സംസ്ഥാനത്ത്
റവന്യൂ വകുപ്പില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി ഡാറ്റാ ബേസ്
വെരിഫിക്കേഷന്‍ സംവിധാനം നിലവില്‍ വന്നു. ഓരോ സര്‍ട്ടിഫിക്കറ്റിന്
അപേക്ഷിക്കുമ്പോഴും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന
സ്ഥാനത്ത് ഇനി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അവരുടെ
രേഖകളുടെ നമ്പര്‍ മാത്രം നല്‍കിയാല്‍ റവന്യൂ ഓഫീസില്‍ നിന്ന്
സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. നാലു രേഖകളാണ് ആദ്യഘട്ടത്തില്‍
ഇഡിസ്ട്രിക്റ്റ് പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്, ഡ്രൈവിങ്
ലൈസന്‍സ് എന്നീ രേഖകളാണ് ഡാറ്റാ ബേസ് വെരിഫിക്കേഷനായി ഇപ്പോള്‍
ഇഡിസ്ട്രിക്റ്റ് പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ച്
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ അക്ഷയകേന്ദ്രം വഴി നടത്തിയവര്‍ക്ക് വില്ലേജ്
ഓഫീസില്‍ നിന്ന് ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍
അപേക്ഷക്കൊപ്പം മേല്‍പ്പറഞ്ഞ രേഖകളുടെ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി.
സര്‍ട്ടിഫിക്കറ്റ് കോപ്പിയോ ഒറിജിനലോ ഒന്നുംതന്നെ ഈ സമയത്ത്
നല്‍കേണ്ടതില്ല.
അപേക്ഷ
കിട്ടിയാല്‍ വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും ആ
സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ കമ്പ്യൂട്ടറില്‍ അടിച്ചാല്‍ പൂര്‍ണവിവരം
തെളിയും. വിദ്യാഭ്യാസവകുപ്പില്‍ ഒന്നര പതിറ്റാണ്ടിലേറെ കാലത്തെ ഇത്തരം
രേഖകള്‍ ഇപ്പോള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സപ്ലൈഓഫീസിലെ
റേഷന്‍ കാര്‍ഡിന്റെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിലെ ലൈസന്‍സുകളുടെ
വിവരങ്ങളുമെല്ലാം റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ക്ക് സ്വന്തം സിസ്റ്റത്തില്‍
പരിശോധനക്കായി ഇപ്പോള്‍ ലഭ്യമാണ്. ജാതി, വരുമാനം, കൈവശാവകാശം തുടങ്ങി
വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരം രേഖകള്‍ നോക്കി എളുപ്പത്തില്‍
നല്‍കാന്‍ ഇതോടെ സംവിധാനമായി.
ഭാവിയില്‍
പാസ്‌പോര്‍ട്ട് ഓഫീസുമായും നികുതി വകുപ്പുമായും സബ് റജിസ്ട്രാര്‍
ഓഫീസുമായും ആധാര്‍ കാര്‍ഡുമായുമെല്ലാം ഇത് ബന്ധിപ്പിച്ചാല്‍ കൂടുതല്‍
സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും