> Higher Secondary -substantially reduce teachers' posts | :

Higher Secondary -substantially reduce teachers' posts

ധനവകുപ്പ് നിര്‍ദേശം നടപ്പാക്കിയാല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അധ്യാപകരുടെ എണ്ണം ഗണ്യമായി കുറയും. ധനവകുപ്പ് നിര്‍ദേശമനുസരിച്ച് ആഴ്ചയില്‍ 32 പീരിയഡ് കണക്കാക്കി അധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞിരുന്നു. നിലവില്‍ 25 പീരിയഡിനാണ് ഒരു സീനിയര്‍ അധ്യാപകന്‍. മൂന്ന് പീരിയഡ് കൂടിയുണ്ടെങ്കില്‍ ഒരു ജൂനിയര്‍ അധ്യാപക തസ്തികകൂടി അനുവദിക്കും. 
പുതിയ നിര്‍ദേശമനുസരിച്ച് 32 പീരിയഡിനാണ് ഒരു തസ്തിക. രണ്ടാം തസ്തികയ്ക്ക് 39 പീരിയഡ് വേണം. ഇത് നടപ്പായാല്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബാച്ചിലും സീനിയര്‍ അധ്യാപക തസ്തികയേയുണ്ടാകില്ല. ഉള്ളതെല്ലാം ജൂനിയര്‍ അധ്യാപക തസ്തികയാകും. തസ്തിക നിര്‍ണയത്തിന് പൊതുമാനദണ്ഡം ബാധകമാകുന്നതിനാല്‍ നിലവിലുള്ള അധ്യാപകരെപ്പോലും ഇത് സാരമായി ബാധിക്കും. പീരിയഡ് കുറവുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ ഭാവിയില്‍ സംരക്ഷിത പട്ടികയിലേക്ക് മാറ്റപ്പെടാം. 
2014-ല്‍ 249 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് അനുവദിച്ചത്. 190 അധിക ബാച്ചുകളും ഇതിനുപുറമെ വന്നു. 2014, 2015 വര്‍ഷങ്ങളിലായി ഇതിലൂടെ എയ്ഡഡ് സ്‌കൂളുകളില്‍ 1739 ജൂനിയര്‍, 89 സീനിയര്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ 564 ജൂനിയര്‍, 46 സീനിയര്‍ അധ്യാപക തസ്തികകള്‍ വേണ്ടിവരുമെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് കണക്കാക്കിയത്. കൂടാതെ, 217 പേര്‍ തസ്തികമാറ്റംവഴിയും വരും. എല്ലാംകൂടി 2725 തസ്തികയാണ് അംഗീകാരത്തിനായി വിദ്യാഭ്യാസവകുപ്പ് സമര്‍പ്പിച്ചത്. ഇത് നിലവിലുള്ള 25 പീരിയഡ് എന്ന മാനദണ്ഡം അടിസ്ഥാനമാക്കി കണക്കാക്കിയതാണ്. 
എന്നാല്‍, 32 പീരിയഡ് അടിസ്ഥാനമാക്കി ശുപാര്‍ശ പുതുക്കണമെന്ന് നിര്‍ദേശിച്ച് ധനവകുപ്പ് ഫയല്‍ മടക്കി. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറിക്ക് അധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് എ. പ്രദീപ്കുമാര്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയില്‍ ധനവകുപ്പ് നിര്‍ദേശിക്കുന്നരീതിയില്‍ പീരിയഡ് കണക്കാക്കിയേ തസ്തിക അനുവദിക്കാന്‍ കഴിയൂവെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 
സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുമ്പോള്‍ നിശ്ചിത വര്‍ഷത്തിനുശേഷവും മുമ്പും ഉള്ളവര്‍ക്ക് രണ്ട് മാനദണ്ഡം പ്രായോഗികമാകില്ല. ഭാവിയില്‍ എല്ലാവര്‍ക്കും 32 പീരിയഡ് മാനദണ്ഡം ബാധകമാകും. നിലവില്‍ 18,000 സീനിയര്‍, 7500 ജൂനിയര്‍ അധ്യാപകരാണ് ഹയര്‍സെക്കന്‍ഡറിയിലുള്ളത്. ഇവരില്‍ 5000-ത്തോളം പേര്‍ പുതിയ മാനദണ്ഡം ബാധകമാക്കിയാല്‍ അധികമാകും.
ഉള്ളവരെ പിരിച്ചുവിടില്ലെങ്കിലും അവര്‍ വിരമിക്കുമ്പോള്‍ ഒഴിവുകളുടെ എണ്ണം വലിയതോതില്‍ കുറയും. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പീരിയഡിന്റെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം ധനവകുപ്പ് ഏറെക്കാലമായി മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികനിലകൂടി കണക്കിലെടുത്താണ് ധനവകുപ്പിന്റെ നിര്‍ദേശം. തസ്തിക പ്രതീക്ഷിച്ച് വലിയ തുക മാനേജ്‌മെന്റുകള്‍ക്ക് നല്‍കി ജോലി സമ്പാദിച്ചുനില്‍ക്കുന്നവരും പുതിയനിര്‍ദേശം ബാധകമാകുമ്പോള്‍ വെട്ടിലാകും.
Tag :Mathrubhumi


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder