> National Eligibility cum Entrance Test (NEET ) | :

National Eligibility cum Entrance Test (NEET )


കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം, നീറ്റ് സ്‌കോര്‍/റാങ്ക് പരിഗണിച്ചാണ് നടത്തുന്നത്. അതിനാല്‍ കേരളത്തിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.വി.എസ്.ഡി. ആന്‍ഡ് എച്ച്., ബി.എസ്‌സി അഗ്രിക്കള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്‌സി. ഫോറസ്ട്രി തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ഇപ്പോള്‍ നീറ്റ് 2018 ന് അപേക്ഷിക്കണം.
ഒപ്പം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് (സി.ഇ.ഇ.) അപേക്ഷ നല്‍കണം. സി.ഇ.ഇ.ക്ക് അപേക്ഷിക്കാന്‍ ഫെബ്രുവരി 28 വരെയാണ് സമയം. കേരളത്തില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിന് എല്ലാവരും നീറ്റ് യോഗ്യത നേടണം. മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് നീറ്റ് പരീക്ഷയില്‍ 720 ല്‍ 20 മാര്‍ക്ക് വേണം.
പട്ടിക വിഭാഗക്കാര്‍ക്ക് അനുബന്ധ കോഴ്‌സുകള്‍ക്ക് ഈ വ്യവസ്ഥയില്ല. കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയവരുടെ, നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രവേശനത്തിനായി സി.ഇ.ഇ. തയ്യാറാക്കുന്ന എം.ബി.ബി.എസ്., ബി.ഡി.എസ്., മെഡിക്കല്‍ ആന്‍ഡ് അനുബന്ധ റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പ്രവേശനം.
പരീക്ഷാ രീതി
ഒ.എം.ആര്‍. രീതിയില്‍ മേയ് ആറിന് നടത്തുന്ന നീറ്റ് പരീക്ഷക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്ന് 45 വീതവും ബയോളജിയില്‍ നിന്ന് (ബോട്ടണിയും സുവോളജിയും) 90 ഉം ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനു നേരെയും നല്‍കിയ നാല് ഉത്തരങ്ങളില്‍ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്ത് നീല/കറുത്ത മഷിയുള്ള ബോള്‍ പോയന്റ് പേന കൊണ്ട് ഉത്തരം രേഖപ്പെടുത്തണം. പേന പരീക്ഷാഹാളില്‍ സി.ബി.എസ്.ഇ. നല്‍കും. ശരിയായ ഉത്തരത്തിന് നാലു മാര്‍ക്ക്. തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. യോഗ്യത നേടാന്‍ 50-ാം പെര്‍സന്റൈന്‍ സ്‌കോറെങ്കിലും നേടണം. എസ്.സി./എസ്.ടി./ഒ.ബി.സി.ക്ക് 40-ാം പെര്‍സെന്റൈന്‍ സ്‌കോറും ജനറല്‍ (അണ്‍റിസര്‍വ്ഡ്) ഭിന്നശേഷിക്കാര്‍ 45-ാം പെര്‍സന്റൈല്‍ സ്‌കോറും നേടണം.
എവിടെയെല്ലാം പ്രവേശനം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകള്‍, സംസ്ഥാന സര്‍ക്കാറുകളുടെ ഗവണ്മെന്റ് ക്വാട്ട സീറ്റുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍/കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ സീറ്റുകള്‍, സ്വകാര്യ  മെഡിക്കല്‍/ഡന്റല്‍ കോളേജുകള്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ എന്നിവയിലെ സ്റ്റേറ്റ് / മാനേജ്‌മെന്റ് /എന്‍.ആര്‍.ഐ.  സീറ്റുകള്‍, സെന്‍ട്രല്‍ പൂള്‍ ക്വാട്ട സീറ്റുകള്‍ എന്നിവയിലെ പ്രവേശനമാണ് നീറ്റ് യു.ജി. 2018 വഴി നടത്തുന്നത്.
എ.എഫ്.എം.സി. (ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്) പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റ് അഭിമുഖീകരിക്കണം. എ.എഫ്.എം.സി. അപേക്ഷ ക്ഷണിക്കുമ്പോള്‍ അവിടേക്കും അപേക്ഷിക്കണം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മര്‍) എന്നിവയിലെ എം.ബി.ബി.എസ്. പ്രവേശനം നീറ്റിന്റെ പരിധിയില്‍ വരുന്നില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) വഴി ഓണ്‍ലൈനായി 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സ്വീറ്റുകളിലേക്കുള്ള കൗണ്‍സലിങ് നടത്തും.
എ.എഫ്.എം.സി., എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) മെഡിക്കല്‍ കോളേജുകള്‍, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബി.എച്ച്.യു.), അലിഗഡ് മുസ്‌ലിം യുണിവേഴ്‌സിറ്റി (എ.എം.യു.), കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ കൗണ്‍സലിങ്ങും എം.സി.സി. വഴിയായിരിക്കും. സംസ്ഥാനങ്ങളിലെ കൗണ്‍സലിങ്, അലോട്ട്‌മെന്റ് എന്നിവ സംസ്ഥാനങ്ങളുടെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും സംസ്ഥാനം നടത്തുക.
ആര്‍ക്കെല്ലാം ആപേക്ഷിക്കാം
ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും നീറ്റ് പരീക്ഷ എഴുതാം. പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ-ടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഓരോന്നും ജയിക്കുകയും ഈ മൂന്നു സയന്‍സ് വിഷയങ്ങള്‍ക്കും കൂടി യോഗ്യതാ പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടുകയും വേണം.
എസ്.സി./എസ്.ടി./ഒ.ബി.സി.ക്കാര്‍ക്ക് ഇത് 40 ഉം ഭിന്നശേഷിക്കാര്‍ക്ക് 45 ഉം ശതമാനമായിരിക്കും. 2018 ല്‍ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, ഓപ്പണ്‍ സ്‌കൂള്‍ വഴിയോ പ്രൈവറ്റായോ പ്ലസ് ടു തല പരീക്ഷ ജയിച്ചവര്‍, പ്ലസ് ടു തലത്തില്‍ ബയോളജി/ബയോ-ടെക്‌നോളജി വിഷയം ഒരു അഡീഷണല്‍ വിഷയമായി പഠിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഭാരതീയര്‍, എന്‍.ആര്‍.ഐ., ഒ.സി.ഐ., പി.ഐ.ഒ., വിദേശീയര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 7.5.1993 നും 1.1.2002 നും ഇടയ്ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളവരെയും അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കും. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ 2018-19 മുതല്‍ എം.ബി.ബി.എസ്. /ബി.ഡി.എസ്. കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ ഉണ്ടാവും.
ആധാര്‍ നിര്‍ബന്ധം
അപേക്ഷിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ ചെന്ന് നടപടികള്‍ പൂര്‍ത്തിയാക്കണം. അപ്പോള്‍ ലഭിക്കുന്ന ആധാര്‍ എന്‍ റോള്‍മെന്റ് നമ്പര്‍ അപേക്ഷയ്ക്ക് ഒപ്പം നല്‍കണം. ഫെസിലിറ്റേഷന്‍ സെന്ററില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സൗകര്യമില്ലെങ്കില്‍ സെന്റര്‍, അപേക്ഷക്ക് ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിച്ച് നല്‍കും. അത് അപേക്ഷയില്‍ നല്‍കിയാല്‍ മതി.
അപേക്ഷ സമര്‍പ്പണത്തിന് നാല് ഘട്ടങ്ങള്‍
ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കിയ ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ചുവെക്കണം. രണ്ടാം ഘട്ടത്തില്‍ ഫോട്ടോ, ഒപ്പ് എന്നിവ നിശ്ചിത രീതിയിലാക്കിയത് അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് ഫീസൊടുക്കണം. ഇത് പൂര്‍ത്തിയാക്കുമ്പോള്‍ കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്‌തെടുക്കണം. ഇത് എവിടേക്കും അയക്കേണ്ടതില്ല.
പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുള്ളവയില്‍ ഏതു ഭാഷയിലുള്ള ചോദ്യപേപ്പര്‍ വേണമെന്ന് അപേക്ഷിക്കുമ്പോള്‍ത്തന്നെ അറിയിക്കണം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മറാത്തി, കന്നഡയുള്‍പ്പെടെ 11 ഭാഷകളിലൊന്ന് തിരഞ്ഞെടുക്കാം (മലയാളം പട്ടികയിലില്ല). അപേക്ഷാ സമര്‍പ്പണത്തിന് ശേഷം തെറ്റുകള്‍ ഓണ്‍ലൈനായി തിരുത്താന്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ സൗകര്യമുണ്ടായിരിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഫല പ്രഖ്യാപനം ജൂണ്‍ അഞ്ചിന് പ്രതീക്ഷിക്കാം.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മര്‍) എന്നിവയിലെ എം.ബി.ബി.എസ്. പ്രവേശനം നീറ്റിന്റെ പരിധിയില്‍ വരുന്നില്ല.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder