ഇന്റർനെറ്റ്
കടന്ന് വന്നതിന്റെ മാറ്റം നാം ഇന്ന് എല്ലാ മേഖലയിലും കാണുന്നു, ചിലതിൽ
വിപ്ലവകരമെന്ന് പറയാവുന്ന മാറ്റം ഉണ്ടാക്കുന്നു മറ്റ് ചിലവയെ പൂർണമായി
തുടച്ച് മാറ്റി പുതിയ വിനിമയ അന്തരീക്ഷം അല്ലെങ്കിൽ രീതികൾ ഒക്കെ
സൃഷ്ടിച്ചെടുക്കുന്നു. ജനാധിപത്യം ഉള്ളയിടങ്ങളിൽ അതിനെ കൂടുതൽ ആഴത്തിലും
പരപ്പിലും സുതാര്യമായി സമീപിക്കാനും, സേച്ഛാധിപത്യം കൊടികുത്തി വാഴുന്ന
ഇടങ്ങളിൽ സ്വാതന്ത്ര്യ വായുവിന്റെ കടന്നുവരവിനുമൊക്കെ ഇന്റർനെറ്റ്
കാരണഭൂതമാകുന്നു എന്നതിന് പല ഉദാഹരണങ്ങൾ നിരത്താനാകും. ഒരു മേഖലയ്‌ക്കും
ഇന്ന് ഇന്റർനെറ്റ് പ്രഭാവത്തിൽ നിന്ന് മാറി നിൽക്കാനാകില്ല എന്ന
സ്ഥിതിയാണന്നതാണ് സത്യം. എന്തിനധികം പറയുന്നു ഇന്റർനെറ്റിനെ
എതിർക്കുന്നവർക്ക് പോലും ഫേസ്ബുക്ക്/ട്വിറ്റർ അക്കൗണ്ടിൽ ഇല്ലെങ്കിൽ
തങ്ങൾക്ക് പറയാനുള്ളത് പരമാവധി പേരിലേക്ക് എത്തിക്കാൻ പറ്റാത്ത അവസ്ഥ! ഈ
ഘട്ടത്തിലാണ് പൊതുവേ സംഘടിതമായ, വിവിധ അടരുകളിൽ വിരാജിക്കുന്ന ചില്ലറവില്പന
ശാലകളിലേക്ക് വെല്ലുവിളിയുമായി ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ
എത്തുന്നത്.ആദ്യമൊക്കെ ഇതിനെ പ്രബലമായ വ്യാപാര സമൂഹവും അവരുടെ സംഘടനകളും
ശ്രദ്ധിച്ചിരുന്നില്ലന്നതാണ് സത്യം. ഇവർ എവിടെ വരെ പോകാൻ ? മെട്രോകളിൽ
പരമാവധി പോയാൽ നഗരത്തിലെ സൈബർ യുവത്വത്തിൽ വരെയാകും ഇ-കടകളുടെ വ്യാപനം.
അതും പുസ്‌തകം, മ്യൂസിക്, പിന്നെ പരമാവധി പോയാൽ ചില്ലറ കൺസ്യൂമർ
ഇലക്ട്രോണിക്സ് സാധനങ്ങൾ അങ്ങനെ ആയിരുന്നിരിക്കണം പരമ്പരാഗത
വിപണിയാശാമാരുടെ കണക്കുകൂട്ടൽ. പക്ഷെ ഈയടുത്ത മാസങ്ങളിലെ കണക്കുകൾ
പരമ്പരാഗത വിപണിയെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഏറ്റവും കൂടുതൽ വില്പന
നടന്നിരുന്ന ഉത്സവ കാലത്ത് പഴയപോലെ ഉപഭോക്താക്കൾ അടുപ്പം കാണിക്കുന്നില്ല.
അവസാനം വ്യാപാര സംഘടനകൾ സർക്കാരിലേക്കും മറ്റ് നിയന്ത്രണാധികാരികളിലേക്കും
പരാതിയുമായി സമീപിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെ കൊണ്ട്
ചെന്നെത്തിച്ചിരിക്കുന്നു.
പിണക്കം എവിടെ നിന്ന്
ചില്ലറ വില്പന മേഖലയിലെ സംഘടനകൾ കാലങ്ങളായി ശക്തമാണ്, രാജ്യമെമ്പാടും ഏകദേശം ആറ് ലക്ഷത്തോളം ഇടത്തരം വില്പനശാലകൾ ഇന്ന് ഉണ്ട്. ഉത്പന്നത്തിന്റെ പുറം കൂടിലെ എംആർപി ആണ് പിണക്കത്തിന്റെ മൂലകാരണം. പരമാവധി ചില്ലറ വില എന്നാണ് ഇതിനർത്ഥം, നേരത്തെ നികുതികൾ പുറമെ എന്നെഴുതിയിരുന്നത് പലതർക്കത്തിനും കോടതി വ്യവഹാരങ്ങൾക്കുമൊക്കെ വഴിവെച്ചിരുന്നെങ്കിൽ ഇന്ന് അത് എം ആർ പി യിൽ ആക്കിയതിനാൽ ഏതാണ്ട് പരിഹൃതമായി. അവിടെ തീരുന്നില്ല കാര്യങ്ങൾ. നികുതി പിരിവുമായി ബന്ധപ്പെട്ട് വാണിജ്യനികുതി വകുപ്പുമായുള്ള തർക്കവും ഉരസലും ഒക്കെ പലവട്ടം വാർത്തയിലും വർത്താമാനത്തിലും ഇടം പിടിച്ചിട്ടുണ്ട്. പരമാവധി ചില്ലറ വിലയിൽ നിന്ന് കുറച്ച് കൊടുക്കുന്നത് ആണല്ലോ ഇപ്പോഴത്തെ ഓൺലൈൻ കടകളുമായുള്ള പിണക്ക വിഷയം. അങ്ങനെ കുറച്ച് കൊടുക്കൽ എവിടെ വരെയാകാം എന്നതിലാണ് മുഖ്യ തർക്കം. പക്ഷെ പരമാവധി വിലയ്‌ക്ക് മേലേ ആയാൽ മാത്രമേ തർക്കത്തിലും നിയമലംഘനത്തിലും എത്തുന്നുള്ളൂ എന്ന് എതിർവാദമാണ് യുക്തിഭദ്രം. എന്ന് വച്ചാൽ എംആർപി ക്ക് താഴെ വിൽക്കുന്നത് കേസെടുക്കാനുള്ള വകുപ്പ് ആകുന്നില്ല.
ഈ വിലകുറച്ച് വിൽക്കൽ ഓൺലൈൻ സ്റ്റോറുകൾ അല്ല ഇന്ത്യയിൽ ആരംഭിച്ചതെന്നാണ് ചരിത്ര വസ്‌തുത. എൺപതുകളുടെ അവസാനം തന്നെ സൂപ്പർ മാർക്കറ്റുകൾ കേരളത്തിലടക്കം ചെറുതും വലുതുമായ പട്ടണങ്ങളിൽ വന്നു. പിന്നീട് ബിഗ് ബസാർ, റിലയൻസ് ഫ്രഷ് പോലെയുള്ള വൻകിട റീട്ടെയിൽ ശൃംഖലകളും. ഒരുമിച്ച് തന്നെ സംഭരിക്കുന്നതിനാലും വലിയ വിപുലമായ തോതിൽ കച്ചവടാനുബന്ധ സൗകര്യം ഒരുക്കുന്നതിനാലും ഇവർക്ക് എം ആർ പി യെക്കാൾ വില കുറച്ച് കൊടുക്കാനായി. ഒപ്പം തന്നെ ഷോപ്പിംഗ് എന്നത് ഒരു അനുഭവം എന്ന മട്ടിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചു. സാധാരണ പലവ്യഞ്ജനക്കടയിലേക്ക് വീട്ടിലെ കുട്ടികളെയോ വേലക്കാരെയോ ഒക്കെ വിട്ടിരുന്നവർ ഈ റീട്ടെയിൽ ശൃംഖലകൾ നാട്ടിലെത്തിയതോടെ ഷോപ്പിംഗ് എന്നത് പരസ്പരം കാണുന്ന ഒരു ഒത്തുചേരൽ ഇടമായി കണ്ടു, മോടിയോടെ തന്നെ സാധനം വാങ്ങാൻ പോകുന്ന നിലയും എത്തി. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങിച്ച് കൂട്ടുകയും ചെയ്യുന്നു.
ഇതിനു സമാന്തരമായി തന്നെ കേരളത്തിൽ ത്രിവേണി, സപ്ലെകോ ബസാർ, നീതി, കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒക്കെ നിലവിൽ വന്നു. സ്വഭാവികമായി ഇവരും എം ആർ പി യിൽ നിന്ന് വില കുറച്ച് കൊടുക്കാൻ ആരംഭിച്ചു. ഇതൊക്കെ സംഘടിത വ്യാപാര സംഘടനകൾ ഏതാനും ചില ബ്രാൻഡുകളെ വിലക്കുന്ന ഘട്ടം വരെ എത്തി.സർക്കാർ സഹായം കിട്ടുന്ന വില്പനശാലകൾക്ക് വിലകുറയ്‌ക്കാൻ സംഭരണക്കരുത്തു മാത്രമല്ലല്ലോ ഉള്ളത്, എല്ലാറ്റിലും ഉപരിയായി വിപണിയിൽ ഇടപെടാനുള്ള സർക്കാരിന്റെ ധാർമികമായ ബാദ്ധ്യതയും നിറവേറ്റുന്നു. ചുരുക്കത്തിൽ പരാമാവധി ചില്ലറ വില്പന വിലയിൽ തൊട്ടുള്ള കളി പിണക്കത്തിലാകും വ്യാപാരികളെ കൊണ്ട് ചെന്നെത്തിക്കുന്നത്,അവരുടെ ഭാഗത്ത് നിന്ന് നോക്കിയാൽ അതിൽ യുക്തി ഉണ്ട്. എന്നാൽ മറ്റ് സ്റ്റേക്ക് ഹോൾഡർമാരായ ഉപയോക്താക്കൾ, നികുതിപിരിക്കുന്ന സർക്കാർ, ഉത്പാദിപ്പിക്കുന്ന നിർമാതാക്കൾ ഇവർക്കൊക്കെ ഈ വിലക്കുറയ്‌ക്കൽ തന്ത്രത്തിൽ യാതൊരു പരാതികളും ഇല്ല എന്ന് മാത്രമല്ല സന്തോഷവും ഉണ്ട്. ഒരു സമയത്ത് നാട്ടിലെ ചെറുകിട കച്ചവടക്കാർ വൻകിട ചില്ലറ വില്പന ശൃംഖലകളോട് പിണങ്ങിയിരുന്നെങ്കിൽ ഇന്ന് ഇതേ ബിഗ് ബസാറുകൾ പരിഭവപ്പെടുന്നത് ഓൺലൈൻ ബസാറുകളുടെ വിലയിടവ് തന്ത്രങ്ങളോടാണെന്നത് വർത്തമാന കാല അനുഭവം.
ഇ-കൊമേഴ്‌സിലേക്ക്
തപാൽ വഴി (VPP മാർഗം) ഉത്പന്നം പരിമിതമായെങ്കിലും വാങ്ങിയിരുന്നത് ഇന്റർനെറ്റ് പൂർവ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു സൗകര്യമായിരുന്നല്ലോ. ഇരുവശത്തേക്കും ലളിതമായി സംവേദനം നടത്താവുന്ന ഇന്റർനെറ്റിന്റെ വരവോടെ ഈ വിപിപി ഇന്ന് കാഷ് ഓൺ ഡെലിവറി (CoD) യിലേക്ക് ക്രമാനുഗതമായി വഴിമാറുക അല്ലേ.ഇന്റർനെറ്റാനന്തര കാലഘട്ടത്തിൽ വിപുലമായ തരത്തിൽ വെബ്‌സൈറ്റുകൾ മാറ്റപ്പെട്ടു. ഇന്ററാക്‌ടീവ് ആയ സമ്പർക്ക മുഖങ്ങൾ വിവരവിനിമയ സ്‌ക്രീനിനെ കാര്യമായി മാറ്റി മറിച്ചു. ഉപഭോക്തൃ സൗഹൃദമായ തരത്തിൽ വെബ് പീടികകൾ പരസ്പരം മത്സരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-വ്യാപാരശാലയായ ഫ്ലിപ്പ്കാർട്ടിൽ 70 ലധികം വിഭാഗങ്ങളിലായി2 കോടി ഉത്‌പന്നങ്ങൾ ഉണ്ട്, ഒരു മാസം 50 ലക്ഷം എണ്ണം വില്പന നടക്കുന്നു. 14,000 പേരാണ് പല തട്ടുകളിലായി പണിയെടുത്ത് ഉത്പന്നങ്ങളെ രാജ്യത്തുടനീളം എത്തിക്കുന്നത്.
സാധാരണ നഗര പ്രദേശത്തെ കടകളിൽ പലതിൽ കയറിയിറങ്ങിയാൽ പോലും നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്പന്നം കിട്ടണമെന്നില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അതിനെ പറ്റി ശരിയായ ഉത്പന്ന വിവരണം ലഭിച്ച് കൊള്ളണമെന്നില്ലല്ലോ. എന്നാൽ ഇന്റർനെറ്റ് മാർക്കറ്റ് പ്ലേസിന്റെ ശക്തി അതിന്റെ ഉത്പന്ന റിവ്യൂ തന്നെയാണ്. ഒരു പക്ഷെ ഉപയോക്താവ് മറ്റൊരു ബ്രൗസർ ജാലകം തുറന്നിട്ടാകും റിവ്യൂ ബ്ലോഗുകൾ പരതുന്നത്. ഉപയോക്താവാണ് വിപണിയിലെ രാജാവ് എന്ന പഴമൊഴി ശരിവയ്‌ക്കുന്നതാണ് ഇന്ന് മത്സരിച്ച് വരുന്ന ആം ആദ്മി യൂസർ റിവ്യൂകൾ. മിക്ക സൈറ്റുകളും ഉത്പന്ന പട്ടികയുടെ തൊട്ട് താഴെ തന്നെ ഇതിനുള്ള അവസരമൊരുക്കുന്നു. ഇവിടെ പരസ്പരം ഒത്ത് ചേർന്ന് കളിക്കാനുള്ള സാധ്യത തുലോം വിരളമാണ്, കാരണം അന്തിമമായി ഗുണനിലവാരമുള്ള വില്പന ഉണ്ടാകണമെങ്കിൽ ഇവിടെ മാർക്കറ്റ് പ്ലേസ് നിർമമത പാലിച്ചേ മതിയാകൂ, ഇല്ലെങ്കിൽ അടുത്ത തവണ ഇതേ ഉപയോക്താവ് ആ സൈറ്റിലേക്ക് ക്ലിക്ക് ചെയ്യുകയുണ്ടാവില്ല. എത്രയോ ഉത്പന്നങ്ങൾക്ക് താഴെ മോശം നിലവാരമെന്ന് സൂചിപ്പിക്കുന്ന റേറ്റിങ്ങ് കാണുന്നത് തന്നെ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.പുസ്‌തക കച്ചവടത്തിൽ നാമമാത്രമായ സാന്നിദ്ധ്യമറിയിച്ച് തുടങ്ങിയ ഇ-വിപണി നിലവിൽ ഏതാണ്ടെല്ലാ വില്പനയിലേക്കും വല വിരിച്ചുകഴിഞ്ഞു. വിലക്കുറവും വൈവിധ്യപൂർണമായ ഉത്‌പന്ന നിരയും കൊണ്ട് ഇലക്‌ട്രോണിക് മാർക്കറ്റ് പ്ലെയ്സ് ഇന്ന് ഉപയോക്താക്കൾക്ക് ആദായകരമായ വാങ്ങൽ അനുഭവം ഒരുക്കുന്നു. ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നതാണല്ലോ നമ്മുടെ നാട്ട് നടപ്പ്. അത് ഇക്കാര്യത്തിലും തെറ്റിക്കുന്നില്ല എന്ന് വ്യാപാരസംഘടനകളുടെ അടക്കം പലകോണുകളിൽ നിന്ന് ഉയരുന്ന എതിർപ്പ് ഇതിന് അടിവരയിടുന്നു. മറുവശത്ത് ഉപയോക്താക്കൾ റോക്കറ്റ് പോലെ കുതിച്ചുയരുന്നു, ഒപ്പം വില്പനക്കണക്കുകളും. ആമസോൺ, ഫ്ലിപ്ക്കാർട്ട്,ഹോംഷോപ്പ് 18, സ്‌നാപ്പ്ഡീൽ അങ്ങനെ പ്രബലമായ പല ഇ-കടകളും ഇന്ന് നമുക്കിടയിൽ നിത്യപരിചിത വ്യാപാര നാമങ്ങളായി മാറിക്കഴിഞ്ഞു.
നികുതി നഷ്ടം?
ഇ കൊമേഴ്‌സിനോട് സാധാരണ വ്യാപാരികൾ ഉയർത്തുന്ന വാദം ഖജനാവിന് നികുതി നഷ്ടം ഉണ്ടാക്കുന്നു എന്നതാണ്. എന്നാൽ ഇതിൽ ഒരു ചെറിയ പ്രശ്‌നം ഇല്ലാതില്ല. കാരണം നികുതി എന്നത് ഒരു വസ്‌തുവിന്റെ ഉടമസ്ഥാവകാശം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ കൈമാറേണ്ടി വരുന്ന തുകയുടെ മുകളിൽ അതാത് സർക്കാരുകൾ ചുമത്തുന്ന അധിക തുകയാണ്. കടക്കാരൻ ഉപയോക്താവിലേക്ക് സാധനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതാണല്ലോ കച്ചവടം, ഇങ്ങനെ സംഭവിക്കുമ്പോൾ രണ്ടാളും നിൽക്കുന്നത് ഭൂമിശാസ്‌ത്രപരമായി ഒരു സംസ്ഥാനത്തിനകത്താകും അതിനാൽ തന്നെ നികുതി ആ സംസ്ഥാനത്തിന് ബാധകമായത് നൽകുകയും വേണം. എന്നാൽ ഇലക്‌ട്രോണിക് ഇടപാടുകളായ മാർക്കറ്റ് പ്ലേസ് വഴി സാധനം വാങ്ങുമ്പോൾ നികുതി ബാധകമായ വില്പനശാല ഒരു സംസ്ഥാനത്തും വാങ്ങുന്ന ആൾ മറ്റൊരു സംസ്ഥാനത്തുമാണ്.വിൽക്കുന്ന സ്ഥലത്തെ നികുതിയാണ് നിലവിലെ നിയമം അനുസരിച്ച് പ്രാബല്യം. ഇത് വാങ്ങുന്ന ആളിന്റെ, വിശേഷിച്ചും കാര്യമായി ഒന്നും ഉത്പാദിപ്പിക്കാത്ത അല്ലെങ്കിൽ ഇ-കൊമേഴ്‌സ് സ്ഥാപനസാന്നിദ്ധ്യമില്ലാത്ത കേരളം പോലെയുള്ള സംസ്ഥാനത്ത് നിന്ന് നോക്കുമ്പോൾ നികുതിവരുമാനം ഇടിയുന്നു എന്ന തോന്നൽ സ്വാഭാവികം. കമ്പനികളെ സംബന്ധിച്ചിടത്തോളം അവർ അതാത് സംസ്ഥാനത്ത് ബാധകമായ നികുതി അടയ്‌ക്കുന്നുണ്ടങ്കിൽ തെറ്റൊന്നും ചെയ്യുന്നുമില്ല.
ഈ നികുതി തർക്ക വ്യത്യാസത്തിനു ഒരു പക്ഷെ അറുതി വരുത്താൻ ചരക്ക് സേവന നികുതി (GST) കൊണ്ട് സാധിക്കും. നിലവിലെ കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള വിഷയവുമാണ്. ഉത്ഭവ സ്ഥാനത്തിന് പകരം ഉപയോഗം നടക്കുന്നിയിടത്തിന് പ്രാധാന്യം കൈവരുന്ന നികുതി ഘടന. ഒരു പക്ഷെ ഇത് നല്ല രീതിയിൽ നടപ്പായാൽ ഇപ്പോഴത്തെ ആരോപണമായ നികുതി ഇടിവിന് ശ്വാശ്വതമായ പരിഹാരമാകും, അപ്പോൾ ഒരു പക്ഷെ ഇ-കൊമേഴ്‌സ് വർധിപ്പിക്കുന്നതാകും സംസ്ഥാന സർക്കാരിന്റെ അടക്കം അജണ്ട. ഇതിനു പിന്നിൽ വ്യക്തമായ ഒരു കാരണം സർക്കാർ നികുതി വകുപ്പിനുണ്ടാകും. അത് മറ്റൊന്നുമല്ല, എത്ര രൂപയുടെ കച്ചവടം ആണ് നടക്കുന്നതെന്ന് നോക്കാൻ പലവിധമാർഗങ്ങൾ എളുപ്പത്തിൽ അവലംബിക്കാം. കാരണം ഉപയോക്താവ് പണം നൽകുന്നത് ഇ-ബാങ്കിംഗ്,ക്രെഡിറ്റ്,ഡെബിറ്റ് കാർഡ്,എം പെസാ,സ്‌മാർട്ട് വാലറ്റ്, സിഓഡി ഇങ്ങനെ ഏതെങ്കിലും ഒരു മാധ്യമം ഉപയോഗിച്ചാകും അതാകട്ടെ ഒരു മൂന്നാം പാർട്ടി (ബാങ്ക്/ഇപേയ്‌മെന്റ് സേവന ദാതാക്കൾ..) യെ ആശ്രയിച്ചാണിരിക്കുന്നത് അത്കൊണ്ട് നികതി എത്രയെന്ന് തിട്ടപ്പെടുത്താൻ റെയ്‌ഡ് ആവശ്യമുള്ള പക്ഷം വ്യാപാരിയുടെ അനുമതി പോലും ആവശ്യമുള്ള കാര്യം ആകുന്നില്ല. പണം മുഴുവൻ ബാങ്കിൽ നിന്ന് ബാങ്കിലേക്ക് അല്ലെങ്കിൽ ഒരു സേവനദാതാവിൽ നിന്ന് മറ്റൊരു സേവനദാതാവിലേക്ക് കടലാസ് പണമല്ലാതെ കൈമാറുന്ന രീതി വ്യാപകമാകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കും കരുത്തു പകരുന്നതാണ്. ഇതൊക്കെ എങ്ങനെ നടക്കും എന്നാണ് ആശ്ചര്യപ്പെടുന്നതെങ്കിൽ എടിഎം വന്നപ്പോഴും ഈ ആശങ്ക ഉണ്ടായിരുന്നു എന്നതാണ് വാസ്‌തവം. ഇപ്പോൾ ജൻ ധൻ യോജന കൂടി വന്നപ്പോൾ സമ്പൂർണ ബാങ്കിംഗിലേക്ക് നമ്മൾ നടന്നടുക്കുന്നു, എല്ലാവർക്കും റുപ്പെ എടിഎം കാർഡ് കൊടുക്കുന്ന തീവൃയത്നത്തിലാണ് നാടൊട്ടുക്കുള്ള ബാങ്കുകൾ. കേരളമാകും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സാക്ഷരതയുള്ള ആദ്യ സംസ്ഥാനം എന്ന് വാർത്തകൾ വന്ന് കഴിഞ്ഞു. അതിന്റെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, പണവിനിമയത്തിന് ഇലക്ട്രോണിക് മാർഗങ്ങൾ പക്വമായി എന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം.
ആമസോൺ, ഫ്ലിപ്ക്കാർട്ട് പോലെയുള്ള ഇ-മാർക്കറ്റ് വഴി വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ഗ്യാരണ്ടി ഉണ്ടാകില്ല എന്നതാണ് മറ്റൊരു വാദം. ഗ്യാരണ്ടിയോടെ മറ്റ് മാർക്കറ്റിൽ കിട്ടുന്ന ഉത്പന്നമാണങ്കിൽ അതിന്റെ വിപണനം ഇലക്ട്രോണിക് മാർഗത്തിലൂടെ ആയാൽ എങ്ങനെയാണ് ഗ്യാരണ്ടി നിരാകരിക്കാനാവുക. ഉത്പന്നത്തിനൊപ്പം നൽകുന്ന ബില്ലിൽ വ്യക്താമായി തന്നെ നികുതി പിരിവുകളും, ഗ്യാരണ്ടിവിവരവും രേഖപ്പെടുത്തി നൽകണമെന്ന വ്യവസ്ഥ സാധാരണകടകളെയെന്ന പോലെ ഇ-കടകളും പാലിച്ചേ പറ്റൂ. അങ്ങനെ ചെയ്യുന്നുണ്ടന്ന് അവർ അവകാശപ്പെടുന്നതിന്റെ നിജസ്ഥിതി, ഒരോ തവണയും ഇലക്ട്രോണിക് ഷോപ്പിംഗ് നടത്തിയ ശേഷമുള്ള ബില്ലിൽ നിന്ന് നമുക്ക് ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിൽ തർക്കമുണ്ടങ്കിൽ തർക്കപരിഹാര ഫോറങ്ങളെ സമീപിക്കാൻ ഇതേ വെബ്സൈറ്റുകൾ അനുവദിക്കുകയും വേണം അതാണ് നിയമവും നാട്ട് നടപ്പും.
പണക്കൈമാറ്റം എങ്ങനെ വിശ്വസിച്ച് ഈ ഇന്റർനെറ്റിൽ ചെയ്യാനാകും എന്ന് ഒരു വശത്ത് പറയുന്നവർ തന്നെയാണ് റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനും, ഇ-ബാങ്കിംഗ് ചെയ്യാനും,ക്രെഡിറ്റ് കാർഡ് തുക മുതൽ പലവിധ സേവനങ്ങൾക്കുള്ള പണമടവിനും ഒക്കെ ഇപ്പോൾ തന്നെ ഇന്റർനെറ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ മൊബൈൽ പെയ്‌മെന്റിനെയോ ആശ്രയിച്ച് വരുന്നത് എന്നത് മറ്റൊരു കാര്യം.
ഇ-വിപണി ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു
ഇന്ത്യയിൽ 32000 ശതകോടി രൂപയുടെ മൊത്തം ചില്ലറ വ്യാപാര വിപണിയിൽ വെറും 250ശതകോടി രൂപ മാത്രമാണ് ലഭ്യമായ പുതിയകണക്ക് പ്രകാരം ഇ-വിപണി സാന്നിദ്ധ്യം.എന്നാൽ ഇത് സാമാന്യം നല്ല വളർച്ചാ നിരക്ക് കാണിക്കുന്നു എന്നതും സ്‌മാർട്ട് ഫോൺ, ത്രി ജി, ബ്രോഡ്ബാൻഡ്, വൈഫൈ സോണുകൾ എന്നിവ കാര്യമായി എല്ലാരിലേക്കും വ്യാപിച്ചെത്തുന്നു എന്നതും കൂട്ടിവായിച്ചാൽ കണക്ക് ഇവിടെ നിൽക്കില്ല എന്ന് ബോധ്യമാകും. നിലവിൽ 24.5 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ രാജ്യത്തുണ്ട്, ഇതിൽ 2 കോടി പേർ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ പതിവായെത്തുന്നു. നമ്മുടെ നാട്ടിലെ ആമസോൺ ആയ ഫ്ലിപ്പ്കാർട്ടിൽ മാത്രം ദിനേന 60 ലക്ഷം പേരെത്തുന്നു എന്ന് പറയുമ്പോൾ വിപണിയുടെ വലിപ്പവും മുന്നോട്ടുള്ള കുതിപ്പും വ്യക്തമാകും. നിലവിൽ എല്ലായിടത്തും ഉത്പന്ന വിതരണം നടക്കുന്നില്ല, സാങ്കേതിക വിപണി ഭാഷയിൽ പറഞ്ഞാൽ ലാസ്റ്റ് മൈൽ പ്രശ്‌നങ്ങൾ.
ഇന്ന് ഇ-കൊമേഴ്‌സ് ഇനത്തിൽ നല്ലൊരു പങ്ക് യാത്രാധിഷ്ഠിത സേവനങ്ങൾ ആണ്, ഇതിന്റെ കാര്യത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം അന്നുയർന്നിരുന്നു. ഇന്ന് എതാണ്ടെല്ലാ വിമാന ടിക്കറ്റ് ബുക്കിങ്ങും അതാത് വിമാനകമ്പനിയുടെ സൈറ്റിലോ അല്ലെങ്കിൽ ട്രാവൽ സൈറ്റുകളിലോ ചെന്ന് യാത്രികർ തന്നെ നടത്തുന്നു, ഒപ്പമുള്ള ഹോട്ടൽ ബുക്കിങ്ങും അങ്ങനെ തന്നെ. നാടായ നാടെല്ലാം ഉണ്ടായിരുന്ന വിവാഹബ്രോക്കർമാർക്കും ഇന്റർനെറ്റ് ചെറുതല്ലാത്ത പണി ആണല്ലോ കൊടുത്തത് ഇന്ന് മാട്രിമണി വെബ്‌സൈറ്റുകളിൽ നിന്ന് വിവരം തേടി വിവാഹാലോചന നടത്തുന്ന തരത്തിലെ അപ്‌ഗ്രഡേഷൻ അവർക്കും സംഭവിച്ച് കഴിഞ്ഞു !
പലവ്യഞ്ജനസാധനങ്ങൾ ആണ് ഇന്ത്യയിലെ ചില്ലറ വില്പനയുടെ 67 ശതമാനം വരെ കയ്യാളുന്നത്. ഇവിടെ നിലവിൽ ലോക്കൽ ബൻയാ, ഏക്‌സ്റ്റോപ്പ്, ബിഗ് ബാസ്‌കറ്റ് എന്നീ ഇ ടെയിൽ സംരംഭങ്ങൾ റീട്ടെയിൽ ഷോപ്പുകൾക്ക് കാര്യമായ വെല്ലുവിളി സൂചന ഉയർത്തിയതിനെ തുടർന്നാകണം മടിച്ച് നിന്നിരുന്ന ചില്ലറ വില്പന ശൃംഖലകൾ ഇപ്പോൾ ഇ-കൊമേഴ്‌സ് ചാനലുകളും ആരംഭിച്ച് വിപണി മേധാവിത്വം നിലനിർത്താൻ പുറപ്പെട്ട് കഴിഞ്ഞു.
ബിഗ് ബില്യൺ ഡേ യും ഡിജിറ്റൽ ട്രാഫിക്കും
ഫ്ലിപ്പ്കാർട്ട് ഈ വർഷം ഒക്ടോബർ ആദ്യം നടത്തിയ ശതകോടി ദിന വില്പനമേളയാണ് വ്യാപകമായ വാർത്ത ഉണ്ടാക്കിയത്. ഉപയോക്താക്കളുടെ തിരക്ക് താങ്ങാനാകാതെ പലവട്ടം വെബ്സൈറ്റ് സംവിധാനം തകരാറിലായി. ഫ്ലിപ്പ് കാർട്ട് സ്ഥാപകർ തന്നെ ഉപയോക്താക്കൾക്ക് അയച്ച ക്ഷമാപണ ഇ-മെയിൽ സന്ദേശത്തിൽ പിഴവ് സമ്മതിക്കുന്നുമുണ്ട്. എന്നാൽ ഈ ഡിജിറ്റർ ട്രാഫിക് കുരുക്ക് ആദ്യമാണോ? വിലക്കുറവ് അല്ലെങ്കിൽ ആദായ വില്പന എന്ന് എവിടെ ബോർഡ് വച്ചാലും അവിടെല്ലാം ജനത്തിരക്ക് എന്നത് നമ്മുടെ നാട്ടിലെന്നല്ല വിദേശങ്ങളിലടക്കം ആളുകളുടെ തള്ളിച്ച ഉണ്ടാക്കുന്ന കാര്യമാണ്.
ഇന്ത്യൻ ചില്ലറ വില്പനയുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഉത്സവ/ആഘോഷ സമയങ്ങളിലാണ് വിലക്കിഴിവ് മഹാമഹം നടക്കുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ചെറുകിട വില്പന ശാലകളിൽ വരെ മൊത്തം വാർഷിക വിറ്റുവരവിന്റെ നല്ലൊരു പങ്ക് ഉത്സവപൂർവ കച്ചവടമാണ്. കേരളത്തിൽ ഓണം, പെരുന്നാൾ, ക്രിസ്മസ് എന്നിവയോടനുബന്ധിച്ച് കമ്പോളത്തിലെ തിരക്കും പത്രമാസികകളിലെ പരസ്യ കോലാഹലവും ഒക്കെ ഓർക്കുക. അതൊക്കെ നഗര ഗതാഗതത്തിൽ കുരുക്കും ഉണ്ടാന്നുമെന്നത് അനുഭവ പാഠം. ബിഗ് ബസാറിന്റെ സ്ഥാപകൻ കിഷോർ ബിയാനി എഴുതിയ 'It Happend in India' എന്ന കൃതിയിൽ ഇത് മറ്റൊരു തരത്തിൽ ചിന്തോദ്ദീപകമായി അദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു അവധിദിനത്തിന് രാജ്യവ്യാപകമായുള്ള ബിഗ് ബസാർ ശൃംഖലയിൽ എം ആർ പി യിലും വളരെ കുറച്ച് വില്പന നടത്തുന്നുവെന്ന് പരസ്യം ചെയ്‌തു, കിഷോർ ബിയാനിയുടെ വാക്കുകളിൽ പറഞ്ഞാൽ Rock Bottom Prices. പിറ്റേന്ന് രാവിലെ തന്നെ കൊൽക്കത്ത മുതൽ ബംഗളരു വരെയുള്ള കടകളിൽ നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം.പലകടകളിലും ഷട്ടർ താഴേത്തേണ്ടി വന്നു. വാഹനത്തിരക്കിൽ നഗരം ഞെങ്ങി ഞെരുങ്ങിയെന്ന് പത്രവാർത്തകൾ. ബംഗളരുവിൽ പൊലിസ് തന്നെ ഏകപക്ഷീയമായി വില്പന മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുന്നു എന്ന് മൈക്കിലൂടെ പ്രഖ്യാപിക്കേണ്ടി വന്നു. അതിനു ശേഷം വൻ വിലക്കിഴിവ് പരസ്യങ്ങൾ പൊലിസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ട് മാത്രമേ നൽകാവൂ എന്ന് നിഷ്‌കർഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.
ഈ തിക്കിന്റെയും തിരക്കിന്റെയും ഓൺലൈൻ വകഭേദമാണ് ഫ്ലിപ്പ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ യിൽ ഡിജിറ്റൽ സൂപ്പർ ഹൈവേയിൽ നമ്മൾ കണ്ടതും. സാധാരണ റോഡ് ട്രാഫിക്കിൽ താങ്ങാനാവുന്ന വാഹനങ്ങൾക്ക് ഒരു പരിധി ഉണ്ട് എന്നത് പോലെ തന്നെ ഒരു വെബ്സൈറ്റിനും താങ്ങാനാവുന്ന സന്ദർശകരുടെ എണ്ണം ഊഹിച്ചതിനുമപ്പുറമായിരുന്നു.ഇത് കൂടാതെ വിലമാറ്റം, ഉത്പന്നം വിറ്റ് തീർന്ന് പോയ അവസ്ഥ, കാൻസലേഷൻ അങ്ങനെ പലവിധ കുരുക്കുകൾ ആ നിർണായക ദിനം ഫ്ലിപ്പ്ക്കാർട്ടിനെ കാത്തിരുപ്പുണ്ടായിരുന്നു.അവസാനം ഇതിന്റെ സ്ഥാപകരായ സച്ചിൻ ബൻസാൽ , ബിന്നി ബൻസാൽ എന്നിവർ എല്ലാ ഉപയോക്താക്കൾക്കും ക്ഷമാപണ സന്ദേശം നൽകി. 5000 സെർവറുകൾ സജ്ജമാക്കി സാധാരണയിൽ നിന്നും ഇരുപതിരട്ടി ഉപഭോക്താക്കൾക്ക് സേവനം കൊടുക്കാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിക സംവിധാനം ക്രമപ്പെടുത്തി എങ്കിലും കാര്യങ്ങൾ കൈവിട്ട് പോയെന്ന് സമ്മതിക്കേണ്ടി വന്നു.
ഇ-കൊമേഴ്‌സ് വളഞ്ഞ വഴിയിലെ വിദേശനിക്ഷേപ വാതായനങ്ങളാവുകയാണോ
ഇന്ത്യയിൽ ചില്ലറ വില്പനയിലെ വിദേശനിക്ഷേപത്തിന് കർശനമായ പരിധി വിലക്കുണ്ട്. എന്നാൽ ഈ ഓൺലൈൻ കച്ചവട സ്ഥാപനങ്ങളുടെയെല്ലാം മൂലധന നിക്ഷേപം വരുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. അത് കൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് അടക്കമുള്ള സ്ഥാപനങ്ങൾ സർക്കാരിന്റെ നിരീക്ഷണവലയത്തിലാണ്. വിദേശ നാണയ വിനിമയ ചട്ടം -ഫെമ-ലംഘിച്ചതിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം രണ്ട് വർഷമായി നടക്കുകയാണ്. ഒരു പക്ഷെ ആയിരം കോടി രൂപ പിഴ ചുമത്താനുള്ള കുറ്റം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ കാര്യമായി തന്നെ ഓൺലൈൻ കടകൾ ഉപയോഗപ്പെടുത്തുന്നു. സാങ്കേതിക അർത്ഥത്തിൽ ഈ ഓൺലൈൻ സ്ഥാപനങ്ങൾ ഒന്നും നേരിട്ട് സൈറ്റുകൾ വഴി വില്പന നടത്തുന്നില്ല. നിയമം ഇവരെ വിപണിയിടം അഥവാ market place ആകാൻ അനുവദിക്കുന്നു. അതായത് ഫ്ലിപ് കാർട്ട്, ആമസോൺ, ഇ ബേ ....ഒക്കെ ഇങ്ങനെയുള്ള കേവല ഇടനില സ്ഥാപനം മാത്രമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറത്തെ ചന്ത പോലെ.വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇടയിലെ മധ്യവർത്തി സ്ഥാപനം. അങ്ങനെ ഇവർ ഒരു ചരക്കിന്റെയും ഉടമയോ, വാഹകരൊ, വില്പനക്കാരോ എന്തിനധികം പറയുന്നു ആ ഉത്പന്നങ്ങളുടെ വിതരണക്കാർ പോലും അല്ല. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വേണ്ട സാങ്കേതിക സൗകര്യം, വിവരപഗ്രഥനം, പട്ടികപ്പെടുത്തൽ, വിവരങ്ങൾ ഉചിതമായ തരത്തിൽ ഓൺലൈൻ വില്പന വെബ്സൈറ്റുകൾ വഴി പരസ്യപ്പെടുത്തൽ എന്നിങ്ങനെയുള്ള വ്യാപാര ബാഹ്യ കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്. ഇതിനാകട്ടെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയവുമാണ്.
വിലക്കുറവിന്റെ പിന്നിലെന്ത് ?
മാർക്കറ്റ് പ്ലേസ് മാത്രമായ ഇവിടെ വില്പനയ്‌ക്കെത്തുന്നവരാണ് വിലക്കുറച്ച് കൊടുക്കുന്നത്. ഇന്റർനെറ്റ് ഇതര വിപണിയുമായും മറ്റ് ഇ-കോം സംരംഭങ്ങളുമായും പരസ്പരം മത്സരിച്ച് വിലക്കുറയ്‌ക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. Predatory pricing എന്ന് വിളിക്കപ്പെടുന്ന സംവിധാനം. സാധാരണ ചില്ലറ വില്പന ശാലകളിൽ പലതട്ടുകൾ കൈമാറിയാണ് ഉത്പന്നം കടകളിൽ എത്തുന്നത്. ഒരോ തട്ടിൽ നിന്നും മാറുമ്പോഴും ലാഭം/കമ്മീഷൻ സ്വഭാവികമായും കൂട്ടിച്ചേർക്കപ്പെടും , മാത്രമല്ല ഓൺലൈൻ കടകൾക്ക് നഗരത്തിലെ തിരക്കേറിയ വീഥിക്കരികിൽ മുന്തിയ വാടക കൊടുത്ത്, മോടി പിടിപ്പിച്ച അകത്തളങ്ങളുടെ ആവശ്യവുമില്ല. പലതരത്തിലും ഉത്പങ്ങളുടെ മേൽ വിലക്കുറയ്‌ക്കാനാകുന്നു. സാധാരണ കടക്കാരനാകട്ടെ എത്ര കിണഞ്ഞ് ശ്രമിച്ചാലും ഈ താഴ്‌ന്ന തുകയിൽ വില്പനയെപറ്റി ചിന്തിക്കാനേ ആകില്ല.
രസകരമായ മറ്റൊരു വശം കൂടിയുണ്ട് ഈ വിലക്കുറവിന് പിന്നിൽ. ഉദാഹരണത്തിന് ഫ്ലിപ്‌കാർട്ടിലെ ഭൂരിഭാഗ വില്പനയും നടത്തുന്നത് WS Retail എന്ന കമ്പനിയാണ്. ഈ കമ്പനിക്ക് നേരിട്ടോ അല്ലാതെയോ മാതൃസ്ഥാപനവുമായി ബന്ധമുള്ള ഉപസ്ഥാപനമാണന്നത് അങ്ങാടി പാട്ട്. ഇങ്ങനെയൊരു ആഭ്യന്തര ഘടനയിലാണ് കാര്യമായ തോതിൽ എഫ്‌ഡിഐ പണം വരുന്നത്. ഈ പണം ഉപയോഗിച്ച് വിലയിളവ് നൽകുന്നു എന്നും അനുമാനിക്കാം. കാരണം ഒരോ വർഷവും കമ്പനി നഷ്ടത്തിലാണ്. ഈ നഷ്ടം സഹിച്ചും എന്തിന് ഇങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ചോദ്യത്തിന്റെ ഉത്തരം വന്ന് നിൽക്കുന്നത് ഒരു പക്ഷെ വരാനിരിക്കുന്ന ഓഹരി വിപണി ലിസ്റ്റിങ്ങും -IPO- അപ്പോഴത്തെ മതിപ്പ് മൂല്യവുമായിരിക്കാം.
പലതരത്തിൽ ഒളിഞ്ഞും തെളിഞ്ഞും വിലകുറച്ച് ചില ഉത്പന്നങ്ങൾക്ക് എൺപത് ശതമാനം വരെ വിലയിളവിൽ കാര്യങ്ങൾ എത്തിച്ച് അത് പരസ്യം ചെയ്‌ത് മാലോകരെ അറിയിച്ചാൽ വെബ്‌സൈറ്റ് ട്രാഫിക്ക് മുഖേന ക്രാഷ് ആയില്ലങ്കിൽ അല്ലെ അത്ഭുതപ്പെടാനുള്ളൂ. ഇങ്ങനെ വിലക്കുറവ് നൽകുമ്പോൾ വിൽക്കാൻ വച്ചിരിക്കുന്ന കമ്പനികൾക്ക് ഒരു പക്ഷെ അവർ കൊണ്ട് വന്ന ഉത്പന്ന തുകയെക്കാൾ കുറച്ച് കൊടുക്കാൻ ഈ മാർക്കറ്റ് പ്ലേസ് അനുവദിക്കും, തന്മൂലമുണ്ടാകുന്ന നഷ്ടം മാർക്കറ്റ് പ്ലേസ് അവരുടെ പക്കലുള്ള വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിൽ നിന്ന് അനുവദിച്ച് നൽകും. വിറ്റവിലയ്‌ക്ക് മാത്രമാണ് നികുതി, എന്നതിനാൽ ഇവിടെ സർക്കാരിന്റെ ആശങ്ക വർദ്ധിക്കുന്നുണ്ട്. വിലക്കുറവിന്റെ നഷ്ടം നികത്താനുള്ള തുക തിരികെ ഉത്പാദകന് നൽകുന്നതിൽ സേവനനികുതിയാകും ബാധകമാകുക. ഏതായാലും സങ്കീർണമായ നിർദ്ധാരണം ആവശ്യമായ ഘട്ടം. ഇന്റർനെറ്റ് പൂർവകാലഘട്ടത്തിൽ എഴുതപ്പെട്ട നിയമങ്ങളും തുടർന്നെത്തിയ ചട്ടങ്ങൾക്കും ഡിജിറ്റൽ വ്യാപാരത്തെ കൈകാര്യം ചെയ്യാൻ കാര്യമായ വിയർപ്പൊഴുക്കേണ്ടി വരും. കാരണം നിലവിലുള്ള നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു പക്ഷെ ഈ ഓൺലൈൻ വില്പനശാലകളുടെ വാദം ശരിയെന്ന് സമ്മതിക്കേണ്ടി വരും. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ,വരാനിരിക്കുന്ന ചരക്ക് സേവന നികുതി എന്നിവയാണ് ഓൺലൈൻ ചില്ലറവില്പനയൂടെ ഭാവി എഴുതുക. ഏതായാലും ഇതിനെ കൂടുതൽ വളരാനാനുവദിക്കുന്ന എന്നാൽ സർക്കാർ നിയന്ത്രണം സാധ്യമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് വിപണിവൃത്തങ്ങൾ നിരീക്ഷിച്ചാൽ ബോധ്യമാകും.
ഇ-കൊമേഴ്‌സിൽ നിന്ന് എം-കൊമേഴ്‌സിലേക്ക്
മുൻനിര ഇ-കടക്കാരുടെ പ്രതിക്ഷ പ്രകാരം 90 ശതമാനം വില്പനയും ഇനിയുള്ള വർഷങ്ങളിൽ വരുന്നത് മൊബൈൽ ഉപകരണങ്ങളിൽ നിന്നാകുമെന്നാണ്. മൊബൈൽ ഫോണിലെ ആപ്ലിക്കേഷനുകൾ വഴി സാധനങ്ങൾ വാങ്ങുന്നത് അത്രമേൽ ലളിതമാകുന്ന തരത്തിൽ പിന്നണി സാങ്കേതികതയും മാറുന്നുണ്ട്. ഇപ്പോൾ തന്നെ ചില ഓൺലൈൻ സ്റ്റോറുകളീൽ 50 ശതമാനത്തോളം വില്പന മൊബൈൽ ഫോണിലെ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചാണ് നടപ്പാകുന്നത്. ഒരു പക്ഷെ ഇനി ആദ്യമായി ഇന്റർനെറ്റിലേക്കെത്തുന്നവർ നേരിട്ട് മൊബൈലിൽ ആകും ആദ്യം ഉപയോഗിച്ച് തുടങ്ങുക. നാട്ടിലെ ഇന്റർനെറ്റ് കഫെകൾ ഇന്ന് പ്രസക്‌തമല്ലാതായി തീർന്നത് ഓർക്കുക. സ്‌മാർട്ട് ഫോണിൽ വഴി മാത്രം പോയ വർഷത്തിനു മുന്നെ 7,800 കോടി രൂപയുടെ പണവിനിമയം നടന്നത് മാർച്ച് 2014 ൽ 36,000 കോടി യിലെത്തി എന്ന കണക്കും ഇവിടെ ചേർത്ത് വായിക്കാം. ഈ സൂചിപ്പിച്ച കണക്കിൽ നടന്ന ഇടപാടുകളുടെ എണ്ണം ഇരട്ടി ആയപ്പോൾ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ മൂല്യം പലമടങ്ങ് വർദ്ധിച്ചു എന്നത് വിരൽ ചൂണ്ടുന്നത് സ്‌മാർട്ട് ഫോൺ വഴി വലിയമൂല്യ ഇടപാടുകൾ നടത്താനുള്ള പക്വത ആർജിച്ചുകഴിഞ്ഞു ,ഭയവും മാറി എന്നു കൂടിയാണ്.
മൊത്തമുള്ള മൊബൈൽ ഫോണിൽ 8 ശതമാനം മാത്രമാണ് സ്‌മാർട്ട് ഫോൺ എന്നാൽ 2017 ആകുമ്പോഴേക്കും ഈ എണ്ണം 17 ശതമാനത്തിലേക്കെത്തും എന്ന് വിശ്വസനീയ സ്ഥിതിവിവര അനുമാനങ്ങൾ ഉണ്ട്. ഇക്കഴിഞ്ഞ വർഷം വരെ മിക്ക കമ്പനികളും മൊബൈൽ ഫോണിനെ വിവരവിനിമയ ചാനൽ മാത്രമായി കണ്ടെങ്കിൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല , എല്ലാ കമ്പനികളും എന്തിനധികം സർക്കാറുകൾ വരെ ആപ്പിൾ/ആൻഡ്രോയ്‌ഡ്/ബ്ലാക്ക്‌ബെറി/വിൻഡോസ് പ്ലാറ്റ്ഫോമുകളിലായി വിവിധോദ്ദേശ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന തത്രപ്പാടിലാണ്. പല സർക്കാരുകളും ഇ-ഗവണൻസിനെ എം-ഗവണൻസായി പരിവർത്തനം ചെയ്യാനും തയാറായിക്കഴിഞ്ഞു.
ആമസോൺ ഇന്ത്യ അവരുടെ മൊബൈൽ ആപ്ലിക്കേഷൻ രൂപസംവിധാനം ചെയ്‌ത് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മൊത്തം ഇന്റർനെറ്റ് ട്രാഫിക്കിന്റെ പകുതി ഇത് വഴി ആയിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് ചാലകശക്തിയായി എല്ലാ ബാങ്കുകൾക്കും ഇന്ന് മൊബൈൽ ബാങ്കിംഗ് സൗകര്യവും സുസജ്ജം. 22 കോടി സാമ്പത്തിക ഇടപാടുകൾ 2013-14 ൽ ഇന്ത്യയിൽ എല്ലാ ബാങ്കുകളിലായി നടന്നു എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. ഒക്കെ ചേർത്ത് വായിച്ചാൽ ഇ-കൊമേഴ്‌സ് വളരെയെളുപ്പത്തിൽ തന്നെ എം-കൊമേഴ്‌സിന് വഴിമാറിക്കഴിഞ്ഞു. USSD (Unstructured Supplimentary Service Data) ഉപയോഗിച്ച് വളരെയെളുപ്പം കടലാസ് കറൻസി ഇതര പണവിനിമയം നടത്താനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്, അതായത് എസ് എം എസ് മാത്രമുള്ള ഫോണിൽ പോലും ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കും. നിലവിൽ 90കോടിയിലേറെ സിം കാർഡുകൾ രാജ്യത്തുടനീളം വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്നു, അതെല്ലാം ഇനി മൊബൈൽ പേയ്‌മെന്റിന് ഉപയോഗിക്കാം എന്ന് ചുരുക്കം.
മൊബൈൽ സാങ്കേതികതയുടെ വളർച്ചയും ടെലകോം സേവനം 3ജി യിൽ നിന്ന് 4ജി യിലേക്ക് മാറാനുള്ള ഒരുക്കവും ഈ മാറ്റത്തിന് രാസത്വരകമായി പ്രവർത്തിക്കും. ഒരു ഇന്ത്യാക്കാരന്റെ ഫോണിൽ ശരാശരി 17 ആപ്ലിക്കേഷൻ ഉള്ളപ്പോൾ യൂറോപ്പിൽ33, ജപ്പാനിൽ 41 എന്നിങ്ങനെയാണ്. ഇ-സേവനങ്ങൾ എം-സേവനങ്ങളായി പരകായപ്രവേശം നടത്തുന്നതിന്റെ വലിയ സാധ്യതയാണ് വരാനുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നു. മൊബൈൽ ഫോൺ ഇങ്ങനെയൊക്കെ ആയി മാറുമെന്ന് പത്ത് വർഷത്തിന് മുന്നെ അങ്ങനെ മിക്കവരും കണക്കുകൂട്ടിയതുമില്ല, എന്നാൽ സ്‌മാർട്ട് ഫോണിന്റെ കടന്ന് വരവ് ഡിജിറ്റൽ എക്കണോമിയെ ആകെ മാറ്റിമറിക്കുന്ന കാഴ്‌ചയ്‌ക്കാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്.നിയർ ഫീൽഡ് കമ്യൂണിക്കേഷൻ എന്ന പുതിയ കൂട്ടിചേർക്കൽ മൊബൈൽ ഫോണിന്റെ പണക്കൈമാറ്റ സംവിധാനത്തിന് എളുപ്പവും സുരക്ഷയും നൽകുന്നു എന്നത് ഒക്കെ വരാനിരിക്കുന്ന വർധിച്ച തോതിലുള്ള വിനിമയങ്ങൾക്ക് കരുത്തുപകരാനുള്ള ഏർപ്പാടുകൾ. മൂന്ന് വർഷം മുന്നെ കേവലം 2 ശതമാനം മാത്രമായിരുന്നു മൊബൈൽ വഴിയുള്ള ഇടപാടുകൾ, എന്നാൽ 2017 ൽ 70 മുതൽ 80 ശതമാനം വരെ വർധിക്കുമെന്ന് ഗൂഗിൾ ഇന്ത്യയുടെ അനുമാനം.
ഓൺലൈൻ മാത്രം വില്പന ഫലിക്കുമോ ?
പുനരവതരിച്ച മോട്ടോറോള മൊബൈൽ ഫോൺ വിറ്റത് ഓൺലൈനായി മാത്രമായിരുന്നു. രാജ്യം മുഴുവൻ വില്പന ശൃംഖല ഉഷാറാക്കി വില്പനയ്‌ക്ക് തയാറെടുത്തുവെങ്കിൽ അത് പണ്ടേ പോലെ ഫലിക്കുമായിരുന്നോ എന്ന സന്ദേഹം നിശ്ചയമായും അവരെ അലട്ടിയിരിക്കണം. മൂന്ന് മോഡലുകൾ പലസമയത്തായി കാര്യമായ പരസ്യപിന്തുണയോടെ തന്നെ ഓൺലൈനിൽ മാത്രം വില്പനയ്‌ക്ക് വച്ചു. സംഗതി കുറിക്ക് കൊണ്ടു, മൊബൈൽ ഫോൺ വിപണിയിൽ ഹിറ്റായി. മൂന്നോ നാലോ തട്ട് വില്പന/വിതരണക്കാരെ കുറയ്‌ക്കാനായതിനാൽ ഫോൺ ഒന്നുക്ക് ഏകദേശം 3000 - 5000 രൂപ വരെ കുറച്ച് വിലയിടാനുമായി എന്നതും ഇതിനൊപ്പം വായിക്കാം.എന്തിനധികം പറയുന്നു, സാധാരണ കടകൾ വഴി വിൽക്കാത്ത ഫോൺ ആയിട്ട് കൂടി അതൊന്നുമറിയാതെ ചിലരെങ്കിലും മൊട്ടോറോളാ ഫോൺ അന്വേഷിച്ച് മൊബൈൽ ഷോപ്പിൽ ചെല്ലുന്നുണ്ട്.
ഇതിനെ തുടർന്ന് ഇന്ന് ഫോൺ നിർമാതാക്കൾ മാത്രമല്ല പല ഉപഭോക്തൃ ഉത്പന്ന നിർമാതാക്കളും നെറ്റ് വഴിമാത്രം ഉള്ള വില്പന ലക്ഷ്യമിടുന്നു. പരമാവധി വിലകുറയ്‌ക്കാനാകുന്നു എന്നതിനാൽ വാങ്ങാനുള്ളവർ ക്യൂവിൽ ഉണ്ടാകും എന്ന് ഉറപ്പ് നൽകാൻ പറ്റും എന്ന നിലയിൽ ഓൺലൈൻ വില്പനശാലകൾ പരിപക്വത നേടിക്കഴിഞ്ഞു. നെറ്റിസൺ(ഇന്റർനെറ്റിലെ സിറ്റിസൺ) മാരുടെ എണ്ണത്തിലെ വളർച്ചാനിരക്കും കമ്പനികളെ ഇങ്ങനെയൊരു സമാന്തര ഉത്പന്ന നിരയിലേക്ക് ആകർഷിക്കുന്നുണ്ട്.
ഐ ആർ സി ടി സി സർക്കാരിന്റെ ആമസോൺ !
റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സർക്കാർ ഉടമസ്ഥതയിലുള്ള IRCTC പോർട്ടൽ ഇന്ന് ഇന്ത്യയിലെ ഏത് ഓൺലൈൻ വ്യാപാര സൈറ്റിനോടും പലതരത്തിൽ കിടപിടിക്കുന്നതാണ് എന്നത് രസകരമായ കാര്യം. പഴയ ഒച്ചിഴയുന്ന വേഗത്തിൽ നിന്ന് കാര്യമായി നിലവാരം കൂടിയിട്ടുണ്ട് ശേഷിയുടെ കാര്യത്തിലും രൂപകല്പനയുടെ കാര്യത്തിലുംhttp://irctc.co.in ൽ 2.70 കോടി സജീവ ഉപയോക്താക്കൾ വഴി ദിനേന 4 ലക്ഷം ടിക്കറ്റ് ബുക്കിങ്ങ് നടക്കുന്നു. ഭക്ഷണവ്യാപാരമാണ് ഈ കോർപ്പറേഷന്റെ മുഖ്യ ജോലി എങ്കിലും ടിക്കറ്റ് ഇ-ബുക്കിംഗ് നല്ല വരുമാന സ്രോതസ് തന്നെ. വിപണി പണ്ഡിതർ ഈ സ്ഥാപനത്തിനിടുന്ന മൂല്യം 12,000 കോടി രൂപ വരെയാണ്. ഇത്രയധികം ആൾക്കാർ ദിനം തോറും വന്ന് പോകുന്ന ഈ ഓൺലൈൻ കട വഴി എന്ത് കൊണ്ട് സർക്കാരിന്റെ തന്നെ ഉത്പന്നങ്ങൾ വിറ്റഴിച്ചുകൂടാ. ഇന്റർനെറ്റ് യുഗത്തിൽ ഗൂഗിൾ മുതൽ തട്ടുകട ഡോട്ട് കോം വരെ മത്സരിക്കുന്നത് പരമാവധി ആളുകൾ വന്ന് കയറുന്ന സൈറ്റുകൾക്കാണ്, ഇതിനോടകം തന്നെ ഹിറ്റായ ഈ സൈറ്റ് വഴി ഹാൻടെക്സ് തുണിത്തരങ്ങൾ മുതൽ കേരള സർക്കാരിന്റെ സോപ്പായ വേപ്പ് വരെ വിൽക്കട്ടെ. അതിനുള്ള സാഹചര്യം ഉണ്ടാക്കിയാൽ വിപണി കണ്ടെത്താൻ തത്രപ്പെടുന്ന സർക്കാർ കമ്പനികളുടെ നല്ലയുത്പന്നങ്ങളെ തേടി സാധാരണക്കാരനായ ഉപയോക്താവിന് നാട്ടിലലയേണ്ട ആവശ്യമില്ലല്ലോ. ഐ ആർ സി ടി സി ഒരു നല്ല പൊതുമേഖലാ സാധ്യതയാണ്. അതൊക്കെ കരുത്താർജ്ജിപ്പിക്കുന്നത് ഈ ഓൺലൈൻ ചില്ലറ വില്പനശാലകൾക്ക് ഒരു സർക്കാർ വക ബദൽ സൃഷ്ടിക്കുക കൂടിയാണ്.
കേവലം വില്പന മാത്രമാണോ
ഓൺലൈൻ കച്ചവട സ്ഥാപനങ്ങളെ പരമ്പരാഗത കച്ചവടങ്ങളുമായി അങ്ങനെയങ്ങ് താരതമ്യം ചെയ്‌ത് തീർപ്പാക്കാനാകുമോ? സാധാരണ കടയിൽ ഒരു പക്ഷെ ഇതേ വിലയ്‌ക്ക് തന്നെ വിറ്റാൽ പോലും ഉപയോക്താക്കളുടെ മനസോ അല്ലെങ്കിൽ വാങ്ങൽ രീതിയോ അറിഞ്ഞിടപെടാൻ പറ്റണമെന്നില്ല, കാരണം മറ്റൊന്നുമല്ല വിവരങ്ങൾ കാര്യമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ. ഓൺലൈൻ പോർട്ടലുകളിൽ വിവര വിശകലനം -ഡാറ്റാ അനാലിസിസ്- എന്നത് വളരെ തന്ത്രപരമായി നടക്കും. കഴിഞ്ഞ വർഷങ്ങളിൽ ഇതേ കാറ്റഗറിയിൽ എതൊക്കെ ഉത്പ്പനത്തിന്, എങ്ങനെയൊക്കെ ഉള്ളവരിൽ നിന്ന്, ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്ന് ഓഡർ വന്നു, അത് വച്ച് ഡിസ്‌കൗണ്ട് എത്ര,ഏതൊക്കെ ഇനത്തിന് കൊടുക്കാം, ഒന്നെടുത്താൽ ഒന്ന് സൗജന്യം പദ്ധതിയിൽ ഏതൊക്കെ ഉത്പന്നങ്ങൾ തമ്മിൽ കൂട്ടിക്കെട്ടാം അങ്ങനെ പലവിധ വിവരസങ്കലനം നിമിഷാർദ്ധം കൊണ്ട് സാധ്യമാകുന്നു. ഇതനുസരിച്ച് വരാനിരിക്കുന്ന വില്പനയുടെ സ്വഭാവം വരച്ചെടുക്കുകയും അഥവാ സിമുലേറ്റ് ചെയ്യുകയും ആകാം. ഡിമാൻഡ് പാറ്റേൺ , പ്രതീക്ഷിക്കുന്ന ട്രാഫിക്, ഡിമാന്റ് അനുസരിച്ച് പ്രതികരിക്കുന്ന ഡൈനാമിക് പ്രൈസിംഗ് ഒക്കെ സാധ്യതകൾ.
ഇതിന്റെ ഒക്കെ ആണിക്കല്ല് ഡിജിറ്റലായി നാം തന്നെ നൽകുന്ന വിവരങ്ങളും, അത് വച്ചുള്ള അഭ്യാസം നടത്താൻ എന്തെളുപ്പം. ഈ വിവരവിശലകനത്തിന്റെ കൃത്യത ചെന്ന് തൊടുന്നത് ഉപയോക്താവിനെ പറ്റിയുള്ള വിവരത്തിലും അവർ വാങ്ങുന്ന സാധനങ്ങളുടെ കാര്യത്തിലും ആണ്. ഇതനുസരിച്ച് ട്രാഫിക് മാനേജ്മെന്റ് നടത്താം.സാധാരണകടകളിൽ വരുന്ന കാല്പാടുകളെ അവർ ബിസിനസ് ആക്കി മാറ്റാൻ പല തന്ത്രങ്ങളും പയറ്റുന്നത് പൊലെ, ഓൺലൈൻ ട്രാഫിക്കിനെ വില്പനയിലേക്ക് പരിവർത്തനം ചെയ്യാൻ ഈ വിവര വിശകലനം സങ്കീർണമായ അൽഗരിത സാധ്യതകൾ തേടുന്നു, അതനുസരിച്ച് വിലയിളവും ഓഫറുകളും ലോഗിൻ ചെയ്യുന്ന ഉപയോക്താവിനും സ്ഥലത്തിനുമനസിരിച്ചിക്കെ ഭാവിയിൽ വ്യത്യാസപ്പെടാം.
സാങ്കേതികവിദ്യ എവിടെ വരെ
ഓൺലൈൻ ചില്ലറ വില്പനക്കടകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എല്ലാ നാട്ടിലേക്കും ഗ്രാമഗ്രാമാന്തരങ്ങളിലേക്കും ചെന്നെത്താൻ സാധ്യമായ തരത്തിലെ വിതരണ സംവിധാനം ഇല്ല എന്നതാണ്. ഇവിടെയാണ് നവസാങ്കേതികതയുടെ പുതുസാധ്യതകൾ തേടുന്നത്. ആളില്ലാ ചെറുവിമാനങ്ങൾ (Unmanned Areal Vehicles - UAVs) വഴി നേരിട്ട് സാധനങ്ങൾ വീട്ട് പടിക്കൽ എത്തിക്കുന്ന അഥവാ എയർ ഡ്രോപ്പ് ചെയ്യുന്ന ഡ്രോണുകൾ വ്യാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരു പക്ഷെ വ്യാപകമായേക്കാം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതിന്റെ സാധ്യതകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനിടെ കരട് റഗുലേഷൻ രേഖകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.അഞ്ച് കിലോഗ്രാം ഭാരം വരുന്ന സാധന പാക്കറ്റുകൾ മുഖ്യവിതരണ കേന്ദ്രത്തിൽ നിന്ന് നേരെ യന്ത്രപ്പറവ പോലത്തെ ഈ ഉപായം വഴി നേരെ വീട്ടിലെക്കെത്തുന്നത് വിപണിയെ ചടുലമാക്കും. വാണിജ്യാവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുമ്പോൾ സുരക്ഷ, സ്വകാര്യത ഒക്കെ നോക്കി മാത്രം അനുമതി ലഭിക്കേണ്ടതിനാലാണിത്.
വിപണിയുടെ ജനാധിപത്യവൽക്കരണം
എന്തൊക്കെ എതിർപ്പ് പറഞ്ഞാൽ പോലും ഇന്ന് വൻനഗരങ്ങളിലെ മാളുകളിലോ അതാത് കമ്പനികളുടെ എക്‌സ്‌ക്ലൂസീവ് വില്പനശാലകളിലോ പോയി വാങ്ങേണ്ടി വന്നിരുന്ന സാധനങ്ങൾ ഇന്റർനെറ്റ് ബന്ധമുള്ള ചെറുപട്ടണങ്ങളിലിരുന്ന് വാങ്ങാം. ഉത്പന്നത്തെ പറ്റി കടക്കാരൻ വിവരിക്കുന്നത് അല്ലെങ്കിൽ കമ്പനിയുടെ ബഹുവർണ ലഘുലേഖ പറയുന്നത് മാത്രം അപ്പടി വിശ്വസിച്ച് വാങ്ങാനുള്ള ഒറ്റ തുരുത്തിലുമല്ല ഉപഭോക്താവ്. സാധനം വാങ്ങി ഉപയോഗിച്ച ശേഷം ഒരോരുത്തരും സ്വതന്ത്രമായി എഴുതുന്ന റിവ്യൂ ഒക്കെ ഇപ്പോൾ വൻകിട ബ്രാൻഡുകളുടെ അടക്കം ഉറക്കം കെടുത്തിയതിന്റെ സൂചനയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ വരുന്ന അഭിപ്രായങ്ങളോട് കമ്പനികൾ മെച്ചപ്പെട്ട സൗഹാർദ്ദത്തോടെ പ്രതികരിക്കുന്നത്.
ഇതൊക്കെ ഉപയോക്താവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി വ്യാഖ്യാനിക്കാമെങ്കിൽ നമ്മൾ അത്രയ്‌ക്ക് ശൃദ്ധിക്കാതെ പോകുന്ന മറ്റൊരു കൂട്ടർ ഉണ്ട്. ചെറുകിട ഉത്പാദകർ, കുടുംബശ്രീ അടക്കമുള്ള കൂട്ടായ്‌മകൾ അവർക്കൊക്കെ ഈ മാർക്കറ്റ് പ്ലേസിൽ തങ്ങളുടെ ഉത്പന്നം വില്പനയ്‌ക്ക് വയ്‌ക്കാം. തീരെ ശേഷി കുറഞ്ഞ സാഹചര്യത്തിലെ ഉത്പാദനശാല ആണെങ്കിൽ പോലും ഗുണനിലവാരവും മെച്ചപ്പെട്ട വില്പനാനന്തര സേവനവും കൈമുതലായി ഉണ്ടെങ്കിൽ നിങ്ങൾക്കും കാര്യമായ അവസരങ്ങൾ ഈ മാറിയ സാഹചര്യത്തിൽ ഉണ്ട്.ഇതൊനോടകം തന്നെ ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർ ഓൺലൈൻ വില്പനശാലകളുടെ മാർക്കറ്റ് പ്ലേസിനെ കാര്യമായി വരിച്ച് കഴിഞ്ഞു. മുൻപ് അവർക്ക് എത്താവുന്ന വിപണിക്ക് ഭൗതികമായ ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ത്യ ഉടനീളം ഒരു വിപണിയായി മലർക്കെ തുറന്ന് കിട്ടുകയാണ്. അതെ ചെറിയ കാര്യവുമല്ല,ഇന്റർനെറ്റ് പൂർവ കാലഘട്ടത്തിൽ ചിന്തിക്കാൻ പറ്റാതിരുന്ന വിപുലമായ ഇടം, അതും തീരെ കുറഞ്ഞ ചിലവിൽ കാര്യമായ പരസ്യകോലാഹലങ്ങളില്ലാതെ തന്നെ.
സ്‌നാപ്ഡീൽ എന്ന ഓൺലൈൻ വില്പനശാലയുടെ കണക്ക് പ്രകാരം, വില്പനയ്‌ക്ക് എത്തിയ സ്ഥാപനങ്ങളിൽ 30 ശതമാനം വനിതാ സംരംഭകരുടേതാണ്, അവരിൽ മിക്കവരും ആദ്യതവണ ബിസിനസിലേക്ക് എത്തിയവരും. ചൈനയിൽ നിന്ന് ഉള്ള വർത്തമാനവും കൂടി സൂചിപ്പിച്ചവസാനിപ്പിക്കാം സർക്കാർ ഉടമസ്ഥതയിലുള്ള ചൈനാ പോസ്റ്റിന്റെ ഏറ്റവും വലിയ കസ്റ്റമർ ഇന്ന് അവിടുത്തെ ഫ്ലിപ്പ്കാർട്ടായ അലിബാബ ഡോട്ട് കോം ആണ്. ഇന്ത്യാപോസ്റ്റിലും ഇതേ പോലെ ഒരു വാർത്ത ഉടനെ കേൾക്കാൻ സാധ്യതയുണ്ടങ്കിൽ അത് വലിയ അവസരമാണ് സാധാരണക്കാരായ ഉപയോക്താക്കൾക്കും ചെറുകിട സംരംഭകർക്കും എന്തിനധികം തപാൽ വകുപ്പിനും.
ടെലകോം വിപ്ലവം താഴെ തട്ടിൽ കാര്യമായ മാറ്റം ഉണ്ടാക്കിയത് പോലെ ശരിയായ നിയന്ത്രണാധികാരിയും ഉപഭോക്തൃനിയമങ്ങൾ നെറ്റ് അധിഷ്ഠിത വ്യാപാര-വാണിജ്യവിനിമയങ്ങൾക്ക് കാലനുസൃതമായി മാറ്റിയെഴുതുകയും ചെയ്‌താൽ ഓൺലൈൻ വില്പനശാലകൾ അടുത്ത മാറ്റകാഹളമാകും എന്നതിൽ തർക്കമില്ല.