> Income Tax Return: Last Date -05/08/2017 | :

Income Tax Return: Last Date -05/08/2017

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി.  തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേർ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തു.
റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ സമയം കാത്തിരുന്നതിനുശേഷമാണ് നിലവിൽ സൈറ്റ് ലോഡ് ആകുന്നത്.
റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പരും പാൻ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ടുകൾ അസാധുവാക്കിയ നവംബർ ഒൻപതിനും ഡിസംബർ 30നും മധ്യേ നടത്തിയ നിക്ഷേപത്തെക്കുറിച്ചു വിവരം നൽകാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിനസ് വരുമാനമില്ലാത്തവരും ബിസിനസ്സ്/പ്രഫഷനിലെ കണക്കുകൾ ആദായ നികുതി നിയമപ്രകാരം ഓഡിറ്റ് ചെയ്യാൻ ബാധ്യസ്ഥരല്ലാത്തവരും, മറ്റു നിയമങ്ങൾ പ്രകാരം ഓഡിറ്റ് ബാധ്യതയില്ലാത്തവരും 2016–17 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിവസം 05/08/2017
ബിസിനസിലെ വാർഷിക വിറ്റുവരവ് ഒരു കോടിയിൽ കൂടുതലാണെങ്കിലും പ്രഫഷനിലെ വാർഷിക മൊത്ത വരവ് 50 ലക്ഷത്തിൽ കൂടുതലാണെങ്കിലുമാണ് 44 എബി വകുപ്പ് പ്രകാരം കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ബാധ്യത. ഇപ്രകാരം ടാക്സ് ഓഡിറ്റ് ബാധകമായവർക്കും മറ്റു നിയമങ്ങൾ പ്രകാരം കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ബാധ്യസ്ഥരായവർക്കും റിട്ടേൺ സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയമുണ്ട്.
വരുമാനം 5 ലക്ഷത്തിൽ കൂടുതലുണ്ടെങ്കിൽ ഇ–ഫയലിങ് നിർബന്ധമാണ്. 139(9) വകുപ്പ് പ്രകാരം ആധാർ നമ്പർ റിട്ടേണിൽ പൂരിപ്പിക്കണം. അല്ലെങ്കിൽ റിട്ടേൺ ഡിഫക്ടീവ് ആയി കണക്കാക്കും.വാർഷിക ബിസിനസ് വിറ്റുവരവ് രണ്ടു കോടിയിൽ താഴെയുള്ളവർക്ക് 44 എഡി വകുപ്പ് പ്രകാരം വിറ്റുവരവിന്റെ 8 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കാം. കണക്കുകൾ സൂക്ഷിക്കേണ്ടതില്ല. കൂടാതെ വിറ്റുവരവിൽ ബാങ്കിങ് സംവിധാനം വഴി ലഭിച്ച തുകയുടെ കാര്യത്തിൽ ആറു ശതമാനം വരുമാനമായി കാണിച്ചാൽ മതി.പക്ഷെ പങ്കാളിത്ത സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ നിന്ന് പാർട്ട്നർമാരുടെ ശമ്പളമോ, പാർട്ട്നർമാരുടെ മൂലധനത്തിന്മേൽ നൽകുന്ന പലിശയ്ക്ക് കിഴിവ് ലഭിക്കുകയില്ല (മുൻ കാലങ്ങളിൽ കിഴിവ് അനുവദിച്ചിരുന്നു). രണ്ടു കോടി രൂപയിൽ താഴെ വിറ്റുവരവുള്ളയാളുടെ വരുമാനം 8 ശതമാനത്തിൽ താഴെ (ബാങ്ക് ഇടപാടുകളുണ്ടെങ്കിൽ 6%) ആണെങ്കിൽ അല്ലെങ്കിൽ ബിസിനസിൽ നഷ്ടമാണെങ്കിൽ കണക്കുകൾ 44 എബി വകുപ്പ് പ്രകാരം ഓഡിറ്റ് ചെയ്താൽ മാത്രമേ കുറഞ്ഞ വരുമാനം/നഷ്ടം വകവച്ചു കിട്ടുകയുള്ളു. 50 ലക്ഷം രൂപയിൽ താഴെ മൊത്തം വാർഷിക വരവുള്ള പ്രഫഷനലുകൾക്കും 44 എഡിഎ വകുപ്പ് പ്രകാരം മൊത്ത വരവിന്റെ 50 ശതമാനം വരുമാനമായി കാണിച്ച് നികുതി അടയ്ക്കാൻ കഴിയും.
കണക്കുകൾ സൂക്ഷിക്കേണ്ട ആവശ്യമില്ല. 50 ശതമാനത്തിൽ താഴെ വരുമാനം കാണിച്ചാൽ കണക്കുകൾ ഓഡിറ്റ് ചെയ്യണം. അല്ലെങ്കിൽ അനുവദിച്ചു കിട്ടില്ല. അഭിഭാഷകൻ, ലീഗൽ പ്രഫഷൻ, ഡോക്ടർ (മെഡിക്കൽ പ്രഫഷൻ), അക്കൗണ്ടൻസി പ്രഫഷൻ, ടെക്നിക്കൽ കൺസൽറ്റൻസി, ഇന്റീരിയർ ഡെക്കറേഷൻ കൂടാതെ നോട്ടിഫൈ ചെയ്ത പ്രഷനുകളായ ഫിലിം ആർട്ടിസ്റ്റ് (നടൻ, ക്യാമറാ മാൻ, സംവിധായകൻ, നൃത്ത സംവിധായകൻ, എഡിറ്റർ, ഗായകർ, ഗാന രചയിതാവ്, കഥ, തിരക്കഥ, ഡയലോഗ് എഴുത്തുകാർ, ഡ്രസ് ഡിസൈനർ), കമ്പനി സെക്രട്ടറി, ഇൻഫർമേഷൻ ടെക്നോളജി പ്രഫഷനൽ എന്നിവർക്കാണ് ഈ ആനുകൂല്യം.
ഓഗസ്റ്റ്‌ 5നകം റിട്ടേൺ നൽകാൻ സാധിച്ചില്ലെങ്കിൽ 139(4) വകുപ്പ് പ്രകാരം അസസ്മെന്റ് വർഷത്തിന്റെ അവസാന തീയതി അഥവാ അസസ്മെന്റ് പൂർത്തിയാക്കുന്ന തീയതിക്കു മുൻപ് (ഏതാണോ ആദ്യം) റിട്ടേൺ നൽകാം. അതായത് 2016–17 സാമ്പത്തിക വർഷത്തിലെ റിട്ടേൺ 2018 മാർച്ച് 31 വരെ നൽകാൻ കഴിയും. അതിനു ശേഷം സമർപ്പിക്കുന്ന റിട്ടേൺ അസാധുവായി കണക്കാക്കുമെങ്കിലും നോട്ടിസ് നൽകി നിർണയം നടത്താൻ ഓഫിസർക്കു കഴിയും.
2018 മാർച്ച് 31ന് അകം റിട്ടേൺ സമർപ്പിക്കാത്ത 271 എഫ് വകുപ്പ് പ്രകാരം 5000 രൂപ വരെ പിഴ ചുമത്താം. (2017–18 സാമ്പത്തിക വർഷം മുതൽ നിർബന്ധമായും പിഴ ചുമത്തുന്ന രീതി നിലവിൽ വരും. 2017–18 ലെ റിട്ടേൺ 2018 ജൂലൈ 31 നകം ഫയൽ ചെയ്യേണ്ടി വരും. 2018 ഡിസംബർ 31 നകം ഫയൽ ചെയ്യാത്തപക്ഷം 5000 രൂപ ലേറ്റ് ഫീസായി നൽകണം. അതിനു ശേഷം 10000 രൂപയാണ് ലേറ്റ് ഫീസ്. മൊത്തം വരുമാനം 5 ലക്ഷത്തിൽ താഴെയുള്ളവർക്ക് ലേറ്റ് ഫീസ് 1000 രൂപ – ഇതെല്ലാം അടുത്ത വർഷത്തെ കാര്യങ്ങളാണ്.)
‌2017–18 സാമ്പത്തിക വർഷം മുതലുള്ള മാറ്റങ്ങൾ
ബിസിനസസ് ചെലവുകൾക്ക് ഒരു ദിവസം 10000 രൂപയിൽ കൂടുതൽ പണമായി ചെലവിട്ടാൽ കിഴിവ് അനുവദിക്കില്ല. (അക്കൗണ്ട് പേയീ ചെക്ക് / ‍ഡ്രാഫ്റ്റായിട്ടല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി മാത്രമേ പണം നൽകാൻ പാടുള്ളൂ).
യന്ത്രോപകരണങ്ങൾ വാങ്ങുമ്പോൾ 10000 രൂപയിൽ കൂടുതലാണെങ്കിൽ അക്കൗണ്ട് പേയീ ചെക്ക് / ഡ്രാഫ്റ്റ് അഥവാ ബാങ്ക് ട്രാൻ‌സ്ഫറായി വേണം തുക നൽകാൻ‌. പണമായി നൽകിയാൽ തേയ്മാന കിഴിവ് (ഡിപ്രിസിയേഷൻ) ലഭിക്കില്ല.
ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണമായി വാങ്ങാൻ പാടില്ല. പണമായി വാങ്ങിയാൽ തുല്യ തുക 269 എസ് ടി വകുപ്പ് പ്രകാരം പിഴയായി ചുമത്താവുന്നതാണ്.
2015 മുതൽതന്നെ നിലവിലുള്ള നിയമപ്രകാരം വസ്തു വിൽക്കുമ്പോൾ വാങ്ങുന്ന മുൻകൂർ തുക 20000 രൂപയിൽ കൂടുതലാണെങ്കിൽ പണമായി വാങ്ങാൻ പാടില്ല.  വാങ്ങിയാൽ തുല്യ സംഖ്യ 269 എസ് പ്രകാരം പിഴ ചമത്താവുന്നതാണ്. (ഇടപാട് നടന്നില്ലെങ്കിലും) 20000 രൂപയിൽ കൂടുതൽ വായ്പ വാങ്ങുന്നതും മടക്കി നൽകുന്നതും വണമായി പാടില്ല എന്ന നിയമം നിലവിലുണ്ട്.
വസ്തു വിൽപനയിൽ നിന്നുള്ള ദീർഘകാല ലാഭത്തിനു നികുതി നിരക്ക് 20% മാത്രമാണ്. കൂടാതെ പുതിയ വീട് / ബോണ്ടിൽ നിക്ഷേപിച്ച് നികുതി ഒഴിവിനും അവസരമുണ്ട്. 2016–17 സാമ്പത്തിക വർഷം വരെയുള്ള നിയമപ്രകാരം 3 വർഷം കൈവശം വച്ച ശേഷം വസ്തു വിൽക്കുമ്പോഴുള്ള ലാഭമാണു ദീർഘകാല ലാഭമായി കണക്കാക്കിയിരുന്നത്. 2017–18 മുതൽ രണ്ടു വർഷം കൈവശം വച്ചാൽ ദീർഘകാല ലാഭമായി കണക്കാക്കും.
ദീർഘകാല ലാഭം കണക്കാക്കുന്നതിനു വസ്തുവിന്റെ വില ഇൻഡക്സ് ചെയ്യും. 2011 നു മുൻപു വാങ്ങിയ വസ്തുവിന്റെ കാര്യത്തിൽ 2001 ലെ ന്യായ വിപണി വിലയുടെ അടിസ്ഥാനത്തിലാണ് ഇൻഡക്സ് കണക്കാക്കുക (2016–17 വരെ 1981 വിലയായിരുന്നു പരിഗണിച്ചിരുന്നത്.)
ആദായ നികുതി റിട്ടേൺ നൽകേണ്ടതു വർഷാന്ത്യ ശേഷമാണെങ്കിലും നികുതി 10,000 രൂപയിൽ കൂടുതലാണെങ്കിൽ നാലു മുൻകൂർ ഗഡുക്കളായി തുക അടയ്ക്കണം. (ബിസിനസ് വരുമാനമില്ലാത്ത 60 തികഞ്ഞവർക്ക് ഇളവുണ്ട്).
മുൻകൂർ നികുതി അടയ്ക്കേണ്ടത് ഇപ്രകാരമാണ്. (മൊത്തം നികുതിയുടെ 15% ജൂൺ 15 ന് അകം, സെപ്റ്റംബർ 15 ന് അകം മുൻ ഗഡു ചേർത്ത് 45%, ഡിസംബർ 15 ന് അകം മുൻ ഗഡുക്കൾ ചേർത്ത് 75%, മാർച്ച് 15 ന് അകം 100%. ഗഡുക്കൾ അടയ്ക്കാൻ വീഴ്ച വരുത്തുകയോ, തുകയിൽ കുറവു വരുകയോ ചെയ്താൽ പലിശ നൽകണം. (90 ശതമാനം എങ്കിലും അടച്ചിട്ടുണ്ടെങ്കിൽ പലിശ ഒഴിവുണ്ട്).
റിട്ടേൺ ഫോം
ഓരോ വരുമാന വിഭാഗക്കാർക്കും പ്രത്യേകം റിട്ടേൺ ഫോം ഉണ്ട്. ശമ്പളം / പെൻഷൻ, വാടക, പലിശ മുതലായ മറ്റു വരുമാനം ഉൾപ്പെടെ മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ താഴെയാണെങ്കി‍ൽ ഫോം ഐടിആർ–1 ഉപയോഗിക്കാം. ബിസിനസ് / പ്രഫഷനൽ വരുമാനമില്ലെങ്കിൽ ഐടിആർ–2, ബിസിനസ് വരുമാനമുണ്ടെങ്കിൽ ഐടിആർ–3, ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നെങ്കിൽ ഐടിആർ–4 സുഗം, പങ്കാളിത്ത സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾക്ക് ഐടിആർ–5, കമ്പനികൾക്ക് ഐടിആർ–6, ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് ഐടിആർ–7 ലുമാണ് റിട്ടേൺ നൽകേണ്ടത്.
Downloads
E-Filing of Income Tax Returns-2017
E-Filing Portal
Income Tax - Help
Know your-ward/circle

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder