> പെൻഷൻ ഇനി എല്ലാവർക്കും | :

പെൻഷൻ ഇനി എല്ലാവർക്കും

സർക്കാർ ‌ജീവനക്കാരനല്ലെങ്കിലും പെൻഷന്‍, പെൺകുട്ടികളുടെ പഠനത്തിനു നിക്ഷേപം, അപകടങ്ങൾക്കു പരിരക്ഷയായി പോളിസി... സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയുക.
‘പെൻഷനോ... ഓ, അതു സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം പറഞ്ഞിട്ടുളള കാര്യമല്ലേ’ എന്നു കരുതി തളളിക്കളയാൻ വരട്ടെ. ജോലിയും വരുമാനവും എത്ര ചെറുതാണെങ്കിലും കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ ചേർത്തു വച്ച് പ്രായമാകുമ്പോൾ നല്ല പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ വിവിധ പദ്ധതികൾ ഉണ്ട് ഇക്കാലത്ത്. ആർക്കും ചേരാവുന്ന ലളിതമായ സർക്കാർ പദ്ധതികൾ. പക്ഷേ, അതേപ്പറ്റി നമുക്കത്ര അറിവു പോരെന്നു മാത്രം. ഉദാഹരണത്തിന് 25 വയസ്സുളള ഒരാൾ അടൽ പെൻഷൻ യോജന വഴി മാസം ‌വെറും 376 രൂപ വീതം അടച്ചാൽ അറുപതു വയസ്സു മുതൽ 5000 രൂപ വീതം പെൻഷൻ ലഭിക്കും. എൽഐ സിയുടെ പെന്‍ഷൻ പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപിച്ചും പെൻഷൻ നേടാം. വീട്ടമ്മമാർക്കും സ്ത്രീകൾക്കും ശരിക്കും പ്രയോജനപ്പെടുത്താവുന്നതാണ് മിക്ക പദ്ധതികളും. പ്രായമാകുമ്പോള്‍ ഇത്തിരി സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കും മക്കളോട് ഒരിത്തിരി സ്നേഹം കൂടുതലുളളവർക്കും ഇനിയൊട്ടും വൈകാതെ ഇതിൽ ഏതെങ്കിലുമൊരു പദ്ധതി കണ്ണുംപൂട്ടി തിരഞ്ഞെടുക്കാം.
അടൽ പെൻഷൻ യോജന 
സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെന്‍ഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ പെൻഷൻ യോജന. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും പെൻഷൻ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാർക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.
18 നും 40 നുമിടയിൽ പ്രായമുളളവര്‍ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. 25 വയസ്സിൽ പദ്ധതിയിൽ ചേരുന്ന ഒരാൾ 35 വർഷം പ്രതിമാസം 376 രൂപ അടയ്ക്കു മ്പോൾ 60-ാമത്തെ വയസ്സിൽ തുടങ്ങി മാസം തോറും 5000 രൂപ വച്ച് പെൻഷൻ ലഭിക്കും. 40 വയസ്സുളള ഒരാൾ 20 വർഷത്തേക്ക് മാസം തോറും 291 രൂപ അടച്ചാൽ ലഭിക്കുന്ന പ്രതിമാസ പെൻഷൻ 1000 രൂപ ആയിരിക്കും. ഏറ്റവും ചുരുങ്ങിയ പ്രതിമാസത്തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെൻഷൻ 1000 രൂപയും ഉയർന്ന പ്രതിമാസ പെൻഷൻ 5000 രൂപയുമാണ്. മാസം തോറും പെൻഷനായി ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
പെൻഷൻ ഇനി എല്ലാവർക്കും
അടയ്ക്കുന്ന വാർഷിക തുകയുടെ 50 ശതമാനം അഥവാ 1000 രൂപ എന്ന നിലയിൽ നൽകി ആദ്യത്തെ അഞ്ചു വർഷം കേന്ദ്ര സര്‍ക്കാരും അക്കൗണ്ടുടമയോടൊപ്പം സമ്പാദ്യത്തിൽ പങ്കു ചേരും. മറ്റു പെൻഷൻ പദ്ധതികളിലൊന്നും ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നില്ല. ഈ പദ്ധതിയില്‍ ചേർന്ന‌വർക്ക് പെൻഷന്‍ തുക സംബന്ധിച്ചു സര്‍ക്കാർ ഉറപ്പു നൽകുന്നു. പെൻഷൻ ലഭിക്കുമ്പോൾ അക്കൗണ്ടുടമ മരണമടഞ്ഞാല്‍ ജീവിതപങ്കാളിക്ക് തുടർന്നും പെൻഷൻ തുക കിട്ടും. ജീവിത പങ്കാളിയുടെ മരണശേഷം മുതലും പലിശയും ചേർന്ന കോര്‍പ്പസ് തുക നോമിനിക്ക് ലഭിക്കും. 5000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന രീതിയിൽ തുടങ്ങിയ അക്കൗണ്ടില്‍ 60 വയസ്സായ‌ി പെൻഷൻ ലഭിച്ചു തുടങ്ങുമ്പോൾ ഉദ്ദേശം 8..5 ലക്ഷം രൂപ മുതലും പ‌ലിശയും ഉൾപ്പെടെ കോര്‍പസായി സമാഹരിച്ചിട്ടുണ്ടാകും. 
സുകന്യ സമൃദ്ധി നിക്ഷേപം
പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പോലെ പെൺകുട്ടികളുടെ പേരില്‍ തുടങ്ങാവുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണ് സുകന്യ‌ സമൃദ്ധി നിക്ഷേപം. പത്തു വയസ്സിൽ താഴെയുളള പെണ്‍കുട്ടികളുടെ പേരിൽ അച്ഛനമ്മമാര്‍ക്കും രക്ഷിതാക്കൾക്കും സുകന്യ സമൃദ്ധി നിക്ഷേപം ആരംഭിക്കാം. ഓരോ വർഷവും ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങി പരമാവധി ഒന്നര ലക്ഷം രൂപ വരെ സുകന്യ അക്കൗണ്ടിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരു വർഷം എത്ര തവണ വേണമെങ്കിലും പണം സ്വീകരിക്കും. ഒരു വർഷം പണം അടയ്ക്കാൻ സാധിക്കാതെ വന്നാൽ അടുത്ത വര്‍ഷം ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തുകയും 50 രൂപ പിഴയും അടച്ച് അക്കൗണ്ട് തുടരാം. 14 വർഷം പണം അടയ്ക്കേണ്ട സുകന്യ അക്കൗണ്ടിൽ 21‌ കൊല്ലം തികയുമ്പോൾ മുതലും പലിശയും കൂടി തിരികെ ലഭിക്കും. പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലഭിക്കുന്ന 8..7 ശതമാനം വാർഷിക പലിശ നിരക്കിനേക്കാൾ ഉയർന്ന 9..2 ശതമാനം വാർഷിക നിരക്കിൽ പലിശ ലഭിക്കും. ഓരോ വർഷവും പലിശ മുതലിനോട് ചേർത്തു കൂട്ടു പലിശയായിട്ടാണു ലഭി ക്കുക. ഒരു വയസ്സുളള പെണ്‍കുട്ടിയുടെ പേരിൽ ഇപ്പോള്‍ തുടങ്ങുന്ന സുകന്യ അക്കൗണ്ടിൽ മാസം തോറും 6250 രൂപ വീതം 14 വർഷം അ‌ടയ്ക്കുമ്പോൾ ഇപ്പോൾ നിലവിലുളള പലിശ നിരക്കനുസരിച്ച് കുട്ടിക്ക് 21 വയസ്സെത്തുമ്പോൾ ഏകദേശം മുപ്പത്തിയെട്ടു ലക്ഷത്തോളം രൂപ ലഭിക്കാനുളള സാധ്യതയുണ്ട്. ഒരു രക്ഷിതാവിന് പരമാവധി രണ്ടു കുട്ടികളുടെ പേരിൽ സുകന്യ അക്കൗണ്ടുകൾ തുറക്കാം. ഒരേ കുട്ടിയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ അനുവദിക്കുന്നില്ല. ഇരട്ടകളായ പെണ്‍കുട്ടികളുളള മാതാപിതാക്കൾക്ക് മൂന്ന് സുകന്യ അക്കൗണ്ടുകൾ വരെ തുറക്കാം. പോസ്റ്റ് ഓഫീസുകൾ, അംഗീക‌ൃത പൊതുമേഖലാ ബാങ്കുകൾ, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾ എന്നിവയുടെ ശാഖകളിലെല്ലാം സുകന്യ അക്കൗണ്ടുകൾ തുറക്കാം.
അക്കൗണ്ട് തുടങ്ങിയ കുട്ടിക്ക് 18 വയസ്സു കഴിയുമ്പോൾ തൊട്ടു മുൻകൊല്ലം അക്കൗണ്ടില്‍ ബാക്കി നിന്ന മുതലും പലിശയും ഉൾപ്പെ‌ടെയുളള തുകയുടെ 50 ശതമാനം ഭാഗികമായി പിന്‍വലിച്ച് ഉപരിപഠനം, വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. 14 വര്‍ഷം പണമ‌ടച്ചിട്ടും തുക പിൻവലിക്കാതിരുന്നാൽ അക്കൗണ്ട് നിലനിർത്തി തുടർന്നും പലിശ ലഭിക്കും.
ആദായനികുതി വകുപ്പ് 80 സി പ്രകാരം ഒരാൾക്ക് ലഭ്യമായ ഒന്നരലക്ഷം രൂപയുടെ നികുതിയിളവിന് അനുവദിച്ചിട്ടുളള നിക്ഷേപ അവസരങ്ങളിൽ സുകന്യ നിക്ഷേപവും ഉൾപ്പെടു ത്തിയിട്ടുണ്ട്. രക്ഷിതാവിന് നികുതിയിളവ് ലഭിക്കുന്ന സുകന്യ നിക്ഷേപത്തിന് മറ്റു നിക്ഷേപാവസരങ്ങളെക്കാളെല്ലാം ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നു എന്നു മാത്രമല്ല, നിക്ഷേപത്തിനു ലഭിക്കുന്ന വാര്‍ഷിക പലിശയ്ക്കും നിക്ഷേപം വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി ബാധകമാകുന്നില്ല.
2015 ഡിസംബർ ഒന്നു വരെ അക്കൗണ്ട് തുറക്കുന്നതിനു 2003 ഡിസംബര്‍ രണ്ടാം തീയതിക്കു ശേഷം ജനിച്ച പെൺകുട്ടി‌കൾക്കെല്ലാം അർഹതയുണ്ടാകും. സുകന്യ സ്കീം തുടങ്ങിയ ആദ്യ വർഷമെന്ന നിലയിലാണ് പത്തു വയസ്സ് എന്ന നിബന്ധനയിൽ ഇളവ് ലഭിക്കുന്നത്.
വരിഷ്ഠ ജീവൻ ഭീമയോജന
അറുപതു കഴിഞ്ഞ ആർക്കും ഒരു നിശ്ചിത തുകയടച്ച് ചേരാവുന്ന, എൽഐസിയുടെ പെൻഷന്‍ സ്കീമാണിത്. 66,665 രൂപയാണ് അടയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. മാസം 500 രൂപയാകും പെൻഷൻ കിട്ടുക. മാസം 5000 രൂപയാണ് ഏറ്റവും കൂടിയ പെൻഷൻ‌. ഇതു കിട്ടാന്‍ 6,66,665രൂപ അടയ്ക്കണം. പണം നിക്ഷേപിച്ച് അടുത്ത മാസം മുതൽ പെന്‍ഷൻ ലഭിച്ചു തുടങ്ങും. ആവശ്യമനുസരിച്ച് മാസത്തിലോ വര്‍ഷത്തിലോ അര്‍ധവര്‍ഷത്തിലോ പെൻഷൻ വാങ്ങാം. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പെന്‍ഷൻ തുകയിൽ മാറ്റം വരില്ലെന്നതാണ് സ്കീമിന്റെ മെച്ചം. കൂടുതൽ വിവരങ്ങള്‍ക്ക് എല്‍ഐസി ഏജന്റുമായി ബന്ധപ്പെടുക. 
സുരക്ഷ ഭീമയോജന
വീട്ടമ്മമാരുൾപ്പെടുന്ന പണിയെടുക്കുന്ന വനിതകൾക്ക് സംഭവിക്കാവുന്ന അപകടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഒരു വര്‍ഷക്കാലാവധിയുളള അപകട ഇൻഷുറൻസ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമയോജന.
നിലവിൽ ബാങ്കുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുളള 18 നും 70 നും വയസ്സിനുമിടയിൽ പ്രായമായവർക്ക് പോളിസിയിൽ ചേരാം. ഒന്നിലധികം അക്കൗണ്ടുളളവര്‍ക്ക് ഒരൊറ്റ ഇൻഷുറൻസ് പോ‌ളിസിയിൽ മാത്രമേ അംഗമാകാൻ സാധിക്കുകയുളളൂ. 2015 ജൂൺ മാസം ഒന്നാം തീയതി മുതൽ 2016 മെയ് 31 വരെ പരിരക്ഷ ‌ലഭിക്കുന്ന രീതിയിലുളള പോളിസികളിൽ ഇനിയും അംഗങ്ങളാ കാമെങ്കിലും പോളിസി കാലാവധി 2016 മെയ് 31 ന് അവസാനിക്കും. തൊട്ടടുത്ത വർഷത്തേക്ക് വീണ്ടും പ്രീമിയം തുക അടച്ച് പോളിസി പുതുക്കാം. 12 രൂപയാണ് ഒരാൾക്ക് വാർഷിക പ്രീമിയം. അക്കൗണ്ടുളള ബാങ്കിൽ അപേക്ഷ നൽകിയാൽ പ്രീമിയം തുക അക്കൗണ്ടിൽ നിന്നു കിഴിവ് ചെയ്തെടുത്തുകൊളളും. പോളിസി പുതുക്കാൻ സമയമാകുമ്പോൾ അക്ക‌ൗണ്ടിൽ മതിയായ നീക്കിയിരുപ്പു തുക ഉണ്ടായിരിക്കണം.
പോളിസി എടുത്തിട്ടുളളവർക്ക് അപകടം മൂലം സംഭവിക്കുന്ന മരണം, കാഴ്ചശക്തി നഷ്ടപ്പെടൽ ഉൾപ്പെടെയുളള അംഗവൈകല്യങ്ങൾക്കും പരിരക്ഷ ലഭിക്കും.
മരണം സംഭവിക്കുമ്പോഴോ, രണ്ടു കൈകൾ അല്ലെങ്കിൽ കൈപ്പത്തി, രണ്ടു കാലുകൾ അല്ലെങ്കിൽ പാദങ്ങള്‍, രണ്ടു കണ്ണുകൾ എന്നിവ നഷ്ടപ്പെടുമ്പോഴോ രണ്ടു ലക്ഷം രൂപയുടെ സഹായമാണ് ലഭിക്കുക.
ഒരു കാൽ, ഒരു കൈ, ഒരു കണ്ണ് എന്നിവ നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടായാ‌ൽ ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും‌ം.
പെൻഷൻ ഇനി എല്ലാവർക്കും
ജീവൻ ജ്യോതി ഭീമയോജന
വനിതകളുൾപ്പെടെ ഏതു ബാങ്കിലും സേവിങ്സ് അക്കൗണ്ടുളള 18 നും 50 വയസ്സിനും‌ം മധ്യേ പ്രായമുളളവർക്ക് ചേരാവുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന. 2015 ജൂൺ ഒന്നു മുതൽ 2016 മെയ് 31 വരെ ഒരു വർഷമാണ് പോളിസി കാലാ‌വധി. 330 രൂപയാണ് വാർഷിക പ്രീമിയം. ഓരോ വർഷവും പ്രീമിയം തുക അടച്ചു പോളിസി പുതുക്കണം. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നു പ്രീമിയം തുക പിൻവലിച്ചെടുത്തുകൊളളും. 2015 ഓഗസ്റ്റ് മാസം വരെ പദ്ധതിയിൽ ‌ചേരാമെങ്കിലും 2016 മെയ് 31ന് ആദ്യ വർഷം അവസാനിക്കുമെന്നതിനാൽ വീണ്ടും പ്രീമിയം അടച്ച് പോളിസി പുതുക്കണം. പോളിസി ഉടമ മരണമടഞ്ഞാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ അനന്തരാവകാശികൾ‌ക്ക് ലഭിക്കും.

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder