> ശിശുദിന ചിന്തകള്‍ | :

ശിശുദിന ചിന്തകള്‍

മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന കാലമാണിത്. എന്നിട്ടും ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്. അഥവാ ശബ്ദമുയര്‍ത്തുകയാണെങ്കില്‍ തന്നെ കോലാഹലങ്ങള്‍ക്കിടയില്‍ അതു മുങ്ങിപോകുന്നു. അവരില്‍ മുഖ്യം കുട്ടികളും വൃദ്ധരുമാണ്. കുട്ടികളും വൃദ്ധരും ഒരുപോലെയാണെന്ന് പറയാറുണ്ടല്ലോ. ഇക്കാര്യത്തില്ലെങ്കിലും അത് സത്യമാണ്.
ഒരു ശിശുദിനം കൂടി ആഘോഷിക്കുന്നു. .
മറ്റു പീഡനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് പലപ്പോഴും കുട്ടികള്‍ നേരിടുന്ന പീഡനം. കാരണം അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്നതുതന്നെ. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പ്രധാന പീഡകര്‍. എന്തിന്.. പലപ്പോഴും അധ്യാപകരും. പീഡനങ്ങള്‍ പുറത്തറിഞ്ഞാല്ലല്ലേ നടപടികള്‍ ഉണ്ടാകൂ. എത്ര കുട്ടികള്‍ക്ക് അതു പറയാന്‍ കഴിയും? പ്രത്യേകിച്ച് ലൈംഗികമായ പീഡനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസരീതിയും പലയിടത്തുമുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുണ്ട്. ലൈംഗികപീഡനം മാത്രമല്ല, മറ്റുപീഡനങ്ങളും സംഭവങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്നത് പല രാജ്യങ്ങളിലും വലിയ കുറ്റമാണ്. അടുത്തയിടെ ഇന്ത്യന്‍ മാതാപിതാക്കള്‍ക്കുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ.
ഇതില്‍ നിന്നെല്ലാം കടകവിരുദ്ധമാണ് ഇവിടത്തെ സ്ഥിതി. കുട്ടികളെ മര്‍ദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരമല്ല, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും എന്തിന് ബസ് കണ്ടക്ടര്‍ക്കുമെല്ലാം അതിനുള്ള അവകാശമുണ്ടെന്നാണ് നമ്മുടെ ധാരണ. മര്‍ദ്ദനങ്ങള്‍ കണ്ടാലും ആരും പ്രതികരിക്കില്ല.  ഒരു വശത്ത് സദാചാരപോലീസും മറുവശത്ത് പീഡനവും. ഇതാണ് ഇവിടത്തെ അവസ്ഥ. വിദ്യാലയങ്ങള്‍പോലും വ്യത്യസ്ഥമല്ല. സിലബസ്സിലൊക്കെ കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ മാനസിക വളര്‍ച്ചക്കുള്ള യാതൊരു പദ്ധതിയും ഇവിടെയില്ല. ലൈംഗികവിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടാന്‍ പാടില്ല.  ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിച്ച് മാനസികമായ വളര്‍ച്ചയുമുണ്ടാക്കാനുള്ള സമീപനമില്ല. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്.. അതുമാത്രമാണ് ഏവരുടേയും ഉദ്ദേശം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടേയും അഹങ്കാരത്തിന്റെയും അന്തസ്സിന്റേയും ഇരകളായി അവര്‍ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവര്‍ക്ക് നിഷേധിക്കുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ തടവറകളാകുന്നു.
അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യങ്ങളില്‍നിന്ന് വ്യത്യസ്ഥമായി വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ്അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ കടമകളും അവകാശങ്ങളും സിലബസിന്റെ ഭാഗമാക്കണമെന്ന സാമൂഹ്യ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. ഉദാഹരണമായി തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും മറ്റും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മറുവശത്ത് വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം അവരെ ബോധ്യപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം പരിസ്ഥിതി സംരക്ഷണം, സ്ത്രീപുരുഷ സമത്വം, ട്രാഫിക് ബോധവല്‍ക്കരണം, ജാതി നിര്‍മ്മാര്‍ജ്ജനം, മിശ്രവിവാഹത്തിന്റെ പ്രാധാന്യം തുടങ്ങി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ ചുമക്കുന്ന ബാഗിന്റെ ഭാരം കുറക്കണമെന്ന ആവശ്യം പോലും അവഗണിക്കപ്പെടുന്നു. പുസ്തകങ്ങള്‍ സ്‌കൂളില്‍ വെച്ചു വീട്ടില്‍ പോകുക എന്ന നിര്‍്‌ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല.
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സജീവമാകും. അതുവഴി വിദ്യാര്‍ത്ഥികളുടെ പൊതുരഗത്തേക്കുള്ള പ്രവേശനമാണ് നിഷേദിക്കപ്പെടുന്നത്. അതേസമയം ഒരു വശത്ത് സംഘടനാ സ്വാതന്ത്ര്യം അവകാശമാണെന്ന് പറയുമ്പോഴും മറുവശത്ത് കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ താല്‍പ്പര്യമെന്നുമുള്ള വിമര്‍ശനങ്ങളും സജീവമാണ്. ഉദാഹരണമായി വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലെ സൗജന്യത്തിനായുള്ള പോരാട്ടങ്ങളെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സംഘടനകള്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസില്‍ നേരിടുന്ന അപമാനം കാണുന്നില്ല. ഫലത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുതിര്‍ന്നവര്‍ ബസില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് കൊടുത്ത് സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
പല അണ്‍ എയ്ഡഡ്് സ്‌കൂളുകളിലും മാതൃഭാഷ പോലും സംസാരിക്കാനവകാശമില്ലാത്ത അവസ്ഥയിലാണ് കുട്ടികള്‍. തികച്ചും അടിമാവസ്ഥയാണവര്‍ നേരിടുന്നത്.
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നതായി സ്ത്രീ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. എല്ലാ മേഖലയില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിട്ടും വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം കാലാനുസൃതമാക്കാന്‍ പല സ്‌കൂളുകളും തയ്യാറാകാത്തത് ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നു. പെണ്‍കുട്ടികളുടെ ചലന സ്വാതന്ത്ര്യവും ആത്മവിശ്വാസവും തടയുന്ന പാവാട പോലുള്ള ഡ്രസ്സ് കോഡുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട്് പല മാനേജ്‌മെന്റുകളും മുഖം തിരിച്ചുനില്‍ക്കുകയാണ്. യേശുദാസിനെ പോലുള്ളവരും അനാവശ്യപ്രസ്തവനകള്‍ നടത്തുന്നു.  അതുപോലെതന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹവിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാണെന്ന കണ്ടെത്തലുകളും അവഗണിക്കപ്പെടുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ബൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തുതന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തിനേറെ, ലിംഗപരിശോധന നടത്തി ഗര്‍ഭഛിദ്രം നടത്തുന്ന സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിച്ചത്. ബാലവേലമുതല്‍ ആദിവാസി മേഖഖലയിലെ ശിശുമരണങ്ങള്‍ വരെയുള്ള ഗൗരവമായ സംഭവങ്ങള്‍ വേറെയുമുണ്ട്.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്   അടിമുടി പൊളിച്ചെഴുlതണം.  സംരക്ഷമല്ല, അവകാശമാണ് കുട്ടികള്‍ക്ക് വേണ്ടത്. കുട്ടികള്‍ കുടുംബത്തിന്റേതല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കല്‍പ്പത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. നമുക്ക് സാധിക്കാത്ത ആഗ്രഹങ്ങള്‍ സാധിപ്പിക്കേണ്ടവരല്ല കുട്ടികള്‍ എന്നും മാതാപിതാക്കള്‍ തിരിച്ചറിയണം.



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder