Online Helps -Websites


എന്തിനും ഏതിനും ആപ്പ് ഉള്ള കാലമാണ്. ഈ ആപ്പുകളൊക്കെ വരുന്നതിനു മുൻപേ ഇന്റർനെറ്റിൽ ലഭ്യമായിരുന്ന വെബ്സൈറ്റുകൾപലതും സന്ദർശകരില്ലാതെ അടച്ചുപൂട്ടി. ചിലതാകട്ടെ നിസ്വാർഥ സേവനം  തുടരുകയും ചെയ്യുന്നു. കംപ്യൂട്ടറിൽ നിന്നു വെബ് ബ്രൗസർ വഴി സൈറ്റുകൾ നോക്കുന്നവരോ,ഗൂഗിളും ഫെയ്സ്ബുക്കും അല്ലാതെ മറ്റൊന്നും ബുക്മാർക് ചെയ്യാത്ത അവസ്ഥയുമായി. ആപ്പുള്ളതും ഇല്ലാത്തതുമായ പല മേഖലകളിലും ഒന്നാംതരം സേവനം നൽകുന്ന ചില വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു.ഈ ലിങ്കുകള്‍ ബുക്മാർക് ചെയ്ത് വച്ചാൽ പ്രയോജനപ്പെടും.

emojipedia.org

വാട്സാപ്പിലും ഫെയസ്ബുക്കിലും ഇമോജികൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന പലരും പല ഇമോജികളുടെയും അർഥം മനസ്സിലാക്കുന്നില്ലത്രേ. നിങ്ങൾ ഉദ്ദേശിക്കുന്ന അർഥമല്ല നിങ്ങൾ അയയ്ക്കുന്ന ഇമോജി ലഭിക്കുന്നയാൾ മനസ്സിലാക്കുന്നതെങ്കിൽ പണി പാളും. ഓരോ ഇമോജിയും എന്താണ് അർഥമാക്കുന്നതെന്നു വിശദമായി മനസ്സിലാക്കാൻ ഈ വെബ്സൈറ്റ് സഹായിക്കും.

storyzy.com/quote-verifier
 
മഹാന്മാരുടെ വാക്കുകൾ എന്ന പേരിൽ ആനമണ്ടത്തരങ്ങൾ ദിവസവും നമ്മുടെ മുൻപിലെത്താറുണ്ട്. സത്യത്തിൽ ആ മഹാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാൻ പ്രസ്തുക ഉദ്ധരണി ഈ വെബ് പേജിൽ പേസ്റ്റ് ചെയ്ത ശേഷം ചെക്ക് ബട്ടൺ അമർത്തിയാൽ മതി. ആ ഉദ്ധരണി ആര് പറഞ്ഞു, അതിന്റെ ശരിക്കുള്ള രൂപം എന്താണ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും

ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന്റെ മികവാണ് ഈ ചിത്രംവര വെബ്സൈറ്റ്. വരയ്ക്കാൻ അറിയാത്തവരെ ഉദ്ദേശിച്ചാണിത്. വരയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ വിദൂരസാദൃശ്യമെങ്കിലുമുള്ള ഒരു വര കോറിയിട്ടാൽ മതി, ബാക്കി ഗൂഗിൾ വരച്ചുകൊള്ളും. കപ്യൂട്ടർ വരച്ചു നൽകുന്ന ചിത്രങ്ങളിൽ നിന്ന് നിങ്ങൾ ആഗ്രഹിച്ചത് തിരഞ്ഞെടുക്കാം, എവിടെ വേണമെങ്കിലും ഉപയോഗിക്കാം.

whatismymovie.com

സിനിമയുടെ കഥയുടെ ഏതാനും ഭാഗങ്ങൾ അല്ലെങ്കിൽ ഒരു സീൻ അതുമല്ലെങ്കിൽ നടീനടന്മാകുടെ കോംബിനേഷൻ, അങ്ങനെ എന്തെങ്കിലും മാത്രം ഓർമയിൽ വച്ച് ആ സിനിമ ഏതെന്നു കണ്ടെത്തനാവാതെ വലയുന്നവർ അറിയാവുന്ന അൽപം വിവരം ഈ വെബ്സൈറ്റിൽ ടൈപ്പ് ചെയ്തു കൊടുത്താൽ മതി. നിങ്ങളുദ്ദേശിച്ച സിനിമയും അതിനോടു സാദൃശ്യമുള്ള പ്രമേയത്തിലുള്ള മറ്റു സിനിമകളുടെ പട്ടികയും മുന്നിൽ തെളിയും

latexresu.me

എത്ര ആത്മാർഥമായി ജോലി ചെയ്യാൻ തയ്യാറാണെങ്കിലും ശരി ഇന്റർവ്യൂവിന് വിളിക്കണമെങ്കിൽ റസ്യുമെ നന്നാവണം. പഴയമട്ടിൽ പേരും വിലാസവുമെഴുതുന്ന ബയോ-ഡാറ്റ സെറ്റപ്പിൽ നിന്നു ലോകം മാറിക്കഴിഞ്ഞു. ആരെയും ഹഠാദാകർഷിക്കുന്ന റസ്യുമെ എളുപ്പത്തിൽ തയ്യാറാക്കി പ്രിന്റെടുക്കാനുള്ള ഒന്നാംതരം വെബ്സൈറ്റാണ് ഇത്. വേണ്ട വിവരങ്ങളെല്ലാം വെബ്സൈറ്റ് നമ്മോടു ചോദിച്ചറിഞ്ഞ് റെസ്യുമെ തയ്യാറാക്കിത്തരും.

quickdraw.withgoogle.com

ഇത് ഗൂഗിളിന്റെ മറ്റൊരു തമാശ. ചിത്രം വര തന്നെയാണ് വിഷയം. എന്താണ് വരയ്ക്കേണ്ടതെന്ന് ഗൂഗിൾ ആദ്യം പറയും. തന്നിരിക്കുന്ന സമയത്തിനുള്ളിൽ ചിത്രം വരയ്ക്കുകയും നമ്മൾ വരച്ചത് ഗൂഗിൾ തിരിച്ചറിയുകയും ചെയ്താൽ വിജയിച്ചു. അല്ലെങ്കിൽ കളിയാക്കി കൊല്ലും. വരച്ചു പഠിക്കാനും രസിക്കാനും ഉപയോഗപ്പെടുന്ന ലളിതമായ വെബ്സൈറ്റ്.


what-dog.net

നായകളെ തിരിച്ചറിയാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റാണിത്. ഫോട്ടോ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്താൽ  നായകളുടെ ഇനം ഏതാണെന്നു കൃത്യമായി പറയും. ഇനി നമ്മുടെ സ്വന്തം ഫോട്ടോ ആണ് അപ്‍ലോഡ് ചെയ്യുന്നതെങ്കിലോ ഏതിനം നായയോടാണ് നമ്മുടെ മുഖത്തിന് സാദൃശ്യമുള്ളതെന്നും പറയും.

how-old.net

എന്നെക്കണ്ടാൽ എത്ര വയസ് പറയും എന്ന ക്ലീഷേ ചോദ്യം ഇനി വേറാരോടും ചോദിക്കേണ്ട. സത്യം പറയാൻ മൈക്രോസോഫ്റ്റിന്റെ എഐ റെഡിയാണ്. നിങ്ങളുടെ ഫോട്ടോ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത ശേഷം ഏതാനും നിമിഷങ്ങൾ കാത്തിരിക്കുക എത്ര വയസ് തോന്നിക്കുമെന്ന് കൃത്യം പറയും. പ്രായം കൂടിയോ കുറഞ്ഞോ ഇരുന്നാൽ അതിനർഥം നിങ്ങളുടെ ലുക്ക് അങ്ങനെയാണെന്നാണ്.

wolframalpha.com

ഗൂഗിൾ ഒരു സർക്കാർ മെഡിക്കൽ കോളജ് ആണെങ്കിൽ വോൾഫ്രാം ആൽഫ മൾട്ടിസ്പെഷ്യൽറ്റി ഹോസ്പിറ്റലാണ്. തിരയുന്ന വിഷയം സംബന്ധിച്ച പ്രസക്തവും ആധികാരികവുമായ വിവരങ്ങൾ മാത്രം മുന്നിലെത്തിക്കുന്ന കംപ്യൂട്ടേഷണൽ നോളജ് എൻജിനാണിത്. ഗൂഗിളിൽ തിരഞ്ഞു വലയുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും പ്രയോജനപ്പെടും.


e.ggtimer.com

ഫോണിലെ ക്ലോക്ക് ആപ്പിൽ ടൈമർ ഉള്ളപ്പോൾ ഇതെന്തിനാണ് എന്നു ചോദിക്കരുത്. വെബ് ബ്രൗസറിൽ ഉപയോഗിക്കാവുന്ന വളരെ ലളിതമായ ഒരു ടൈമറാണ് ഇത്. ഒരു മിനിറ്റോ പത്തു മിനിറ്റോ ഒരു മണിക്കൂറോ, ഇഷ്ടപ്രകാരം എത് സമയത്തേക്കു വേണമെങ്കിലും ടൈമർ വയ്ക്കാം. വെബ്സൈറ്റ് സമയം റിവേഴ്സായി കാണിച്ചുകൊണ്ടിരിക്കും. സമയമാകുമ്പോൾ അറിയിക്കും.

pdfescape.com

പിഡിഎഫ് ഫയലുകൾ എഡിറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കാനുമൊക്കെ എളുപ്പത്തിൽ സാധിക്കുന്ന ലളിതമായ വെബ്സൈറ്റ്. ഫയൽ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്താൽ എന്തും ചെയ്യാം. 10 എംബിയിൽ താഴെ ഫയൽ സൈസും 100 പേജുകളിൽ താഴെ വലിപ്പവുമുള്ള പിഡിഎഫ് ഫയലുകളായിരിക്കണം. ഓൺലൈൻ വേർഷൻ സൗജന്യമാണ്.

scr.im

ഇന്റർനെറ്റിൽ ഇമെയിൽ വിലാസം കൊടുത്തു കഴിഞ്ഞാൽ സ്പാംമെയിലുകൾ വരുന്നത് ഒഴിവാക്കാൻ ഈ വെബ്സൈറ്റ് ഉപയോഗിക്കാം. ഇമെയിൽ വിലാസം എൻകോഡ് ചെയ്തായിരിക്കും ഓൺലൈനായി ഷെയർ ചെയ്യുക. ഉദ്ദേശിച്ച വ്യക്തി സ്പാം ബോട്ട് അല്ലെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിലാസം ഡീകോഡ് ചെയ്തു വെളിപ്പെടുത്തുകയുള്ളൂ.

പിഡിഎഫ് ഫയലുകളിലെ ഉള്ളടക്കം ഫോണ്ടുകൾ നഷ്മാകാതെ കോപി ചെയ്യാൻ എന്തു വഴി എന്നാശങ്കപ്പെടുന്നവർക്ക് ഈ വെബ്സൈറ്റ് പ്രയോജനപ്പെടും. ഒസിആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വെബ്സൈറ്റിൽ ഉള്ളടക്കം വേഡ് ഫയലായോ എക്സൽ ഫയലായോ  ലഭിക്കും. ടെക്സ്റ്റ് ആവശ്യമുള്ള പിഡിഎഫ് ഫയൽ സൈറ്റിൽ അപ്ലോഡ് ചെയ്ത ശേഷം കൺവേർട്ട് ബട്ടണമർത്തിയാൽ മതി.

notes.io

ഇതും ഒരു നോട്ട് ടേക്കിങ് വെബ്സൈറ്റാണ്. മറ്റു വെബ്സൈറ്റുകൾ നോക്കി വിവരം ശേഖരിക്കുകയോ കുറിച്ചെടുക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഈ സെറ്റ് തുറന്നു വച്ചാൽ നേരിട്ട് ഇതിലേക്കു ടൈപ്പ് ചെയ്യാം. ലളിതവും മനോഹരവുമായ ഇന്റർഫെയ്സ് ആണ് പ്രധാന ആകർഷണം. നോട്ട് കുറിച്ചു കഴിഞ്ഞാൽ അത് അതേ പേജിൽ നിന്നു തന്നെ എളുപ്പത്തിൽ ഷെയർ ചെയ്യാനും സാധിക്കും.

snopes.com

ഓരോ ദിവസവും എത്ര വ്യാജവാർത്തകളാണ് നമ്മൾ വിശ്വസിക്കുകയും അത് സത്യമാണെന്നു കരുതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് പ്രചരിപ്പിച്ച് കൂടുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. വ്യാജവാർത്ത ഒരു വജ്രായുധമാണെന്നു തിരിച്ചറിഞ്ഞാൽ പിന്നെ ഈ സൈറ്റ് എന്നും ഉപയോഗിക്കാം. ഓരോ ദിവസവും കേൾക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ സത്യമാണോ എന്നു പരിശോധിക്കാനുള്ള ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആണിത്.

scribblemaps.com

വിവാഹ ക്ഷണക്കത്തിൽ വീട്ടിലേക്കുള്ള വഴി വരച്ചുണ്ടാക്കി വലഞ്ഞപ്പോൾ ഗൂഗിൾ മാപ്പുപോല പെർഫെക്ടായി ഒരെണ്ണം ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ. എങ്കിൽ അടുത്ത വിവാഹത്തിന് ഈ വെബ്സൈറ്റ് ഉപയോഗിക്കാം. യഥാർഥ ഗൂഗിൾ മാപ്പ് ലൈവായി എഡിറ്റ് ചെയ്ത് നമുക്കാവശ്യമുള്ള അടയാളങ്ങളും ഗ്രാഫിക്സും ചേർത്ത് സേവ് ചെയ്ത് നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാം.

jotti.org

വളരെ ഉപകാരപ്രദമായ ഒരു വെബ്സൈറ്റ് ആണിത്. ഇമെയിലിൽ അറ്റാച്ച്മെന്റായോ കംപ്യൂട്ടറിൽ ഡൗൺലോഡ് ഫയലായോ എത്തുന്ന ഏതെങ്കിലും ഫയലിനെ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ തുറക്കും മുൻപേ  ജോട്ടിയിൽ അപ്‍ലോഡ് ചെയ്താൽ മതി. ജോട്ടി ഫയൽ സ്കാൻ ചെയ്ത് സുരക്ഷിതമാണോ വൈറസാണോ എന്നു കൃത്യമായി മറുപടി നൽകും.

copypastecharacter.com

ടൈപ്പിങ്ങിനിടയിൽ സ്പെഷൽ ക്യാരക്ടറുകളും ചിഹ്നങ്ങളും ഉൾപ്പെടുത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്ക് ഈ വെബ്സൈറ്റ് ഉപയോഗിക്കാം. വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിനു ക്യാരക്ടറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. സാധാരണ ടെക്സ്റ്റ് കോപി ചെയ്യുന്നതുപോലെ ആവശ്യമുള്ള ക്യാരക്ടറുകൾ കോപി ചെയ്ത് വേണ്ടിടത്തു പേസ്റ്റ് ചെയ്യാം.

iconfinder.com

ഓഫിസ് ആവശ്യങ്ങൾക്കും വിദ്യാർഥികൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആയിരക്കണക്കിനു ചെറിയ ഐകണുകളുടെ ശേഖരമാണ് ഇതിൽ. വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നൂറു കണക്കിന് ഐകണുകൾ ലഭിക്കും. സേവ് ചെയ്ത് ഉപയോഗിക്കാം. പവർപോയിന്റ് പ്രസന്റേഷൻ ഉണ്ടാക്കുമ്പോഴും പേപ്പറുകൾ തയ്യാറാക്കുമ്പോഴും പ്രയോജനപ്പെടും.

followupthen.com

ഒരു ഇമെയിൽ റിമൈൻഡർ സംവിധാനമാണിത്. കലണ്ടർ അലാം വച്ചാലും ആരെയൊക്കെ ഓർമിപ്പിക്കാൻ ഏൽപിച്ചാലും ചില കാര്യങ്ങൾ മറന്നുപോകുന്നവർക്കു പ്രയോജനപ്പെടും. മറന്നുപോകാൻ പാടില്ലാത്ത കാര്യങ്ങൾ എപ്പോൾ ഓർമിപ്പിക്കണമെന്നു കാണിച്ച് ഈ വെബ്സൈറ്റിലെ ഇമെയിലേക്ക് അയച്ചാൽ അതി. ഉത്തരവാദിത്തമുള്ള സെക്രട്ടറിയെപ്പോലെ ഇമെയിൽ അയച്ച് ഓർമിപ്പിക്കും.

ഇന്ത്യയിൽ പകലാകുമ്പോൾ അമേരിക്കയിൽ രാത്രി. ഇന്ത്യയിലെ മുപ്പതാം തീയതി അമേരിക്കയിലെ 29. ടൈം സോൺ ഗുലുമാലുകളെപ്പറ്റി ഇനിയും ഒരെത്തും പിടിയും കിട്ടാത്തവർക്ക് സംഗതി ലളിതമായി മനസ്സിലാക്കാൻ ഈ സൈറ്റ് നോക്കിയാൽ മതി. വിദ്യാർഥികൾക്കും ലോകത്തിലെ വിവിധ ടൈം സോണുകൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നു വേഗം മനസ്സിലാക്കാം.

noteflight.com

ഇത് സംഗീതത്തിന്റെ മഹാസാഗരത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നവർക്കുള്ള ചെറിയൊരു കൈത്താങ്ങാണ്. വളരെ എളുപ്പത്തിൽ മ്യൂസിക് നോട്ടുകൾ തയ്യാറാക്കാൻ സഹായിക്കുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. സൗജന്യമായി സൈൻ അപ്പ് ചെയ്ത് സേവനം ഉപയോഗിച്ചു തുടങ്ങാം. നോട്ടുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്ത് പ്രിന്റ് എടുക്കാം. പെയ്ഡ് പ്ലാനുകളുമുണ്ട്.

kleki.com

മൈക്രോസോഫ്റ്റ് പെയിന്റ് ഉപയോഗിക്കുന്നവർക്ക് ഈ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത് ശരിയല്ല. എംഎസ് പെയിന്റ് ചെയ്യുന്നതൊക്കെ ഒരു വെബ് ബ്രൗസറിൽ ചെയ്യാണമെങ്കിൽ ഈ സൈറ്റ് സന്ദർശിച്ചാൽ മതി. എംഎസ് പെയിന്റിലുള്ളതിനെക്കാൾ കൂടുതൽ ബ്രഷുകളും സ്റ്റൈലുകളും ഇതിലുണ്ടെന്നു മാത്രം. ചിത്രം വരയ്ക്കുമ്പോൾ ഇടയ്ക്ക് ഇതുകൂടി ട്രൈ ചെയ്തു നോക്കൂ.

similarsites.com

നിങ്ങൾക്ക് വളരെ ഇഷ്പ്പെട്ട എന്നും സന്ദർശിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ടെന്നിരിക്കട്ടെ. പെട്ടെന്നൊരു ദിവസം ആ വെബ്സൈറ്റ് ഇല്ലാതായാൽ എന്തു ചെയ്യും. അതിനാണ് ഈ സൈറ്റ്. ഒരു വെബ്സൈറ്റിലെ ഉള്ളടക്കം പോലെ തന്നെ ഉള്ളടക്കം നൽകുന്ന മറ്റു വെബ്സൈറ്റുകൾ കണ്ടുപിടിച്ചു നൽകുകയാണ് ഇതു ചെയ്യുന്നത്. നിങ്ങൾക്കിഷ്ടമുള്ള വെബ്സൈറ്റിന്റെ വിലാസം നൽകി സേർച്ച് കൊടുത്താൽ മാത്രം മതി.
color.adobe.com

ഫൊട്ടോഷോപ്പ് വിദഗ്ധന്മാർക്കും  ഫൊട്ടോഗ്രഫർമാർക്കും ഗ്രാഫിക് ഡിസൈനർമാർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു അഡോബി സംരംഭമണിത്.  ഒരു ഫോട്ടോയിലെ അതേ നിറം അണുവിട മാറ്റമില്ലാതെ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സഹായിക്കുകയാണ് ഈ വെബ്സൈറ്റ് ചെയ്യുന്നത്. അതിനു പുറമേ നമ്മൾ കണ്ടിട്ടു പോലുമില്ലാത്ത പതിനായിരം വർണങ്ങളടങ്ങിയ കളർവീലും ഉണ്ട്.

midomi.com

ഗൂഗിൾ അസിസറ്റന്റും ആപ്പിൾ ഈയിടെ വിലയ്ക്കു വാങ്ങിയ ഷസം ആപ്പും ഫോണിൽ ചെയ്യുന്ന ജോലി വെബ് ബ്രൗസറിൽ ചെയ്യാനാണ് ഈ സൈറ്റ്. പാട്ടു കേട്ടാൽ അത് ഏതാണെന്നു പറയും. വരികൾ കാണിക്കും. പാട്ടിലേക്കുള്ള വഴി പറഞ്ഞു തരും. ഒറിജിനൽ പാട്ടു തന്നെ വേണമെന്നില്ല. ഈണം മനസ്സിലുണ്ടെങ്കിൽ മൈക്ക് ബട്ടണമർത്തിയ ശേഷം ഒന്നു മൂളിക്കേൾപ്പിച്ചാലും മതി.

ge.tt

എന്തു തരം ഫയലുകൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും അയയ്ക്കാൻ വാട്സാപ് ഉള്ളപ്പോൾ ഓൺലൈൻ ഫയൽ ഷെയറിങ് സൈറ്റൊക്കെ ആർക്കാണ് വേണ്ടത് എന്നു ചോദിക്കരുത്. എപ്പോഴെങ്കിലും വേണമെന്നു തോന്നിയാൽ ഇതുപയോഗിക്കാം. അതിവേഗം ഫയലുകൾ അയയ്ക്കാമെന്നും ഡൗൺലോഡ് ചെയ്യും മുൻപേ പ്രിവ്യൂ കാണാമെന്നതുമാണ് സവിശേഷതകൾ.

privnote.com

ടെക്സ്റ്റ് നോട്ടുകളുടെ സ്നാപ്ചാറ്റ് ആണിത്. സ്നാപ്ചാറ്റിൽ അപ്‍ലോഡ് ചെയ്യുന്ന മെസ്സേജുകളും ചിത്രങ്ങളും സ്വയം ഡിലീറ്റാവുന്നതുപോലെ തന്നെ ഈ സൈറ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന നോട്ടുകൾ ഷെയർ ചെയ്തു  കഴിഞ്ഞാൽ കിട്ടുന്ന ആൾ വായിച്ചാലുടൻ അത് ഡിലീറ്റാവും. അയക്കുന്ന മെസ്സേജ് ആൾ വായിക്കുന്നതിനു മുൻപേ ഡിലീറ്റ് ചെയ്യണമെങ്കിൽ അങ്ങനെയുമാവാം.

freeimages.com

ഇത് എന്താണ് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ചിത്രങ്ങളാണ് വെബ്സൈറ്റിലുള്ളത്. ഗൂഗിൾ ഉള്ളപ്പോൾ ഇങ്ങനൊരു വെബ്സൈറ്റ് എന്തിനാണെന്നല്ലേ. ഗൂഗിൾ ഒരു സേർച്ച് എൻജിൻ മാത്രമാണ്. അതിൽ കാണിക്കുന്ന ചിത്രങ്ങൾ മിക്കവയും പലർക്കും പകർപ്പവകാശമുള്ളവയാണ്. ഈ വെബ്സൈറ്റ് സൗജന്യ ചിത്രങ്ങൾ വലിയ ഫയൽ സൈസിൽ ഡൗൺലോഡിങ്ങിനു നൽകുന്നു.

zoom.it

ഹൈ ക്വാളിറ്റി ഫോട്ടോകൾ കംപ്യൂട്ടറിൽ കാണണമെങ്കിൽ മൗസുമായി വലിയൊരു യുദ്ധം തന്നെ നടത്തേണ്ടി വരും. സ്ക്രോൾ ചെയ്ത് സ്ക്രോൾ ചെയ്ത് എവിടെയും എത്തുകയുമില്ല, ചിത്രം ശരിയായിട്ട് കാണുകയുമില്ല. ഈ വെബ്സൈറ്റിൽ ചിത്രം അപ്‍ലോഡ് ചെയ്ത് ഷെയർ ചെയ്താൽ സ്ക്രോൾ ചെയ്തു വലയാതെ തന്നെ ചിത്രം അതിന്റെ പൂർണമികവോടെ ആസ്വദിക്കാം. സാംപിൾ ചിത്രങ്ങൾ ഹോംപേജിലുണ്ട്.

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder