> The recognition given by 'Bhagwan' | :

The recognition given by 'Bhagwan'

സ്‌കൂളില്‍ കണക്കു പഠിപ്പിച്ച ഭാസ്‌കരന്‍ മാസ്റ്റര്‍ കുനിച്ചുനിര്‍ത്തി മുതുകത്ത് ഇടിച്ച വേദന ഇപ്പോഴും മനസ്സിലുണ്ട്. സയന്‍സ് പഠിപ്പിച്ച സരോജിനി ടീച്ചര്‍ കൂര്‍ത്ത നഖങ്ങള്‍കൊണ്ട് കൈത്തണ്ടയില്‍ നുള്ളിപ്പഴുപ്പിച്ചിട്ടുണ്ട്. ചൂരല്‍കൊണ്ട് കൈവെള്ള ചുവപ്പിച്ച കൃഷ്ണന്‍മാസ്റ്ററെ മറക്കാനാവില്ല. തലമുടി പിടിച്ചുവലിച്ച് ചുമരില്‍ ഇടിച്ച മാധവന്‍ മാസ്റ്ററുടെ ക്രോധമുഖം ഇടയ്ക്കിടെ ഓര്‍മയില്‍ തെളിയും. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെറ്റിച്ചതിനുള്ള ശിക്ഷയായിരുന്നു ഇതൊക്കെ. അക്കാലത്ത് അടിക്കുകയും പിച്ചുകയും ചെയ്യാത്ത അധ്യാപകര്‍ വിരളമായിരുന്നു. അടിയും ഇടിയും നുള്ളും കുരുന്നുമനസ്സില്‍ വേദന പടര്‍ത്തിയിരുന്നുവെങ്കിലും ഈ അധ്യാപകരെയൊക്കെ ഇന്നും സ്‌നേഹ ബഹുമാനത്തോടെയാണ് സ്മരിക്കാറുള്ളത്. കാരണം അവര്‍ ഏല്‍പ്പിച്ച പോറലുകള്‍ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ ഉപകരിച്ചിട്ടുണ്ട്. അവരുടെ അടിയുടെയും ഇടിയുടെയും കൂടി അംശം കൂടിക്കലര്‍ന്നതാണ് ഇന്നുള്ള ജീവിതം. ഗുരു-ശിഷ്യബന്ധം അമൂല്യമാണ്. 

ഒന്നിച്ചു പഠിച്ച പലരും ഇപ്പോള്‍ നാട്ടില്‍ അധ്യാപകരാണ്. ശമ്പളം എണ്ണിവാങ്ങുന്ന ജോലി എന്ന നിലയില്‍ അധ്യാപകവൃത്തിയെ കാണുന്നവരുണ്ട്. മനസ്സുകൊണ്ട് ഈ ജോലിയെ പ്രണയിക്കുന്നവരുമുണ്ട്. ജോലിക്കൊപ്പം സ്ഥലക്കച്ചവടവും വണ്ടിക്കച്ചവടവും നടത്തുന്ന അധ്യാപകരെ പരിചയമുണ്ട്. ഇന്‍ഷുറന്‍സ് ഏജന്റുമാരും മണിച്ചെയിന്‍ പരിപാടി നടത്തുന്നവരും ഉണ്ട്. കൊള്ളപ്പലിശയ്ക്കു പണം നല്‍കുന്നവരുണ്ട്. സ്‌കൂള്‍ വിട്ടാല്‍ മീന്‍ കച്ചവടം നടത്തുന്ന ഒരു അധ്യാപകനെ നേരില്‍പ്പരിചയമുണ്ട്. ആരെയും മോശമായി ചിത്രീകരിക്കുകയല്ല. കഴിഞ്ഞ ദിവസം തിരുവള്ളൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭഗവാന്‍ എന്ന അധ്യാപകനു വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച സ്വീകാര്യതയാണ് ഈ കുറിപ്പിലേക്കു നയിച്ചത്. 

അധ്യാപക-വിദ്യാര്‍ഥി ദൃഢബന്ധത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഈ സംഭവം. നാലുവര്‍ഷം  ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അധ്യാപകന്റെ സ്ഥലം മാറ്റം കുരുന്നുമനസ്സുകളെ സങ്കടത്തിലാഴ്ത്തി. യാത്രപറയാന്‍ ശ്രമിച്ച ഭഗവാനെ കുട്ടികള്‍ ബലമായി പിടിച്ചുവലിച്ചു തടഞ്ഞു. പോകല്ലേ എന്നു പറഞ്ഞ് കരഞ്ഞു ബഹളം വെച്ചു. സ്‌നേഹത്തിനു മുന്നില്‍ ഭഗവാനും വിങ്ങിപ്പൊട്ടി. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടയേണ്ടിവന്നു. വെറും അധ്യാപകന്‍ മാത്രമായിരുന്നില്ല ഭഗവാന്‍. കുട്ടികളുടെ സുഹൃത്തും സഹോദരനും എല്ലാമെല്ലാമായിരുന്നു. അവരുടെ മനസ്സും വിശപ്പും ഒരുമിച്ചു തിരിച്ചറിഞ്ഞു. പാഠപുസ്തകങ്ങള്‍ക്കപ്പുറം ജീവിതപാഠം പകര്‍ന്നു നല്‍കി. ഇങ്ങനെയുള്ള അധ്യാപകര്‍ അപൂര്‍വമായിരിക്കും. സിനിമയിലും സാഹിത്യത്തിലുമെല്ലാം പലതരത്തിലുള്ള അധ്യാപകരെ കണ്ടിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച വിജയന്‍ മാഷെ മലയാളി മറക്കില്ല. 'വിത്തൗട്ട് മാത്തമാറ്റിക്‌സ്, ഭൂമി ഒരു വട്ടപ്പൂജ്യം' എന്ന് പറഞ്ഞ സ്ഫടികത്തിലെ ചാക്കോ മാഷ് മറ്റൊരു അധ്യാപക പ്രതീകം. സുകുമാര്‍ അഴീക്കോട്, കുഞ്ഞുണ്ണിമാഷ്, എം.എന്‍. വിജയന്‍, ലീലാവതി ടീച്ചര്‍, സാറാജോസഫ്, എ.പി.ജെ. അബ്ദുള്‍കലാം എന്നിങ്ങനെ മികച്ച അധ്യാപകരായി കുട്ടികളുടെ മനസ്സില്‍ കുടിറേിയവര്‍ ധാരാളം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം നാട്ടിലെ ഒരു സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ നടന്‍ സലിം കുമാറിനോട് 'താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യത്തെ  തീരുമാനം എന്തായിരിക്കും' എന്ന് ഒരു കുട്ടി ചോദിച്ചു. സലിം കുമാറിന്റെ മറുപടി ഇതായിരുന്നു: '' കുട്ടികള്‍ക്കു ജീവിതം പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഒരു പീരിയഡ് ആരംഭിക്കും'' - അര്‍ഥമുള്ള ഈ വാക്കുകള്‍ സലിം കുമാര്‍ പറഞ്ഞു എന്നതുകൊണ്ട് തമാശയായി കാണേണ്ടതില്ല. 

അധ്യാപകര്‍ കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അച്ഛനാകണം, അമ്മയാകണം, ചേച്ചിയാകണം, ചേട്ടനാകണം. ഭഗവാന്‍ എന്ന അധ്യാപകന്‍ വിടപറയാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ അദ്ദേഹത്തെ ബലമായി പിടിച്ചു നിര്‍ത്തിയതും അദ്ദേഹം ഇതൊക്കെയായതു കൊണ്ടായിരിക്കണം. അധ്യാപനം അഭിരുചിയായി കൊണ്ടുനടക്കുന്നവരും കറങ്ങിത്തിരിഞ്ഞ് അധ്യാപകരാകുന്നവരും ഉണ്ട്. മറ്റു തൊഴിലെടുത്തു ജീവിക്കുന്നതുപോലെ അധ്യാപകവൃത്തി അസാധ്യമാണ്. അങ്ങനെ വരുമ്പോള്‍ അധ്യാപകന്‍ കൂലിത്തൊഴിലുകാരനാകുന്നു. അഞ്ചുമുതല്‍ 17 വയസ്സുവരെയുള്ള പ്രായത്തില്‍ ഒരു കുട്ടി 25,000 മണിക്കൂര്‍ വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അവന്റെ ഭാവിജീവിതം നിശ്ചയിക്കപ്പെടുന്ന കാലവും മണിക്കൂറുകളും കൂടിയാണിത്. അവിടെ പിഴച്ചാല്‍ പോയി. ഉയര്‍ന്ന ചിന്തയും കാഴ്ചപ്പാടുമുള്ള അധ്യാപകരുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നത് ഇവിടെയാണ്. 

ഡോക്ടറുടെയും ഡ്രൈവറുടെയും കൈപ്പിഴ ജീവനുകളെ അപഹരിക്കും. എന്നാല്‍  അധ്യാപകന്റെ കൈപ്പിഴ സമൂഹത്തെ മൊത്തമായാണ് ബാധിക്കുക. കുട്ടികളുടെ താത്കാലിക വിജയത്തിനപ്പുറം ഉയര്‍ന്ന ചിന്തകളുള്ള ചിറകിലേറി സ്വപ്നം കാണാന്‍ അധ്യാപകന്‍ അവരെ പ്രേരിപ്പിക്കണം. ഉള്‍വിളിയോടെ മാത്രം അധ്യാപകവൃത്തി സ്വീകരിച്ചവര്‍ക്കു മാത്രമേ ഇതിനു സാധിക്കുകയുള്ളൂ. സാങ്കേതികമായും മറ്റെല്ലാം കൊണ്ടും കാലം മാറുകയാണ്. കുട്ടികളുടെ ജീവിതരീതികളും വീക്ഷണങ്ങളും മാനസികനിലയും ഇതനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് അധ്യാപകരും മാറ്റത്തിനു തയ്യാറാകണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോള്‍ നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇങ്ങനെയുള്ള നല്ല വിദ്യാലയങ്ങളില്‍നിന്നും നല്ല സമൂഹം ഉണ്ടാകും.
#പ്രശാന്ത് കാനത്തൂര്‍

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder