കുട്ടികളെ തോല്‍പ്പിച്ചാല്‍ പഠനനിലവാരം കൂടുമോ?

കുട്ടികളുടെ പഠനനിലവാരം കുറയുന്നുവെന്നത് കുറച്ചുകാലമായി കേട്ടുകൊണ്ടിരിക്കുന്ന ആരോപണമാണ്. പത്താംക്ലാസ് കഴിഞ്ഞിട്ടും തെറ്റില്ലാതെ മലയാളം എഴുതാനറിയില്ല, ഇംഗ്ലീഷിന്റെ കാര്യത്തില്‍ വളരെ മോശമാണ്, കണക്കിലും ശാസ്ത്രത്തിലും അടിസ്ഥാനകാര്യങ്ങള്‍പോലും പഠിക്കുന്നില്ല എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക്.  ഇപ്പറയുന്നതില്‍ കഴമ്പുണ്ടോയെന്നറിയാന്‍ ആധികാരികമായ വല്ല പഠനവും നടന്നോ എന്നറിയില്ലെങ്കിലും പഠിക്കാത്ത കുട്ടികളെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍. വിദ്യാഭ്യാസാവകാശനിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് അഭിപ്രായമറിയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനുള്ള മറുപടിയായാണ് 'ഓള്‍ പ്രമോഷന്‍' സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 'പഠിക്കാത്ത' കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി പത്തിലും പതിനൊന്നിലുമൊക്കെ എത്തുന്നത് സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും അതിനാല്‍ അത്തരം കുട്ടികളെ തോല്‍പ്പിക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസാവകാശനിയമത്തില്‍ മാറ്റംവരുത്തണമെന്നുമാണ് കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനസമയത്തും കുട്ടികളെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ 'ബുദ്ധിമുട്ടി'നെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി സങ്കടപ്പെട്ടിരുന്നു.
എല്ലാവര്‍ക്കും വിദ്യാഭ്യാസവും ഓള്‍ പ്രമോഷനും
1948ലാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം (Education For All _EFA)എന്ന മുദ്രാവാക്യം ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചത്. ലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ 26ാം വകുപ്പിലാണ് 'Everyone has the right to education' എന്ന പ്രഖ്യാപനം ഉള്‍പ്പെട്ടത്. സമാധാനം, ജനാധിപത്യം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ ഉറപ്പുവരുത്തി സുസ്ഥിരവികസനത്തിലേക്കു മുന്നേറുകയെന്നതാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടു.
ദാരിദ്ര്യം, സാമൂഹികവും വംശീയവുമായ ഉച്ചനീചത്വങ്ങള്‍, ലിംഗപരമായ അസമത്വം തുടങ്ങി ഒട്ടേറെ കടമ്പകള്‍ മറികടന്നുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ ഈ ലക്ഷ്യത്തിലേക്കു മുന്നേറുന്നത്. ഇന്ത്യയിലാകട്ടെ, എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നു തിരിച്ചറിയുന്നതുകൊണ്ടാണ് 2010ല്‍ വിദ്യാഭ്യാസാവകാശനിയമം (Right to Education- RTE) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്.
കേരളം പിന്നോട്ടു നടക്കുന്നു
1977ലാണ് കേരളത്തിലെ സ്‌കൂളുകളില്‍ ഓള്‍ പ്രമോഷന്‍ സമ്പ്രദായം നിലവില്‍വന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കണമെന്നും അഞ്ചുമുതല്‍ ഏഴുവരെ 90 ശതമാനവും 89 ക്ലാസുകളില്‍ 80 ശതമാനവും വിജയം ഉറപ്പുവരുത്തണമെന്നുമായിരുന്നു തീരുമാനം. ചാക്കീരി അഹമ്മദ് കുട്ടിയായിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. 'ചാക്കീരിപ്പാസ്' എന്ന് പ്രസിദ്ധമായിത്തീര്‍ന്ന പ്രസ്തുതതീരുമാനത്തിന്റെ ഗുണവശങ്ങള്‍ പക്ഷേ, അധികമാരും ചര്‍ച്ചചെയ്തില്ല. ഒരുകൊല്ലംകൊണ്ട് കുട്ടിക്കു കിട്ടേണ്ട പഠനാനുഭവങ്ങള്‍ ഉറപ്പുവരുത്തി ജയിപ്പിക്കുകയെന്നതായിരുന്നു അത്. എന്നാല്‍, ദരിദ്രപിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍കൂടി പഠിച്ചും ജയിച്ചും വരുന്നതില്‍ അസഹിഷ്ണുക്കളായവര്‍ 'ചാക്കിരിപ്പാസി'നെ മലയാളത്തിലെ കുപ്രസിദ്ധമായ ഒരു പദമാക്കി മാറ്റുകയാണുണ്ടായത്.
കുട്ടികളെ സ്‌കൂളുകളിലേക്കാകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നതോടൊപ്പം ഓള്‍ പ്രമോഷന്‍ സമ്പ്രദായത്തിന് പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. ഏതു ക്ലാസ് വരെയാണോ 'നിര്‍ബന്ധമായും' കുട്ടികള്‍ പഠിക്കേണ്ടത്, ആ ക്ലാസ് വരെയുള്ള പഠനത്തിലൂടെ കുട്ടികള്‍ക്കു കിട്ടേണ്ട ഒന്നും അവര്‍ക്കു നഷ്ടപ്പെടരുതെന്നതാണത്. ഏതെങ്കിലും സ്‌കൂളില്‍, ഏതെങ്കിലും കുട്ടികള്‍ക്ക് ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, എല്ലാവിധ പിന്തുണയുമുറപ്പാക്കി ലക്ഷ്യത്തിലെത്താന്‍ അവരെ സഹായിക്കാനുള്ള ബാധ്യത സ്‌റ്റേറ്റിന്റേത് അല്ലെങ്കില്‍ പൊതുസമൂഹത്തിന്റേതാണ്.
പഠനനിലവാരം കുറയുന്നുവോ?
സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരക്കുറവ്, അച്ചടക്കമില്ലായ്മ, പരിമിതമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍പ്പോലുമുണ്ടായിട്ടുള്ള പരാജയം തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.  ഊഹിക്കാവുന്നതിലുമപ്പുറത്തേക്ക് ലോകവും ജീവിതവും മാറിക്കൊണ്ടിരിക്കുന്ന കാലത്തും സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം മുഴുവന്‍ കുട്ടികളെയും തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കലാണെന്നു കരുതുന്നവരാണ് നമ്മളിലധികവും. സ്വാതന്ത്ര്യസമരനവോത്ഥാനകാലത്ത് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന വിമോചകലക്ഷ്യമായിരുന്നു വിദ്യാഭ്യാസത്തിന്. എഴുത്തും വായനയുമാകട്ടെ അതിനുള്ള ഉപകരണവും.
എല്ലാ വൈകാരികതകളും പേറുന്ന ഒരു വ്യക്തി, സമൂഹത്തിലെ ഉത്തരവാദപ്പെട്ട ഒരംഗം, ലോകത്തു ജീവിക്കേണ്ട ഒരു മനുഷ്യന്‍ എന്നീ നിലകളിലേക്കു വളരാന്‍ വഴിയൊരുക്കാത്ത പ്രക്രിയയെ വിദ്യാഭ്യാസമെന്നു വിളിക്കാനാവില്ല. ഉള്ളുലയ്ക്കുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ പിടിച്ചുനില്‍ക്കാനും പ്രതിസന്ധികളെ മറികടക്കാനും സഹായിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസഘടനയെ എങ്ങനെ മാറ്റാമെന്നാണ് ഇനിയെങ്കിലും ആലോചിക്കേണ്ടത്.
 കൂടുതല്‍പേര്‍ തോല്‍ക്കുന്നതാണോ നല്ല  വിദ്യാഭ്യാസരീതി? ഇങ്ങനെ തോല്‍ക്കുന്നവരുടെ സാമൂഹികകുടുംബആരോഗ്യസാമ്പത്തിക പശ്ചാത്തലം വിശകലനംചെയ്തുനോക്കിയാല്‍ പരാജയത്തിന്റെ കാരണം കണ്ടെത്താനാവും. പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ എന്ന വിഭാഗത്തില്‍ ശാരീരികമാനസിക പരിമിതികള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ടവര്‍, ചേരികളിലുള്ളവര്‍, നഗരദരിദ്രര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, പട്ടിണിപ്പാവങ്ങള്‍, അനാഥര്‍, കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍, രോഗബാധിതര്‍, അഭയാര്‍ഥികള്‍, നാടോടികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട് നമ്മുടെ വിദ്യാലയങ്ങളില്‍. ഇതരസംസ്ഥാനത്തൊഴിലാളികളുടെ മക്കളും ഇന്ന് ധാരാളമുണ്ട്. പരീക്ഷയില്‍ മായംകലര്‍ത്തരുതെന്നതിനെക്കാള്‍ വലിയ ശരി സാമൂഹികയാഥാര്‍ഥ്യങ്ങള്‍ കാണാതെപോകരുതെന്നതാണ്.
പത്താംക്ലാസിലെ റിസള്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം. റിസള്‍ട്ടുയര്‍ത്താന്‍ സമ്മര്‍ദമുണ്ടാകുന്നുവെന്നതാണത്. ഈ സമ്മര്‍ദം പഠനപ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കിയത് കാണാതിരുന്നുകൂടാ. രാവിലെയും വൈകുന്നേരവും അവധിദിനങ്ങളിലും പ്രത്യേക ക്ലാസുകളും രാത്രികാല പഠനക്യാമ്പുകളുമെല്ലാം ചേര്‍ന്നാണ് സ്ഥിതി മെച്ചപ്പെടുന്നത്. ത്രിതലഭരണസംവിധാനങ്ങളുടെയും അച്ചടിദൃശ്യ മാധ്യമങ്ങളുടെയും കാര്യക്ഷമമായ ഇടപെടലുകളും വിജയശതമാനമുയര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. കുട്ടി തോല്‍ക്കാതിരിക്കുകയെന്നത് വിദ്യാലയത്തിന്റെയും രക്ഷിതാവിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഗ്രഹമായിമാറുന്നു.  തിരഞ്ഞെടുപ്പുകാലത്ത് ഒരു സാധാരണ വോട്ടര്‍ക്കു ലഭിക്കുന്ന പരിഗണനയാണ് ഇന്ന് പിന്നാക്കക്കാരനായ ഒരു കുട്ടിക്ക് സ്‌കൂളില്‍ ലഭിക്കുന്നത്. അക്ഷരമെഴുതാനറിയാത്ത ഒരു കുട്ടിയെ കേരളത്തിലെ പ്രമുഖപത്രങ്ങള്‍ കണ്ടെത്തുന്നുവെന്നത് വിദ്യാഭ്യാസനിലവാരത്തിന്റെ വളര്‍ച്ചയെയാണു കാണിക്കുന്നത്. എല്ലാ വിഷയത്തിലും ജയിച്ചുകൊണ്ടിരുന്ന 30 ശതമാനത്തോളം വരുന്ന 'മിടുക്കരെ'മാത്രം കണ്ടിരുന്ന സ്ഥാനത്താണ് മാധ്യമങ്ങളിന്ന് 'തോല്‍ക്കുന്നവരെ'ക്കൂടി കണ്ടെത്തുന്നത്. പത്താംക്ലാസിലെ അരിക്കലില്‍ 70 ശതമാനത്തോളംപേര്‍ പുറത്താക്കപ്പെടുകയും ബാക്കിയുള്ള മിടുക്കര്‍മാത്രം പ്രീഡിഗ്രിക്ക് കോളേജിലെത്തുകയുംചെയ്ത സ്ഥാനത്താണ് ഏതാണ്ട് മുഴുവന്‍ കുട്ടികളും ഇന്ന് പ്ലസ്ടു ക്ലാസിലെത്തുന്നത്. തങ്ങളുദ്ദേശിക്കുന്ന 'പെര്‍ഫെക്ഷന്‍' എല്ലാവരിലും കാണാന്‍ കഴിയാത്തതിന്റെ വേദനയിലാണ് സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പ്ലസ്ടു അധ്യാപകര്‍ വിലപിക്കുന്നത്.
അതിസങ്കീര്‍ണമാണ് മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ നിര്‍വചനത്തിന് അത്രയെളുപ്പത്തില്‍ വഴങ്ങുന്ന ഒന്നല്ല 'മനുഷ്യന്‍' എന്നത്. ഒരുകാലത്ത് വൈകല്യമെന്നു കരുതിയതിനെ 'ഭിന്നശേഷി'യെന്നാണ് നമ്മളിപ്പോള്‍ വിളിക്കുന്നത്. അക്ഷരങ്ങള്‍ ശരിയായി എഴുതാന്‍ കഴിയാത്ത 'ഡിസ്‌ലക്‌സിയ' ഉള്ള കുട്ടിയായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നും ഇപ്പോഴത്തെ കേരളത്തിലാണ് അദ്ദേഹം പഠിച്ചിരുന്നതെങ്കില്‍ സ്‌കൂളില്‍നിന്നദ്ദേഹം പുറത്താക്കപ്പെടുമായിരുന്നുവെന്നും നമ്മള്‍ മനസ്സിലാക്കുന്നതു നല്ലതാണ്. ഒരു പരീക്ഷകൊണ്ടുമാത്രം ഒരാളെ കേമനെന്നും പരാജയപ്പെട്ടവനെന്നും മുദ്രകുത്തുന്നത് അസംബന്ധമാണ്. സഹജീവിസ്‌നേഹം, പ്രകൃതിയോടുള്ള കൂറ്, മതേതരബോധം, യുക്തിചിന്ത എന്നിവയൊക്കെ ഒരു വ്യക്തിയുടെ വലിയ വിജയങ്ങളായി പരിഗണിക്കേണ്ട വസ്തുതകള്‍തന്നെയാണ്.
മാറുന്ന ലോകത്തിനും തൊഴില്‍മേഖലയ്ക്കുമനുസരിച്ച് സ്വയം തയ്യാറാവാനും മുന്‍കൈയെടുക്കാനും സഹകരിക്കാനുമുള്ള കഴിവും മനോഭാവവും ജീവിതാവബോധവുമാണ് ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്.  വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടും ഘടനയും രീതിയും മാറണമെന്നര്‍ഥം. പക്ഷേ, എങ്ങനെ മാറ്റും? എത്ര കാലംകൊണ്ട്? ആരതിന് നേതൃത്വംകൊടുക്കും? കേരളസമൂഹത്തില്‍ ഇനി പ്രതീക്ഷിക്കേണ്ടതും അനിവാര്യവുമായ വിപ്ലവം അതാണ്. 
എന്തുകൊണ്ട് കേരളം കേന്ദ്രത്തോടൊപ്പം ചേരുന്നു?
ജയം/തോല്‍വി, ശതമാനം/റാങ്ക് എന്നിവയെല്ലാം വിപണിയുടെ മുദ്രകളോ മുദ്രാവാക്യങ്ങളോ ആണ്.  കച്ചവടക്കാരോടൊപ്പം നില്‍ക്കുന്ന, സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സംഘപരിവാറിന് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം പരിഗണനാവിഷയമാവില്ല. എന്നാല്‍, പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹികമൂല്യം തിരിച്ചറിഞ്ഞ,  വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണത്തില്‍ വളരെയധികം മുന്നോട്ടുപോയ കേരളം എന്തിനാണിങ്ങനെയൊരു പിന്തിരിപ്പന്‍ തീരുമാനമെടുത്തത്? രണ്ടു സാധ്യതയാണുള്ളത്. ഒന്നുകില്‍ കൊളോണിയല്‍ മാസ്‌റ്റേഴ്‌സിന്റെ പ്രേതങ്ങളാവാഹിച്ച, സവര്‍ണസമ്പന്നകച്ചവട മൂല്യങ്ങളില്‍ അഭിരമിക്കുന്നവരോടൊപ്പം നമ്മുടെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും അണിചേര്‍ന്നിട്ടുണ്ടാവണം. അല്ലെങ്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ ഭരണം കൈയാളുന്നവര്‍ അര്‍ഹമായ ഗൗരവത്തോടെയല്ല കാര്യങ്ങളിലിടപെടുന്നതെന്നതിന്റെ പച്ചയായ തെളിവാണിത്. 

:

e-mail subscribition

Enter your email address:

GPF PIN Finder