> 2015ല്‍ വിപ്ളവമാകും ഡ്രോണ്‍ | :

2015ല്‍ വിപ്ളവമാകും ഡ്രോണ്‍

ഐഐടിയില്‍ പ്രവേശനം ലഭിക്കാതെ അച്ഛന്റെ ബേക്കറിയില്‍ ജോലി ചെയ്യേണ്ടി വന്ന പയ്യന്‍. അവന് ഐശ്വര്യത്തിന്റെ സൈറണായത് ഒരു ഡ്രോണിന്റെ മൂളിപ്പറക്കലാണ്. മുട്ടയും തൂക്കിയെത്തിയ ടോക്കിങ് ഡ്രോണ്‍ പയ്യന്റെ തലേവര മാറ്റുന്നിടത്താണ് ഐഡിയ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിന്റെ പരസ്യം അവസാനിക്കുന്നത്. പയ്യന്റെ മാത്രമല്ല, ഡ്രോണ്‍ തിരുത്തിക്കുറിച്ചത് പലരുടെയും തലേവരയാണ്. 2015ന്റെ ജാതകവും ഇവന്‍ മാറ്റിയെഴുതുമെന്നാണ് വിപണി കുറേ കണ്ടവരുടെ പ്രവചനം. ഇ-കൊമേഴ്സിനു ശേഷമുള്ള അടുത്ത വിപ്ലവമായിപ്പോലും ഡ്രോണിനെ വിലയിരുത്തുന്നു വിദഗ്ധര്‍.
അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍(യുഎവി) എന്ന ഡ്രോണ്‍ നേരത്തെ നിശ്ചയിച്ച പാതയിലൂടെയോ അല്ലെങ്കില്‍ ബേസ് സ്റ്റേഷനില്‍നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചോ പറക്കുന്ന ചെറു വാഹനമാണ്. കംപ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് നിയന്ത്രിക്കാം. പല വലുപ്പത്തില്‍ ഡ്രോണെത്തുന്നു. ആകാശത്തു പറക്കുന്ന സമയവും വഹിക്കാവുന്ന ഭാരവും വിലയ്ക്കനുസരിച്ചു വ്യത്യാസപ്പെടും. ടോയ് ഡ്രോണുകള്‍ 1500 രൂപ മുതല്‍ ലഭിക്കും. കൃത്യതയും റേഞ്ചും വര്‍ധിക്കുന്നതിനനുസരിച്ചു വില കോടികള്‍ വരെയാകാം. സൈനികാവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന ഡ്രോണ്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ശുക്രദശ തെളിഞ്ഞത്.
നിലവില്‍ ഡ്രോണിന്റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ പൊലീസും വിവിധ സേനാ വിഭാഗങ്ങളുമാണ്. ഒരു പ്രത്യേക പ്രദേശം നിരീക്ഷിക്കാനും രക്ഷാദൌത്യങ്ങള്‍ക്കുമെല്ലാം ഡ്രോണ്‍ ഉപയോഗിക്കുന്നു. മനുഷ്യന് എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലോ അല്ലെങ്കില്‍ അപകടരമായ സന്ദര്‍ഭങ്ങളിലോ ഡ്രോണിന് ഇൌസിയായി കടന്നു ചെല്ലാം. അവിടെ നടക്കുന്ന സംഭവങ്ങളുടെ സമഗ്രമായ വിവരങ്ങള്‍ ലഭിക്കും. ഇതൊക്കെയാണ് ഡ്രോണിനെ സായുധസേനകളുടെ ഇഷ്ടതാരമാക്കുന്നത്.
ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു മേഖല റിയല്‍ എസ്റ്റേറ്റാണ്. സ്ഥലത്തിന്റെ ഏരിയല്‍ ചിത്രമോ വീഡിയോയോ ഉപയോക്താവിനു കൂടുതല്‍ വ്യക്തതയില്‍ ലഭ്യമാക്കാം. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്ലാറ്റിന്റെ തല്‍സമയ ദൃശ്യങ്ങള്‍ സൈറ്റില്‍ പോകാന്‍ സമയമില്ലാത്ത ഉപയോക്താവിനെ കാണിച്ചു ബോധ്യപ്പെടുത്താം. 500 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ദൂരത്തിനുള്ളില്‍ വ്യക്തമായ ദൃശ്യങ്ങളെടുക്കാന്‍ ഡ്രോണിനു കഴിയും. ഡ്രോണില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയെ കംപ്യൂട്ടറിലൂടെ നിയന്ത്രിക്കുകയും ചെയ്യാം. ബലൂണ്‍, പട്ടം ഒക്കെ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിലും ചെലവു കുറഞ്ഞ മാര്‍ഗമാണ് ഡ്രോണ്‍. ക്രിക്കറ്റും ഫുട്ബോളും കാര്‍ റേസിങുമൊക്കെ കല്യാണം പോലെയുള്ള മെഗാഇവന്റുകളും ചൂടോടെ പകര്‍ത്തിയെടുക്കാനും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.
വന്‍ നഗരങ്ങളില്‍ 50,000 രൂപ മുതല്‍ ഒരു ദിവസത്തേക്ക് ഡ്രോണിനെ വാടകയ്ക്കെടുക്കാം. സമഗ്രമായ കവറേജിനു വേണ്ടി മാധ്യമസ്ഥാപനങ്ങളും ഡ്രോണിനെ ഉപയോഗിക്കുന്നു. ഹോം ഡെലിവറിക്കായി ഡ്രോണിനെ ഉപയോഗിക്കുമെന്ന് ഇ- റീടെയ്ലറായ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. മുബൈയില്‍ പീത്സ വിതരണത്തിനായി ഡ്രോണിനെ ഉപയോഗിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
കാര്‍ഷിക രംഗത്തും ഡ്രോണിനു വലിയ സാധ്യതകളാണുള്ളത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിനു പകരം അതിലും കുറഞ്ഞ ചിലവില്‍ ഡ്രോണ്‍ ഉപയോഗിക്കാം. കൃഷിയിടം  നിരീക്ഷിച്ച് വളപ്രയോഗം എങ്ങനെ വേണം, ജലസേചനം എത്രമാത്രം വേണം എന്നൊക്കെ തീരുമാനിക്കാം.
അവയവദാനം, വിദൂരമായ സ്ഥലങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്നെത്തിക്കല്‍... മെഡിക്കല്‍ രംഗത്തും ഡ്രോണിന്റെ സാധ്യതകളേറെ. സിനിമാ ഷൂട്ടിങ്ങിലും ഡ്രോണിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏരിയല്‍ ദൃശ്യങ്ങള്‍ക്കായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കണമെങ്കില്‍ മണിക്കൂറിന് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ കൊടുക്കണം. ഒരു ലക്ഷമുണ്ടെങ്കില്‍ 10 മണിക്കൂര്‍ വരെ ഡ്രോണിനെ വാടകയ്ക്കെടുത്ത് ഉപയോഗിക്കാം. ഒരു ഷോട്ട് വീണ്ടുമെടുക്കണമെങ്കില്‍ അതുമാകാം. ഹെലികോപ്ടറിന് ഒരു പരിധിയിലധികം താഴ്ന്നു പറക്കാനാവില്ല. കോസപ് ഷോട്ടുകള്‍ ബുദ്ധിമുട്ടാകും. ഷാരൂഖ് ഖാന്റെ പ്രോഡക്ഷന്‍ ഹൌസായ റെഡ് ചില്ലീസ് ഒന്നര ലക്ഷം രൂപയ്ക്ക് സ്പാനിഷ് ഡ്രോണിനെ സ്വന്തമാക്കിയത് ഇതൊക്കെ കണക്കുകൂട്ടിയിട്ടാവണം.
വിപണിക്ക് വന്‍ സാധ്യത
രാജ്യത്തെ ഡ്രോണ്‍ വിപണി വര്‍ഷം 60-80 % നിരക്കിലാണ് ഇപ്പോള്‍ വളരുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ മൊത്തം ഡ്രോണ്‍ വിപണിയുടെ 12 ശതമാനമെങ്കിലും വ്യാവസായികാവശ്യത്തിനുള്ള ഉപയോഗം കൈക്കലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യങ്ങള്‍ക്കായി മാത്രമല്ല, വിനോദത്തിനായി ഡ്രോണ്‍ അസംബ്ലിങ് കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നുവരുമുണ്ട്. ഇത്തരം കിറ്റുകള്‍ സമ്മാനമായി കൊടുക്കുന്നതും ട്രെന്‍ഡാണ്. 3000-8000 നിരക്കിലുള്ള ഡ്രോണുകളാണ് അധികവും വിറ്റു പോകുന്നത്. സ്നാപ്ഡീല്‍, ആമസോണ്‍ തുടങ്ങിയ സൈറ്റുകളിലെല്ലാം ഡ്രോണുകള്‍ യഥേഷ്ടം ലഭ്യമാണ്.
സ്റ്റാര്‍ട്അപ് തരംഗം
ഇന്ത്യന്‍ ഡ്രോണ്‍ നിര്‍മാതാക്കളില്‍ മിക്കവരും സ്റ്റാര്‍ട്അപ് സംരംഭകരാണെന്നതാണ് മറ്റൊരു പ്രത്യേകത. മുംബൈ ഐഐടിയിലെ മൂന്നു വിദ്യാര്‍ഥികള്‍ തുടങ്ങിയ ഐഡിയഫോര്‍ജാണ് രംഗത്തെ മുന്നണിപ്പോരാളികള്‍. ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പൊലീസും കൊല്‍ത്തക്കത്ത, മുംബൈ നഗരങ്ങളിലെ സേനയും ഐഡിയഫോര്‍ജിന്റെ 'നേത്ര എന്ന ഡ്രോണാണ് ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഡ്രോണുകളുടെ പകുതി വിലയ്ക്ക് ഇന്ത്യന്‍ ഡ്രോണുകളെ സ്വന്തമാക്കാം. ഡ്രോണ്‍ അസംബ്ള്‍ ചെയ്തു കൊടുക്കുന്ന യുവസംരംഭകരും ധാരാളം. 300 ഡ്രോണുകളെയെങ്കിലും ഇക്കൊല്ലം രാജ്യത്തെമ്പാടുമുള്ള സ്റ്റാര്‍ട് അപ് സംരംഭകര്‍ 'പറത്തി വിട്ടിട്ടുണ്ടെന്നു കണക്കുകള്‍.
പലതരം പലവിധം
ക്വാഡ്കോപ്ടറുകളാണ് ഏറ്റവും സാധാരണമായ ഡ്രോണ്‍. റോട്ടോറുകള്‍ ഉപയോഗിച്ചാണു പറക്കല്‍. 15 മുതല്‍ 45 മിനിറ്റു വരെ പറക്കാനാകും. ബേസ് സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ പറക്കും. വഹിക്കാവുന്ന ഭാരവും ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്വെയറുമനുസരിച്ച് വില 1.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം വരെ. വിമാനം പോലുള്ള ഫിക്സഡ് വിങ് ഡ്രോണുകള്‍ക്ക് ടേക്ക് ഒാഫ് ചെയ്യാനും ലാന്‍ഡിങിനും റണ്‍വേ ആവശ്യമാണ്. മൂന്നു മണിക്കൂര്‍ വരെ പറക്കാനാകും ഇവയ്ക്ക്. കൂടുതല്‍ ഉയരത്തിലും പറക്കാന്‍ ശേഷിയുണ്ട്.
നിയന്ത്രണം ബാധകം
ഡ്രോണിന് ആവശ്യക്കാരേറിയപ്പോള്‍ തലവേദന സര്‍ക്കാരിനാണ്. ബീച്ചിലോ മറ്റോ ഡ്രോണിനെ ഉപയോഗിച്ച് ദൃശ്യങ്ങളെടുക്കുന്നതു മുതല്‍ തീവ്രവാദികള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നതു വരെ മുന്‍കൂട്ടി കാണണമല്ലോ. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണ സാധ്യത രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍  കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതു വരെ ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 300 അടിയില്‍ത്താഴ്ന്ന ഉയരത്തില്‍ അധികൃതരുടെ അനുവാദത്തോടെ ഉപയോഗിക്കാം.



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder