നെയ്യപ്പം
ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്ലാവരും വോട്ടു ചെയ്താൽ ചിലപ്പോൾ
ഗൂഗിൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിനു നെയ്യപ്പം എന്നായിരിക്കും
പേര് !‘ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ...’ വി.ഡി. രാജപ്പൻ പാടി
ഹിറ്റാക്കിയ ഈ പാട്ടിന്റെ ഈണത്തിൽ മലയാളി ടെക്കികളിപ്പോൾ മറ്റൊരു പാട്ടു
പാടുകയാണ്, അതും ഇന്ത്യക്കാരനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയെ നോക്കി...
‘നെയ്യപ്പം വേണം ചേട്ടാ എന്തായാലും...’ !!! നാലുമണിപ്പലഹാരമായി അമ്മമാർ
വാൽസല്യത്തോടെ വിളമ്പിയ, നാട്ടിൻപുറത്തെ ചായക്കടകളിലെ
കണ്ണാടിക്കൂടുകളിലിരുന്നു നമ്മളെ നോക്കി ചിരിച്ച മലയാളിയുടെ സ്വന്തം
നെയ്യപ്പമാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. എണ്ണയിലിട്ടു വറുത്തെടുക്കുന്ന
നേരത്തിനും മുൻപേ നെയ്യപ്പം സ്റ്റാറായി .
മധുരപ്പേരുകൾ
സ്മാർട്
ഫോൺ ലോകത്തെ ഏറ്റവും ജനകീയമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗൂഗിളിന്റെ
ആൻഡ്രോയിഡ്. ആപ്പിൾ ഐ ഫോൺ പോലെ എതിരാളികൾ ഒട്ടേറെയുണ്ടെങ്കിലും നമ്മുടെ
നാട്ടിൽ സ്റ്റാർ ആൻഡ്രോയിഡ് ഫോണുകൾ തന്നെ. 2007ലാണ് ആൻഡ്രോയിഡ് ഒഎസിന്റെ
ആദ്യ പതിപ്പ് പുറത്തുവരുന്നത്. ആൽഫാ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യാക്ഷരമാണ് ആൽഫ. ഈ ആദ്യപതിപ്പിനു 2008ലും
2009ലും ചില പരിഷ്കാരങ്ങൾ ഗൂഗിൾ വരുത്തി. പിന്നീട് ബീറ്റ വേർഷൻ വന്നു.
എന്നാൽ
2009 ഏപ്രിലിൽ പുറത്തിറങ്ങിയ ആൻഡ്രോയിഡിന്റെ പുതിയ വേർഷൻ മുതലാണു
പതിപ്പുകൾക്കു പേരു നൽകുന്ന സമ്പ്രദായം ഗൂഗിൾ തുടങ്ങുന്നത്. മധുരമൂറും
ടെക്നോളജിയിൽ പൊരിച്ചെടുത്ത പുതിയ പതിപ്പിന് ഒരു മധുരപലഹാരത്തിന്റെ പേരു
തന്നെ ഗൂഗിൾ നൽകി, ‘ആൻഡ്രോയിഡ് കപ്പ്കേക്ക്’. പിന്നെ ഗൂഗിൾ ഇതൊരു
ശീലമാക്കി. കാലാകാലങ്ങളിൽ നൂതന സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്തു
പുറത്തിറക്കുന്ന പതിപ്പുകൾക്കെല്ലാം മധുരപലഹാരങ്ങളുടെ പേരുകൾ.
കപ്പ്കേക്കിനു
ശേഷം ഡോനട്ട്. പിന്നെ എക്ലയർ, ഫ്രോയോ, ജിഞ്ചർബ്രെഡ്, ഹണികോംബ്, ഐസ്ക്രീം
സാൻവിച്ച്, ജെല്ലി ബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ് അങ്ങനെ 2015 ഒക്ടോബറിൽ
പുറത്തിറങ്ങിയ ആറാം വേർഷൻ മാഷ്മെലോ വരെ.
നെയ്യപ്പനേരം
വേർഷൻ
പേരുകൾ ഒന്നുകൂടി വായിച്ചു നോക്കിയാൽ ആൻഡ്രോയിഡുകാർ പതിപ്പുകൾക്കു
പേരിടുന്നതിനു പിന്നിലെ ഗുട്ടൻസ് മനസ്സിലാകും. കപ്പ്കേക്ക് മുതൽ മാഷ്മെലോ
വരെ എല്ലാ പേരുകളുടെയും ആദ്യാക്ഷരങ്ങൾ ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലാണ്! ഇതു
മാത്രമല്ല, പേരിടുന്നതിനു പിന്നിൽ ആർക്കുമറിയാത്ത മറ്റു പല
ലോജിക്കുകളുമുണ്ട്. അവയൊന്നും പക്ഷേ ആൻഡ്രോയിഡിലെ ബുദ്ധിരാക്ഷസന്മാർ
പുറത്തുപറയില്ലെന്നു മാത്രം. ഇപ്പോൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷൻ
പുറത്തിറക്കാനൊരുങ്ങുകയാണു ഗൂഗിൾ. കീഴ്‌വഴക്കമനുസരിച്ച് അടുത്ത പേരു
തുടങ്ങേണ്ട അക്ഷരം ‘എൻ’.
ഒരു ആൻഡ്രോയിഡ് നെയ്യപ്പം!
പുതിയ
പതിപ്പിന് ‘എൻ’ അക്ഷരത്തിൽ ആരംഭിക്കുന്ന മധുരപലഹാരത്തിന്റെ പേരു
നിർദേശിക്കാൻ ആൻഡ്രോയിഡ് ഔദ്യോഗിക വെബ്സൈറ്റിൽ അവസരമൊരുക്കിയതോടെ
മലയാളികളുടെ മൂക്കിലെത്തിയത് നെയ്യപ്പസാധ്യതകളുടെ മണം!! വിദേശികൾ
കഴിക്കുന്ന മധുരപലഹാരങ്ങളുടെ പേരു മാത്രം നൽകിയാൽ പോരല്ലോ, നമ്മളും
കാശുകൊടുത്തു തന്നെയാണിഷ്ടാ ആൻഡ്രോയിഡ് ഫോൺ വാങ്ങുന്നത് തുടങ്ങിയ ചിന്തകൾ
മല്ലൂമനസ്സുകളിൽ കത്തിപ്പടർന്നതു മിസൈൽവേഗത്തിലാണ്. ഇപ്പോൾ
സമൂഹമാധ്യമങ്ങളിൽ സജീവമായ ക്യാംപെയ‌്ൻ തന്നെയായി മാറി ‘#androidNforNeyyappam’.
ഇപ്പോൾ
ദിവസവും ഒട്ടേറെ മലയാളികളാണ് ആൻഡ്രോയിഡിന്റെ വെബ്സൈറ്റിൽ പുതിയ പതിപ്പിനു
നെയ്യപ്പം എന്ന പേരു നിർദേശിക്കുന്നത്. പേരുതിരഞ്ഞെടുപ്പ് പ്രമേയമാക്കി
കഴിഞ്ഞ ദിവസം ആൻഡ്രോയിഡ് പുറത്തിറക്കിയ വിഡിയോയിൽ പരിഗണിക്കുന്ന
പേരുകളിലൊന്നായി നമ്മുടെ നെയ്യപ്പത്തെയും കാണിക്കുന്നുണ്ട്....!!!
ആൻഡ്രോയിഡ് നെയ്യപ്പം, ഇതാകുമോ ആൻഡ്രോയിഡിന്റെ പുതിയ വേർഷന്റെ പേര്? ഈ
‘ലോട്ടറി’ അടിച്ചാൽ നെയ്യപ്പത്തിനൊപ്പം മലയാളിക്കും ഇരട്ടിമധുരത്തിന്റെ
പവർ!!!
0 comments:
Post a Comment