ലോകവിജ്ഞാനസംഭരണിക്ക് 15 വയസ്സ്

ലോകവിജ്ഞാന സംഭരണിയായ വിക്കീപീഡിയക്ക് ജനുവരി 15ന് പതിനഞ്ചാം പിറന്നാള്‍. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശത്തിന്റെ പിറന്നാള്‍ ലോകമാകെ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനോടനുബന്ധിച്ച് കേരളത്തില്‍ തിരുവനന്തപുരത്താണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയ സമൂഹമാണു തിരുവനന്തപുരത്ത് ആഘോഷം സംഘടിപ്പിക്കുന്നത്. പുളിമൂട്ടിലുള്ള കേസരി സ്മാരക ഹാളില്‍ പകല്‍ 2.00ന് കേരള ഐ ടി മിഷന്‍ ഡയറക്ടര്‍ കെ മൊഹമ്മദ് വൈ സഫിറുള്ള പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രമുഖ ശാസ്ത്രസാഹിത്യകാരന്‍ കെകെ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിക്കിസംരംഭങ്ങളെ സമ്മേളനത്തില്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തും. അമേരിക്കക്കാരായ ജിമ്മി വെയില്‍സ്, ലാറി സാങന്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിട്ടത്. മാനവരാശിക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ വിക്കിപീഡിയയിലേക്ക് ആര്‍ക്കും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഇംഗ്ളീഷിനുപുറമേ മുന്നൂറിലധികം ഭാഷകളില്‍ നിലിവിലുള്ള വിക്കിപീഡിയകളിലേക്കു ലോകമെമ്പാടുമുള്ള ബഹുജനങ്ങളാണു വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്.

മലയാളം വിക്കിപീഡിയ ml.wikipedia.org- എന്ന വിലാസത്തില്‍ ലഭ്യമാണ്. പരിപൂര്‍ണ്ണമായും സൌജന്യമായ വിക്കിപീഡിയയിലെ വിരങ്ങള്‍ ആര്‍ക്കും സ്വതന്ത്രമായി പുനരുപയോഗിക്കാം. പരിപാടിയോടനുബന്ധിച്ച് വിവിധ വിക്കിസംരംഭങ്ങളെ സമ്മേളനത്തില്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തും. വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവും നല്‍കും. ആഘോഷത്തിന്റെ ഭാഗമായി പിറന്നാള്‍ക്കേക്ക് മുറിക്കല്‍തുടങ്ങിയ പരിപാടികളും ഉണ്ടാകും. മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമേ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിക്കിപീഡിയ പ്രവര്‍ത്തകരായ കണ്ണന്‍ ഷണ്‍മുഖം, അഖില്‍ കൃഷ്ണന്‍, സുഗീഷ് സുബ്രഹ്മണ്യം, ടികെ സുജിത്ത് തുടങ്ങിയവര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://ml.wikipedia.org/wiki/WP:WP15TVM   എന്ന വെബ് താളിലോ 9496329819 എന്ന നമ്പരിലോ ലഭിക്കും.
 

:

e-mail subscribition

Enter your email address:

GPF PIN Finder