> Register in E-Filing Portal | :

Register in E-Filing Portal

ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും നമ്മുടെ പാന്‍ നമ്പരില്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ള ആദായനികുതി വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള Form 26AS പരിശോധിക്കുന്നതിനുമെല്ലാം ആദായ നികുതി വകുപ്പിന്‍റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ എന്നത് ഒറ്റത്തവണ മാത്രം ചെയ്യേണ്ട പ്രക്രിയയാണ്. 
രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ നല്‍കിയിട്ടുള്ള നടപടി ക്രമങ്ങള്‍ പിന്‍തുടരുക.
ആദ്യമായി  www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
അതിന് ശേഷം വെബ്സൈറ്റിന്‍റെ ഹോം പേജില്‍ വലത് ഭാഗത്ത് മുകളിലായി കാണുന്ന Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ Select User Type എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ Individual എന്നത് സെലക്ട് ചെയ്ത് അതിന് താഴെയുള്ള Continue എന്ന ബട്ടണില്‍ അമര്‍ത്തുക.
അപ്പോള്‍ നമ്മുടെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള താഴെ കാണുന്ന വിന്‍ഡോയിലെത്തും.


PAN നമ്പര്‍ - ഇത് വളരെ കൃത്യമായി വലിയ അക്ഷരത്തില്‍ എന്‍റര്‍ ചെയ്യുക. ഈ പാന്‍ നമ്പരാണ് ഇനി നമുക്ക് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള യൂസര്‍ നെയിം ആയി അലോട്ട് ചെയ്യുന്നത്.
രണ്ടാമത്തെ സെക്ഷനില്‍ നമ്മുടെ പേരിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.  ഇതിനെക്കുറിച്ച് അല്പം കൂടുതല്‍ വിശദീകരണം ആവശ്യമാണ്. നമ്മുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള പേരാണ് നല്‍കേണ്ടത്. പാന്‍കാര്‍ഡില്‍ നമ്മുടെ പേര് First Name, Middle Name, Surname എന്ന ഫോര്‍മാറ്റില്‍ ആണ് ഉണ്ടായിരിക്കുക. ഇതില്‍ ഇനിഷ്യല്‍ അനുവദനീയമല്ല. ഒന്നുകില്‍ പേര് മാത്രം അല്ലെങ്കില്‍ പേരും ഇനിഷ്യലിന്‍റെ മുഴുവന്‍ രൂപവും കൂടി ചേര്‍ത്തോ ആയിരിക്കും പാന്‍ കാര്‍ഡില്‍ ഉണ്ടായിരിക്കുക. ഉദാഹരമായി ഒന്നുകില്‍
ABDURAHIMAN എന്നോ അല്ലെങ്കില്‍ ABDURAHIMAN VALIYA PEEDIYAKKAL എന്നോ ആയിരിക്കും പാന്‍ കാര്‍ഡില്‍ ഉണ്ടായിരിക്കുക. ഒരിക്കലും ABDURAHIMAN V P എന്ന് പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ ഉണ്ടായിരിക്കുകയില്ല. ഡാറ്റാ ബേസിലുള്ള പേര് അതേ പോലെ നല്‍കിയാല്‍ മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഒരാളുടെ പാന്‍ കാര്‍ഡിലെ പേരിന് ഒരു ഭാഗം മാത്രമേയുള്ളൂ  എങ്കില്‍ ( Eg : SUNIL )  അത് Surname എന്ന കോളത്തില്‍ നല്‍കിയാല്‍ മതി. First Name, Middle Name എന്നിവയില്‍ ഒന്നും നല്‍കേണ്ടതില്ല.
എന്നാല്‍ പേരിന് രണ്ട് ഭാഗങ്ങളുണ്ടെങ്കില്‍ ( Eg : SUNIL KUMAR )  ആദ്യത്തെ ഭാഗം First Name എന്ന കോളത്തിലും രണ്ടാമത്തെ ഭാഗം Surname എന്ന കോളത്തിലും നല്‍കിയാല്‍ മതി. Middle Name എന്നതില്‍ ഒന്നും നല്‍കേണ്ടതില്ല
പേരിന് മൂന്ന് ഭാഗങ്ങളുണ്ടെങ്കില്‍ ( Eg : SUNIL MADHAV KUMAR )  ആദ്യത്തെ ഭാഗം First Name എന്ന കോളത്തിലും രണ്ടാമത്തെ ഭാഗം Middle Name എന്ന കോളത്തിലും അവസാനത്തെ ഭാഗം Surname എന്ന കോളത്തിലും നല്‍കുക
അപ്പോള്‍ പലരും എന്‍റെ പാന്‍കാര്‍ഡില്‍ പേരിന്‍റെ കൂടെ ഇനിഷ്യല്‍ ഉണ്ടല്ലോ.. എന്ന ഒരു ചോദ്യം ഉന്നയിക്കാം.  അതിനുള്ള കാരണം പറയാം. പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നമ്മുടെ പേര് മുകളില്‍ പറഞ്ഞത് പോലെ First Name, Middle Name, Surname എന്ന ഫോര്‍മാറ്റിലേ നല്‍കാന്‍ കഴിയൂ. എന്നാല്‍ പാന്‍ കാര്‍ഡിന്‍റെ അപേക്ഷാ ഫോമില്‍ പേരിന്‍റെ വിവരങ്ങള്‍ നല്‍കിയതിന് ശേഷം താഴെയായി Name to be printed on Card? എന്ന ഒരു ഫീല്‍ഡ് കൂടി ഉണ്ടായീരുന്നു. അതില്‍ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ പേര് നല്‍കാമായിരുന്നു. അതില്‍ Surname ഉള്‍ക്കൊണ്ടിരിക്കണം എന്ന് മാത്രമേയുള്ളു. ഈ ഫീല്‍ഡില്‍ നല്‍കിയത് എന്താണോ അതാണ് നാം പാന്‍ കാര്‍ഡിന് മുകളില്‍ കാണുക. എന്നാല്‍ പാന്‍ ഡാറ്റാ ബേസില്‍ ഉള്ള പേര് നിര്‍ബന്ധമായും  First Name, Middle Name, Surname എന്ന ഫോര്‍മാറ്റിലായിരിക്കും. ഉദാഹരണമായി  ABDURAHIMAN VALIYA PEEDIYAKKAL എന്നതില്‍ ABDURAHIMAN എന്നത് First Name ഉം  VALIYA എന്നത് Middle Name ഉം  PEEDIYAKKAL  എന്നത് Surname ഉം ആണ്. എന്നാല്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ Name to be printed on Card ? എന്നതിന് നേരെ ABDURAHIMAN V P എന്ന് നല്‍കിയിരുന്നെങ്കില്‍ ഇതാണ് കാര്‍ഡില്‍ പ്രിന്‍റ് ചെയ്ത് വരിക. നമ്മുടെ മുഴുവന്‍ രൂപത്തിലുള്ള പേര് അപ്പോള്‍ നമുക്ക് കാര്‍ഡില്‍ കാണാന്‍ കഴിയില്ല.
അപ്പോള്‍ നമ്മുടെ പാന്‍ കാര്‍ഡിന് മുകളില്‍ കാണുന്ന പേര് നല്‍കിയാല്‍ Data Doesn't Exist എന്ന എറര്‍ മെസേജ് ലഭിക്കും. ഇങ്ങിനെ വരികയാണെങ്കില്‍ നമ്മുടെ പാന്‍ ഡാറ്റാബേസ് പ്രകാരമുള്ള പേര് എങ്ങിനെയാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്.
ഇത് കണ്ടെത്തുന്നതിനുള്ള സജ്ജീകരണം നേരത്തെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ആ ലിങ്ക് ലഭ്യമല്ല. ആയത് കൊണ്ട് പാന്‍ ഡാറ്റാബേസിലുള്ള മുഴുവന്‍ പേര് കണ്ടെത്തുന്നതിനുള്ള മൂന്ന് മാര്‍ഗ്ഗങ്ങള്‍ പറയാം...
a) Contact Income Tax Call Center
പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമായി അറയുന്നതിന് ആദായ നികുതി വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പരായ 1800 180 1961 എന്ന നമ്പരില്‍ വിളിച്ച് പാന്‍ നമ്പര്‍, ജനന തിയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഫോണ്‍ അറ്റന്‍റ് ചെയ്യുന്ന കസ്റ്റമര്‍ എക്സിക്യൂട്ടിവ്  പേരിന്‍റെ വിവരങ്ങള്‍ പറഞ്ഞു തരുന്നതാണ്. എന്നാല്‍ പലപ്പോഴും ഈ നമ്പരില്‍ കണക്ട് ചെയ്യുവാന്‍ പ്രയാസം നേരിടാറുണ്ട്. അങ്ങിനെ വരികയാണെങ്കില്‍ തുടര്‍ന്നുള്ള രണ്ട് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുക.
b) Through E-Pay Tax Link
ഇത് ഒരു വക്രമായ മാര്‍ഗ്ഗമാണ്. ഈ രീതിയില്‍ അവസാനം നമുക്ക് പേരിന്‍റെ പൂര്‍ണ്ണ രൂപം ലഭിക്കുമെങ്കിലും പേരിലെ ചില അക്ഷരങ്ങള്‍ക്ക് പകരം X എന്ന അക്ഷരം ചേര്‍ത്ത് മറച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ First Name, Middle Name, Surname എന്നീ സ്ഥാനങ്ങളില്‍ ഏതാണ് വരുന്നത് എന്ന് അറിയാന്‍ സാധിക്കും. നമ്മുടെ പേരിന്‍റെ സ്പെല്ലിംഗ് കൃത്യമായി നമുക്ക് അറിയാം എന്നുള്ളത് കൊണ്ട് ബാക്കി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇതിന് നാം ചെയ്യേണ്ടത്, നാം ഓണ്‍ലൈനായി ടാക്സ് അടക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെങ്കിലും ടാക്സ് അടക്കാനെന്ന വ്യാജേന താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് NSDL ന്‍റെ  e-payment  വെബ്സൈറ്റില്‍ പ്രവേശിക്കുക.
Click Here to visit E-Pay Tax Website
ഈ വെബ്സൈറ്റില്‍  പേജിന്‍റെ താഴ് ഭാഗത്തായി കാണുന്ന  CHALLAN NO./ITNS 280 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന  വിന്‍ഡോയില്‍ സ്റ്റാര്‍ മാര്‍ക്ക് കൊടുത്തിട്ടുള്ള നിര്‍ബന്ധിത ഫീല്‍ഡുകള്‍ മാത്രം ഫില്‍ ചെയ്യുക.അതിന് ശേഷം Proceed ബട്ടണ്‍ അമര്‍ത്തുക
തുടര്‍ന്ന് ഒരു Confirm Data Page ദൃശ്യമാകും. ഈ പേജില്‍ നിങ്ങളുടെ പാന്‍ ഡാറ്റാബേസിലുള്ള പേര് പ്രത്യക്ഷപ്പെടും. പക്ഷെ ചില അക്ഷരങ്ങള്‍ക്ക് പകരം X ചേര്‍ത്തിരിക്കും.. പ്രസ്തുത പേര് എഴുതി വെച്ചതിന് ശേഷം E-payment നടപടികള്‍ ക്യാന്‍സല്‍ ചെയ്ത് പിറകോട്ട് പോകുന്നതിന് വേണ്ടി പ്രസ്തുത പേജ് ക്ലോസ് ചെയ്യുക
c) By using Android Applications
ഇന്ന് നാം ഏറെപ്പേരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സൗജന്യമായതും അല്ലാത്തതുമായ നിരവധി ആന്‍ഡ്രോയിഡ് അപ്ലിക്കേഷനുകള്‍ Google Play Store ല്‍ ലഭ്യമാണ്.  പ്ലേ സ്റ്റോര്‍ അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് സെര്‍ച്ച് ബോക്സില്‍ PAN CARD എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ PAN Card Search, Scan, Verify & Application Status എന്ന് കാണുന്ന ഐക്കണോടു കൂടിയ ഒരു അപ്ലിക്കേഷന്‍ കാണാം
ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതില്‍ പല തരത്തിലുള്ള സേവനങ്ങളുണ്ട്. ഇതില്‍ എല്ലാം തന്നെ സൗജന്യമല്ല. ചില സേവനങ്ങള്‍ക്ക് പണം നല്‍കണം. എന്നാല്‍ ഇതില്‍ ആദ്യം കാണുന്ന Search By PAN എന്ന ഓപ്ഷന്‍ തികച്ചും സൗജന്യമാണ്. മൊബൈലില്‍ ഡാറ്റാ സര്‍വ്വീസ് ഓണ്‍ ആയിരിക്കണം. 

Click Here to Install this Application through your Google Account
പേര് കൃത്യമായി കണ്ടെത്തി എന്‍റര്‍ ചെയ്തതിന് ശേഷം അതിന് താഴെ ജനന തീയതി എന്‍റര്‍ ചെയ്യുക
തുടര്‍ന്ന് Residential Status എന്നതിന് നേരെ Residential എന്നതില്‍ ടിക് രേഖപ്പെടുത്തിയതിന് ശേഷം Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Password Details, Contact Details, Address of Individual എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ കാണാം.
Password Details
ഈ സെക്ഷനില്‍ ആദ്യഭാഗത്ത് നമുക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനാവശ്യമായ പാസ് വേര്‍ഡ് സെറ്റ് ചെയ്യുക.
പാസ് വേര്‍ഡില്‍ 8 മുതല്‍ 14 വരെ ക്യാരക്ടറുകള്‍ ഉണ്ടായിരിക്കണം.
അക്കങ്ങളും അക്ഷരങ്ങളും ഉണ്ടായിരിക്കണം
ചുരുങ്ങിയത് ഒരു വലിയ അക്ഷരവും ഒരു ചെറിയ  അക്ഷരവും ഉണ്ടായിരിക്കണം. പാസ് വേര്‍ഡില്‍ സ്പേസുകള്‍ അനുവദിക്കുന്നതല്ല
Confirm Password എന്നതിന് നേരെയും ഇതേ പാസ് വേര്‍ഡ് കൃത്യമായി നല്‍കണം.
അതിന് താഴെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രണ്ട് സെക്യൂരിറ്റി ക്വസ്റ്റ്യനുകള്‍ കോമ്പോ ബോക്സില്‍ നിന്ന് സെലക്ട് ചെയ്യുകയും അതിന് അനുയോജ്യമായ ഉത്തരങ്ങള്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. ഇവിടെ നല്‍കിയ ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് എന്നും ഓര്‍മ്മയുണ്ടായിരിക്കണം. കാരണം പിന്നീട് ലോഗിന്‍ പാസ് വേര്‍ഡ് മറന്നു പോയാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പാസ് വേര്‍ഡ് റീസെറ്റ് ചെയ്യാവുന്നതാണ്.
Contact Details
ഇവിടെ നിങ്ങള്‍ നിങ്ങളുടെ കോണ്‍ടാക്ട് നമ്പരുകളും ഇ-മെയില്‍ വിലാസവുമാണ് നല്‍കേണ്ടത്. Landline Number, Fax Number എന്നിവ നിര്‍ബന്ധമുള്ള കാര്യങ്ങളല്ല. പിന്നീടുള്ളത് Primary Mobile Number, Secondary Mobile Number, Primary Email ID, Secondary Email ID എന്നിവയാണ്. ഇതില്‍ Primary Mobile Number, Primary Email ID എന്നിവ നിര്‍ബന്ധമായും നല്‍കണം. ഇത് അവരവരുടെ സ്വന്തം തന്നെ നല്‍കാന്‍ ശ്രമിക്കുക. കാരണം ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ കമ്മ്യൂണിക്കേഷനുകളും ഇതിലേക്കാണ് വരുന്നത്. നാല് കാര്യങ്ങളാണ് നല്‍കേണ്ടത്. Secondary Mobile Number, Secondary Email ID എന്നിവ നല്‍കണമെന്ന് നിര്‍ബന്ധമില്ല.
Address of Individual
ഇതില്‍ നിങ്ങളുടെ മേല്‍വിലാസം അതത് ഫീല്‍ഡുകളില്‍ കൃത്യമായി നല്‍കുക. അതിന് ശേഷം Continue ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന മെസേജ് ബോക്സ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ നിങ്ങളുടെ പ്രൈമറി മൊബൈല്‍ നമ്പരിലേക്കം പ്രൈമറി ഇ-മെയിലിലേക്കും ഓരോ One Time Password (OTP) വന്നിട്ടുണ്ടായിരിക്കും. ഈ വിന്‍ഡോയില്‍ Confirm ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ താഴെ കാണുന്ന  Registration Verification ഫോം ഓപ്പണ്‍ ചെയ്യും. ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഈ വിന്‍ഡോ ക്ലോസ് ചെയ്യാതെ ബ്രൗസറില്‍ പുതിയ ഒരു ടാബ് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ പ്രൈമറി ഇ-മെയിലായി നല്‍കിയ ഇമെയിലില്‍ ലോഗിന്‍ ചെയ്യുക. അതില്‍ ഇ-ഫയലിംഗ് വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടായിരിക്കും. പ്രസ്തുത മെയില്‍ ഓപ്പണ്‍ ചെയ്യുക.അതില്‍ കാണിച്ചിട്ടുള്ള Email OTP നോട്ട് ചെയ്ത് വെരിഫിക്കേഷന്‍ വിന്‍ഡോയിലെ E-Mail OTP എന്ന ബോക്സില്‍ എന്‍റര്‍ ചെയ്യുക.
കൂടാതെ നിങ്ങളുടെ മൊബൈലില്‍ മെസേജ്ആയി വന്നിട്ടുള്ള OTP കൃത്യമായി Mobile OTP എന്നതിന് നേരെയും എന്‍റര്‍ ചെയ്യുക.
അതിന് ശേഷം Validate എന്ന ബട്ടണില്‍ അമര്‍ത്തുക.
അപ്പോള്‍ Registration Verification പൂര്‍ത്തിയാവുകയും താഴെ കാണുന്ന മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് കാണിച്ചു കൊണ്ട് ഒരു ഇ-മെയില്‍ വരികയും കൂടാതെ മൊബൈലിലേക്ക് ഒരു മെസേജ് വരികയും ചെയ്യും.
ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ യുസര്‍ ഐ.ഡി (അഥവാ പാന്‍ നമ്പര്‍), നിങ്ങള്‍ സെറ്റ് ചെയ്ത പാസ് വേര്‍ഡ്, ജനന തീയതി എന്നിവ ഉപയോഗിച്ച് ഇ-ഫയിലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder