> 'സ്‌കൂള്‍ വിക്കി' കേരളപ്പിറവി ദിനത്തില്‍ | :

'സ്‌കൂള്‍ വിക്കി' കേരളപ്പിറവി ദിനത്തില്‍

സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കുന്ന 'സ്‌കൂള്‍ വിക്കി ' (www.schoolwiki.in) കേരളപ്പിറവി ദിനത്തില്‍ (നവംബര്‍ 1) സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയ 'സ്‌കൂള്‍വിക്കി' യുടെ സവിശേഷത. ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതാത് സ്‌കൂളിന്റെ ചരിത്രവും സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്‌സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌കൂള്‍ വിക്കിയില്‍ നല്‍കാം. ഇതിന്റെ ഫലമായി എല്ലാ സ്‌കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ലാറ്റ്‌ഫോം ആയ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും. കുട്ടികള്‍ അവര്‍ തയ്യാറാക്കുന്ന പഠന ഉള്‍പ്പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നും രൂപം കൊള്ളുന്ന പഠനവിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി 'സ്‌കൂള്‍ പത്രം', 'നാടോടി വിജ്ഞാനകോശം', 'എന്റെ നാട്' എന്നീ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകള്‍ സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാം. കേരളത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളുടെയും വിശദാംശങ്ങള്‍ ഇത് വഴി ലഭ്യമാക്കാം. 2009 കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച സ്‌കൂള്‍വിക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്നു. ഇതാണ് മലയാളം വിക്കിപീഡിയാ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ സമഗ്രമായി പരിഷ്‌ക്കരിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കുന്നത്. വിക്കിമീഡിയ ഫൗേേണ്ടഷന്‍ തയാറാക്കിയ വിക്കിമീഡിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ വിക്കി തയാറാക്കിയിരിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ അഡ്മിന്‍, അക്ഷരമാലാക്രമത്തില്‍ ലേഖനങ്ങളിലെത്താനുള്ള സംവിധാനം, വിക്കികോമണ്‍സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം. വിക്കി എഡിറ്റര്‍, സ്‌കൂള്‍ മാപ്പിങ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരച്ചില്‍ എന്നീ സൗകര്യങ്ങളും prettyURL, Upload Wizard, Editcounts, Check user, Gadgets, Thanks തുടങ്ങിയ എക്സ്റ്റന്‍ഷനുകളും സ്‌കൂള്‍വിക്കിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ അവരുടെ സ്‌കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സ്‌കൂള്‍വിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. മികച്ച രീതിയില്‍ സ്‌കൂള്‍ വിക്കി പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു . സ്‌കൂള്‍വിക്കിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തിരുത്തലുകള്‍ നിരീക്ഷിക്കാനും ആവശ്യമായ പിന്തുണനല്‍കാനുമായി വിദ്യാഭ്യാസ ജില്ല തിരിച്ചു അഡ്മിനുകളുടെ സേവനവും ലഭ്യമാക്കാനും സംവിധാനം ഒരുക്കിയതായി ഐ ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു .

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder