> The 13 Transactions in the Digital Things to know. | :

The 13 Transactions in the Digital Things to know.

നമ്മുടെ രാജ്യം ഒരു പണരഹിത (‘കറൻസി രഹിതം’ എന്നാണ് ഉദ്ദേശിക്കുന്നത്; ധനരഹിതം എന്നല്ല) സമൂഹമാവാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ മുന്നോടിയായിട്ടാണ് മിത–പണ സമൂഹമായി മാറാൻ പ്രധാനമന്ത്രി  രാജ്യത്തോട് ആഹ്വാനം ചെയ്‌തിട്ടുള്ളത്. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ എന്തെല്ലാമാണ് നിലവിലുള്ളതെന്നു നോക്കാം.
1. ഇന്റർനെറ്റ് ബാങ്കിങ്
ഇവിടെ നമുക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് മുഖേനയാണ് ഇടപാടുകൾ ചെയ്യുന്നത്. ബാങ്കിന്റെ നിർദിഷ്ട ഫോമിൽ എഴുതിക്കൊടുത്തു വേണം ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാക്കാൻ. ബാങ്കിൽ നിന്നു നമുക്കൊരു യൂസർ ഐഡിയും പാസ്‌വേർഡും ലഭിക്കും. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ കയറുവാൻ ഒരിക്കലും ഗൂഗിൾ പോലത്തെ സേർച്ച് എൻജിനുകൾ ഉപയോഗിക്കരുത്; എപ്പോഴും അഡ്രസ് ബാറിൽ ബാങ്കിന്റെ യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ (യുആർഎൽ) ടൈപ് ചെയ്‌തു വേണം പ്രവേശിക്കാൻ. (ഉദാ: https://www.sbtonline.in). അല്ലെങ്കിൽ ചിലപ്പോൾ ഹാക്കർമാർ പണിതുവയ്ക്കുന്ന കള്ളസൈറ്റുകളിൽ നമ്മൾ അറിയാതെ എത്തിപ്പെടും. എപ്പോഴും https:// ലെ അവസാനത്തെ ‘s’ ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ആദ്യതവണ ലോഗിൻ ചെയ്‌താലുടനെ യൂസർ ഐഡിയും പാസ്‌വേർഡും മാറ്റണം. കൂടാതെ ഒരു പ്രൊഫൈൽ പാസ്‌വേർഡ് (സെക്കൻഡറി പാസ്‌വേർഡ് എന്നെല്ലാം പറയും) കൂടി ഉണ്ടാക്കണം. ബാങ്കിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ശരിയാണെന്നും ഉറപ്പുവരുത്തണം – ഈ മൊബൈൽ നമ്പറിലാണ് ഓരോ ഇടപാടിനും വേണ്ട ഒടിപി എന്ന ‘ഒറ്റത്തവണ പാസ്‌വേർഡ്’ വരുന്നത്. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു നമുക്കു നമ്മുടെ തന്നെ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുക, മറ്റൊരു ബാങ്കിലുള്ള അക്കൗണ്ടിലേക്കു പണമയയ്ക്കുക, സ്ഥിര–റിക്കറിങ്–പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആരംഭിക്കുക, ജലം, വൈദ്യുതി, ഫോൺ തുടങ്ങിയ പലവിധ ബില്ലുകളും ഫീസുകളും അടയ്ക്കുക, ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഓൺലൈനിൽ സാധനങ്ങൾ വാങ്ങിക്കുക തുടങ്ങി എന്തും ചെയ്യാം. ആദായനികുതിവിവരം സമർപ്പിക്കുന്നതുപോലുള്ള ധനസംബന്ധമായ കാര്യങ്ങളും ചെയ്യാം.
2. മൊബൈൽ ബാങ്കിങ്
ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെ മൊബൈൽ മുഖേന ബാങ്കിങ് ഇടപാടുകൾ നടത്താനുള്ള ഉപാധിയാണിത്. ബാങ്കുകളുടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം ഈ ആപ്ലിക്കേഷനിൽ ‘റജിസ്റ്റർ’ എന്ന ഓപ്‌ഷൻ ഉപയോഗിക്കണം. ഉടനെ നമുക്ക് യൂസർ ഐഡി എസ്എംഎസ് ആയി വരുന്നു. ഇനി പാസ്‌വേർഡ് സെറ്റ് ചെയ്യാം. അതിനുശേഷം ഒന്നുകിൽ ബാങ്ക് ശാഖ അല്ലെങ്കിൽ എടിഎം അതുമല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് സന്ദർശിച്ച് മൊബൈൽ ബാങ്കിങ് നമ്മുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇന്റർനെറ്റ് ബാങ്കിങ് മുഖേന ലഭിക്കുന്ന മിക്കവാറും ബാങ്കിങ് സൗകര്യങ്ങൾ മൊബൈൽ ബാങ്കിങ്ങിലും ലഭിക്കുമ്പോൾ, എം–പാസ്‌ബുക്ക് (കണക്‌റ്റിവിറ്റി കൂടാതെ പാസ്‌ബുക്ക് കാണാവുന്ന സൗകര്യം) എന്ന അധിക സംവിധാനവും ഇതിൽ ലഭ്യമാണ്. ഡേറ്റാ സർവീസ് ലഭിക്കാത്ത അഥവാ സ്‌പീഡ് കുറവുള്ള ഉൾഗ്രാമങ്ങളിൽ ഇത് അഭികാമ്യമാണ്. 3. ഡെബിറ്റ് കാർഡ്
ഇതു സാധാരണയായി എടിഎം കാർഡ് തന്നെയാണ് (അപൂർവം ചില ബാങ്കുകൾ അവയുടെ ചിലതരം എടിഎം കാർഡുകൾക്ക് ഡെബിറ്റ് കാർഡ് സൗകര്യം നൽ‌കുന്നില്ല). നമ്മുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാനുള്ളതാണ് ഡെബിറ്റ് കാർഡ്. ഇവ കടകളിലെ സ്വൈപിങ് യന്ത്രങ്ങളിൽ ഉപയോഗിക്കാം. അതുപോലെ ബില്ലുകൾ, ഫീസുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയ്ക്കും ഉപയോഗിക്കാം.
4. ക്രെഡിറ്റ് കാർഡ്
ഇത് അപകടകാരിയാണെന്ന് ആദ്യമേ പറയട്ടെ. കാരണം പിന്നീടു പറയാം. ഇവിടെ നമ്മൾ കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്ക് അഥവാ കമ്പനിയിൽനിന്നു കടം വാങ്ങുകയാണ്; അതായത് നമ്മുടെ സമ്പാദ്യമല്ല ഉപയോഗിക്കുന്നതെന്നു ചുരുക്കം. ഉപയോഗരീതി ഡെബിറ്റ് കാർഡ് പോലെതന്നെ. പരമാവധി ബാക്കിനിൽക്കാവുന്ന തുകയ്ക്കും എടിഎം വഴി പണമായി എടുക്കാവുന്ന തുകയ്ക്കും കമ്പനി പരിധി വയ്ക്കുന്നു.
അതിനപ്പുറം പോകാൻ അനുവദിക്കില്ല. ഇനി അപകടം പറയാം: മുഴുവൻ തുകയും ബിൽ തീയതിക്കു മുൻപ് അടച്ചില്ലെങ്കിൽ ഈടാക്കുന്ന പലിശ ഭീമമായിരിക്കും– 36% മുതൽ മുകളിലേക്ക് എത്രയുമാവാം. മിനിമം പേയ്‌മെന്റ് തുക എന്നായിരിക്കും ബില്ലിലും എസ്എംഎസിലും വരിക. ആ തുക മാത്രം അടച്ചാൽ ബാക്കി തുകയ്ക്കുള്ള പലിശയിനത്തിൽതന്നെ മുതൽ കൂടിക്കൊണ്ടിരിക്കും. ഒരിക്കലും കടത്തിൽനിന്നു കരകയറാൻ ആവില്ല. പോരാതെ മിനിമം പേയ്‌മെന്റ് തുക അടയ്ക്കാൻ വൈകിയാൽ പിഴയും വരും. എന്നാൽ, സാമ്പത്തിക അച്ചടക്കമുള്ളവർക്ക് ക്രെഡിറ്റ് കാർഡ് തൽക്കാലത്തെ ഉപയോഗങ്ങൾക്കു സൗകര്യപ്രദമാണ്.
5. മൊബൈൽ വോലറ്റുകൾ
വോലറ്റ് എന്ന് പറഞ്ഞാൽ നാം സാധാരണ കൊണ്ടുനടക്കുന്ന മണിപഴ്‌സ് തന്നെ. ഇവിടെ, മൊബൈലിൽ ഇലക്ട്രോണിക് രൂപത്തിലാണു പഴ്‌സ് എന്നുമാത്രം. ഒരു ദിവസം അല്ലെങ്കിൽ ഒരു മാസം പരമാവധി നടത്താവുന്ന ഉപയോഗത്തിനു പരിമിതിയുണ്ട്. മൊബൈൽ വോലറ്റ് സ്വീകരിക്കുന്നവർക്കു മാത്രമാണു പണം നൽകാൻ കഴിയുന്നത്. ഓൺലൈൻ ടാക്സി, ഓൺലൈൻ വിൽപന എന്നിത്യാദികൾ ഇപ്പോൾ മൊബൈൽ വോലറ്റുകൾ മുഖേന പണം സ്വീകരിക്കുന്നു.
6. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്
പ്രായം കൊണ്ട് കൂട്ടത്തിൽ ഏറ്റവും ഇളയതാണിത്. ഇപ്പോൾ നടപ്പിലാക്കി വരുന്നതേയുള്ളൂ; പക്ഷേ, അതിശക്തനും. ഗൂഗിൾ പ്ലേസ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ഇടങ്ങളിൽനിന്ന് യുപിഐ ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യണം. ബാങ്ക് ഏതുമാവട്ടെ, ആപ്ലിക്കേഷൻ ഒന്നുമതി. അതിനു ശേഷം അതിൽ നാലക്കമുള്ള ഒരു പിൻ നമ്പർ സെറ്റ് ചെയ്യണം.
ഇതു രഹസ്യകോഡാണ്; വെളിപ്പെടുത്തരുത്. പിന്നീട് ഒരു ‘സാങ്കൽപിക വിലാസം’ – ഇ മെയിൽ അഡ്രസ് പോലെ – ആപ്ലിക്കേഷനിൽ ചേർക്കാം. ഇത്രയുമായാൽ യുപിഐ ഉപയോഗയോഗ്യമായി. നമുക്കു പണം തരേണ്ട ആൾക്ക് ഈ സാങ്കൽപിക വിലാസം നൽകിയാൽ മതി; നമ്മുടെ ബാങ്ക് പേരോ, അക്കൗണ്ട് നമ്പറോ ഒന്നും നൽകേണ്ട. പണം അക്കൗണ്ടിൽ വന്നാൽ നമുക്കു മൊബൈലിൽ സന്ദേശം വരും. പാൽ ബൂത്ത്, പഴം– പച്ചക്കറി കടകൾ, വഴിയോര കച്ചവടക്കാർ, ദിവസക്കൂലിക്കാർ, പത്ര ഏജന്റുമാർ, അലക്കുകാർ, ഇസ്‌തിരി ജോലിക്കാർ തുടങ്ങിയവർക്കെല്ലാം യുപിഐ ഫലപ്രദമായിരിക്കും.
7. ആർടിജിഎസ്
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്ന സംവിധാനം നിലവിൽ വന്നിട്ട് ഒരു വ്യാഴവട്ടമായി. രണ്ടു ലക്ഷം രൂപ മുതൽ മുകളിലേക്ക് എത്ര രൂപ വേണമെങ്കിലും നമ്മുടെ ഒരു ബാങ്കിലുള്ള അക്കൗണ്ടിൽനിന്നു മറ്റൊരു ബാങ്കിലേക്ക് അയയ്ക്കാം. അയച്ച സമയം തന്നെ തുക ഗുണഭോക്താവിന്റെ അക്കൗണ്ടിൽ എത്തുന്നു. ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേരും ശാഖയും എന്നിവയ്ക്കു പുറമേ, ആ ശാഖയുടെ ഐഎഫ്എസ്‌സി കോഡും വേണം പണമയയ്ക്കാൻ. ആർടിജിഎസ് അക്കൗണ്ടിൽ നിന്നു മാത്രമേ അയയ്ക്കാനാവൂ. ആഴ്‌ചദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയേ ആർടിജിഎസ് ഇടപാടുള്ളൂ. 30 രൂപ മുതൽ 55 രൂപ വരെ മാത്രമേ ഒരു തവണ പണമയയ്ക്കാൻ ചെലവുള്ളൂ.
8. എൻഇഎഫ്ടി
നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്ന ഈ സംവിധാനം ആർടിജിഎസിന്റെ ‘അനുജൻ’ ആണ്. ഇതുമുഖേന പണമയയ്ക്കാനും ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേരും ശാഖയും, ഐഎഫ്എസ്‌സി വിവരം എല്ലാം വേണം. എന്നാൽ ചുരുങ്ങിയ തുകയോ പരമാവധി തുകയോ ക്ലിപ്‌തപ്പെടുത്തിയിട്ടില്ല. അതിനാൽ എത്ര ചുരുങ്ങിയ തുകയും അയയ്ക്കാം. ചെലവ് ആർടിജിഎസിനെക്കാളും കുറവാണ് – 5 രൂപ മുതൽ 25 രൂപ വരെ മാത്രം. രാവിലെ എട്ടുമണിമുതൽ വൈകിട്ട് ഏഴുമണിവരെ സമയവുമുണ്ട്. 49,999 രൂപ വരെ പണമായിട്ടും അടയ്ക്കാവുന്നതാണ്. അതിനു മുകളിലുള്ള തുക അയയ്ക്കുന്ന ആളിന്റെ അക്കൗണ്ടിൽ നിന്നാകണം.
9. ഐഎംപിഎസ്
നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ചതാണ് ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്). ഇത് വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും ലഭ്യമാണ്.ഗുണഭോക്താവിന് തൽസമയം തന്നെ പണം ലഭിക്കുകയും അയച്ചയാൾക്കും ഗുണഭോക്താവിനും ഉടനെ മൊബൈൽ സന്ദേശം കിട്ടുകയും ചെയ്യുന്നു. ഒരു രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഐഎംപിഎസ് മുഖേന ഒരു ദിവസം അയയ്ക്കാവുന്ന തുക. പരമാവധി ചെലവ് 15 രൂപ. മൊബൈൽ ഫോൺ, എസ്എംഎസ്, എടിഎം എന്നിവ മുഖേന പണം കൈമാറ്റം ചെയ്യാൻ ഇതു സഹായകമാണ്. ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് എന്നിവയെല്ലാം ഇന്റർനെറ്റ് ബാങ്കിങ് വഴിയും നടത്താം.
10. യുഎസ്എസ്ഡി
ആൻഡ്രോയ്‌ഡ് അല്ലാത്ത പഴയതരം ഫോണുകൾ ഉള്ളവർക്ക് ഏറ്റവും അഭികാമ്യമായതാണ് അൺസ്ട്രക്‌ചേഡ് സപ്ലിമെന്ററി സർവീസ് ഡേറ്റ എന്ന യുഎസ്എസ്ഡി. അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെട്ട് എംഎംഐഡിയും (മൊബൈൽ മണി ഐഡന്റിഫൈർ – 7 അക്കം) എം പിന്നും കരസ്ഥമാക്കണം. എംഎം ഐഡി വച്ചാണ് നമ്മുടെ അക്കൗണ്ട് കംപ്യൂട്ടർ സിസ്റ്റം തിരിച്ചറിയുന്നത്. എം പിൻ നമ്മെ തിരിച്ചറിയാനുള്ള കോഡും – സെക്യൂരിറ്റി പാസ്‌വേർഡ്.
ഇവ രണ്ടുമായാൽ *99# എന്ന് മൊബൈലിൽനിന്നു ഡയൽ ചെയ്യണം. അപ്പോൾ യുഎസ്എസ്ഡിയുടെ സ്‌ക്രീൻ തെളിയും. ഷോർട്‌നെയിം എന്നതിനു നേരെ, നമ്മുടെ ബാങ്കിന്റെ പേരിന്റെ ആദ്യത്തെ മൂന്നക്ഷരം (അഥവാ ബാങ്ക് ചുരുക്കപ്പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അത്. ഉദാ: എസ്–ബി–ടി) ടൈപ് ചെയ്യുക. പിന്നീട് വരുന്ന സ്‌ക്രീനിൽ നിന്ന് ‘ഫണ്ട് ട്രാൻസ്ഫർ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിൽ പണം കിട്ടേണ്ടയാളിന്റെ മൊബൈൽ നമ്പറും അദ്ദേഹത്തിന്റെ എംഎംഐഡിയും ടൈപ് ചെയ്യുക. അടുത്ത സ്‌ക്രീനിൽ തുകയും നമ്മുടെ എം പിന്നും അടിക്കുക. എം പിൻ കഴിഞ്ഞ് ഒരു സ്‌പേസ് ഇട്ട ശേഷം നമ്മുടെ ഏത് അക്കൗണ്ടിൽ നിന്നാണോ പണം നൽകേണ്ടത്, ആ അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങൾ അടിക്കുക. ഗുണഭോക്താവിന് പണം കിട്ടിക്കഴിഞ്ഞു!
11. എഇപിഎസ്
ആധാർ എനേബ്‌ൾഡ് പേയ്മെന്റ് സിസ്റ്റം ആണിത്. ബാങ്കുകൾ എല്ലാ സ്ഥലങ്ങളിലും – പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ – ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ കയ്യിലുള്ള മൈക്രോ എടിഎം വഴി, ആധാറുമായി അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചിട്ടുള്ളവർ തമ്മിൽ പണം കൈമാറാം. കിട്ടേണ്ടയാളിന്റെ ആധാർ നമ്പർ മാത്രം മതി.
12. പ്രീ പെയ്‌ഡ് കാർഡുകൾ
ഒരു നിശ്ചിത തുകയ്ക്കുള്ളിൽ ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള ഉപാധിയാണിത്. വിദൂരസ്ഥലങ്ങളിൽ വിദ്യാഭ്യാസത്തിനയയ്ക്കുന്ന കുട്ടികൾക്ക് അത്യാവശ്യ ചെലവുകൾക്കുള്ള പോക്കറ്റ്‌മണി നൽകാൻ ഉപയോഗിക്കാം. അതുപോലെ വിദേശയാത്ര നടത്തുമ്പോൾ ഉപയോഗിക്കാൻ പ്രീ പെയ്‌ഡ് കാർഡ് നല്ലതാണ്. പല വിദേശരാജ്യങ്ങളിലും നമ്മുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് അപകടകരമാണ്. അതുകൊണ്ട്, വിദേശയാത്ര പോകുമ്പോൾ ആവശ്യമുള്ള തുകയ്ക്ക് രാജ്യാന്തര പ്രീ പെയ്‌ഡ് കാർഡുകൾ വാങ്ങി പോകുന്നതാണു രക്ഷ. വിവാഹം മുതലായ അവസരങ്ങളിൽ പണമായി സമ്മാനം നൽകുന്നതിനു പകരം പ്രീ പെയ്‌ഡ് ഗിഫ്‌റ്റ് കാർഡുകളും ഉപയോഗിക്കാം.
13. ഓൺലൈൻ പേയ്മെന്റ്
സ്കൂൾ ഫീസ്, വിവിധ ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കൽ, ബസ്– തീവണ്ടി– വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യൽ തുടങ്ങിയവയൊക്കെ ഓൺലൈനായി ചെയ്യാൻ വളരെ എളുപ്പമാണ്. അതതു സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ ഇതിനുള്ള ലിങ്ക് ഉണ്ട്; നമ്മൾ ഉപയോഗിക്കണമെന്നു മാത്രം.
ഏതു വിധേനയുള്ള ഡിജിറ്റൽ ഇടപാടായാലും പാസ്‌വേർഡ്, ഒടിപി, എം പിൻ തുടങ്ങിയവയെല്ലാം രഹസ്യമായി വയ്ക്കണം. അവ ഓർ‌ക്കാൻ എളുപ്പമുള്ളതും ഊഹിക്കാൻ പ്രയാസമുള്ളതുമാവണം. മറ്റൊരാളെക്കൊണ്ട് പാസ്‌വേർഡ് അടിപ്പിക്കരുത്. ആരു ഫോൺ ചെയ്‌തു ചോദിച്ചാലും ഒടിപി നൽകരുത്. കാർഡുകൾ സ്വകാര്യമായും സൂക്ഷിച്ചും വയ്ക്കണം. ഇത്രയും ചെയ്‌താൽ ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതവും സൗകര്യപ്രദവുമാവും.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder