സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി
ചേര്‍ന്ന് കേരളപോലീസ് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ക്വിസ്
മത്സരം ഒക്ടോബര്‍ 18ന് ആരംഭിക്കും. സ്‌കൂള്‍തലം, പോലീസ് ജില്ലാതലം,
സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരം. സ്‌കൂള്‍തല പ്രാഥമിക, ഫൈനല്‍
മത്സരങ്ങള്‍ ഒക്‌ടോബര്‍ 18-ാം തീയതിയും ജില്ലാതല എലിമിനേഷന്‍ ഒക്‌ടോബര്‍
25നും ജില്ലാതല ഫൈനല്‍ നവംബര്‍ ഒന്നിനും സംസ്ഥാനതല ഫൈനല്‍ നവംബര്‍ 22 നും
നടക്കും.
ഈ വര്‍ഷം ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കൂളുകളെ കൂടാതെ
കേരളത്തിലെ എല്ലാ സ്റ്റേറ്റ് സിലബസ് സ്‌കൂളുകള്‍ക്കും മത്സരത്തില്‍
പങ്കെടുക്കാം. എസ്.പി.സി സ്‌കൂള്‍ അല്ലാത്ത സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലെ
മൂന്ന് പേരടങ്ങുന്ന ടീമിനെ സ്‌കൂള്‍ അധികൃതര്‍ക്ക് ഉചിതമാര്‍ഗ്ഗേന
തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എസ്.പി.സി ഉള്ള സ്‌കൂളുകളില്‍ പ്രാഥമിക,
ഫൈനല്‍ മത്സരങ്ങളിലൂടെയാണ് ടീം തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂള്‍ ടീമുകള്‍ studentpolicecadet.org
എന്ന വെബ്‌സൈറ്റില്‍ IFKH2014 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫോം
ഡൗണ്‍ലോഡ് ചെയ്യണം. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റിന്റെ അതത് ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍
മുഖാന്തിരമോ, നേരിട്ടോ എത്തിച്ചുകൊടുക്കാം. ഓരോ ജില്ലയിലേയും ബന്ധപ്പെട്ട
നോഡല്‍ ഓഫീസര്‍മാരുടെ പേര്, ഫോണ്‍ നമ്പര്‍, ക്വിസ് സിലബസ് എന്നിവ
മേല്‍പ്പറഞ്ഞ ലിങ്കിലൂടെ ലഭ്യമാണ്.
സ്‌കൂള്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂള്‍ ടീമിന് പോലീസ്ജില്ലാതല
മത്സരങ്ങളില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ എലിമിനേഷന്‍ റൗണ്ടും ഫൈനല്‍
റൗണ്ടും ഉണ്ടാകും. എലിമിനേഷന്‍ റൗണ്ട് എഴുത്ത് പരീക്ഷയും ഫൈനല്‍ റൗണ്ട്
ചോദ്യോത്തര രീതിയിലുള്ളതുമാണ്. യോഗ്യത നേടുന്ന സ്‌കൂള്‍ ടീം സംസ്ഥാനതല
ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.
ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് 50,000 (അന്‍പതിനായിരം) രൂപയും രണ്ടാം
സമ്മാനം നേടുന്ന സ്‌കൂളിന് 30,000 (മുപ്പതിനായിരം) രൂപയം മൂന്നാം സമ്മാനം
നേടുന്ന സ്‌കൂളിന് 20,000 (ഇരുപതിനായിരം) രൂപയും റോളിങ് ട്രോഫികളും
ലഭിയ്ക്കും.
സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും കൊച്ചി സിറ്റി ജില്ലാ സ്‌പെഷ്യല്‍
ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.രമേഷ്‌കുമാറിനെ 9497990062
എന്ന നമ്പരില്‍ ബന്ധപ്പെടണം.