> രോഗങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാൻ ഡയറ്റ് | :

രോഗങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാൻ ഡയറ്റ്

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂൾ കുട്ടികളെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് 'ഡയറ്റ് (ഡി.ഐ.ഇ.ടി )' ആരോഗ്യ വിദ്യാഭ്യാസ പദ്ധതി  നടപ്പിലാക്കുന്നു.  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ കേരള ഘടകമാണ് പദ്ധതിയ്ക്കു പിന്നിൽ. ഡി  ഡയറ്റ്(ആഹാര രീതി),ഐ -ഇന്ററാക്ഷൻ + കമ്മ്യൂണിക്കേഷൻ ( സാമൂഹ്യപരമായ ഇടപെടലുകളും നേരിട്ടുള്ള സംസാരവും പ്രോത്സാഹിപ്പിക്കുക), ഇ  എക്സർസൈസ് (വ്യായാമം),ടി  ടെലിവിഷൻ (ടിവി, ഇ മീഡിയ ഉപയോഗ രീതി ) എന്നിവ മുൻ  നിർത്തിയുള്ള  പ്രവർത്തനങ്ങളാണ് ഡയറ്റ് (ഡി.ഐ.ഇ.ടി ) വിഭാവനം ചെയ്യുന്നത്.

ഈ വർഷത്തെ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ പ്രധാന ആക്ഷന്‍ പ്ലാനുകളില്‍ ഒന്നാണ് ഇത്.  നമ്മുടെ കുട്ടികളെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസ്സുകളാണ് പ്രധാനമായും 'ഡയറ്റ്' ഉദ്ദേശിക്കുന്നത്.  ആരോഗ്യ വകുപ്പ്   അധികൃതരുടെയും, അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ  സ്കൂളുകള്‍ വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞവാരം തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ്‌ ഹൈസ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്തി പി.കെ. അബ്ദുറബ്ബ് നിർവഹിച്ചു. 

ആധുനിക ഭക്ഷ്യവിഭവങ്ങൾ  അനാരോഗ്യകരമാണെന്ന് നമ്മള്‍ മനസ്സിലാക്കി ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ കുട്ടികള്‍ തെറ്റായ ഭക്ഷണമാണ് കഴിക്കുന്നത് എന്നു തിരിച്ചറിയുന്നതിന്  ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പരിപാടി സഹായകമാകും. പോഷകാഹാര കുറവ് കേരളത്തില്‍ ഇപ്പോള്‍ കുറവാണെങ്കിലും അനുചിതമായ ഭക്ഷണരീതികളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.പ്രഭാതഭക്ഷണം കഴിക്കാതിരിക്കുക, ഫാസ്റ്റ് ഫുഡുകള്‍ മാത്രം കഴിക്കുക, സമയത്തിന് ആഹാരം കഴിക്കാതിരിക്കുക, പച്ചക്കറികള്‍ പാടെ ഉപേക്ഷിക്കുക എന്നിവയൊക്കെയാണ് പ്രധാനമായും ഇപ്പോള്‍ സ്കൂൾ  കുട്ടികളിൽ കണ്ടുവരുന്ന അനാരോഗ്യ പ്രവണതകള്‍. ഇതിലൂടെ കുട്ടികള്‍ അമിത വണ്ണമുള്ളവരും എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരും ജീവിതശൈലി രോഗങ്ങൾക്ക്  നേരത്തെ അടിപ്പെടുന്നവരും ആയി മാറുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളുടെ തള്ളിക്കയറ്റമാണ് മറ്റൊരു പ്രശ്നം.കീടനാശിനികളും ആഹാരം കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും മുമ്പൊന്നും ഇല്ലാത്ത അളവില്‍ നമ്മുടെ തീന്മേശകളില്‍ ഇടം പിടിച്ചിരിക്കുന്നു.ഇതിനെതിരെ ജാഗ്രത പുലർത്തുന്ന മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മൊത്തത്തില്‍ പൊതുസമൂഹത്തിന്റെയും ഒരു കൂട്ടായ്‌മയാണ്  'ഡയറ്റ്' ലക്ഷ്യമിടുന്നത് .

കുട്ടികള്‍ തമ്മിലും മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിക്കുന്നത് ഇപ്പോള്‍ കുറഞ്ഞുവരികയാണ്.കൂടെ പഠിക്കുന്ന കുട്ടിയോടു പോലും വീട്ടിലെത്തി  മൊബൈല്‍ ഫോണ്‍ വഴിയും ഫെയ്സ്‌ബുക്ക് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമാണ് ഇപ്പോള്‍ കുട്ടികളിലേറിയ പങ്കും  ആശയവിനിമയം നടത്തുന്നത്. ചില വീടുകളില്‍ കുട്ടികളും മുതിർന്നവരും മൊബൈലുകളിലും കമ്പ്യൂട്ടറിലും ഒക്കെയായി അവരവരുടെ ലോകത്ത് സമയം ചിലവഴിക്കുന്നതായാണ് കാണുന്നത്. ഈ രീതികള്‍ മാറ്റാന്‍ മാതാപിതാക്കളേയും കുട്ടികളേയും സഹായിക്കുക എന്നതും ഈ പരിശീലന പരിപാടിയുടെ ലക്ഷ്യമാണ്.

കുട്ടികള്‍ പലപ്പോഴും പ്രവേശന പരീക്ഷാ  ജ്വരത്തിന്റേയും മറ്റും പിടിയിലകപ്പെട്ടുപോകുമ്പോള്‍ ജീവിത യാഥാർത്ഥ്യ ങ്ങളെ നേരിടാനോ ഒരു അഭിമുഖ പരീക്ഷയ്ക്ക് വിജയിക്കുവാനോ കഴിയാതെ വരുന്നതായാണ് കാണുന്നത്.പഠനം മത്സരമായി മാറിയിരിക്കുന്ന ഇക്കാലത്ത് സ്കൂളുകളില്‍ പോലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പിരീഡുകള്‍ വർഷംതോറും കുറഞ്ഞുവരികയാണ്.കുട്ടികള്‍ക്ക്  രാവിലെയും വൈകിട്ടും ട്യൂഷന്‍ ഉള്ളതിനാല്‍ കളികളിലോ മറ്റ് വ്യായാമങ്ങളിലോ ഏർപ്പെടാന്‍ അവസരം ലഭിക്കുന്നതുമില്ല. വളരുന്ന പ്രായത്തില്‍ ദിവസം അരമണിക്കൂറെങ്കിലും കുട്ടികള്‍ക്ക്  വ്യായാമം അത്യന്താപേക്ഷിതമാണ് ; ഇതിന് വേണ്ടതെല്ലാം ചെയ്യാന്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കും തയ്യാറാകണം .

രണ്ട് കിലോമീറ്റര്‍ കുറവുള്ള ദൂരമാണെങ്കില്‍ കുട്ടി നടന്നുതന്നെ സ്കൂളില്‍ പോകട്ടെ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണം. കേബിള്‍ ടിവിയും ഇന്റർനെറ്റും വ്യാപകമായതോടെ നമ്മുടെ നാട്ടിലെ കുടുംബസദസ്സുകള്‍ പലതും സീരിയല്‍ ശാലകളായി മാറിയിരിക്കുന്നു.ചില കുട്ടികള്‍ മണിക്കൂറുകളോളം കാർട്ടൂണ്‍ ചാനലുകള്‍ കാണുമ്പോള്‍ മറ്റു ചിലരാകട്ടെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഗെയിമുകള്‍ കളിച്ച് സമയം ചിലവിടുന്നു. പഠിക്കുന്ന കുട്ടികള്‍ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ടിവിയുടെയോ കമ്പ്യൂട്ടറിനു മുന്നിലോ ചിലവഴിക്കുന്നത് അവരുടെ പഠനത്തിനെ ദോഷകരമായി ബാധിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം കുട്ടികളില്‍ കാഴ്ചാ വൈകല്യങ്ങള്‍, നടവുവേദന, കഴുത്തുവേദന, അശ്രദ്ധയും മറ്റു സ്വഭാവവൈകല്യവും കണ്ടുവരാറുണ്ട്.ഇതിനൊക്കെയും പരിഹാരം മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ ടി.വി സമയവും ഉപയോഗവും പരിമിതപ്പെടുത്തുക എന്നതാണ്.

ഇങ്ങനെ ഇന്നത്തെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യണമെന്ന് അദ്ധ്യാപകരെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിക്കുന്ന ഈ പരിശീലന പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പ്  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക്  വളരെ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സന്നദ്ധ സംഘടനകളും വന്‍കിട കമ്പനികളും വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വലിയ തോതിലുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്നുണ്ട്.നമ്മുടെ സംസ്ഥാനത്ത് ഇത്തരം പ്രവർത്ത നങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്.

റിലയൻസ് , വിപ്രോ, ഇന്‍ഫോസിസ്, എച്ച്.സി.എല്‍.  തുടങ്ങിയ വന്‍കിട കമ്പനികള്‍ കോടിക്കണക്കിന് രൂപയാണ് സന്നദ്ധ സേവനത്തിനായി വിനിയോഗിക്കുന്നത്; ഇതില്‍ ഏറിയ പങ്കും വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനാണു ചെലവഴിക്കുന്നത്. ഇത്തരം കമ്പനികളുടെ സന്നദ്ധ സേവനം നമ്മുടെ സംസ്ഥാനത്തും ലഭ്യമാക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്.അതിലൂടെ നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയും. ഇതിനൊക്കെ  'ഡയറ്റ്' ഒരു തുടക്കമാകുമെന്നാണ്  വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ കരുതുന്നത്.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder