> തിരിച്ചുപിടിക്കാം നന്മകളെ... | :

തിരിച്ചുപിടിക്കാം നന്മകളെ...

ഈ ഭൂമി ഞങ്ങള്‍ മുതിര്‍ന്നവരുടേതല്ല. ഇത് നിങ്ങള്‍ കുഞ്ഞുങ്ങളുടേതാണ്. ഞങ്ങള്‍ മുതിര്‍ന്നവര്‍ തലമുറകളായി ഈ ഭൂമിയെ നശിപ്പിച്ച്, ക്ഷയിപ്പിച്ച്, കഠിനമായി ചൂഷണംചെയ്ത്, ദരിദ്രയാക്കി, ദുഃഖിതയാക്കി നിങ്ങള്‍ക്ക് തരികയാണ്. ഭൂമി നമ്മുടെ അമ്മയാണ് എന്നൊക്കെ നമ്മള്‍ ഒരുപാട് വര്‍ത്തമാനം പറയും. പക്ഷേ, അമ്മയ്ക്ക് പനി പിടിച്ചിരിക്കുകയാണ്. ഭൂമിക്ക് ചൂട് കൂടുന്നുവെന്ന് വിളിച്ചുപറയുന്നത് ഞങ്ങള്‍ കവികളല്ല, ശാസ്ത്രജ്ഞരാണ്. ഭൂമിക്ക് ചൂടുകൂടുമ്പോള്‍ മഞ്ഞുമലകള്‍ ഉരുകുമെന്നും സമുദ്രപ്രതലം ഉയരുമെന്നും ക്ഷാമം വര്‍ധിക്കുമെന്നും പകര്‍ച്ചവ്യാധികള്‍ പടരുമെന്നുമെല്ലാം പ്രവചിക്കുന്നത് ശാസ്ത്രമാണ്. എന്തുകൊണ്ടിങ്ങനെ എന്നുചോദിച്ചാല്‍ അതിന് ഏറ്റവുമധികം ഉത്തരവാദികള്‍ നമ്മളാണ്.

ഭൂമിയില്‍ നിന്ന് എടുക്കുന്നത് എന്തൊക്കെയെന്നല്ലാതെ പകരം എന്തുകൊടുക്കാമെന്നതിനെപ്പറ്റി മനുഷ്യര്‍ ആലോചിക്കാറില്ല. പരമാവധി ചൂഷണം ചെയ്യുക. വെട്ടുക, മുറിക്കുക. എല്ലാം വെട്ടിപ്പൊളിച്ച് അതിനുള്ളിലുള്ളതെല്ലാമെടുക്കുക. ആഴത്തില്‍ ഖനംചെയ്യുക. കടലില്‍നിന്ന് കിട്ടാവുന്നതെല്ലാം കോരിയെടുക്കുക. മലകളെ ഇടിച്ചുതകര്‍ക്കുക. വെടിമരുന്നിട്ട് പാറക്കൂട്ടങ്ങളെ മുഴുവന്‍ പൊട്ടിച്ച് ചിതറിച്ച് ലോറികളില്‍ കയറ്റി എങ്ങോട്ടൊക്കെയോ കടത്തുക. കുന്നുകളിടിച്ച് നിലം നികത്തുക. മിക്കവാറുമെല്ലാം നികത്തിക്കഴിഞ്ഞു. എല്ലാ നദികളും മലിനമാക്കുക. കുളങ്ങളും കിണറുകളും മലിനമാക്കിക്കഴിഞ്ഞു.

അത്യുന്നതങ്ങളായ കോണ്‍ക്രീറ്റ് സൗധങ്ങള്‍കൊണ്ട് ഭൂമിയെ ശ്വാസംമുട്ടിക്കുകയാണ് മനുഷ്യര്‍. വലിയ വ്യവസായശാലകള്‍, ലക്ഷക്കണക്കിന് വാഹനങ്ങള്‍, അണുവായുധ പരീക്ഷണങ്ങള്‍ തുടങ്ങിയ ഒരുപാട് രാസപരീക്ഷണങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് അന്തരീക്ഷത്തിലെ പ്രാണവായുവിനെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ 44 നദികളും വിഷമയമായിക്കഴിഞ്ഞു. നമ്മുടെ ഭക്ഷണം മുഴുവന്‍ വിഷമയമായിക്കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ പത്രം വായിക്കുന്നവരാണല്ലോ.

എല്ലാ പച്ചക്കറികളും വിഷമാണ്. അന്നത്തില്‍ വിഷമുണ്ട്. കുടിക്കുന്ന പാലില്‍ വിഷമുണ്ട്. ഇവയെല്ലാം മലിനമാക്കി വിഷമയമാക്കിക്കഴിഞ്ഞു. ഇതെല്ലാം ചെയ്തത് മുതിര്‍ന്ന തലമുറയാണ്. ഒന്നിനെപ്പറ്റിയും ശ്രദ്ധയില്ലാത്തവര്‍. ഏതുവിധേനയും പണമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമുള്ള കുറേ മനുഷ്യരാണ് ഭൂമിക്ക് നാശമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 'അരുത്' എന്നുപറയാന്‍ നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കാവണം. ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ശബ്ദമുയരണം. 'ഞങ്ങളുടെ പുഴകള്‍ മണല്‍ വാരി വാരി നശിപ്പിച്ച്, ഞങ്ങളുടെ പുഴകളെ അഴുക്കുകളും രാസമാലിന്യങ്ങളും നഗരവിസര്‍ജ്യങ്ങളും കൊണ്ടുതള്ളി മലിനമാക്കരുത്. ഞങ്ങളുടെ വയലുകള്‍ നികത്തരുത്. ഞങ്ങള്‍ക്ക് അന്നം വേണം. വയലുകള്‍ അന്നദായിനികള്‍ മാത്രമല്ല. ജലസംഭരണികള്‍ കൂടിയാണ്. ഞങ്ങളുടെ കുന്നുകള്‍ ഇടിക്കരുത്. അത് പതിനായിരക്കണക്കിന് ജീവജാലങ്ങള്‍ക്കുള്ള ആവാസവ്യവസ്ഥയാണ്. ഇവയൊന്നും നശിപ്പിക്കരുത്.' നിങ്ങളുടെ ശബ്ദമുയരട്ടെ!

എല്ലാം മിനുക്കി കോണ്‍ക്രീറ്റുകെട്ടിടങ്ങളും വലിയ വലിയ വ്യവസായസംരംഭങ്ങളും തുടങ്ങുകയാണ്. ഇതൊന്നുമല്ല വികസനം. വികസനമെന്നാല്‍ കൃഷിയാണ്. പച്ചപ്പാണ്. നല്ല വെള്ളമാണ്. നല്ല പ്രാണവായുവാണ്. നല്ല ഭക്ഷണമാണ്. നമ്മുടെ നാടുവാഴുന്നവരോടും അതിന് തയ്യാറെടുക്കുന്നവരോടും നിങ്ങള്‍ പറയുക. 'ഞങ്ങള്‍ക്ക് നല്ല വെള്ളം വേണം. ഞങ്ങളുടെ വായു ശുദ്ധമായിരിക്കണം. ഞങ്ങള്‍ക്ക് കാണാനിത്തിരി പച്ചപ്പ് ബാക്കിവേണം. എല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍കൊണ്ട് നിറയ്ക്കരുത്. കോണ്‍ക്രീറ്റിട്ട് മണ്ണിനെ ശ്വാസംമുട്ടിച്ച് കൊല്ലരുത്.' നിങ്ങള്‍ പറഞ്ഞാല്‍ മാത്രമേ എന്തെങ്കിലും ഫലമുണ്ടാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. 38വര്‍ഷമായി എന്നെപ്പോലുള്ളവര്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിവ.

ഞങ്ങള്‍ക്ക് മുമ്പേ, നൂറ്റാണ്ടുകളായി ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരുപാട് മനുഷ്യര്‍ ഇവിടെ ഉണ്ടായിരുന്നു. കൃഷിക്ക് വളരെ ഉയര്‍ന്ന പദവി നല്‍കിയിരുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. ലോകത്തെ ഏറ്റവും പ്രധാന തൊഴില്‍ ഏതെന്ന് ചോദിച്ചാല്‍ കൃഷിയെന്ന് ഞാന്‍ പറയും. അന്നമുണ്ടാക്കുന്നവനാണ് ദൈവം. അവനെയാണ് നാം ആരാധിക്കേണ്ടത്. അന്നമുണ്ടെങ്കിലേ ഏതു കോടീശ്വരനും ജീവിക്കാനൊക്കൂ. ഏത് ഉന്നതനായാലും എല്ലാവര്‍ക്കും ഒരുപിടി ആഹാരം വേണം. അതുണ്ടാക്കുന്നവനാണ് ഏറ്റവും വിശിഷ്ടമായ തൊഴില്‍ ചെയ്യുന്നവന്‍. കര്‍ഷകനെ ആദരിക്കാന്‍, കര്‍ഷകന് സുരക്ഷിതത്വം നല്‍കാന്‍, അവനെ അര്‍ഹിക്കുന്ന പദവി നല്‍കി ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. നിങ്ങള്‍ മുതിര്‍ന്നു വരുമ്പോഴെങ്കിലും അതിന് സാധിക്കട്ടെയെന്ന് ഞാനാശിക്കുന്നു.

ഈ നാട്ടില്‍ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ്, നമ്മുടെ മനോഹരമായ കാലാവസ്ഥ, നമ്മുടെ നദികള്‍ ഇവയെല്ലാം തിരിച്ചുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. മാലിന്യവിമുക്തമായ കേരളം. ശുചിയായ കേരളം. സ്വഛസുന്ദരമായ കേരളം നിങ്ങള്‍ സ്വപ്നം കാണണം. പുറത്തുമാത്രമല്ല, ഉള്ളിലും നിറഞ്ഞ മാലിന്യമുണ്ട്. അഴിമതി എന്നാണതിന്റെ പേര്. ആര്‍ത്തിയെന്നാണതിന്റെ പേര്. ഇതിനെപ്പറ്റിയൊക്കെ ആലോചിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്കാവണം. എല്ലാം മനസ്സിലാക്കണം. ധാരാളം വായിക്കണം. ഭൂമിക്ക് എന്തുസംഭവിക്കുന്നുവെന്നതിനെപ്പറ്റി ചിന്തിക്കണം. എങ്ങനെ മഴ പെയ്യുന്നു, കുടിവെള്ളമുണ്ടാകുന്നു, ഭൂഗര്‍ഭജലം (അടിവെള്ളമെന്നുപറയാം) എങ്ങനെയുണ്ടാകുന്നു, ഇതിനൊക്കെ എന്തുസംഭവിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ വിഷമിക്കാന്‍ പോകുന്നത് നിങ്ങളുടെ തലമുറയാണ്.

പച്ചപ്പിനെ സ്നേഹിക്കുന്ന, ഉള്ളില്‍ കാരുണ്യവും അതേസമയം കരുത്തും സത്യസന്ധതയുമുള്ള ധീരരായ മക്കള്‍ ഇന്ത്യയെന്ന അമ്മയ്ക്കുണ്ടാകട്ടെയെന്ന് ആശിക്കുന്നു. നാടിന്റെ ഭാവി നിങ്ങളുടെ കൈകളിലാണെന്ന് ഓര്‍ക്കുക. നല്ലൊരു രാജ്യം നിങ്ങള്‍ക്കുണ്ടായിരിക്കണമെങ്കില്‍ അതിന് നിങ്ങള്‍ ഇന്നുതൊട്ടുതന്നെ പ്രയത്നിച്ചുതുടങ്ങണം.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder