ആദായനികുതി വകുപ്പ് 80 സി പ്രകാരം കുട്ടികളുടെ
ട്യൂഷന്‍ ഫീസിനും നിബന്ധനകള്‍ക്ക് വിധേയമായി കിഴിവ് ലഭ്യമാണ്. വ്യക്തികളായ
നികുതിദായകര്‍ക്ക് മാത്രമാണ് കിഴിവിനര്‍ഹത. ഹിന്ദു അവിഭക്ത
കുടുംബങ്ങള്‍ക്ക് കിഴിവിന് അര്‍ഹതയില്ല എന്ന കാര്യം പ്രത്യേകം
ശ്രദ്ധിക്കുക.
കുട്ടികളുടെ എണ്ണം
ട്യൂഷന്‍ ഫീസിന്റെ കിഴിവ് രണ്ട് കുട്ടികള്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍
പഠിക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലും രണ്ട് കുട്ടികളെ തിരഞ്ഞെടുത്ത് കിഴിവ്
അവകാശപ്പെടാം. സ്വാഭാവികമായും കൂടുതല്‍ ഫീസ് നല്‍കേണ്ടിവരുന്ന രണ്ട്
കുട്ടികളെ ആയിരിക്കുമല്ലോ എല്ലാവരും തിരഞ്ഞെടുക്കുക.
സ്വന്തം വിദ്യാഭ്യാസത്തിനുള്ള ഫീസ്
സ്വന്തം വിദ്യാഭ്യാസത്തിനായി നല്‍കപ്പെടുന്ന ട്യൂഷന്‍ ഫീസിന് കിഴിവ്
ലഭ്യമല്ല. അതുപോലെ തന്നെ, ജീവിത പങ്കാളിയുടെ വിദ്യാഭ്യാസത്തിനായി
നല്‍കപ്പെടുന്ന ട്യൂഷന്‍ ഫീസിനും കിഴിവിനര്‍ഹതയില്ല.
കൂടിയ പരിധി
വകുപ്പ് 80 സി യുടെ മൊത്തം പരിധി ആയ 1,50,000 രൂപ ഇവിടെയും ബാധകമാണ് (കഴിഞ്ഞ വര്‍ഷം ഇത് ഒരു ലക്ഷമായിരുന്നു). ഈ
മൊത്തം പരിധിയില്‍ വകുപ്പ് 80 സി, 80 സിസിസി, 80 സിസിഡി എന്നിവ
പ്രകാരമുള്ള അടവുകളും അടങ്ങിയിരിക്കുന്നു.
അടവിനെ ആധാരമാക്കി കിഴിവ്
ഏത് വര്‍ഷത്തിലാേണാ ഫീസ് അടയ്ക്കുന്നത് ആ വര്‍ഷമാണ് കിഴിവ്
അവകാശപ്പെടേണ്ടത്. ഉദാഹരണമായി, 2015 ഏപ്രിലിലേക്കുള്ള ഫീസ് 2015
മാര്‍ച്ചില്‍ മുന്‍കൂറായി അടയ്ക്കുന്നപക്ഷം അതിന്റെ കിഴിവ് 201415
സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അവകാശപ്പെടാം.
പാര്‍ട്ട് ടൈം കോഴ്‌സുകള്‍
മുഴുവന്‍ സമയ വിദ്യാഭ്യാസത്തിനായി നല്‍കപ്പെടുന്ന ട്യൂഷന്‍ ഫീസിന് മാത്രമേ
കിഴിവ് ലഭിക്കുകയുള്ളൂ. പാര്‍ട്ട് ടൈം കോഴ്‌സുകള്‍, ഡിസ്റ്റന്‍സ്
എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി നല്‍കപ്പെടുന്ന ഫീസുകള്‍ക്ക്
കിഴിവിനര്‍ഹതയില്ല.
പ്രൈവറ്റ് ട്യൂഷന്‍
ഫീസ് നല്‍കുന്നത് യൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍ അഥവാ മറ്റ്
വിദ്യാഭ്യാസ സ്ഥാപനം എന്നിവയ്ക്കായിരിക്കണമെന്ന് നിയമത്തില്‍
നിബന്ധനയുള്ളതിനാല്‍ പ്രൈവറ്റ് ട്യൂഷന്‍, കോച്ചിങ് ക്ലാസ്സുകളിലെ ട്യൂഷന്‍
എന്നിവയ്ക്ക് കിഴിവിന് അര്‍ഹതയില്ല.വിദ്യാഭ്യാസ സ്ഥാപനം
ഇന്ത്യയിലായിരിക്കണംയൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍ അഥവാ മറ്റു
വിദ്യാഭ്യാസ സ്ഥാപനം ഇന്ത്യയിലായിരിക്കണം. എന്നാല്‍, വിദേശത്തുള്ള
ഏതെങ്കിലും സര്‍വകലാശാലയുമായി അഫിലിയേഷന്‍ ഉണ്ട് എന്ന കാരണത്താല്‍ കിഴിവ്
നിഷേധിക്കാവുന്നതല്ല.
പ്രീ നഴ്‌സറി, പ്ലേ സ്‌കൂള്‍, നഴ്‌സറി
മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ട്യൂഷന്‍ ഫീസിനും
കിഴിവ് അവകാശപ്പെടാം (സര്‍ക്കുലര്‍ നമ്പര്‍ 9/ 2008, 8/ 2007).
അനുവദനീയമല്ലാത്ത അടവുകള്‍
ഡെവലപ്പ്‌മെന്‍റ് ഫീസ്, സംഭാവന, ട്രാന്‍സ്‌പോര്‍ട്ട് ഫീ, ഹോസ്റ്റല്‍ ഫീ, മെസ്സ് ഫീ, ലൈബ്രറി ഫീസ്, ലേറ്റ് ഫീ.