> പഠിക്കണം നല്ല പാഠങ്ങള്‍ | :

പഠിക്കണം നല്ല പാഠങ്ങള്‍

മധ്യകേരളത്തിലെ ഒരു ടൌണിന്റെ ഒത്തനടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് രണ്ടു സ്കൂള്‍ വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്.നിര്‍ദയം റാഗിങ് നടത്തുന്നതിനിടയില്‍ സഹപാഠിയുടെ നഗ്നചിത്രം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ വാര്‍ത്തയില്‍പ്പെട്ടതും തൊട്ടടുത്ത ദിവസംതന്നെ. എട്ടാം ക്ളാസുകാരന്റെ പാന്റ്സിന്റെ പോക്കറ്റില്‍നിന്നു മദ്യക്കുപ്പി താഴെ വീണു സ്കൂള്‍ വരാന്തയില്‍ പൊട്ടിച്ചിതറിയത് കഴിഞ്ഞ മാസം നടന്ന സംഭവമാണ്.
സഹപാഠിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ ഫോണിലാക്കി ഫോട്ടോയ്ക്ക് അശ്ലീലമായവിധത്തില്‍ രൂപമാറ്റം വരുത്തുകയും അവളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ കേരളത്തെ നടുക്കിയതും അടുത്തകാലത്താണ്.
സ്വന്തം അമ്മ കുളിക്കുന്ന രംഗം കൂട്ടുകാരുടെ മൊബൈലിലേക്ക് അയച്ചുകൊടുത്ത വിദ്യാര്‍ഥിയും സമകാലിക കേരളത്തിലുണ്ട്.ഒരാഴ്ച മുന്‍പു മാത്രം ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാളുടെ അടുത്തേക്കു വീടുവിട്ടിറങ്ങിച്ചെന്ന് പെണ്‍വാണിഭസംഘത്തിന്റെ കെണിയിലായ പതിനേഴുകാരിയും അടുത്തകാലത്തു വാര്‍ത്തയായി.
ക്ളാസ് മുറിക്കുള്ളില്‍വച്ചു ട്രൌസര്‍ ഉൌരിമാറ്റി സഹപാഠിയായ പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച നാലാം ക്ളാസുകാരന്‍ വാര്‍ത്തയിലെത്തിയില്ലെങ്കിലും അധ്യാപകരെ ഞെട്ടിച്ചതും ഈയിടെ നടന്ന സംഭവം.
ഇനി പറയൂ, നമ്മുടെ കുട്ടികള്‍ക്കെന്താണു സംഭവിച്ചത്?
അല്ല, നമുക്കെന്താണു സംഭവിച്ചത്?
 
കുറ്റപ്പെടുത്തലിന്റെ ചൂണ്ടുവിരല്‍ നീളുന്നതു കുട്ടികളുടെനേര്‍ക്കാണെങ്കിലും മറ്റു നാലു വിരലുകളും നമുക്കുനേരെയാണു ചൂണ്ടുന്നത്.അമേരിക്കയിലെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ ഡയറക്ടറായിരുന്ന ജെ. ഹൂവര്‍, കുട്ടികള്‍ക്കിടയിലെ കുറ്റവാസനകളെക്കുറിച്ചു നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്:
''തൊണ്ണൂറ്റിയഞ്ചു ശതമാനം കുട്ടിക്കുറ്റവാളികളുമുണ്ടാകുന്നത് അച്ചടക്കത്തോടെ വളര്‍ത്തപ്പെടാത്തതുകൊണ്ടു മാത്രമാണ്.
ഈ നിരീക്ഷണം തികച്ചും സത്യമെന്ന് സമകാലിക കേരളീയസമൂഹത്തിനു സാക്ഷ്യപ്പെടുത്താനാകും.കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളീയ കുടുംബജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം, കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചതാണ്. അന്‍പതു വര്‍ഷം മുന്‍പു കുട്ടികള്‍ ആശ്രിതരും അനുസരിക്കേണ്ടവരുമായിരുന്നു; മുതിര്‍ന്നവര്‍ അധികൃതരും ആജ്ഞാപിക്കുന്നവരുമായിരുന്നു അന്ന്.

പുതിയ ഗൃഹാന്തരീക്ഷത്തില്‍ മുതിര്‍ന്നവര്‍ ആജ്ഞാനുസാരികളും കുട്ടികള്‍ അധികാരികളും അമിതസ്വാതന്ത്യ്രം അനുഭവിക്കുന്നവരുമായി മാറിയിരിക്കുന്നു. ഉടുപ്പും ഇഷ്ടഭക്ഷണങ്ങളും മാത്രമല്ല, മൊബൈല്‍ ഫോണും ലാപ്ടോപ്പും, പിന്നെ വേണ്ടിടത്തോളം പണവും കൊടുത്താണ് ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ആവശ്യപ്പെടുന്നതൊക്കെ കിട്ടുകയെന്നതു തങ്ങളുടെ ജന്മാവകാശമാണെന്നു കുട്ടികള്‍ വിശ്വസിക്കുന്നു. മക്കള്‍ക്കു മുന്‍പില്‍ നിയന്ത്രണങ്ങളുടെയോ നിഷേധത്തിന്റെയോ നിലപാടു സ്വീകരിക്കാനുള്ള ധൈര്യം ഇന്നത്തെ മാതാപിതാക്കള്‍ക്കില്ല. ടെലിവിഷനു മുന്‍പില്‍ സമയം പാഴാക്കുന്നതിനെക്കുറിച്ചു പിതാവ് ശാസിച്ചതില്‍ 'മനംനൊന്ത് ആത്മഹത്യ ചെയ്ത പത്താംക്ളാസുകാരന്‍ / എട്ടാം ക്ളാസുകാരി ഒക്കെ വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ട വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.കാലം മാറിക്കൊണ്ടേയിരിക്കും; പഴയതെല്ലാം മാറി പുതിയതു പതിവായിത്തീരും; പിന്നെ അവയും പഴഞ്ചനാകും. മാറ്റങ്ങളെ ചെറുക്കാന്‍ നമുക്കാവില്ല; പക്ഷേ, മര്‍മപ്രധാനമായി കരുതേണ്ട ചില കാര്യങ്ങളില്‍ നിഷേധാത്മകമായ മാറ്റം സംഭവിക്കാതെ സൂക്ഷിച്ചില്ലെങ്കില്‍ സാമൂഹികജീവിതം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും.ലോകത്തിലെ ഏറ്റവും മനോഹരമായവയൊന്നും കണ്ടറിയാനോ തൊട്ടറിയാനോ കഴിയാത്തവയാണെന്നും അവയെല്ലാം ഹൃദയംകൊണ്ട് അനുഭവിച്ചറിയാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും ഹെലന്‍ കെല്ലര്‍ നമ്മെ ഒാര്‍മിപ്പിക്കുന്നു.
ഇതല്ലേ നാം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കേണ്ടത്? പണം കൊടുത്തു വാങ്ങാനുള്ളതല്ല യഥാര്‍ഥ സന്തോഷമെന്നു നാം അവരെ പഠിപ്പിക്കേണ്ടതല്ലേ? ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ഇരുതലമൂര്‍ച്ചയുള്ള ആയുധമാണെന്ന്, വിദ്യുച്ഛക്തിപോലെ ഒരേസമയം അനുഗ്രഹവും ആപല്‍ക്കരവുമാണെന്ന് എല്ലായ്പോഴും നാം അവരെ ഒാര്‍മിപ്പിക്കേണ്ടതല്ലേ?
പരസ്യങ്ങളും സീരിയലുകളും സിനിമയുമൊക്കെ അവതരിപ്പിക്കുന്ന ലോകം കൃത്രിമമാണെന്നും അവയിലെ കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ വിനാശമായിരിക്കും ഫലമെന്നും കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുക്കേണ്ടതല്ലേ നാം?
പുസ്തകം വായിച്ചുതുടങ്ങുംമുന്‍പു ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങുന്നതും വാട്സ്ആപ്പില്‍ ജീവിക്കുന്നതും ഒഴിവാക്കണമെന്ന് എന്തുകൊണ്ടു നാം അവര്‍ക്കു പറഞ്ഞുകൊടുക്കുന്നില്ല?
സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ചു 'ലൈക്കുകള്‍ വാരിക്കൂട്ടി ആളാകുന്നതു മാനസികവൈകല്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങളിലേക്കാവും ഇൌ പോക്കെന്ന് എന്തുകൊണ്ടു നാം താക്കീതു ചെയ്യുന്നില്ല?
കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും ഒരുമിച്ചു പ്രാര്‍ഥിക്കുകയും പരസ്പരം മനസ്സുതുറന്നു സംസാരിക്കുകയും തമ്മില്‍ തമ്മില്‍ താങ്ങും തണലുമാവുകയും ചെയ്യുന്ന വീടുകളിലാണു നല്ല കുട്ടികള്‍ വളരുന്നതെന്ന നല്ല പാഠം നാം എന്നാണു പഠിക്കുന്നത്? സമൂഹത്തെയും സഹജീവികളെയുംകുറിച്ചു കരുതലുള്ളവരാണ് യഥാര്‍ഥ മനുഷ്യരെന്ന നല്ല പാഠം നാം എന്നാണ് മക്കള്‍ക്കു പറഞ്ഞുകൊടുക്കാന്‍പോകുന്നത്?
ആ നല്ല നിമിഷങ്ങള്‍ക്കായി കാത്തിരിക്കുക, പ്രയത്നിക്കുക.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder