> ദേശീയ പെൻഷൻ പദ്ധതി (NPS) | :

ദേശീയ പെൻഷൻ പദ്ധതി (NPS)

നിക്ഷേപിക്കുന്ന പണത്തിന് അധിക നികുതിയിളവ്, വിപണിയിൽ കിട്ടാവുന്ന മെച്ചപ്പെട്ട മൂലധന വളർച്ച, വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുക മറ്റാവശ്യങ്ങൾക്കായി മാറ്റി ചെലവാക്കാതെ തുടർച്ചയായി പെൻഷൻ ഉറപ്പാക്കുന്ന രീതി പ്രോൽസാഹിപ്പിക്കുന്ന നിക്ഷേപക ഘടന, ഒരു പെൻഷൻ നിക്ഷേപത്തിനെ മറ്റുള്ള നിക്ഷേപങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതിന് മറ്റെന്താണ് വേണ്ടത്?
ഇത്തരം സവിശേഷതകളെല്ലാം അതിവിദഗ്‌ധമായി സമന്വയിപ്പിച്ചിരിക്കുന്നത് എൻപിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  നാഷണൽ പെൻഷൻ സ്കീം അഥവാ ദേശീയ പെൻഷൻ പദ്ധതിയിൽ മാത്രം. ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പലവിധ പ്രലോഭനങ്ങളിൽപ്പെട്ട്, മിച്ചം പണമെല്ലാം മറ്റോരോ പദ്ധതിയിൽ നിക്ഷേപിക്കുക മൂലം ദേശീയ പെൻഷൻ പദ്ധതിയിൽ ഇനിയും ചേരാത്തവരെക്കുറിച്ച് പറയാൻ ഒന്നു മാത്രം, ഹാ കഷ്‌ടം !
ആർക്കും ചേരാം 
18 നും 60 വയസ്സിനുമിടയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, മറ്റു സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കെല്ലാം അനുയോജ്യമായ പെൻഷൻ പദ്ധതിയാണിത്. അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ സൗകര്യാർഥം വീണ്ടും ലളിതമാക്കിയ പെൻഷൻ പദ്ധതിയുടെ മറ്റൊരു പതിപ്പാണ് എൻപിഎസ് ലൈറ്റ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ദേശീയ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭ്യമാണ്.
ചേരാൻ എളുപ്പം 
ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപകരെ നിർബന്ധിച്ചു ചേർക്കാൻ അഡ്വൈസർമാരെയോ ഏജന്റുമാരെയോ നിയോഗിച്ചിട്ടില്ല. പോയിന്റ് ഓഫ് പ്രസൻസ് സർവീസ് പ്രൊവൈഡർ എന്നറിയപ്പെടുന്ന ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവയിൽ പെൻഷൻ പദ്ധതി തുടങ്ങാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി ഏകദേശം 17 ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞടുക്കപ്പെട്ട ബാങ്കിതര ഫിനാൻസ് കമ്പനികൾ എന്നിവകളിലൂടെ പെൻഷൻ അക്കൗണ്ട് തുറക്കാം. പെർമനന്റ് അക്കൗണ്ട് നമ്പർ സമർപ്പിച്ചിട്ടുള്ളതോ ആധാർ കാർഡുകളും മൊബൈൽ നമ്പരും റജിസ്റ്റർ ചെയ്‌തിട്ടുള്ളതോ ആയ ബാങ്ക് അക്കൗണ്ടുകളുള്ളവർക്ക് നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് അഥവാ എൻഎസ്ഡിഎൽ–ന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായും ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാം. അക്കൗണ്ട് തുറക്കുമ്പോൾ ലഭിക്കുന്ന പ്രാൺ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് നിക്ഷേപങ്ങൾ നടത്തേണ്ടത്.
ലളിതമായ നിക്ഷേപം 
500 രൂപയുടെ ആദ്യ തവണയും ചുരുങ്ങിയത് 6000 രൂപയുടെ വാർഷിക നിക്ഷേപവും പ്രാണിൽ അടച്ച് ദേശീയ പെൻഷൻ അക്കൗണ്ടിൽ ചേരാം. 60 വയസ്സുവരെ തുടർന്ന് വർഷം തോറും മുടങ്ങാതെ നിക്ഷേപം നടത്തുന്നവർക്ക് അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന മുതലും പലിശയും വർഷം തോറും പെൻഷൻ ലഭിക്കത്തക്ക രീതിയിൽ അംഗീകൃത പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. അറുപതാമത്തെ വയസ്സിൽ ബാക്കി നിൽക്കുന്ന തുകയുടെ 60% കമ്യൂട്ട് ചെയ്‌ത് രൊക്കം പണമായി കൈപ്പറ്റുകയുമാകാം. ഇപ്രകാരം ടിയർ–1 എന്നറിയപ്പെടുന്ന നിർബന്ധ നിക്ഷേപ അക്കൗണ്ടുള്ളവർക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്ന ടിയർ–2 അക്കൗണ്ടും തുടങ്ങാവുന്നതാണ്. 60 വയസ്സെത്തും മുൻപ് പെൻഷൻ ആരംഭിക്കണമെന്നു തോന്നുന്നവർ ബാക്കി നിൽക്കുന്ന തുകയിൽ ചുരുങ്ങിയത് 80% പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കണം.
വളർച്ചയും നികുതിയിളവുകളും 
നിക്ഷേപകർ അടയ്‌ക്കുന്ന പണം അവർക്കു തന്നെ തിരഞ്ഞെടുക്കാവുന്ന എസ്ബിഐ പെൻഷൻ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ പെൻഷൻ ഫണ്ട്, എൽഐസി പെൻഷൻ ഫണ്ട് തുടങ്ങിയ പെൻഷൻ ഫണ്ട് സ്ഥാപനങ്ങൾ വിപണിയിൽ നിക്ഷേപിക്കുകയും മൂലധന വളർച്ചയുടെ പ്രയോജനം ലഭ്യമാക്കുകയുമാണ് പെൻഷൻ പദ്ധതിയിൽ. ഏറ്റവും ചുരുങ്ങിയ ഫണ്ട് മാനേജ്‌മെന്റ് നിരക്കുകൾ മാത്രം ഈടാക്കുന്നതിനാൽ വിപണിയിൽ നിന്നു ലഭിക്കുന്ന മൂലധന വളർച്ചയുടെ പ്രയോജനം പൂർണമായും നിക്ഷേപകർക്കു ലഭിക്കും.
മൂലധന വളർച്ചയ്‌ക്ക് മുൻകൂട്ടി ഉറപ്പു നൽകുന്നില്ലെങ്കിൽക്കൂടി 10 ശതമാനത്തിനു മുകളിൽ വാർഷിക വളർച്ച ഇതിനകം ലഭ്യമാക്കിയ ഫണ്ട് മാനേജർമാരുണ്ട്. ഓരോ വർഷവും ലഭിക്കുന്ന നിക്ഷേപ വളർച്ച താരതമ്യം ചെയ്‌ത് മെച്ചപ്പെട്ട വളർച്ച ലഭിക്കുന്ന പെൻഷൻ ഫണ്ട് കമ്പനികളെ മാറ്റി നിശ്ചയിക്കുകയുമാകാം. മാത്രമല്ല, ഇക്വിറ്റി പ്ലാനുകൾ, ഗവൺമെന്റ് ബോണ്ട് അധിഷ്‌ഠിത പ്ലാനുകൾ, കമ്പനി കടപ്പത്ര പ്ലാനുകൾ എന്നിങ്ങനെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിൽ പണം മാറ്റി നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്.
ആദായ നികുതി കണക്കാക്കുമ്പോൾ മറ്റ് നിക്ഷേപങ്ങളോടൊപ്പം സാധാരണ കിഴിവനുവദിക്കുന്ന 1,50,000 രൂപയിൽ ദേശീയ പെൻഷൻ പദ്ധതിയിൽ അടയ്‌ക്കുന്ന തുകയും അർഹമാണ്. ഇതിനു പുറമെ ദേശീയ പെൻഷൻ പദ്ധതിക്കു മാത്രമായി 50,000 രൂപ വരെ അധിക ഇളവും ലഭിക്കും .
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം
ഇന്‍ഷുറന്‍സോ, മ്യൂച്വല്‍ ഫണ്ടോ ഓണ്‍ലൈനില്‍ വാങ്ങുന്നതുപോലെ ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയിലും(എന്‍പിഎസ്) ലളിതമായ നടപടിക്രമം പാലിച്ചാല്‍ അക്കൗണ്ട് തുടങ്ങാം.
പാന്‍, ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ എന്നിവയുണ്ടെങ്കില്‍ ഓണ്‍ലൈന്‍വഴി അക്കൗണ്ട് തുറക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതോടെയാണിത്.
ഇ-കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആധാര്‍ ആധാരമാക്കിയതോടെയാണ് നടപടിക്രമങ്ങള്‍ ലളിതമായത്.
എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തിട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഇതിനായി തയ്യാറാക്കിയിട്ടുള്ള enps.nsdl.com സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട്, ആധാര്‍(ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം), പാന്‍ കാര്‍ഡ്, അപ് ലോഡ് ചെയ്യാനുള്ള ഫോട്ടോ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആവശ്യമാണ്. കുറഞ്ഞത് 500 രൂപയെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ കൈമാറുകയും വേണം.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഭാവിയില്‍ നിക്ഷേപം നടത്തേണ്ടത്.എന്‍പിഎസില്‍ നിക്ഷേപിക്കുന്ന, പ്രതിവര്‍ഷം 50,000 രൂപയില്‍ കൂടാത്ത തുകയ്ക്ക് ആദായ നികുതി ആനുകൂല്യവും ലഭിക്കും
 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder