും ആഴ്ചയറുതികൾക്കും പുറമേ നിയന്ത്രിത അവധികൾ ഉൾപ്പെടെ ഏതാണ്ട് 30-ഓളം പൊതുഅവധികളുണ്ട് കേരളത്തിൽ. ഇവയിൽ ചുരുക്കം ചിലത് ഞായറാഴ്ചകളിലോ രണ്ടാം ശനിയാഴ്ചകളിലോ വന്നാൽ ഭാഗ്യം. അല്ലെങ്കിൽ അവധികളുടെ എണ്ണം വീണ്ടും കൂടും. പിന്നെ ചില ആഘോഷങ്ങളുടെ മുന്നിലും പിന്നിലുമായി സംഘടിപ്പിച്ചെടുക്കുന്ന അവധികൾ. പ്രാദേശികഅവധികൾ. ഓഫീസ് വിശേഷങ്ങൾക്കായുള്ള അപ്രഖ്യാപിത അവധികൾ. തൊട്ടതിനും പിടിച്ചതിനും അനിയന്ത്രിതമായ ഹർത്താലുകൾ. ചുരിക്കിപ്പറഞ്ഞാൽ വർഷത്തിൽ 365-ൽ എത്രദിവസം നമ്മുടെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുവെന്ന കണക്കെടുത്താൽ ഞെട്ടിപ്പോകും. വിദ്യാലയങ്ങളിൽ വർഷം 170 ദിവസം പോലും പഠനം നടക്കുന്നില്ലെന്ന യാഥാർഥ്യം നമ്മെ അലോസരപ്പെടുത്തണം. ശമ്പളത്തിലും സർക്കാർ ചെലവിലും ഈ അവധികൾ വലിയകുറവൊന്നും  വരുത്തുന്നില്ല. പകരം ജനത്തിന് അവകാശപ്പെട്ട സേവനം മുടങ്ങുന്നു. ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുന്നു. ചുവപ്പുനാടകൾ കൂടുതൽ മുറുകുന്നു. വിദ്യാഭ്യാസസംവിധാനത്തെ തകർക്കുന്നു.

അനാവശ്യ അവധികൾ നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നത് ഇതാദ്യമല്ല. ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ദശകങ്ങൾക്കുമുമ്പ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ഏറ്റവും പ്രാധാന്യവും സാർവത്രിക പ്രസക്തിയുമുള്ള ദിവസങ്ങൾ മാത്രം പൊതു അവധികളാക്കുക. മറ്റ് ആഘോഷ സന്ദർഭങ്ങളിൽ ആവശ്യമുള്ളവർക്ക് അവകാശപ്പെട്ട അവധി അനുവദിക്കുക. ഇതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച നിർദേശം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം തന്റെ ജീവിതംകൊണ്ട് നൽകിയ സന്ദേശം മാനിച്ച് അദ്ദേഹത്തിന്റെ വേർപാട് വേളയിൽ അവധി വേണ്ടെന്നുവെച്ച ഒട്ടേറെപ്പേർ പുതിയൊരു പ്രവൃത്തിസംസ്കാരത്തിനാണ് അടിത്തറയിട്ടത്. മഹാന്മാരുടെ പേരിൽ സർക്കാർ സംവിധാനം അടച്ചിടുന്നത് അവരുടെ ജീവിതം നൽകുന്ന സന്ദേശത്തെ നിഷേധിക്കലാണെന്നും  ഓർമകളോടുള്ള അനാദരവാണെന്നും തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു അത്. ഇപ്പോൾ ഹൈക്കോടതിയും ശമ്പളക്കമ്മിഷൻ അധ്യക്ഷനും ഉയർത്തിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവധിനിയന്ത്രണം ചർച്ചയാവണം. പുരോഗമനം കൊതിക്കുന്ന സമൂഹത്തിന് ആലസ്യം അവകാശമായി അംഗീകരിക്കാനാവില്ല. 


OLD POSTS
Tag : Mathrubhumi
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder