> Pay Revision Arrear & Income Tax | :

Pay Revision Arrear & Income Tax

ഈ വര്‍ഷത്തെ  പ്രത്യേകതയാണ് നമുക്ക് ലഭിച്ചിട്ടുള്ള പേ-റിവിഷന്‍ അരിയറുകള്‍. 2014 ജൂലൈ-1 എന്ന തിയ്യതി വെച്ചാണ് പേ-റിവിഷന്‍ നിലവില്‍ വന്നത്. എന്നാല്‍ 2016 ഫെബ്രുവരി മുതലാണ് പുതുക്കിയ നിരക്കിലുള്ള ശമ്പളം കയ്യില്‍ ലഭിക്കാന്‍ തുടങ്ങിയത്. ജൂലൈ 2014 മുതല്‍ ജനുവരി 2016 വരെയുള്ള ശമ്പളം അരിയറായി കണക്കാക്കി നാല് ഗഡുക്കളായി തിരിക്കുകയും ഇതിനോടകം തന്നെ ഇതില്‍ രണ്ട് ഗഡുക്കള്‍ പി.എഫി ല്‍ ലയിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. ഇത് നാം 2017-18 വര്‍ഷത്തെ വരുമാനമായി കണക്കാക്കുകയും ആദായ നികുതി കണക്കാക്കുമ്പോള്‍ പരിഗണിക്കേണ്ടതുമാണ്. ആയത് കൊണ്ട് ആദ്യം ഈ രണ്ട് ഗഡുക്കുളും കൂടിയ തുക Pay Revision Arrear എന്ന കോളത്തില്‍ വരുമാനമായി കാണിക്കണം. ഇത് കൈയില്‍ ലഭിക്കാതെ പി.എഫില്‍ ലയിപ്പിച്ചതായതുകൊണ്ട് ഇത് പി.എഫി ലെ ഈ വര്‍ഷത്തെ ഡിഡക്ഷനായും കണക്കാക്കാവുന്നതാണ്. എന്നാല്‍ ഇതു കൂടാതെ തന്നെ 80 സി യിലെ പരമാവധി ഡിഡക്ഷനായ 1,50,000 രൂപ കവിഞ്ഞിട്ടുണ്ടെങ്കില്‍ പി.എഫി ല്‍ ഡിഡക്ഷനായി കാണിക്കുന്നതിന്‍റെ പ്രയോജനം ലഭിക്കില്ല. പക്ഷെ വരുമാനത്തില്‍ ഇത്രയും തുക കൂടുകയും അതിന്‍റെ മുകളില്‍ അധികനികുതി അടക്കേണ്ടതായും വരും. ഇപ്പോള്‍ പി.എഫി ല്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ള തുക ഈ വര്‍ഷത്തെ ഡിഡക്ഷനായി മാത്രമേ പരിഗണിക്കാവു. അതിനെ കഴിഞ്ഞ വര്‍ഷത്തേക്ക് വീതിച്ച് അന്നത്തെ 80 സി ഡിഡക്ഷന്‍ കൂട്ടുവാന്‍ അനുവദിക്കാറില്ല.
(2014-15, 2015-16 വര്‍ഷത്തെ സാലറി ഈ വര്‍ഷം ലഭിച്ചത് കൊണ്ടുള്ള അധിക നികുതി ബാധ്യത കുറയ്ക്കാന്‍ 10 E ഉപയോഗിക്കാം. 2014-15, 2015-16 വര്‍ഷങ്ങളില്‍ ടാക്സ് അടയ്ക്കാത്തവര്‍ ഈ വര്‍ഷം ടാക്സ് നല്‍കേണ്ടി വരുന്നു എങ്കില്‍ 10 E റിലീഫ് ലഭിച്ചേക്കും. ഈ വര്‍ഷം 5 ലക്ഷത്തില്‍ കൂടുതല്‍ Taxable income ഉണ്ടായിരിക്കുകയും 2014-15, 2015-16 വര്‍ഷങ്ങളില്‍ 5 ലക്ഷത്തില്‍ കുറവും ആണെങ്കിലും റിലീഫ് ലഭിക്കാന്‍ സാധ്യത ഉണ്ട്.)
ഇപ്പോള്‍ ലഭിച്ചിട്ടുള്ള പേ-റിവിഷന്‍ അരിയറിനുള്ള പ്രത്യേകത നമുക്ക് അറിയാം. ആദ്യം 2014 ജൂലൈ മാസം മുതല്‍ 2016 ജനുവരി മാസം വരെയുള്ള മൊത്തം അരിയര്‍ കണക്കാക്കുകയും പിന്നീട് അത് നാല് ഗഡുക്കളായി തരികയുമാണ് ചെയ്യുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നമ്മള്‍ രണ്ട് ഗഡു വാങ്ങിയിരിക്കും. അപ്പോള്‍ ഉയര്‍ന്നേക്കാവുന്ന ഒരു സംശയം ഈ കിട്ടുന്ന ഗഡുക്കള്‍ ഏതൊക്കെ മാസങ്ങളിലേക്കുള്ളതെന്ന് നമുക്ക് വേര്‍തിരിക്കാന്‍ കഴിയില്ല. അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യണമെങ്കില്‍ ലഭിച്ച അരിയറുകള്‍ ഏതൊക്കെ മാസങ്ങളിലേക്കാണ് എന്ന് വ്യക്തമായി അറിയുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് എത്രയൊക്കെ തുകകളാണ് ലഭിച്ചത് എന്ന് കാല്‍ക്കുലേറ്റ് ചെയ്യുകയും വേണം. ഇവിടെ അതിന് സാധ്യമല്ല. കാരണം നമുക്ക് മൊത്തത്തിലുള്ള തുക കണക്കാക്കി അതിന്‍റെ ഗഡുക്കളാണ് ലഭിക്കുന്നത്. ഇത് എങ്ങിനെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ച് പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല.അപ്പോള്‍ യുക്തി പൂര്‍വ്വം നമുക്ക് ചെയ്യാവുന്ന ഒരു രീതി ഇവിടെ പ്രതിപാദിക്കാം.
2014 ജൂലൈ മാസം മുതല്‍ 2016 ജനുവരി വരെയുള്ള അരിയറാണ് നമുക്ക് ലഭിക്കുന്നത്, ഇതില്‍ 2014 ജൂലൈ മുതല്‍ 2015 ഫെബ്രുവരി വരെയുള്ളത് 2014-15 സാമ്പത്തിക വര്‍ഷത്തേക്കും 2015-മാര്‍ച്ച് മുതല്‍ 2016 ജനുവരി വരെയുള്ളത് 2015-16 സാമ്പത്തിക വര്‍ഷത്തേക്കും ബാധകമായ അരിയറുകളാണ്. ഈ രണ്ട് സാമ്പത്തിക വര്‍ഷത്തേക്കുള്ള 10 ഇ ഫോമാണ് നാം തയ്യാറാക്കേണ്ടത്. ആദ്യം സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന അരിയറിന്‍റെ Due-Drwan Statement നോക്കി ഈ കാലയളവില്‍ ലഭിക്കുന്ന പേ-റിവിഷന്‍ അരിയര്‍ ഓരോ മാസത്തേതും പ്രത്യേകം പ്രത്യേകം എഴുതി വെക്കുക. എന്നിട്ട്  നിങ്ങള്‍ പേ-റിവിഷന്‍ അരിയറിന്‍റെ രണ്ട് ഗഡു പി.എഫി ല്‍ ലയിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ മാസത്തിലും കിട്ടാവുന്നതിന്‍റെ പകുതി ലഭിച്ചതായി അനുമാനിച്ച് (ആകെ 4 ഗഡുവില്‍ 2 ഗഡു) പകുതി മാത്രം ഓരോ മാസത്തെയും അരിയര്‍ കോളത്തില്‍ കാണിക്കുക. ഇനി ഒരു ഗഡു മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളുവെങ്കില്‍ Due-Drwan Statement ല്‍ കാണുന്ന തുകയുടെ കാല്‍ ഭാഗം മാത്രം ലഭിച്ചതായി കണക്കാക്കി ( 4 ഗഡുവില്‍ 1 ഗഡു)  അത്രയും തുക മാത്രം  ഓരോ കോളത്തിലും കാണിക്കുക.  ഇനി മുന്നാമത്തെയും നാലാമത്തെയും ഗഡുക്കള്‍ വരും സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമ്പോള്‍ വീണ്ടും ഇതേ വര്‍ഷങ്ങളിലേക്ക് 10 E ചെയ്യാവുന്നതാണ്.അരിയറിന് ലഭിച്ച പലിശ റിലീഫ് കാല്‍ക്കുലേഷന് കണക്കാക്കുന്നതല്ല. അത് ഒരു കാരണവശാലും എന്‍റര്‍ ചെയ്യരുത്.
അരിയര്‍ റിലീഫിന്‍റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. പ്രയോജനമുള്ളവര്‍ മാത്രം റിലീഫ് ക്ലെയിം ചെയ്താല് മതി. പേ-റിവിഷന്‍ അരിയര്‍ 2014-15, 2015-16 എന്നീ വര്‍ഷങ്ങളിലേക്കാണ് ബാധകമായിട്ടുള്ളത്. ഈ രണ്ട് വര്‍ഷങ്ങളില്‍ ഡിഡക്ഷനുകള്‍ക്ക് ശേഷമുള്ള വരുമാനം നികുതി വിധേയ വരുമാനത്തിലെത്താവര്‍ക്ക് തിര്‍ച്ചയായും അരിയര്‍ റിലീഫ് ലഭിക്കും.ഇനി ഈ വര്‍ഷങ്ങളില്‍ നികുതി അടച്ചിട്ടുള്ളവര്‍ക്കും അരിയര്‍ റിലീഫിന്‍റെ പ്രയോജനം ലഭിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി അടച്ചിട്ടുണ്ടെങ്കില്‍ നികുതി അടച്ചവര്‍ക്ക് റിലീഫിന് അര്‍ഹതയില്ല എന്ന് ചിലര്‍ കരുതുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. കാരണം ഒരു പക്ഷെ ഈ വര്‍ഷം നമ്മള്‍ ഉയര്‍ന്ന നികുതി സ്ലാബിലെത്തുകയും ഈ തുക മുന്‍വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ കുറഞ്ഞ നികുതി സ്ലാബുകളിലായി മാറുകയും ചെയ്യുന്നവര്‍ക്ക് റിലീഫിന്‍റെ നേട്ടം ലഭിക്കും. ഉദാഹരണമായി ഈ വര്‍ഷം നികുതി വിധേയ വരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞ് 20ശതമാനം നിരക്കില്‍ നികുതി അടക്കേണ്ടി വരുന്ന ഒരാള്‍ക്ക് ഒരു പക്ഷെ കഴിഞ്ഞ വര്‍ഷത്തെ നികുതി വിധേയ വരുമാനം 5 ലക്ഷത്തിലും ഒരു പാട് താഴെയാണെങ്കില്‍ ഇപ്പോള്‍ ലഭിച്ച അരിയര്‍ കഴിഞ്ഞ വര്‍ഷത്തേക്ക് മാറ്റുമ്പോള്‍ ഈ വര്‍ഷം 20 ശതമാനം നികുതി അടക്കുന്നതിന് പകരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്‍റെ കൂടെ കൂട്ടിയാലും ഇതിന് 10 ശതമാനം നിരക്കില്‍ മാത്രമേ നികുതി വരുന്നുള്ളൂ. ആയത് കൊണ്ട് ഇത്തരക്കാര്‍ക്ക് ഈ തുകയുടെ മേല്‍ 10 ശതമാനത്തിന്‍റെ ലാഭം കിട്ടും.
കഴിഞ്ഞ വര്‍ഷങ്ങളിലെ നികുതി വിധേയ വരുമാനം 2½ ലക്ഷത്തിനും ഒരു പാട് താഴെയാണെങ്കില്‍ (അഥവാ അരിയര്‍ ഈ വര്‍ഷങ്ങളിലേക്ക് ചേര്‍ത്താലും 2½ ലക്ഷത്തില്‍ അധികമാവില്ല എങ്കില്‍ ) തീര്‍ച്ചയായും  റിലീഫ് ലഭിക്കും.
കഴിഞ്ഞ വര്‍ഷങ്ങളിലെ നികുതി വിധേയ വരുമാനങ്ങളും ഈ വര്‍ഷത്തെ അരിയര്‍ അടക്കമുള്ള നികുതി വിധേയ വരുമാനവും 2½ ലക്ഷത്തിന് മുകളിലും 5 ലക്ഷത്തിന് താഴെയുമാണെങ്കില്‍ റിലീഫ് ലഭിക്കുകയില്ല. കാരണം ഈ വര്‍ഷം 2½ ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള വരുമാനത്തിന് 5 ശതമാനം മാത്രമേ നികുതിയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളിലേത് ഇത് 10 ശതമാനമാണ്. അപ്പോള്‍ അരിയര്‍ ഈ വര്‍ഷത്തില്‍ തന്നെ നില നിര്‍ത്തുന്നതാണ് നല്ലത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ നികുതി വിധേയ വരുമാനം 2½ ലക്ഷത്തിന് തൊട്ട് താഴെ ( അരിയര്‍ കൂടി കൂട്ടുമ്പോള്‍ 2½ ലക്ഷത്തിന് മുകളില്‍ വരുന്ന രീതിയില്‍)  എത്തി നില്‍ക്കുകയും ഈ വര്‍ഷത്തെ നികുതി വിധേയ വരുമാനം 2½ ലക്ഷത്തിന് മുകളിലായിരിക്കുകയും ചെയ്താല്‍ തുകയ്ക്കനുസരിച്ച് വ്യത്യാസങ്ങള്‍ വരാം. ഉദാഹരണമായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2,40,000 രൂപയും ഊ വര്‍ഷത്തേത് 50,000 രൂപ അരിയറടക്കം 4 ലക്ഷവും വരുന്നുവെങ്കില്‍ റിലീഫ് ലഭിക്കില്ല. കാരണം 50000 കഴിഞ്ഞ വര്‍ഷത്തേക്ക് മാറ്റുകയാണെങ്കില്‍ 2½ ലക്ഷത്തിലേക്ക് കുറവുള്ള 10,000 രൂപയ്ക്ക് നികുതിയില്ല. ബാക്കി 40,000 രൂപയ്ക്ക് 10 ശതമാനം (4000 രൂപ) നികുതി വരുന്നു. എന്നാല്‍ ഈ 50,000 ഈ വര്‍ഷത്തില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ ഈ 50,000 രൂപയുടെ 5 ശതമാനം ( 2500 രൂപ ) മാത്രമേ നികുതി വരുന്നുള്ളൂ. അപ്പോള്‍ റിലീഫ് ആനുകൂല്യം ലഭിക്കില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 260000 രൂപയായിരുന്നെങ്കില്‍ അരിയര്‍ ആയ 50000 രൂപ കഴിഞ്ഞ വര്‍ഷത്തേക്ക് മാറ്റുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തില്‍ 10000 രൂപയുടെ മുകളില്‍ 10 ശതമാനം (1000 രൂപ )മാത്രമേ നികുതി വരുന്നുള്ളൂ. എന്നാല്‍ അരിയര്‍ ഈ വര്‍ഷത്തില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ 50000 രൂപയുടെ മേല്‍ 5 ശതമാനം ( 2500 രൂപ ) നികുതി വരുന്നു. അപ്പോള്‍ അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്താല്‍ 1500 രൂപയുടെ നേട്ടം ലഭിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2½ ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലും ഈ വര്‍ഷത്തെ അരിയര്‍ അടക്കമുള്ള വരുമാനം 5 ലക്ഷത്തിന് മുകളിലുമാണെങ്കില്‍ അരിയര്‍ റിലീഫ് ലഭിക്കും. കാരണം അരിയര്‍ കഴിഞ്ഞ വര്‍ഷത്തെക്ക് മാറ്റുകയാണെങ്കില്‍ അരിയറിന് മുകളില്‍ 10 ശതമാനമേ നികുതി വരികയുള്ളൂ. അരിയര്‍ ഈ വര്‍ഷത്തില്‍ നില നിര്‍ത്തിയാല്‍ 20 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടി വരും.
പക്ഷെ ഇവിടെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.കഴിഞ്ഞ വര്‍ഷം 5 ലക്ഷത്തില്‍ താഴെയുള്ള വര്‍ക്ക് 5000 രൂപയുടെ റിബേറ്റ് ലഭിച്ചിരുന്നു. ചിലര്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷത്തെ വരുമാനം ഏറെ പാടുപെട്ട്  5 ലക്ഷത്തിന് തൊട്ടു താഴെ കൊണ്ട് നിര്‍ത്തിക്കാണും. ഉദാഹരണത്തിന് ഒരാള്‍ കഴിഞ്ഞ വര്‍ഷം റിബേറ്റ് ലഭിക്കുന്നതിന് വേണ്ടി അയാളുടെ വരുമാനം 4,95,000 രൂപയില്‍ നിജപ്പെടുത്തിയിരുന്നു എന്ന് കരുതുക. ഒരു 5000 രൂപ അരിയറായി കഴിഞ്ഞ വര്‍ഷത്തേക്ക് മാറ്റിയാല്‍ അയാളുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 5 ലക്ഷത്തില്‍ കവിയുകയും അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ച 5000 രൂപയുടെ റിബേറ്റിനുള്ള അര്‍ഹത നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കാരണം റിലീഫ് സാധ്യത നഷ്ടപ്പെട്ടേക്കാം..
Downloads
Income Tax Relief Calculator by Alrahiman
Easy Tax 2018 Income Tax Calculator by Sudheer Kumar T K
Income Tax  2018

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder