കുട്ടികളിലുള്ള
ബഹുവിധ പഠനപ്രശ്നങ്ങളും ശ്രദ്ധക്കുറവ്, മടി തുടങ്ങിയ അവസ്ഥകളും നാം കണ്ടു
കഴിഞ്ഞു. അതിനുള്ള കാരണങ്ങളും അവ കണ്ടെത്തി പരിഹരിക്കേണ്ടവിധവും നാം
മനസിലാക്കി കഴിഞ്ഞിരിക്കുന്നു.കുട്ടികള്‍ എല്ലാവരും പ്രത്യേകതകള്‍
നിറഞ്ഞവരാണെന്ന യാഥാര്‍ഥ്യബോധമാണ് നമുക്ക് ഇനി വേണ്ടത്. കുട്ടികളില്‍
പഠനപ്രശ്നങ്ങള്‍ കാണുന്നതോടൊപ്പം തന്നെ അവരില്‍ പലവിധത്തിലുള്ള മികവുകളും
വിശേഷഗുണങ്ങളും കാണാറുണ്ട്.
പഠിത്തത്തില്‍ പിന്നിലാണെന്ന ഒറ്റക്കാരണത്താല്‍ അവരിലെ മറ്റു ഗുണങ്ങള്‍ തല്ലിക്കെടുത്തുകയോ, പ്രോല്‍സാഹിപ്പിക്കാതിരിക്കുകയോ ചെയ്യരുത്.കോള്‍ബ് എഴുതിയ ന്യൂറോ സൈക്കോളജി എന്ന പുസ്തകത്തിലുള്ള ഒരു കഥ പറയാം; കാട്ടിലെ മൃഗങ്ങള്‍ ചേര്‍ന്ന് ഒരു സ്കൂള്‍ തുടങ്ങാന്‍തീരുമാനിച്ചു. എല്ലാവരും തന്നെ മക്കളെ സ്കൂളില്‍ ചേര്‍ത്തു. അവരുടെ പ്രകൃത്യാലുള്ള പ്രത്യേകതകളെ സ്കൂള്‍ അധികൃതര്‍ ഏറെ പരിപോഷിപ്പിച്ചു. നന്നായി ഒാടുന്ന മുയല്‍ക്കുഞ്ഞിനെയും നന്നായി നീന്തുന്ന അരയന്നക്കുരുന്നിനെയും അതിവേഗത്തില്‍ മരം കയറി ഫലങ്ങള്‍പറിച്ചു താഴെയെത്തിക്കുന്ന അണ്ണാന്‍കുഞ്ഞിനെയും എല്ലാവരും അഭിനന്ദിക്കുകയും കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഒരു ദിവസം, മാര്‍ക്കിടാനുള്ള എളുപ്പത്തിനായി സ്കൂള്‍ അധികൃതര്‍ ഇങ്ങനെ തീരുമാനിച്ചു. എല്ലാവരും എല്ലാ വിഷയങ്ങളും പഠിക്കണം. എല്ലാവര്‍ക്കും എല്ലാ കഴിവുകളും കുറച്ചെങ്കിലും വേണം.
അതിനായി ഒാട്ടമല്‍സരത്തില്‍ ഒന്നാമതായിരുന്ന മുയല്‍ക്കുഞ്ഞിനെ സ്കൂള്‍സമയം കഴിഞ്ഞ് മരം കയറ്റം പരിശീലിപ്പിച്ചു. അരയന്നത്തിന്റെ കുഞ്ഞിനെ ഒാട്ടം പരിശീലിപ്പിച്ചു. അണ്ണാന്‍കുഞ്ഞിനെ നീന്തലും പരിശീലിപ്പിച്ചു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ, പലതവണ മരത്തില്‍നിന്നു വീണ് മുയല്‍കുഞ്ഞിന് നടക്കാന്‍പോലും കഴിയാതെയായി. അരയന്നത്തിന്റെ കുഞ്ഞുപാദങ്ങള്‍ ഒാടിയോടി വിണ്ടുകീറി നീന്താന്‍ കഴിയാതെയായി. അണ്ണാന്‍കുഞ്ഞാകട്ടെ വെള്ളത്തില്‍ക്കിടന്നു പനിയുംജലദോഷവും പിടിച്ച് അവശനിലയിലായി.
എത്ര മിടുക്കന്‍മാരായിരുന്ന കുഞ്ഞുങ്ങളെയാണു കൃത്യമായ ആസൂത്രണമില്ലാതെയുള്ളഅധ്യാപനരീതിയാലും പാഠ്യപദ്ധതികളാലും കഴിവുകെട്ടവരാക്കി മാറ്റിയത്. നമ്മുടെ കുഞ്ഞുങ്ങളും ഇതുപോലെ തന്നെയാണ്. അവരുടെ കുറവുകള്‍ പരിഹരിക്കാനും കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കാനുമാണു നാം ശ്രമിക്കേണ്ടത്. അത് അവരെ ജീവിതത്തില്‍ ഉജ്വലവിജയം നേടുവാന്‍ പ്രാപ്തരാക്കും. അല്ലാതെ എന്തിന്റെയൊക്കെയോ പൊട്ടും പൊടിയുംഅറിയുന്ന വെറുംശരാശരിക്കാരാക്കിയല്ല നാം പുതുതലമുറയെവാര്‍ത്തെടുക്കേണ്ടത്.
GUEST PAGE