> Seven misconceptions on income tax | :

Seven misconceptions on income tax

ആദായനികുതിയിലെ ഏഴ്‌ തെറ്റിദ്ധാരണകൾ:-കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2016-17) വ്യക്തിഗത ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ്‌ 31 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റിട്ടേൺ ഫോമുകൾ ലളിതമാക്കിയത് മൂലം റിട്ടേൺ സമർപ്പിക്കുന്ന പ്രക്രിയ കുറേക്കൂടി എളുപ്പമായിട്ടുണ്ട്.
റിട്ടേൺ ഫയൽ ചെയ്യുന്നതിനു മുമ്പേ, ആദായനികുതിയെപ്പറ്റി നാം മനസ്സിലാക്കിയ ചില കാര്യങ്ങൾ ശരിയാണോയെന്ന്  പരിശോധിക്കുന്നത് നന്നായിരിക്കും.
ധാരണ: 1
റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ഐ.ടി.ആർ. എന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ മാത്രം മതിയാകും.
വാസ്തവം:  റിട്ടേൺ പൂരിപ്പിക്കും മുമ്പ്,  ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നുപറയാവുന്ന 26 എ.എസ്. എന്ന സ്റ്റേറ്റ്‌മെന്റ് സൂക്ഷ്മമായി പരിശോധിക്കണം. എല്ലാം ബോധ്യപ്പെട്ടെങ്കിൽ, കൃത്യമായി റിട്ടേൺ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. അതിന്റെ അക്‌നോളജ്‌മെന്റ് (ITR V) പ്രിന്റ് എടുത്ത് ഒപ്പിട്ട്,  പരിശോധനയ്ക്കായി ബംഗളൂരുവിലുള്ള വിലാസത്തിൽ അയയ്ക്കണം. അതിനേക്കാൾ എളുപ്പത്തിൽ, ഈ പ്രക്രിയ   ഓൺലൈനായി ചെയ്യാവുന്നതാണ്. അതിനെ ഇലക്ട്രോണിക് വെരിഫിക്കേഷൻ അഥവാ  ഇ-വെരിഫിക്കേഷൻ എന്നാണ് പറയുക.
 നിങ്ങളുടെ ആധാർ കാർഡിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആ ഫോൺ നമ്പറിലേക്കയക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. ഇതുകൂടാതെ, നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാർഡ് വഴിയുമെല്ലാം ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്.
ധാരണ: 2
എന്റെ വാർഷിക മൊത്ത വരുമാനം 2,50,000  രൂപയിൽ കൂടുതലുണ്ടെങ്കിലും പി.എഫ്., ഇൻഷുറൻസ്  തുടങ്ങിയ സെക്ഷൻ 80സി-യിലെ നിക്ഷേപങ്ങൾ കണക്കിലെടുക്കുമ്പോൾ നികുതി ബാധ്യത വരുന്നില്ല. ആയതിനാൽ ഞാൻ റിട്ടേൺ സമർപ്പിക്കേണ്ടതില്ല.
വാസ്തവം: 2,50,000 രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർ എല്ലാവരും (ഈ പരിധി 60 വയസ്സിന് മുകളിലുള്ളവർക്ക് മൂന്നു ലക്ഷവും 80 വയസ്സിന് മുകളിലുള്ളവർക്ക് അഞ്ച് ലക്ഷവും ആണ്) റിട്ടേൺ സമർപ്പിക്കുവാൻ ബാധ്യസ്ഥരാണ്.
ധാരണ: 3
നിങ്ങളുടെ  പേരിൽ  ബാങ്കിൽ  നിക്ഷേപിച്ച തുകയുടെ ഒരു വർഷത്തെ പലിശ 10,000 രൂപയിൽ താഴെയായതിനാൽ, അക്കാരണം കൊണ്ടുതന്നെ,  ബാങ്ക് ഈ പലിശയിൽ നിന്നും നികുതി പിടിച്ചില്ല. അതിനാൽ ഈ പലിശ വരുമാനമായി കാണിക്കേണ്ടതില്ല. കാരണം, 10,000 രൂപ വരേയുള്ള പലിശ വരുമാനത്തിന് ആദായ നികുതിയില്ല.
വാസ്തവം:  സേവിങ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് മാത്രമാണ് 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവുള്ളത് (സെക്ഷൻ 80ടി.ടി.എ.). എന്നാൽ, സ്ഥിര നിക്ഷേപത്തിന്റേയും റെക്കറിങ്  നിക്ഷേപത്തിന്റേയും വാർഷിക പലിശ വരുമാനം 10,000 രൂപയിൽ താഴെയായാലും നികുതി വിധേയമാണ്. അതിനാൽ മൊത്തം പലിശ വരുമാനവും റിട്ടേണിൽ കാണിച്ചശേഷം സേവിങ് അക്കൗണ്ടിലെ കിഴിവ് അവകാശപ്പെടുകയാണ് വേണ്ടത്.
ധാരണ: 4
ബാങ്കിലെ നിക്ഷേപത്തിന്റെ പലിശയിൽ നിന്നും ആദായനികുതി ഈടാക്കിയ ശേഷം ലഭിക്കുന്ന പലിശ വരുമാനം (അതായത്, സ്രോതസ്സിൽ നിന്നും നികുതി -ടി.ഡി.എസ്. -പിടിച്ച ശേഷം ലഭിക്കുന്ന പലിശ റിട്ടേണിൽ കാണിക്കേണ്ടതില്ല. ഇങ്ങനെ കാണിച്ചാൽ വരുമാനം രണ്ടുപ്രാവശ്യം രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കും.
വാസ്തവം:  സ്രോതസ്സിൽ നിന്നും ഇപ്രകാരം പിടിക്കുന്ന നികുതി, പലിശ വരുമാനത്തിന്റെ 10 ശതമാനമായിരിക്കും. എന്നാൽ, നിങ്ങളുടെ വരുമാനപ്രകാരം നിങ്ങൾ 20 ശതമാനമോ 30 ശതമാനമോ നികുതി നല്കുന്നയാളാകാം. അത്തരം സന്ദർഭങ്ങളിൽ ഈ വരുമാനവും ചേർത്തപ്പോഴുള്ള നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള നിരക്കിന് നികുതി കൊടുക്കാൻ ബാധ്യസ്ഥമാണ്. അതുപോലെ തന്നെ, നിങ്ങൾക്ക് ആദായനികുതി നൽകത്തക്ക വരുമാനമില്ലെങ്കിൽ, റിട്ടേണിലൂടെ ഈടാക്കിയ നികുതിയുടെ റീഫണ്ടിന്  അവകാശപ്പെടാവുന്നതാണ്.
ധാരണ: 5
നികുതി ഒഴിവായി ലഭിക്കുന്ന (ഉദാ: റിട്ടയർ ചെയ്യന്ന സമയത്ത്‌ ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഷെയർ ഡിവിഡന്റ്  തുടങ്ങിയവ) തുക റിട്ടേണിൽ കാണിക്കേണ്ടതില്ല.
വാസ്തവം:  ഇപ്രകാരം ലഭിക്കുന്ന തുക വലുതാണെങ്കിൽ റിട്ടേണിൽ കാണിക്കാത്ത പക്ഷം, ബാങ്കിലൂടെ വലിയ തുക കൈപ്പറ്റിയതിന്റെ പേരിൽ വിശദീകരണമാവശ്യപ്പെട്ട്  ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിക്കാനിടയുണ്ട്. അതിനാൽ ഇവ റിട്ടേണിൽ  കാണിക്കേണ്ടതാണ്.
ധാരണ: 6
നികുതി ഒഴിവിനായി ആശ്രയിക്കാവുന്ന കിഴിവുകൾ സെക്ഷൻ 80 (സി) പ്രകാരം ലഭിക്കുന്ന 1,50,000 രൂപ മാത്രമാണ്.
വാസ്തവം:  സെക്ഷൻ 80 (സി) യുടെ പരിധി തന്നെ, 1,50,000  രൂപയിൽ ഒതുങ്ങുന്നില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്.) അടയ്ക്കുന്ന 50,000 രൂപയ്ക്ക്  കൂടി ഈ സെക്ഷനിലൂടെ അധിക നികുതിയിളവ് ലഭിക്കും സെക്ഷൻ 80 സി.സി.ഡി. (1 ബി).
സെക്ഷൻ 80 സി-യിൽ ഉൾപ്പെടാത്ത മറ്റ് കിഴിവുകൾ:
-മെഡിക്കൽ ഇൻഷുറൻസ് പോളിസികളിലേക്ക്‌ അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പരമാവധി 60,000 രൂപ വരെയുള്ള കിഴിവ് (സെക്ഷൻ 80 ഡി)
-ഭവന വായ്പയുടെ മുതൽ തിരിച്ചടവ് 80 സി-യിൽ ഉൾപ്പെടുമെങ്കിലും പലിശ അടവിന് സെക്ഷൻ 80 ഇ.ഇ. പ്രകാരം ഇളവ് ലഭിക്കും. വർഷം 50,000 രൂപ വരെയാണ് ഈയിനത്തിൽ പെടുത്താനാകുക. 
-നികുതിദായകനോ (സെക്ഷൻ 80 യു), അല്ലെങ്കിൽ നികുതിദായകന്റെ ആശ്രിതരോ ജന്മനാ ശാരീരിക -മാനസിക പ്രശ്നങ്ങളാൽ വിഷമതകൾ നേരിടുന്നുണ്ടെങ്കിലോ അല്ലെങ്കിൽ അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അവർ കിടപ്പിലായാൽ (Due to Disabiltiy) അവരെ ശുശ്രൂഷിക്കുന്നതിനുള്ള ചെലവിനത്തിൽ (ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ) 75,000 രൂപ മുതൽ 1,25,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷൻ 80 ഡി.ഡി.
-മാരക രോഗങ്ങളായ കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ തുടങ്ങിയവയുടെ (നിയമത്തിൽ പ്രത്യേകമായി പ്രസ്താവിച്ചിട്ടുള്ള രോഗങ്ങൾ) ചികിത്സയ്ക്കും പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷൻ സെക്ഷൻ 80 ഡി.ഡി.ബി.
-നികുതിദായകനോ ഭാര്യക്കോ അല്ലെങ്കിൽ കുട്ടികൾക്കോ ഉന്നത വിദ്യാഭ്യാസത്തിന് വായ്പയെടുത്താൽ (വിദ്യാഭ്യാസ വായ്പ), അതിന്റെ പലിശ മുഴുവനായും വരുമാനത്തിൽ നിന്നും കുറയ്ക്കാനാകുന്ന സെക്ഷൻ 80 ഇ.
ധാരണ: 7
സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരിൽ (അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിൽ) നിങ്ങൾ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ പലിശ പലിശ നിങ്ങളുടെ വരുമാനമല്ല.
വാസ്തവം: ആദായ നികുതി നിയമത്തിലെ ക്ലബ്ബിങ് പ്രൊവിഷൻസ് പ്രകാരം ഈ പലിശ നിങ്ങളുടെ വരുമാനമാണ്.
Downloads
‍E-Filing of Income Tax Returns
Income Tax-Help

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder